Sorry, you need to enable JavaScript to visit this website.

അനായാസേന  മാറുന്ന ഭാവങ്ങൾ

തന്റെ വിശിഷ്ട ചിത്രമായലാസ്റ്റ് സപ്പർ വരയ്ക്കുമ്പോൾ ജീസസ് ക്രൈസ്റ്റിനെ രൂപകൽപന ചെയ്യാൻപറ്റിയ ഒരു മോഡലിനെ ലിയാനോർഡോ ഡാവിഞ്ചി കണ്ടെത്തിയിരുന്നു. പിയട്രോ ബാൻഡിനെല്ലി എന്ന ഒരു ഗായകൻ ആയിരുന്നു അത്. മിലൻ കത്തീഡ്രലിലെ പാട്ടുകാരനായ അദ്ദേഹത്തിന്റെ മുഖ സൗന്ദര്യവും നിഷ്‌കളങ്കതയും കാരുണ്യ ഭാവവും ഡാവിഞ്ചിക്ക് ഏറെ പിടിച്ചു. അദ്ദേഹത്തിന്റെ അഗാധമായ ദൈവബോധവും മഹത്വമാർന്ന സ്വഭാവവുമായിരുന്നു അതിന് കാരണം.വർഷങ്ങൾക്കുശേഷം ജൂദാസിനെ വരയ്ക്കാൻ വേണ്ടി ഡാവിഞ്ചി ഒരു മോഡലിനെ തിരയുകയായിരുന്നു. ആകെ വൃത്തികെട്ട് വിരൂപനായ അത്യാഗ്രഹം തുറിച്ചു നിൽക്കുന്ന മുഖമുള്ള ഒരാളെ അദ്ദേഹം കണ്ടെത്തി. അദ്ദേഹത്തെ സ്റ്റുഡിയോയിലേക്ക് ക്ഷണിച്ചു. മോഡലാവാൻ പോസ് ചെയ്യിപ്പിച്ചു. പെട്ടെന്ന് ഒരു മുഖപരിചയം തോന്നിയപോലെ ഡാവിഞ്ചി അദ്ദേഹത്തോട് ചോദിച്ചു. താങ്കളെ മുമ്പ് എവിടെയോ ഞാൻ കണ്ടിട്ടുണ്ടെന്ന് തോന്നുന്നല്ലോ? അതേ .ആ അധമൻ പറഞ്ഞു. എന്നെ നിങ്ങൾ മുമ്പ് വരച്ചിരുന്നു. ഞാൻ പിയട്രോ ബാൻഡിനെല്ലിയാണ്. 


ചുറ്റിലും അനുദിനം പെരുകിവരുന്ന ബഹളങ്ങൾ ശ്രദ്ധിച്ചുനോക്കൂ. യേശു ക്രിസ്തുവിന്റെ ഭാവമുണ്ടായിരുന്നപലരുമിപ്പോൾ ജൂദാസിന്റെ ഭാവത്തിലാണുള്ളത്! സഭ്യതയുടെ സീമകൾ ലംഘിച്ച് വ്യാജൻമാരും അല്ലാത്തവരും എത്ര വേഗത്തിലാണ് വേഷം മാറി അരങ്ങിൽ നിറഞ്ഞാടി കൊണ്ടിരിക്കുന്നത്?. ഇവരെല്ലാം പ്രധാന ജീവൽ വിഷയങ്ങളിൽനിന്ന് ജനശ്രദ്ധ തിരിച്ചു വിടുകയാണ്. ഒരു പരിധി വരെ ആബാലവൃദ്ധം ജനങ്ങളും ഒരു തരം ഹിപ്‌നോട്ടിക് നിദ്രയിൽ അകപ്പെട്ടത് പോലെ ഇത്തരക്കാരുടെ ആജ്ഞാനുവർത്തികളായി മാറുന്നു. 


വാർത്താമാധ്യമങ്ങളിലുംസോഷ്യൽമീഡിയകളിലുംപലപ്പോഴും ഇടംപിടിക്കുന്നത്മനുഷ്യനനുഭവിക്കുന്നഅടിസ്ഥാനപരമായി പ്രാധാന്യമുള്ള വിഷയങ്ങളല്ല; അവയ്ക്ക് പരിഹാരം തേടാനുള്ള നീതിപൂർവ്വമായ ഇടപെടലുകളും സംവാദങ്ങളുമല്ല എന്നത് ഞെട്ടിപ്പിക്കുന്ന പുതിയ കാല പ്രവണതയാണ്.  നീതി നിർവ്വഹണത്തിലൂടെ സൈ്വരജീവിതം ഉറപ്പാക്കേണ്ടവർ അധികാരലബ്ധിക്കും കിട്ടിയ അധികാരം നിലനിർത്തുന്നതിനുമായി ഏതറ്റം വരേയും അന്യായം ചെയ്ത് കൂട്ടുന്നു. അക്രമങ്ങൾക്കും നെറികേടിനുമെതിരെ കണ്ണടയ്ക്കുന്നു. ഫലമോ? സാമൂഹ്യ വിരുദ്ധ പ്രവണതകൾ വർദ്ധിക്കുന്നു.അവ പ്രോൽസാഹിപ്പിക്കപ്പെടുന്നു. 
നീതിന്യായ നിർവഹണവുംസാമൂഹ്യ സുരക്ഷയും ദിനംപ്രതി കാറ്റിൽ പറക്കുന്ന പോലെ.കോടതികളിലും നീതിന്യായ വ്യവസ്ഥിതിയിലും ജനവിശ്വാസം നാൾക്കു നാൾ കുറഞ്ഞ് വരുന്നതിന്റെ കണ്ണ് തുറപ്പിക്കുന്ന വാർത്തകൾ മുമ്പെങ്ങുമില്ലാത്ത വിധം പുറത്ത് വന്ന് കൊണ്ടിരിക്കുന്നു. 


