അയോധ്യയിലെ ബാബ്‌രി മസ്ജിദിനെ മാത്രം കുറ്റം പറയാനാവില്ല. ഒരേ നിൽപ് കുറേക്കാലം നിന്നാൽ ആർക്കായാലും മടുപ്പ് അനുഭവപ്പെടും. അതും ചുരുങ്ങിയ കാലമെങ്ങാനുമാണോ? അഞ്ച് നൂറ്റാണ്ട് കാലം. ബ്രിട്ടീഷ് അധിനിവേശത്തിന് മുമ്പ് മൂന്ന് നൂറ്റാണ്ട് ദക്ഷിണേഷ്യ അടക്കി വാണ മുഗൾ വംശ സ്ഥാപകനായ ബാബർ ചക്രവർത്തിയുടെ കാലത്ത് സരയൂ തീരത്ത് നിർമിച്ചതാണ്. ഇതിങ്ങനെ തുടരുന്നതിൽ അർഥമില്ലെന്ന് 28 വർഷം മുമ്പ് മനസ്സിലാക്കി അതങ്ങ് നിലം പൊത്തി. ലോഹ പുരുഷനും ലക്ഷക്കണക്കിന് അനുയായികളും ഇതിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. ലോഹന്റെ സിദ്ധിയാണ് മനസ്സിലാക്കേണ്ടത്. എല്ലാം മുൻകൂട്ടി കണ്ട് അവിടെ ചെന്ന് തമ്പടിച്ചു. അവിവേകികളായ കുഞ്ഞുങ്ങൾ താഴികക്കുടങ്ങളിൽ പാഞ്ഞു കയറുന്നത് കണ്ട് അദ്ദേഹം അരുത് കാട്ടാളാ എന്ന് നിലവിളിച്ചു കൊണ്ടേയിരുന്നു. ഇതറിയണമെങ്കിൽ 92 ഡിസംബർ 6, 7 തീയതികളിലെ ബിബിസി ബുള്ളറ്റിനുകളിലൂടെ കണ്ണോടിക്കണം. അതേ വർഷം ഡിസംബർ തുടക്കത്തിൽ ചെന്നൈയിൽ ചേർന്ന ദേശീയാദ്ഗ്രഥന സമിതി യോഗത്തിൽ യു.പി മുഖ്യമന്ത്രി കല്യാൺ സിംഗ് ഒന്നും സംഭവിക്കില്ലെന്ന് ഉറപ്പ് കൊടുത്തതായിരുന്നുവല്ലോ. കാഴ്ച കാണാൻ ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നെത്തിയ സേവകർക്ക് തിരികെ പോകാൻ നരസിംഹൻ ഫ്രീ ട്രെയിനുകളും ഒരുക്കിയിരുന്നു. ലഖ്‌നൗവിലെ സി.ബി.ഐ പ്രത്യേക ജഡ്ജി എന്തായാലും ഒരു സംഭവമാണ്. പൊതുതെരഞ്ഞെടുപ്പിന് മുമ്പ് 2018 ജനുവരി 12 ന് സുപ്രീം കോടതിയിലെ ജസ്റ്റിസുമാരായ ജെ. ചെലമേശ്വർ, രഞ്ചൻ ഗോഗോയ്, എം.ബി. ലോകുർ, കുര്യൻ ജോസഫ് എന്നിവർ വാർത്താ സമ്മേളനം നടത്താനെത്തിയത് ആരും ഓർത്തുപോകും. ഇന്ത്യക്കാർക്കുള്ള മുന്നറിയിപ്പായിരുന്നു അത്. ലഖ്‌നൗ കോടതി വിധിയുടെ ആഘാതം മാധ്യമങ്ങളിൽ പ്രകടമായി. പതിവ് പോലെ ഏറ്റവും സ്‌കോർ ചെയ്തത് ടെലിഗ്രാഫ് പത്രം. മുംബൈ മിറർ ശീലങ്ങളിൽ നിന്ന് മാറിയുള്ള ശീർഷകം നൽകി. ഇന്ത്യൻ എക്‌സ്പ്രസ്, ഹിന്ദു പത്രങ്ങൾ മുഖപ്രസംഗങ്ങളെഴുതി. മലയാളത്തിൽ സുപ്രഭാതം മുഖപ്രസംഗ കോളം ഒഴിച്ചിട്ട് സന്ദർഭത്തിന്റെ പ്രാധാന്യം വ്യക്തമാക്കി. മീഡിയ വൺ, 24 ന്യൂസ് എന്നീ ടി.വി ചാനലുകളിലെ പത്രവിശേഷത്തിൽ ഇത് പരാമർശിക്കുകയും ചെയ്തു.
