അസീസ് മാസ്റ്റർ: പാലക്കാടിന്റെ അക്ഷര കിരീടം 

പടയോട്ടങ്ങളുടെ പൈതൃകത്തിൽ നിന്ന് സംസ്‌കൃതിയുടെ ഹിമവാഹിനിയായി കേരളീയ മനസ്സുകളിലേക്കൊഴുകിയതാണ് പാലക്കാടിന്റെ ചരിത്രം. അവിടത്തെ സമകാലിക ദേശപ്പെരുമയിൽ നിറഞ്ഞു നിൽക്കുന്ന അസീസ് മാസ്റ്റർ എന്ന ഗാന്ധിയനായ സാംസ്‌കാരിക പ്രവർത്തകന്റെ ജീവിതത്തിലൂടെ...    

ആരവ മുഖരിതമായ പാലക്കാട് നഗരത്തിൽ മുഖവുര ഒട്ടും ആവശ്യമില്ലാത്ത മുഖമാണ് കെ. അബ്ദുൽ അസീസ് മാസ്റ്റർ. രാഷ്ട്രീയക്കാരിലെ പത്രപ്രവർത്തകനും പത്രപ്രവർത്തകർക്കിടയിലെ രാഷ്ട്രീയക്കാരനും.
ഒരു ജനപ്രതിനിധി മാത്രമല്ല, സാമൂഹ്യ- വിദ്യാഭ്യാസ-സംഘടനാ മേഖലകളിലും മാധ്യമ രംഗത്തും ഫലപ്രദമായി പ്രവർത്തിക്കുന്ന ഉജ്വലമായ ബഹുമുഖ വ്യക്തിത്വത്തിനുടമ. അസാധാരണമായ ഉൾക്കാഴ്ചയും വിശാല വീക്ഷണവും അസീസ് മാസ്റ്റർ എന്ന അധ്യാപകന്റെ സവിശേഷതയാണ്.
1951 ൽ പാലക്കാട് ജില്ലയിലെ അലനെല്ലൂരിൽ ജനനം. അലനെല്ലൂർ ഹൈസ്‌കൂൾ, ഫാറൂഖ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മൂന്നു പതിറ്റാണ്ടു കാലം അധ്യാപകനായിരുന്നു. അതിൽ ഇരുപത്തഞ്ചു വർഷവും പാലക്കാട് നൂറണി ഹിന്ദു സ്‌കൂളിൽ. കഞ്ചിക്കോട് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്ന് 2006 ൽ സ്വയം വിരമിച്ചു. സംസ്ഥാനത്തെ മികച്ച അധ്യാപകനുള്ള 1999 ലെ അവാർഡ് ലഭിച്ചു. 
2000 മുതൽ 2010 വരെ പാലക്കാട് നഗരസഭയിൽ കൗൺസിലർ. 2005 മുതൽ 2007 വരെ നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ. 2008-2010 കാലയളവിൽ പാലക്കാട് ഡിസ്ട്രിക്റ്റ് ഡെവലപ്‌മെന്റ് കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തസ്രാക് ഒ.വി.വിജയൻ സ്മാരക സമിതി സെക്രട്ടറിയായിരുന്നു. 


ഭാര്യ: റിട്ട. അധ്യാപിക ഫാത്തിമ ടീച്ചർ (മുൻ നഗരസഭാ കൗൺസിലർ).
കേരളത്തിന്റെ പ്രവേശന കവാടം എന്ന് വിശേഷിപ്പിക്കാവുന്ന പുരാതനമായ ഒലവക്കോട് ടൗണിൽ കേശവമേനോൻ കോളനിയിൽ താമസിക്കുന്നു.
'ഇന്ത്യാ ചരിത്രവും കമ്യൂണിസവും, ചരിത്രത്തിൽ ജീവിക്കുന്ന ഗാന്ധിജി,
ഒ.വി.വിജയൻ (ഭാഷ, ദേശം, കഥാപാത്രങ്ങൾ) ഈ നാല് ഗ്രന്ഥങ്ങളും ആനുകാലികങ്ങളിൽ എഴുതിയ നൂറുകണക്കിന് രചനകളും മാത്രം മതി അനുവാചകരുടെ മനസ്സിൽ മാഷ് മായാതെ നിലനിൽക്കാൻ.