ഇരുട്ട് കനക്കുമ്പോൾ വിളക്ക് തെളിയിക്കേണ്ടവരായ ഗുരുക്കൻമാരും പണ്ഡിതന്മാരും യൂട്യൂബ് ചാനലുകളിൽ ലൈക്കിനും സബ്‌സ്‌ക്രിപ്ഷനും ലജ്ജയില്ലാതെ കെഞ്ചി തുടങ്ങിയിരിക്കുന്നു. വിടുവായത്തങ്ങൾ വരെ പറയാൻ തുടങ്ങിയിരിക്കുന്നു!ആത്മീയ വ്യാപാരികൾ അറിവില്ലാത്തവരുടെ അറിവില്ലായ്മയും സ്വത്തും മുതലെടുത്ത് തടിച്ച് കൊഴുക്കുന്നു. 
കൊറോണക്കാലം മൂല്യങ്ങളുടെ വൻതോതിലുള്ള കുഴമറിച്ചിലിന് കൂടി വഴിയൊരുക്കിയിട്ടുണ്ട് എന്ന് പറയാതെ വയ്യ. ഓൺലൈൻ പഠനം വിദ്യാർത്ഥികളിലും അധ്യാപകരിലും രക്ഷിതാക്കളിലും ഉണ്ടാക്കുന്ന വെല്ലുവിളികൾ വേണ്ടത്ര പഠന വിധേയമാവുന്നില്ല. ലോക് ഡൗൺ കാലത്ത് തൊഴിൽ നഷ്ടപ്പെട്ടവരുടെ പ്രയാസങ്ങൾ ചർച്ചയാവുന്നില്ല. ദാരിദ്രവും പട്ടിണി മരണങ്ങളും ആരുടെയും കണ്ണ് തുറപ്പിക്കുന്നില്ല. നൈമിഷികമായ ചില ഒച്ചയിടലുകളിലും ബഹളങ്ങളിലും പല ക്രൂരമായ നീതി നിഷേധങ്ങൾക്കെതിരേയുമുള്ള പ്രതിഷേധങ്ങൾ ഒതുങ്ങി പോവുന്നു. ഇരകളുടെ കാതടപ്പിക്കുന്ന രോദനങ്ങൾ മാത്രം ബാക്കിയാവുന്നു. വലിയ തോതിലുള്ള സാമൂഹ്യ വിരുദ്ധതയുടെ മലവെള്ള പാച്ചിലിൽ ഇരകളുടെ ശബ്ദങ്ങൾ ക്രമേണ നേർത്ത് നേർത്ത് ഇല്ലാതാവുകയും അവഗണിക്കപ്പെടുകയും ചെയ്യുന്നു.


ഒച്ചപ്പാടുകൾക്കിടയിൽ തനിക്ക് വേണ്ടപ്പെട്ടവരുടെ അപദാനം വാഴ്ത്തുകയും എതിർകക്ഷികൾക്കെതിരെ അപവാദം പരത്തുകയും ചെയ്യുന്നവർ , അതിൽ എന്തെന്നില്ലാതെ അഭിരമിക്കുന്നവർ, സായൂജ്യം കണ്ടെത്തുന്നവർ വൈകാതെ തിരിച്ചറിഞ്ഞേക്കാം മനുഷ്യ പക്ഷത്ത് നിന്ന് , നീതിയുടെ പക്ഷത്ത് നിന്ന് ഇട പെടാത്തതിന്റെ ഭവിഷ്യത്തുകൾ. അസഹിഷ്ണുതയും അനീതിയും ചുറ്റിലും കാട്ട് തീ പോലെ പടരുമ്പോൾ നിരുത്തരവാദപരമായ മൗനം അവലംബിക്കുകയും തങ്ങളുടെ വാൽമീകങ്ങളിൽ സുഖലോലുപരായി വാഴുകയും ചെയ്യുന്നവർ വൻ വിപത്തിലേക്കാണ് ദിനേന ഉറങ്ങി എഴുന്നേൽക്കുന്നതെന്നറിയുക.

Latest News