*** *** ***
ഇപ്പോഴാണ് ഇന്ത്യ ശരിക്കും തിളങ്ങുന്നത്. യു.പിയിലെ ഹത്രാസിൽ കൂട്ടബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിക്ക് എത്ര പെട്ടെന്നാണ് നീതി ലഭിച്ചത്? യോഗിയുടെ പോലീസ് നിമിഷ നേരം കൊണ്ട് എല്ലാം ചാരമാക്കിയില്ലേ? പെൺകുട്ടിയുടെ മൃതദേഹം സംസ്‌കരിച്ച സ്ഥലത്ത് നിന്ന് ഇന്ത്യാ ടുഡേ ലേഖിക തനുശ്രീ പാണ്ഡെ റിപ്പോർട്ട് ചെയ്യുന്നത് കണ്ടു. വിജനമായ പ്രദേശം. സ്ത്രീകളുടെ സുരക്ഷിതത്വം നിറഞ്ഞു തുളുമ്പുന്നത് സൃഷ്ടിച്ച ഭീതി റിപ്പോർട്ടറുടെ വാക്കുകളിൽ. സംരക്ഷണത്തിനായി രണ്ട് യുവാക്കൾ നോക്കിയാൽ കാണുന്നിടത്തുണ്ട്. ഹത്രാസിൽ പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും രംഗത്തെത്തി. എനിക്കും 18 വയസ്സായ ഒരു മകളുണ്ട്. യു.പി സർക്കാർ ഹത്രാസിലെ പെൺകുട്ടിയോട് സ്വീകരിച്ച നിലപാട് അംഗീകരിക്കാനാവില്ലെന്നും പ്രിയങ്കാ ഗാന്ധി മാധ്യമങ്ങളോട് വ്യക്തമാക്കി.
ഹത്രാസിലേക്ക് പുറപ്പട്ടെ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തിലുള്ള കോൺഗ്രസ് സംഘത്തിന്റെ വാഹന വ്യൂഹം ദില്ലി-യു.പി അതിർത്തിയിൽ വെച്ച് യു.പി പോലീസ് തടഞ്ഞിരുന്നു. ദൽഹിയിലെ ഡിഎൻഡി ഫ്‌ളൈ ഓവറിൽ നിന്ന് യമുന എക്‌സ്പ്രസ് വേയിലേക്ക് എത്തിയപ്പോഴേക്ക് രാഹുലിന്റെയും പ്രിയങ്കയുടെയും വാഹനം പോലീസ് തടയുകയായിരുന്നു. ദേശീയ മാധ്യമങ്ങളിൽ എബിപി ചാനൽ തത്സമയം റിപ്പോർട്ട് ചെയ്യുന്നുണ്ടായിരുന്നു. എബിപിയുടെ വനിതാ ലേഖിക ഐ.വി ശശി പടങ്ങളിലെ പോലെ യു.പി പോലീസ് ഏമാന്മാരെ പേരെടുത്ത് വിളിച്ച് നേർവഴിക്ക് നയിക്കാൻ ശ്രമിക്കുന്നതും സമൂഹ മാധ്യമങ്ങളിൽ വൈറലായി. പ്രദേശത്തേക്ക് മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ബലേ ഭേഷ്.
