മക്ക - രണ്ടു വർഷം മുമ്പ് വിശുദ്ധ ഹറമിലുണ്ടായ ക്രെയിൻ ദുരന്തത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് സൗദി ബിൻ ലാദിൻ കമ്പനി ദിയാധനം നൽകേണ്ടതില്ലെന്ന് കോടതി വിധിച്ചു. കേസിൽ പ്രതി പട്ടികയിലുണ്ടായിരുന്ന സൗദി ബിൻ ലാദിൻ കമ്പനിയെയും കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥരും എൻജിനീയർമാരും ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരും അടക്കമുള്ള പ്രതികളെയും കോടതി അടുത്തിടെ കുറ്റവിമുക്തരാക്കിയിരുന്നു. 108 പേജുകൾ അടങ്ങിയ വിധിയുടെ പകർപ്പ് പബ്ലിക് പ്രോസിക്യൂഷനും പ്രതികൾക്കും കോടതി കൈമാറിയിട്ടുണ്ട്. ശക്തമായ കൊടുങ്കാറ്റാണ് ക്രെയിൻ പൊട്ടിവീഴുന്നതിന് കാരണമെന്ന നിഗമനത്തിൽ എത്തിച്ചേർന്നാണ് കോടതി മുഴുവൻ ആരോപണ വിധേയരെയും കുറ്റവിമുക്തരാക്കിയത്.
സാങ്കേതിക, എൻജിനീയറിംഗ് റിപ്പോർട്ടുകളും ക്രെയിൻ ബ്ലാക്ക് ബോക്സ് വിവരങ്ങളും വിലയിരുത്തിയാണ് കേസിലെ മുഴുവൻ പ്രതികളെയും കോടതി കുറ്റവിമുക്തരാക്കിയത്. ഔദ്യോഗിക അവധി ദിവസമാണ് ദുരന്തം സംഭവിച്ചത്. ദുരന്തമുണ്ടാകുമ്പോൾ ക്രെയിൻ സുരക്ഷിതമായ അവസ്ഥയിലായിരുന്നു. പ്രതികളിൽ ആരെങ്കിലും വീഴ്ച വരുത്തിയതായി തെളിഞ്ഞിട്ടില്ല. ആവശ്യമായ മുൻകരുതലുകൾ അവർ സ്വീകരിച്ചിരുന്നതായും ബോധ്യപ്പെട്ടിട്ടുണ്ട്. മനുഷ്യന്റെ പ്രവൃത്തി മൂലമല്ല മരണങ്ങൾ സംഭവിച്ചത് എന്നതിനാൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് ദിയാധനവും പരിക്കേറ്റവർക്കും മറ്റു നാശനഷ്ടങ്ങൾക്കും നഷ്ടപരിഹാരവും നൽകേണ്ടതില്ലെന്നും കോടതി വിധിച്ചു.
സുരക്ഷാ വ്യവസ്ഥകൾ പാലിക്കുന്നതിൽ സൗദി ബിൻ ലാദിൻ കമ്പനി വരുത്തിയ വീഴ്ചകളാണ് ദുരന്തത്തിന് കാരണമെന്ന വാദത്തിൽ പബ്ലിക് പ്രോസിക്യൂഷൻ ഉറച്ചുനിൽക്കുകയാണ്. പ്രതികളെ കുറ്റവിമുക്തരാക്കിയ കീഴ്കോടതി വിധിക്കെതിരെ മേൽകോടതിയിൽ അപ്പീൽ നൽകുന്നതിന് പബ്ലിക് പ്രോസിക്യൂഷൻ തീരുമാനിച്ചിട്ടുണ്ട്. ദുരന്തത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്കും മാരകമായ പരിക്കേറ്റ് സ്ഥിരവൈകല്യം നേരിട്ടവർക്കും പത്തു ലക്ഷം റിയാൽ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റവർക്ക് അഞ്ചു ലക്ഷം റിയാൽ വീതവും ധനസഹായം നൽകിയിട്ടുണ്ട്.