സ്വന്തം ആയുസ്സു കൊണ്ട് മനുഷ്യ സാധ്യമായ വിധത്തിലെല്ലാം
സമൂഹത്തെ സേവിക്കുക എന്നതാണ് മാഷിന് ജീവിതത്തിന്റെ കർമ ധന്യത. രാഷ്ട്രീയക്കാരേയും എഴുത്തുകാരേയും സംവാദത്തിന്റെ സ്‌നേഹ കിരണങ്ങൾ കൊണ്ട് കൂട്ടിയിണക്കാനും അവരിൽ സാമൂഹ്യാവബോധം നിലനിർത്താനും അസീസ് മാസ്റ്റർ നടത്തുന്ന ഇടപെടലുകൾ അദ്ദേഹത്തിന്റെ മാത്രം പ്രത്യേകതയാവാം.
വായനക്കാരനും എഴുത്തുകാരനും പ്രസാധകരും പൊതുപ്രവർത്തകരും തമ്മിൽ അർത്ഥവത്തായ ആശയ സംവേദനം നില നിർത്തുന്നതിനായി 'അക്ഷര' സാഹിത്യ വേദിയും' 'പ്രിയദർശിനി' പുസ്തക ശാലയും
'സായാഹ്നം' പത്രവും അസീസ് മാസ്റ്ററുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു. പബ്ലിക് റിലേഷൻസ് വകുപ്പിന്റെ അംഗീകാരമുള്ള ഈ കൊച്ചു പത്രം സ്വതന്ത്ര ആശയവും നിഷ്പക്ഷതയും പ്രകടിപ്പിക്കുന്നതിൽ അവധാനത പുലർത്തുന്നു.
പാലക്കാടിന്റെ ചരിത്രപരമായ സന്ദർഭങ്ങളെയും സാഹചര്യങ്ങളെയും ഉൾക്കൊണ്ട് പാരമ്പര്യ വായനയുടെ മൂല്യവും വിശുദ്ധിയും അംഗീകരിക്കുന്ന
ഒരു ദേശത്തിന്റെ മുഖമെഴുത്താണിത്. രാഷ്ട്രീയ പ്രവർത്തനത്തിന്റെയും സംഘടനാ കാര്യങ്ങളുടെയും പൊതു നന്മയെ നിരാകരിക്കാതെ എല്ലാവരെയും സഹവർത്തിത്വത്തോടെ ഉൾക്കൊള്ളുന്നു എന്നതാണ് മാസ്റ്ററുടെ പത്രശൈലി. വിദ്യാർത്ഥി രാഷ്ട്രീയം വിദ്യാഭ്യാസത്തിന്റെ മാഹാത്മ്യവും പ്രാധാന്യവും വിസ്മയാവഹമാണെന്ന്് ഇദ്ദേഹം വിശ്വസിക്കുന്നു. വിദ്യാർത്ഥികളിൽ അറിവിലൂടെയും അന്വേഷണത്തിലൂടെയും സാമൂഹ്യ മാർഗദർശനം 
ഉണ്ടാകുന്നില്ലെങ്കിൽ വിദ്യാർത്ഥിത്വത്തിന് എന്തു പ്രസക്തി?
വിദ്യാർഥികൾക്ക് അവരുടെ പ്രശ്നം പറയാനുള്ള സംവിധാനം ഉണ്ടാവണമല്ലോ. അവർക്ക് സംഘടിക്കാനും പ്രവർത്തിക്കാനും
കാമ്പസിന്റെ പ്രതിധ്വനി എന്നും അവരിലുണ്ടാകണം.
കലാലയ ജീവിതം നമ്മുടെ ജീവിതത്തിലെ ഒരു വസന്ത കാലം തന്നെയാണ്.
വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്നും ജീവിത ലക്ഷ്യത്തിലേക്ക്
കുതിച്ചെത്തിയ ആളുകളെ മാത്രമേ സമൂഹം ഓർത്തിട്ടുള്ളൂ.