*** *** ***
കോവിഡും അപ്രതീക്ഷിത ലോക്ഡൗണും പലരുടെയും ജീവിതം വഴിമുട്ടിച്ചു. അഭിനേതാക്കളും വലിയ വെല്ലുവിളിയാണ് നേരിട്ടത്. വരുമാനം മുടങ്ങിയതോടെ പല താരങ്ങളും സൈഡ് ബിസിനസ് തുടങ്ങുന്ന തിരക്കിലാണ്. കൊച്ചിയിലും പരിസരത്തുമായി ചിലർക്ക് നേരത്തേ ഭോജന ശാലകളുണ്ടായിരുന്നു. ധർമജൻ ബോൾഗാട്ടി മീൻ കച്ചവടം തുടങ്ങിയട്ട് ഏറെക്കാലമായിട്ടില്ല. മീഡിയാ വൺ ചാനലിലൂടെ സുപരിചിതനായ എം 80 മൂസയെന്ന വിനോദ് കോവൂർ കോഴിക്കോട് ഹൈലൈറ്റ് മാളിന് സമീപം ഫിഷ് ബിസിനസ് ആരംഭിച്ചു. ഇതിന്റെ ഫ്രാഞ്ചൈസി ആവശ്യക്കാർക്ക് നൽകി വരുന്നുണ്ട്. മഴവിൽ മനോരമയിലെ മൊയ്തു സാർ കൂടിയാണ് വിനോദ്. പാത്തുവെന്ന സുരഭി ലക്ഷ്മിയും സമയം പാഴാക്കിയില്ല. സുരഭി ലക്ഷ്മിയും സുഹൃത്തുക്കളും ചേർന്ന് പുറത്തിറക്കിയ 'ഫുഡ് പാത്ത്' എന്ന ഹ്രസ്വ ചിത്രം മലയാളികളുടെ സൂപ്പർ താരം മോഹൻലാൽ ആണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. 'വിശപ്പിന്റെ ഒരു കഥ'യുടെ കിളിവാതിൽ തുറന്നിടുകയാണ് അഭിനേത്രി സുരഭി ലക്ഷ്മിയും കൂട്ടരും. ഫുഡ് ഡെലിവറി ചെയ്യുന്നൊരാളുടെ ജീവിതവും ഓർഡർ ചെയ്ത ഭക്ഷണം വൈകിയെത്തിക്കുമ്പോൾ കേൾക്കുന്ന അധിക്ഷേപവും അതിനിടയിൽ അയാളുടെ മകന്റെ വിശപ്പുമൊക്കെയാണ് ഹ്രസ്വ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സുരഭി ലക്ഷ്മിയുടെ യൂട്യൂബ് ചാനലിലൂടെയാണ് (സുരഭീസ്) ഹ്രസ്വ ചിത്രം പുറത്തിറക്കിയിരിക്കുന്നത്.
ഈ പ്രതിസന്ധിയെ അതിജീവിച്ച കഥയാണ് നടി മഞ്ജു പിള്ളയ്ക്കും പറയാനുള്ളത്. കോവിഡ് കാലത്ത് പോത്തു വളർത്തലിലൂടെയാണ് മഞ്ജു പുതിയ വരുമാന മാർഗം കണ്ടെത്തിയത്. തിരുവനന്തപുരം ആറ്റിങ്ങൽ അവനവഞ്ചേരി കൈപറ്റ്മുക്കിലാണ് നടി മഞ്ജു പിള്ളയുടെയും ഭർത്താവും സിനിമാട്ടോഗ്രാഫറുമായ സുജിത് വാസുദേവിന്റെയും 'പിള്ളാസ് ഫാം ഫ്രഷ്' എന്ന ഫാം. പ്രതിസന്ധികളുമായി കടന്നുവന്ന ലോക്ഡൗൺ കാലമാണ് ഈ ഫാം ഹൗസ് തുടങ്ങാനുള്ള പ്രചോദനം -മഞ്ജു പിള്ള പറയുന്നു. ഡ്രാഗൺ ഫ്രൂട്ട്, ഫാഷൻ ഫ്രൂട്ട്, വാഴ, പപ്പായ, വെണ്ടയ്ക്ക, വഴുതിനിങ്ങ, കപ്പ, കറിവേപ്പ് തുടങ്ങിയ കൃഷികളും ഈ ഫാമിലുണ്ട്. ഹരിയാനയിൽ നിന്നാണ് 'മുറ' പോത്തുകുട്ടികളെ എത്തിക്കുന്നത്.
