സ്വന്തം കുഴിമാടത്തിന്റെ വക്കിലിരുന്ന്  വയലിൻ വായിക്കുന്ന ഭ്രാന്തനാരാണ്? 

ഈലി വീസൽ
  • വാക്ക് / ജമാൽ കൊച്ചങ്ങാടി

ഒരു മഹാദുരന്തത്തിന്റെ നടുവിലായിരുന്ന ഒരാൾക്ക് സംഗീതമാലപിക്കാനാവുമോ? സംഗീതോപകരണം മീട്ടാനാകുമോ? 
ലോകാവസാനമുണ്ടാവുമ്പോൾ അതു ശോകസാന്ദ്രമായി പ്രക്ഷേപണം ചെയ്യുന്നതിനുള്ള വീഡിയോ സംഗീതം- രചിച്ച് സി എൻ എൻ ആർക്കൈവ്‌സിൽ സൂക്ഷിച്ചുവെച്ചിട്ടുണ്ട് എന്നു കേട്ടിട്ടുണ്ട്. ദേശീയ ദുരന്തങ്ങളുണ്ടാകുമ്പോൾ ആകാശവാണി വിഷാദാർദ്രമായ ഉപകരണ സംഗീതം പ്രക്ഷേപണം ചെയ്യാറുണ്ട്. 
ടൈറ്റാനിക് എന്ന ഹോളിവുഡ് ചിത്രത്തിൽ വിലപിടിച്ച കപ്പൽ മുങ്ങുമ്പോൾ മുഴങ്ങുന്ന സംഗീതം പ്രേക്ഷകരെ വല്ലാത്തൊരു ദുരന്ത ബോധത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. വാദ്യവൃന്ദത്തിന്റെ നേതാവ് വയലിൻ മീട്ടുമ്പോൾ, മറ്റു വയലിനിസ്റ്റുകളും ഒപ്പം ചേരുന്നു. വൃദ്ധ ദമ്പതികളുടെ കട്ടിലിനടിയിൽ വെള്ളമെത്തി. കപ്പൽ മുങ്ങുകയാണ്. നായികാനായകന്മാരുൾപ്പെടെയുള്ള യാത്രികർ പരക്കം പായുകയാണ്. 
ദൈവമേ ഞാൻ നിന്നരികിലേക്കിതാ അണയുന്നു. 
(ചലമൃലൃ ങ്യ ഏീറ, ീേ വേലല) പത്തൊമ്പതാം നൂറ്റാണ്ടിൽ സാറാ ഫഌവർ ആഡംസ് എഴുതിയ പ്രാർഥനാ മന്ത്രമാണ് അന്നേരം വയലിനിൽ മീട്ടുന്നത്. ടൈറ്റാനിക് ചിത്രത്തിനാസ്പദമായ എസ്എസ് വലേണിക്ക (1906) എന്ന കപ്പൽ മുങ്ങുമ്പോഴും ഇത് തന്നെയായിരുന്നു യാത്രികരുടെ ചുണ്ടിലെന്ന് പറയപ്പെടുന്നു. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ ഈയിടെ ലേലത്തിനു വെച്ചപ്പോൾ, ഏറ്റവും വില കിട്ടിയത് വയലിനായിരുന്നുവത്രേ. 
യഹൂദി മെനുഹിൻ തുടങ്ങിയുള്ള വിശ്രുതരായ വയലിനിസ്റ്റുകളുടെ വാദനം നാം കേട്ടിട്ടുണ്ട്. മെനുഹിനും രവിശങ്കറും അല്ലാരഖയും ചേർന്നുള്ള സംഗീത സദിര് ഇപ്പോഴും ഇടയ്ക്കിടെ കേൾക്കാറുണ്ട്. നാടകങ്ങളിൽ രംഗങ്ങൾക്ക് ശോകസാന്ദ്രതയേറ്റുന്നതിൽ വയലിൻ തന്നെയാണ് കാര്യമായി ഉപയോഗിച്ചിരുന്നത്. 