കലാലയ ജീവിതം കഴിഞ്ഞ് പടിയിറങ്ങുമ്പോൾ നേട്ടത്തിന്റെയും കോട്ടത്തിന്റെയും പൊലിഞ്ഞ ജീവിതങ്ങളുടെയും കണക്കെടുപ്പിൽ
എന്റെ മനസ്സിൽ ഇപ്പോഴും നിറഞ്ഞുനിൽക്കുന്നത് ജനസേവനം എന്ന് കരുതിയ പലതുമായിരുന്നു. കോളേജ് പഠനവും അന്നത്തെ വിദ്യാർത്ഥി യൂനിയൻ രാഷ്ട്രീയവും അതുണ്ടാക്കിയ പരിവർത്തനവും തിരിച്ചറിയാൻ,  ഇനിയൊരു കലാലയ അവസരമില്ലെന്ന യാഥാർഥ്യം  ബാക്കിയാവുകയാണ്.  
രാഷ്ട്രീയ സാമൂഹ്യ ബോധം മനസ്സിൽ ഉണ്ടാകുന്നത് കോളേജ് പഠന കാലത്തു തന്നെയാണ്. വിദ്യാർത്ഥി ആയിരിക്കുമ്പോൾ
ഇന്ത്യയുടെ ദേശീയ സ്വാതന്ത്ര്യ സമരാവേശത്തെക്കുറിച്ച് വായിച്ചറിഞ്ഞപ്പോൾ കോൺഗ്രസിനോടായിരുന്നു  പ്രിയം. അക്കാലത്ത് കോൺഗ്രസ് ഉയർത്തിയ മതേതര മൂല്യവും സോഷ്യലിസ്റ്റ് ആശയങ്ങളും എന്നെയും ആകർഷിച്ചു.
ഇന്ദിരാജിയുടെയും ലീഡർ കെ. കരുണാകരന്റെയും പ്രവർത്തനങ്ങളിൽ ഇഷ്ടം തോന്നി സജീവ രാഷ്ട്രീയത്തിലേക്കിറങ്ങി. പാലക്കാട്ടെ പ്രാദേശിക-നഗര കേന്ദ്രീകൃത വികസന പ്രവർത്തനങ്ങളിൽ ചിലതെല്ലാം ചെയ്യാനായി. പാലക്കാട് ഇന്ദിരാഗാന്ധി സ്റ്റേഡിയവും ബസ് സ്റ്റാന്റും യാഥാർഥ്യമാക്കിയതാണ് അതിൽ പ്രധാനം. നാലു പതിറ്റാണ്ടായി രാഷ്ട്രീയ പ്രവർത്തനം. പദവികളും സ്ഥാനമാനങ്ങളും പാരമ്പര്യമായി ലഭിച്ചവർക്കും ഭൗതികതയും സുഖലോലുപതയും പിന്തുടരുന്നവർക്കും ജനസേവനം എന്ന ആശയം മനസ്സിലാക്കാൻ സാധിക്കില്ലെന്നാണ്
മാസ്റ്ററുടെ അഭിപ്രായം.
സാമൂഹിക പ്രവർത്തനത്തിന്റെ വിപുല രീതിയാണ് അധ്യാപനത്തിലും
അസീസ് മാസ്റ്റർക്ക് തുണയായത്. വായന എപ്പോഴും ഒരു ഹരമായിരുന്നു.
വീക്ഷണം പത്രത്തിൽ മാഷ് എഴുതിയ ലേഖനങ്ങൾ രാഷ്ട്രീയ വിദ്യാർത്ഥികൾക്ക്  ഒരു പാഠപുസ്തകമാണ്. എഡിറ്റോറിയലായും നിരൂപണമായും അഭിമുഖമായും പ്രതികരണമായും
വൈവിധ്യ ലോകത്തേക്ക് തുറക്കുന്ന എഴുത്തുകൾ. രാഷ്ട്രീയം, സാഹിത്യം,
ജീവചരിത്ര പഠനം, പത്ര നടത്തിപ്പ്, സാമൂഹിക ഇടപെടൽ തുടങ്ങിയ മണ്ഡലങ്ങളിലെല്ലാം നാലു പതിറ്റാണ്ടുകളായി നിറഞ്ഞുനിൽക്കുന്ന അസീസ് മാഷിന്റെ ബഹുമുഖത്വം ഏറ്റവുമധികം പ്രത്യക്ഷമായിട്ടുള്ളത് എഴുത്തിലാണ്. 