കോവിഡിന്റെ പശ്ചാത്തലത്തിൽ സൂപ്പർ താരങ്ങൾ ഉൾപ്പെടെയുളളവർ പ്രതിഫലം പകുതിയെങ്കിലും കുറയ്ക്കണമെന്നായിരുന്നു നിർമാതാക്കളുടെ ആവശ്യം. 50 ശതമാനം വരെ പ്രതിഫലം കുറയ്ക്കാൻ തയാറാണെന്നായിരുന്നു 'അമ്മ' വ്യക്തമാക്കിയത്. മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങൾ ഇതിനോട് അനുകൂല നിലപാട് അറയിക്കുകയും ചെയ്തു. ഷംസുദ്ദീൻ നിർമിച്ച് മനു അശോകൻ സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് ചിത്രം കാണെക്കാണെ, അബാം നിർമിക്കുന്ന ജോജു ജോർജ് ചിത്രം എന്നിവയെ ചൊല്ലിയായിരുന്നു തർക്കം ഉടലെടുത്തത്. കഴിഞ്ഞ സിനിമയേക്കാളും 25 ലക്ഷമായിരുന്നു അധികമായി ടൊവിനോ ചോദിച്ചത്. ജോജു ജോർജ് 5 ലക്ഷവും ഉയർത്തി.
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിഫലം 30 ലക്ഷമായി കുറയ്ക്കാൻ ജോജു തീരുമാനിച്ചു. ടൊവിനോ പുതിയ സിനിമയ്ക്ക് പ്രതിഫലം വേണ്ടെന്നു വെച്ചതായും അറിയിച്ചു. സിനിമ വിജയിച്ച് ലാഭം കിട്ടിയാൽ പ്രൊഡ്യൂസർ നൽകുകയാണെങ്കിൽ മാത്രം പ്രതിഫലം മതി എന്നാണ് ടൊവിനോയുടെ നിലപാട്. ടൊവിനോ എന്നും വ്യത്യസ്തനാണല്ലോ.
*** *** ***
ബോളിവുഡിനെ പിടിച്ചുകുലുക്കിയ നടൻ സുശാന്ത് സിംഗ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ നടി സാറാ അലി ഖാൻ ഞെട്ടിക്കുന്ന വിവരങ്ങളാണ് നൽകിയത്. നടൻ സെയ്ഫ് അലിഖാന്റെ മകളും കേദാർനാഥ് സിനിമയിൽ സുശാന്തിന്റെ നായികയുമായിരുന്നു സാറ. മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിൽ ലഹരിമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് പുറമെ ഇരുവരും തമ്മിൽ ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ചും താരം അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയതായാണ് സീ ചാനലിന്റെ റിപ്പോർട്ട്. സുശാന്തുമായി ബന്ധപ്പെട്ട വിഷയത്തിൽ ലഹരിമരുന്നുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സാറയോട് ചോദിച്ചറിഞ്ഞതെന്ന് മാധ്യമം പറയുന്നു. താൻ സുശാന്തുമായി ഡേറ്റിംഗിൽ ആയിരുന്നെന്നാണ് താരം നൽകിയിട്ടുള്ള മൊഴി. പിന്നീട് ഇരുവരും ബ്രേക്കപ്പ് ആയെന്നും സുശാന്ത് ബന്ധങ്ങളുടെ കാര്യത്തിൽ വിശ്വസ്തൻ അല്ലായിരുന്നെന്നും താരം പറഞ്ഞു. ബോളിവുഡിൽ വലിയ ഹിറ്റുകളിൽ ഒന്നായിരുന്ന കേദാർനാഥിലെ നായകനും നായികയുമായിരുന്നു ഇരുവരും. കേദാർനാഥിന്റെ സെറ്റിൽ വെച്ച് ഇരുവരും വലിയ ഡോസിൽ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായുള്ള സുശാന്തിന്റെ കാമുകിയും ജയിലിൽ കഴിയുന്നയാളുമായ റിയയാണ് ആരോപിച്ചത്. താൻ സുശാന്തിന്റെ മുംബൈയിലെ വസതിയായ കാപ്രി ഹൈറ്റ്‌സിലെ പതിവ് സന്ദർശക ആകേണ്ടവൾ ആയിരുന്നു എന്നും തായ്‌ലന്റിൽ താരത്തിനൊപ്പം ട്രിപ്പിന് പോകേണ്ടതായിരുന്നു എന്നും സാറ പറഞ്ഞു. എന്ത് നല്ല കുട്ടി.
