ന്യൂസിലാന്റും കളി തുടങ്ങുന്നു, നവംബറില്‍ ട്വന്റി20 പരമ്പര 

വെല്ലിംഗ്ടണ്‍ - ഇംഗ്ലണ്ടിനു പിന്നാലെ ന്യൂസിലാന്റും കോവിഡ് ലോക്ഡൗണിനു ശേഷം രാജ്യാന്തര ക്രിക്കറ്റ് പുനരാരംഭിക്കുന്നു. വെസ്റ്റിന്‍ഡീസിനെതിരായ മൂന്നു മത്സര ട്വന്റി20 പരമ്പരയോടെ നവംബര്‍ 27 ന് അവരുടെ ഹോം സീസണ്‍ ആരംഭിക്കും. ഡിസംബര്‍ മൂന്നു മുതല്‍ ടെസ്റ്റ് പരമ്പരയിലും ഇരു ടീമുകളും ഏറ്റുമുട്ടും. ഇതിനകം വൈകിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാണ് ന്യൂസിലാന്റ്-വെസ്റ്റിന്‍ഡീസ് ടെസ്റ്റ് പരമ്പര. 
വെസ്റ്റിന്‍ഡീസിനു പിന്നാലെ പാക്കിസ്ഥാന്‍, ഓസ്‌ട്രേലിയ, ബംഗ്ലാദേശ് ടീമുകളും ന്യൂസിലാന്റ് പര്യടനത്തിനെത്തും. ഡിസംബര്‍ 18 മുതലാണ് പാക്കിസ്ഥാനുമായുള്ള പരമ്പര. ഓസ്‌ട്രേലിയന്‍ ടീം ഫെബ്രുവരിയിലെത്തും. 
ബംഗ്ലാദേശ് ടീമിനെ സംബന്ധിച്ചിടത്തോളം ന്യൂസിലാന്റ് പര്യടനം വൈകാരികമായിരിക്കും. ഒരു വര്‍ഷം മുമ്പ് അവസാനമായി അവര്‍ ന്യൂസിലാന്റില്‍ കളിക്കുന്ന സമയത്താണ് ക്രൈസ്റ്റ് ചര്‍ച്ച് അല്‍നൂര്‍ മസ്ജിദില്‍ ഭീകരാക്രമണമുണ്ടായത്. അവിടെ ജുമുഅ പ്രാര്‍ഥന നിര്‍വഹിക്കേണ്ടിയിരുന്ന നിരവധി ബംഗ്ലാദേശ് കളിക്കാര്‍ കഷ്ടിച്ചാണ് ഭീകരാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. മാര്‍ച്ച് 15 നായിരുന്നു ഭീകരാക്രമണം. 2021 മാര്‍ച്ച് 17 ന് ക്രൈസ്റ്റ്ചര്‍ച്ചില്‍ ന്യൂസിലാന്റ്-ബംഗ്ലാദേശ് ഏകദിനം നിശ്ചയിച്ചിട്ടുണ്ട്. ഹാഗ്‌ലി പാര്‍ക്ക് ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ എതിര്‍ വശത്താണ് അല്‍നൂര്‍ മസ്ജിദ്. 

Latest News