Sorry, you need to enable JavaScript to visit this website.

കുവൈത്ത് അമീര്‍ ശൈഖ് സ്വബാഹ് അന്തരിച്ചു

വിടവാങ്ങിയത് ഗള്‍ഫ് മേഖലയിലെ സമാധാന മധ്യസ്ഥന്‍, പരിഷ്‌കരണങ്ങളുടെ വക്താവ്
 

കുവൈത്ത് സിറ്റി- വനിതകള്‍ക്കുള്ള രാഷ്ട്രീയാവകാശം അടക്കം കുവൈത്തില്‍ നിരവധി രാഷ്ട്രീയ പരിഷ്‌കരണങ്ങള്‍ നടപ്പാക്കിയ അമീര്‍ ശൈഖ് സ്വബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അല്‍മുബാറക് അല്‍സ്വബാഹ് അന്തരിച്ചു. 91 വയസ്സായിരുന്നു. അമേരിക്കയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ശൈഖ് സ്വബാഹിന്റെ നിര്യാണത്തില്‍ ലോക നേതാക്കള്‍ അനുശോചനം അറിയിച്ചു. 

ജൂലൈ 18 ന് ആണ് പരിശോധനകള്‍ക്കായി കുവൈത്തിലെ ആശുപത്രിയില്‍ ശൈഖ് സ്വബാഹിനെ പ്രവേശിപ്പിച്ചത്. അടുത്ത ദിവസം വിജയകരമായ ശസ്ത്രക്രിയ നടത്തി. ചികിത്സ പൂര്‍ത്തിയാക്കാന്‍ ജൂലൈ 23 ന് അമേരിക്കയിലേക്ക് പോവുകയായിരുന്നു.

ആരോഗ്യ കാരണങ്ങളാല്‍ ഭരണ ചുമതല ഒഴിഞ്ഞ, മുന്‍ അമീര്‍ ശൈഖ് സഅദ് അല്‍അബ്ദുല്ല അല്‍സാലിം അല്‍സ്വബാഹിന്റെ പിന്‍ഗാമിയായി 2006 ജനുവരി 29 ന് ആണ് ശൈഖ് സ്വബാഹ് കുവൈത്ത് അമീറായി ഭരണത്തിലേറിയത്. ശൈഖ് സഅദ് അല്‍അബ്ദുല്ല അല്‍സാലിം അല്‍സ്വബാഹ് ഭരണ ചുമതല ഒഴിഞ്ഞതോടെ പ്രധാനമന്ത്രി പദവി വഹിച്ചിരുന്ന ശൈഖ് സ്വബാഹില്‍ ഭരണം എത്തുകയായിരുന്നു. 2006 ജനുവരി 24 ന് മന്ത്രിസഭ ശൈഖ് സ്വബാഹിനെ അമീറായി ശുപാര്‍ശ ചെയ്തു. ജനുവരി 29 ന് ചേര്‍ന്ന കുവൈത്ത് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ വെച്ച് പാര്‍ലമെന്റ് അംഗങ്ങള്‍ അദ്ദേഹത്തിന് അനുസരണ പ്രതിജ്ഞ ചെയ്തു. കുവൈത്തിന്റെ ചരിത്രത്തില്‍ പാര്‍ലമെന്റിനു മുന്നില്‍ ഭരണഘടനാ സത്യപ്രതിജ്ഞ ചെയ്യുന്ന മൂന്നാമത്തെ അമീറാണ് ശൈഖ് സ്വബാഹ്.

കുവൈത്തിനെ ആഗോള തലത്തിലെ ധന, വാണിജ്യ കേന്ദ്രമാക്കി പരിവര്‍ത്തിപ്പിക്കുകയെന്ന പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തിയിരുന്ന ശൈഖ് സ്വബാഹിന്റെ ഭരണ കാലത്ത് കുവൈത്ത് വിവിധ മേഖലകളില്‍ വന്‍ വളര്‍ച്ചക്ക് സാക്ഷ്യം വഹിച്ചിരുന്നു. ശൈഖ് സ്വബാഹ് പ്രധാനമന്ത്രി ചുമതല വഹിക്കുന്ന കാലത്താണ് കുവൈത്തി വനിതകള്‍ക്ക് രാഷ്ട്രീയ അവകാശങ്ങള്‍ ലഭിച്ചത്. 2005 ല്‍ തന്റെ മന്ത്രിസഭയില്‍ ആദ്യത്തെ വനിതാ മന്ത്രിയെ ശൈഖ് സ്വബാഹ് നിയമിക്കുകയും ചെയ്തു. ശൈഖ് സ്വബാഹ് അമീറായി ചുമതലയേറ്റ ശേഷം നടന്ന ആദ്യ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വനിതകള്‍ പങ്കാൡത്തം വഹിച്ചു. തന്റെ കാലത്ത് നടന്ന മൂന്നാമത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്റില്‍ വനിതക്ക് പ്രവേശനവും ലഭിച്ചു. കുവൈത്തില്‍ സൈനിക സര്‍വീസില്‍ പ്രവേശിക്കാനും ശൈഖ് സ്വബാഹ് വനിതകള്‍ക്ക് അനുമതി നല്‍കി. കുവൈത്തില്‍ നിര്‍ബന്ധിത സൈനിക പരിശീലനം വീണ്ടും പ്രാബല്യത്തില്‍ വരുത്തിയതും ശൈഖ് സ്വബാഹ് ആയിരുന്നു. 