*** *** ***
ദുർഗാ ദേവിയായി വേഷമിട്ട ചിത്രത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിലൂടെ വധഭീഷണി ലഭിച്ച നടിയും തൃണമൂൽ കോൺഗ്രസ് എംപിയുമായ നുസ്രത് ജഹാൻ സുരക്ഷ തേടി ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനെ സമീപിച്ചു. ബംഗാളി ചിത്രത്തിന്റെ ഷൂട്ടിംഗിനായി ലണ്ടനിലാണ് നടിയുള്ളത്. സിനിമാ ഷൂട്ടിംഗിനായി ഒക്ടോബർ 16 വരെ നുസ്രത് ജഹാൻ ലണ്ടനിൽ തുടരും. 'എനിക്ക് നേരെയുള്ള ഭീഷണി വളരെ ഗുരുതരമാണ്. മാനസികാരോഗ്യത്തെ ബാധിച്ചു തുടങ്ങി. അടിയന്തര പോലീസ് സംരക്ഷണം ആവശ്യമാണ്' യുകെ ഇന്ത്യൻ ഹൈക്കമ്മീഷണർക്ക് അയച്ച കത്തിൽ നുസ്രത് ജഹാൻ അറിയിച്ചു. പ്രൊഫഷണൽ ആവശ്യത്തിനായാണ് ലണ്ടനിലെത്തിയത്. ഇവിടെയെത്തിയ ശേഷം ഇന്ത്യയിലേയും അയൽരാജ്യത്തിലേയും ചിലരിൽ നിന്ന് സമൂഹ മാധ്യമ പേജുകൾ വഴി ഭീഷണി ലഭിച്ചു. അടിയന്തര പോലീസ് സംരക്ഷണം വേണം. ആവശ്യമായ ക്രമീകരണം നടത്താൻ അഭ്യർഥിക്കുന്നു, കത്തിൽ താരം പറയുന്നു.'നിങ്ങളുടെ മരണസമയം അടുത്തിരിക്കുന്നു' തുടങ്ങിയ സന്ദേശങ്ങളടങ്ങിയ ട്രോളുകളുടെ സ്‌ക്രീൻ ഷോട്ടും കത്തിനൊപ്പം നൽകിയിട്ടുണ്ട്. ബംഗാളിൽ ദുർഗാ പൂജയ്ക്ക് തുടക്കം കുറിക്കുന്ന മഹാലയ ആഘോഷ വേളയിലാണ് മഹിഷാസുര മർദിനിയുടെ വേഷമിട്ട ചിത്രം നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. പരസ്യ ഫോട്ടോഷൂട്ടിന്റെ വീഡിയോയും ഫോട്ടോയുമാണ് നടി പങ്കുവെച്ചത്. സെപ്റ്റംബർ 16, 19 തീയതികളിലായി പോസ്റ്റ് ചെയ്ത ഫോട്ടോയുടെയും വീഡിയോയുടെയും പേരിലാണ് ഭീഷണിയെന്നു നടിയുടെ ഓഫീസ് അറിയിച്ചു. ഈ കെട്ട കാലത്തെ കലാകാരന്മാരുടെ ഒരു ഗതികേട്.