സാഹചര്യത്തോടും വ്യക്തികളോടും ഗുണകാംക്ഷയോടെ പ്രതികരിച്ചുകൊണ്ടാണ് മാഷിന്റെ എഴുത്തും അധ്യാപനവും
രാഷ്ട്രീയവും. 1980 കളിൽ പ്രിയദർശിനി കൾച്ചറൽ സെന്റർ സ്ഥാപിച്ചുകൊണ്ടാണ് സാംസ്‌കാരിക പ്രവർത്തനങ്ങളിൽ ഇടപെട്ടു തുടങ്ങിയത്. സമൂഹത്തിൽ അവശത അനുഭവിക്കുന്നവരുടെ അത്താണിയായി പ്രിയദർശിനി കൾച്ചറൽ സെന്റർ മാറി. ആരോഗ്യ ക്യാമ്പുകൾ, ദുരിത നിവാരണ പദ്ധതികൾ, ഓണം-ക്രിസ്മസ്-റമദാൻ കാല സാന്ത്വന പ്രവർത്തനം,
വിദ്യാഭ്യാസ സഹായ പദ്ധതികൾ എന്നിവ ഈ കൂട്ടായ്മ മുഖേന നടത്തി.

അറബിക് ഭാഷ പാഠ്യപദ്ധതിയിൽ നിലനിർത്താൻ സജീവമായി
സമരങ്ങൾ നയിച്ചവരിൽ ഒരാളുമാണ് അസീസ് മാസ്റ്റർ. അറബി ഭാഷയുടെയും അതിന്റെ വികാസത്തിന്റെയും പരീക്ഷാ നടത്തിപ്പുമായും ബന്ധപ്പെട്ട് നിരവധി യാത്രകൾ നടത്തിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ എസ്.എസ്.എൽ.സി പരീക്ഷ നടത്തിപ്പിനായി ദുബായ് ഇന്ത്യൻ എംബസി സ്‌കൂളിലും പോയി.
അറബി ഭാഷയോടുള്ള ആഭിമുഖ്യവും അറബ് രാജ്യങ്ങളുമായുള്ള മലയാളികളുടെ ബന്ധവും പരിഗണിക്കുമ്പോൾ അറബി സർവകലാശാലയടക്കം മുഴുവൻ പദ്ധതികളും എന്നോ സാക്ഷാൽക്കരിക്കേണ്ട സമയം അതിക്രമിച്ചുവെന്നാണ് മാഷ് പറയുന്നത്. അറബി ഭാഷാ പഠന രംഗത്തെ 
പുത്തൻ ഉണർവുകൾക്ക് സഹായകമായ സൗത്തുൽ ഇത്തിഹാദ്, ഇത്തിഹാദുൽ മുഅല്ലിം തുടങ്ങിയ മാസികകളിലും അറബി അധ്യാപക സംഘടനാ രംഗത്തും അസീസ്് മാഷ് പ്രവർത്തിച്ചിട്ടുണ്ട്.
ഗാന്ധിയൻ വികസന മാതൃകകളും ചര്യയുമാണ് അസീസ് മാസ്റ്റർ എന്നും അഭിമാനത്തോടെ എടുത്തു പറയുന്നത്. മനുഷ്യനും സമൂഹവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ എറ്റവും നല്ല നിർവചനമാണ്
ജനങ്ങൾക്കിടയിലെ മാഷിന്റെ സാധാരണമായ ജീവിതം.
ഒരു വെളുത്ത മുണ്ടിലും കുപ്പായത്തിലും മാത്രം ഒതുങ്ങുന്ന ലളിത ജീവിതം.