ഹ്യുമാനിറ്റേറിയന്‍ ലീഡര്‍ എന്ന വിശേഷണം നല്‍കി 2014 സെപ്റ്റംബര്‍ 9 ന് യു.എന്‍ ശൈഖ് സ്വബാഹിനെ ആദരിച്ചിരുന്നു. മാനവിക സേവന മേഖലയില്‍ ശൈഖ് സ്വബാഹും കുവൈത്തും നടത്തിയ ശ്രമങ്ങള്‍ മാനിച്ച് കുവൈത്തിനെ മാനവിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള കേന്ദ്രം എന്ന് യു.എന്‍ വിശേഷിപ്പിക്കുകയും ചെയ്തു. അറബ് ലോകത്തെയും ആഗോള തലത്തിലെയും നയതന്ത്ര കാരണവര്‍ എന്ന വിശേഷണവും കുവൈത്ത് അമീര്‍ നേടി. 

പരിഷ്‌കരണ നയം പിന്തുടര്‍ന്ന ശൈഖ് സ്വബാഹ് കുവൈത്തില്‍ ജനാധിപത്യ മൂല്യങ്ങള്‍ കൂടുതല്‍ രൂഢമൂലമാക്കുകയും മാധ്യമ സ്വാതന്ത്ര്യം വര്‍ധിപ്പിക്കുകയും ചെയ്തതായി നിരീക്ഷകര്‍ വിലയിരുത്തുന്നു. ശൈഖ് സ്വബാഹിന്റെ ഭരണ കാലത്ത് കുവൈത്ത് മാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ക്ക് കൂടുതല്‍ സ്ഥലം ലഭിച്ചു. 

സൗദി അറേബ്യയും യു.എ.ഇയും ബഹ്‌റൈനും ഈജിപ്തും ഖത്തറുമായുള്ള നയതന്ത്ര, വാണിജ്യ ബന്ധങ്ങള്‍ വിഛേദിച്ചതിനെ തുടര്‍ന്ന് ഉടലെടുത്ത ഗള്‍ഫ് പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ തുടക്കം മുതല്‍ ജീവിതത്തിലെ അവസാന കാലം വരെ ശൈഖ് സ്വബാഹ് നിരന്തര ശ്രമങ്ങള്‍ നടത്തിയിരുന്നു. ഗള്‍ഫ് പ്രതിസന്ധിക്ക് അന്ത്യമുണ്ടാക്കാന്‍  ഏറ്റവുമധികം മധ്യസ്ഥ ശ്രമങ്ങള്‍ നടത്തിയതും ശൈഖ് സ്വബാഹ് ആയിരുന്നു. 

1962 ല്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രിയായാണ് ഭരണ രംഗത്തെത്തിയത്.  തൊട്ടടുത്ത വര്‍ഷം വിദേശ മന്ത്രിയായി നിയമിതനായി. 2003 ല്‍ പ്രധാനമന്ത്രി പദം വഹിക്കുന്നതു വരെ ഈ പദവിയില്‍ തുടര്‍ന്നു. വിദേശ മന്ത്രി പദവിക്കു പുറമെ 70 കളിലും 80 കളിലും ഇന്‍ഫര്‍മേഷന്‍ മന്ത്രി പദവിയും വഹിച്ചിരുന്നു. 1978 മുതല്‍ വിദേശ മന്ത്രി പദവിക്കു പുറമെ ഡെപ്യൂട്ടി പ്രധാനമന്ത്രി പദവിയും വഹിച്ചു. 

 

(Story updated with more details)

Latest News