* ഹറം, മസ്ജിദുന്നബവി വികസന പദ്ധതികൾ കമ്പനി പുനരാരംഭിക്കുന്നു
ജിദ്ദ - വിശുദ്ധ ഹറം, മസ്ജിദുന്നബവി വികസന പദ്ധതികൾക്കു കീഴിൽ ജോലി ചെയ്യുന്നവർക്ക് അടുത്ത ഞായറാഴ്ച മുതൽ രണ്ടു മുതൽ മൂന്നു മാസത്തെ വേതന കുടിശ്ശിക വിതരണം ചെയ്യുമെന്ന് സൗദി ബിൻ ലാദിൻ കമ്പനി ജീവനക്കാരെ അറിയിച്ചു. ഈ വർഷത്തെ ഹജ് സീസൺ അവസാനിച്ച ശേഷം ഹറം, മസ്ജിദുന്നബവി വികസന പദ്ധതികൾ പുനരാരംഭിക്കും. ഇതോടെ അവശേഷിക്കുന്ന വേതന കുടിശ്ശിക വിതരണം ചെയ്യുന്നതിന് സമയക്രമം നിശ്ചയിക്കും. ശിക്ഷാ നടപടികൾ ഒഴിവാക്കുന്നതിന്, തൊഴിൽ സ്ഥലങ്ങളിൽ ഡ്യൂട്ടിക്ക് ഹാജരാകുന്നതിന് ജീവനക്കാരോട് കമ്പനി ആവശ്യപ്പെട്ടു. ഹറം, മസ്ജിദുന്നബവി വികസന പദ്ധതികൾ പുനരാരംഭിക്കുന്നതിനുള്ള തയാറെടുപ്പുകളുടെ ഭാഗമായി, വിദേശ തൊഴിലാളികളെ ഫൈനൽ എക്‌സിറ്റിൽ സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിന് കമ്പനി നിർത്തിവെച്ചിട്ടുണ്ട്.
ഒരു വർഷത്തിലധികം മുമ്പാണ് ഹറം, മസ്ജിദുന്നബവി വികസന പദ്ധതികൾ സൗദി ബിൻ ലാദിൻ കമ്പനി നിർത്തിവെച്ചത്. ജീവനക്കാരുടെ വേതന വിതരണവും സബ് കരാറുകാരുടെ കുടിശ്ശിക വിതരണവും തടസ്സപ്പെടുകയും ചെയ്തു. ഹറം, മസ്ജിദുന്നബവി വികസന പദ്ധതികൾ പുനരാരംഭിക്കുന്നതും വേതന കുടിശ്ശിക വിതരണം ചെയ്യുന്നതും സൗദി ബിൻ ലാദിൻ കമ്പനിയിലെ ആയിരക്കണക്കിന് തൊഴിലാളികളെ വലിയ പ്രതീക്ഷയിലാക്കിയിട്ടുണ്ട്. മസ്ജിദുന്നബവി വികസന പദ്ധതി പൂർത്തിയാക്കുന്നതിനെ കുറിച്ച് പഠിക്കുന്നതിന് പ്രത്യേക കമ്മിറ്റി രൂപീകരിക്കുന്നതിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നിർദേശം നൽകികയതായി മദീന ചേംബർ ഓഫ് കൊമേഴ്‌സ് ഡയറക്ടർ ബോർഡ് അംഗങ്ങളുമായും വ്യവസായ പ്രമുഖരുമായും നടത്തിയ കൂടിക്കാഴചക്കിടെ മദീന ഗവർണർ ഫൈസൽ ബിൻ സൽമാൻ രാജകുമാരൻ അടുത്തിടെ അറിയിച്ചിരുന്നു.