ഖ്വാജാ അഹമ്മദ് അബ്ബാസിന്റെ ഷഹർ ഓർ സപ്‌ന എന്ന ചിത്രത്തിൽ, നാടകീയ സംഘർഷം മുറുകുമ്പോൾ അയവ് വരുത്താൻ തന്റെ പ്രിയപ്പെട്ട സംഗീതോപകരണവുമായി ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന, നാനാ പർസിക്കർ അവതരിപ്പിച്ച വൃദ്ധനായ വയലിനിസ്റ്റിന്റെ ചിത്രം ഓർമയിൽ വരുന്നു. 
പക്ഷേ എനിക്ക് വിസ്മരിക്കാനാവാത്ത ഒരു രംഗമുണ്ട്- ഈലി വീസലിന്റെ ദ നൈറ്റ് എന്ന ആത്മകഥാപരമായ നോവലിലെ ഒരു രംഗമാണത്. 
കൊടുംതണുപ്പുള്ള, മഞ്ഞുവീഴുന്ന രാത്രി, കൈയിൽ രണ്ടു കഷ്ണം റൊട്ടിയുമായി ഒരു പതിനാലുകാരൻ പയ്യൻ. ഈലി വീസലിന്റെ ബാല്യമാണ്. റൊട്ടി കൈയിലുണ്ടെങ്കിലും തിന്നാൻ അനുവാദമില്ല. ദാഹിക്കുമ്പോൾ തൊട്ടുമുന്നിലുള്ള ഇരയുടെ നഗ്നശരീരത്തിലെ മഞ്ഞുതുള്ളികൾ വടിച്ചെടുത്ത് നുണയുന്നു. ഇരകളുടെ കൂട്ടം അറവുമാടുകളെ പോലെ നാസി പട്ടാളക്കാരാൽ നയിക്കപ്പെടുകയാണ്.
സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയ റുമേനിയൻ വംശജനായ യഹൂദ സാഹിത്യകാരൻ ഈലി വീസൽ മരിച്ചിട്ട് ഒരു വർഷമേ ആയുള്ളൂ. ഹിറ്റ്‌ലറുടെ കൂട്ടക്കുരുതി അതിജീവിച്ചവരുടെയും സാക്ഷ്യം വഹിച്ചവരുടെയും വിവരണങ്ങളടങ്ങിയ ഒരുപാട് കൃതികളുണ്ടായിട്ടുണ്ടെങ്കിലും വീസലിന്റെ 'രാത്രി' പോലെ മനസ്സാക്ഷിയെ വേട്ടയാടുന്ന അധികം രചനകളില്ല. 
1944 ൽ ജീവനുള്ള മനുഷ്യരെ ചാരമാക്കി മാറ്റുന്ന ഒരടുപ്പിൽ താനും അച്ഛനുമൊഴികെ കുടുബാംഗങ്ങളെല്ലാം അപ്രത്യക്ഷരാകുന്നത് നിസ്സഹായനായി നോക്കിനിൽക്കേണ്ടിവന്ന ബാലൻ. പോളണ്ടിലെ ഓഷ്‌വിറ്റ്‌സ്, കിഴക്കൻ ജർമനിയിലെ ബഷൻവാൾഡ് എന്നീ ക്യാമ്പുകളിലേക്ക് നാസികൾ ആട്ടിത്തെളിച്ചുകൊണ്ടുപോകുന്ന പതിനായിരക്കണക്കിന് ഇരകളിൽ രണ്ടു പേരായിരുന്നു വീസലും അച്ഛനും. 
നാറിപ്പട്ടികളെ വേഗം പോടാ.... പട്ടാളക്കാർ ആക്രോശിച്ചുകൊണ്ടിരുന്നു. 
ഇരകൾ നടക്കുകയല്ല. കീ കൊടുത്ത യന്ത്രത്തെ പോലെ ഓടുകയാണ്. ഓടാൻ കഴിയാതെ പോയാൽ വെടിവെച്ച് വീഴ്ത്തപ്പെടും. ജീവനോടെയും അല്ലാതെയും വഴിയിൽ വീണവരുടെ മേലേക്കൂടി പിന്നാലെ വരുന്നവർ ഓടുകയാണ്. പിന്നാലെ വരുന്നവർ പിടിച്ചു തള്ളുന്നു: ഓടൂ.... ഓടൂ... 