********

 
കഥയിലെ ജീവന്റെ തുടിപ്പും അസീസ് മാസ്റ്ററെപ്പോലുള്ളവരുടെ
ഇടപെടലുമാണ് ഒ.വി. വിജയൻ താമസിച്ച കരിമ്പനകളുടെ നാടിനെ മുഴുവനായി ഒരു സ്മാരകമാക്കി മാറ്റിയത്. ഖസാക്കിന്റെ സൗന്ദര്യം ഏതു വിധേനയും നിലനിർത്തുന്ന ഒരു ഗ്രാമമാക്കി തസ്രാക്കിനെ മാറ്റാനായിരുന്നു അസീസ് മാസ്റ്ററുടെയും അന്നത്തെ ജില്ലാ കലക്ടർ പി.മേരിക്കുട്ടിയുടെയും പരിശ്രമം. തസ്രാക്കിലെ ഒ.വി.വിജയൻ സ്മാരക സമിതിയുടെ സെക്രട്ടറി സ്ഥാനം സാംസ്‌കാരിക വകുപ്പിലെ ഊർജസ്വലമായ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ മാഷിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിക്ക് കഴിഞ്ഞു. 2014-15 വർഷത്തിൽ സംസ്ഥാന സർക്കാരിൽ നിന്ന് ഒന്നര
കോടി രൂപ സ്മാരക സമിതി പ്രവർത്തനങ്ങൾക്കായി സ്വരൂപിച്ചു.
കാലമെത്ര കഴിഞ്ഞാലും പേരും പെരുമയും നിലനിൽക്കും വിധം വിജയൻ താമസിച്ച വീടും പരിസരവും കളപ്പുരയും ഞാറ്റുപുരയും അറബിക്കുളവും
കൂമൻ കാവും സന്ദർശകരെ വരവേറ്റു കൊണ്ടിരിക്കും. ഇതിഹാസത്തിനു പശ്ചാത്തലമായ ശാലീന സൗന്ദര്യമായും മലയാളത്തിന്റെ സാഹിത്യ തറവാടായും ഇന്ന് നല്ല നിലയിൽ പ്രവർത്തിക്കുന്ന 
ഒ.വി. വിജയൻ സ്മാരക സമിതിയുടെ പ്രവർത്തനങ്ങൾക്ക് അസ്തിവാരമിട്ടത് അസീസ് മാസ്റ്ററാണ്.
സ്വാതന്ത്ര്യവും ജനാധിപത്യവും സാമൂഹികതയും മനുഷ്യ സംസ്‌കാരവും മുൻനിർത്തി അസീസ് മാസ്റ്റർ എഴുതിയ രചനകളിൽ ഏറെ പ്രകീർത്തിക്കപ്പെട്ട
ഒന്നാണ് 'ചരിത്രത്തിൽ ജീവിക്കുന്ന ഗാന്ധിജി' എന്ന പുസ്തകം. ഗാന്ധിയൻ
സമീപനങ്ങളെ കൂടുതൽ യാഥാർഥ്യ ബോധത്തോടെയും
ദേശീയ-സാർവദേശീയ അനുഭവത്തിന്റെ വെളിച്ചത്തിലും ആശയ നിബദ്ധമായ പുനർവായനക്ക് പ്രേരിപ്പിക്കുന്നു ഈ കൃതി. രാഷ്ട്ര സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ ചരിത്രത്തിലെ മറ്റു ധീര വ്യക്തികളിൽ നിന്ന് ഗാന്ധിജിയെ വ്യത്യസ്തനാക്കുന്നത് ആ ജീവത്യാഗത്തിന്റെ ഗൗരവം തന്നെയാണ്.
സ്വന്തം പ്രാണനെ നൽകിക്കൊണ്ടാണ് അദ്ദേഹം ഇന്ത്യയെ സ്വതന്ത്രമാക്കിയത്.
ഗാന്ധിജിയെ തമസ്‌കരിക്കാനുള്ള ശ്രമങ്ങൾ ബോധപൂർവം നടക്കുന്ന ഇക്കാലത്ത് ഈ ചരിത്ര ഗ്രന്ഥത്തിന് വലിയ പ്രസക്തിയുണ്ട്.
യഥാർത്ഥ ഗാന്ധിയെ തേടുന്ന സമഗ്രവും സൂക്ഷ്മവുമായ പഠനമാണിതെന്ന് ഡോ. പി.വി. കൃഷ്ണൻ നായരും എം.എം. ഹസനും ഗ്രന്ഥത്തിന്റെ ആമുഖത്തിൽ സാക്ഷ്യപ്പെടുത്തിയത് അസീസ് മാസ്റ്ററുടെ രചനാഭംഗിക്ക് അടിവരയിടുന്നു.
--------------------------------------
 

Latest News