പ്രായമുള്ള അച്ഛനെ ഉപേക്ഷിച്ച് ഓടാൻ വീസലിനാവുന്നില്ല. ഇങ്ങനെ ഓടിത്തീർത്തത് ഇരുപതു കിലോമീറ്റർ! ഒടുവിൽ എത്തിപ്പെട്ടത് ഒരു വിജന ഗ്രാമത്തിൽ. മേൽക്കൂരയില്ലാത്ത ഒരിഷ്ടികക്കളത്തിൽ അച്ഛനും മകനും. ചുറ്റും തകർന്നടിഞ്ഞ മനുഷ്യർ. 
അടുത്തു കിടക്കുന്നയാളെ കുലുക്കിയുണർത്താൻ ശ്രമിച്ച് പരാജിതനായ ഒരാൾ ശവത്തെ കെട്ടിപ്പുണർന്നുറങ്ങി. മകനെ തേടിയെത്തിയ റബി എല്യാഹു മഞ്ഞ് കുഴിച്ചുനോക്കുന്നു. ഓട്ടത്തിനിടയിൽ അച്ഛൻ പിന്നിലായിപ്പോയതാണ്. അന്നേരം ഒരു ഭയങ്കര ചിന്ത വീസലിന്റെ മനസ്സിലൂടെ കടന്നുപോകുന്നു: 'മകൻ അച്ഛന്റെ ഭാരം ഒഴിവാക്കിയതാണോ?' അപ്പോൾ അറിയാതെ പ്രാർഥിച്ചുപോയി: അങ്ങനെയാവാതിരിക്കാനുള്ള കരുത്ത് നൽകണേ ദൈവമേ! 
അതിശൈത്യത്തിൽ പലരും മരിച്ചുവീണു. വീണുപോയ പിതാക്കളെ ഉപേക്ഷിച്ചും മക്കൾ യാത്ര തുടർന്നു. ഒടുവിൽ അടുത്ത തടങ്കൽ പാളയത്തിലെത്തി- ഗ്ലെയ്‌വിറ്റ്‌സിൽ. വീസലും അച്ഛനും അടി തെറ്റി വീണു... ദീനവിലാപങ്ങൾ, തേങ്ങലുകൾ, ഞരക്കങ്ങൾ. 
എന്നെ അരച്ച് കളയല്ലേ എന്നാരോ നിലവിളിക്കുന്നു. താൻ കിടക്കുന്നത് നിലവിളിക്കുന്നയാളുടെ മുകളിലാണെന്ന് വീസൽ തിരിച്ചറിഞ്ഞു. തനിക്ക് പരിചിതമായ ശബ്ദം... ജൂലിക്കിന്റേതാണത്. വയലിനിസ്റ്റ് ജൂലിക്.... അവന്റെ മീതേ നിന്നെഴുൽക്കാൻ ശ്രമിക്കവേ വീസലിന്റെ മേൽ അട്ടിയട്ടിയായി ആളുകൾ വന്നു വീണുകൊണ്ടിരുന്നു. അപ്പോഴും ജൂലിക് തിരഞ്ഞുകൊണ്ടിരുന്നത് തന്റെ വയലിനു വേണ്ടിയാണ്. അത് തകർന്നുപോകുമോ എന്നാണവന്റെ പേടി. 
പക്ഷേ തന്നെ ഞെക്കിക്കൊല്ലുന്ന അദൃശ്യനായ കൊലയാളിയെ എങ്ങനെയും തള്ളി മാറ്റാൻ ശ്രമിക്കയായിരുന്നു വീസൽ. 'ജീവിക്കാനുള്ള എന്റെ മുഴുവൻ മോഹവും ഞാൻ നഖങ്ങളിൽ കേന്ദ്രീകരിച്ചു. മാന്തിപ്പൊളിച്ചു. ശ്വാസത്തിനു വേണ്ടിയുള്ള ഒരിടത്തിനായി..…'
താനേറ്റുമുട്ടുന്നത് ഒരു ശവശരീരത്തോടാണോ എന്നുറപ്പ് പോലുമില്ലായിരുന്നു വീസലിന്. 
ഒടുവിൽ ആ ശ്രമത്തിൽ വിജയിച്ചു. അച്ഛൻ മരിച്ചിട്ടില്ലെന്നുറപ്പ് വരുത്തുകയും ചെയ്തു. 
ആ സമയത്താണ് ഒരു വയലിൻ നാദം കേൾക്കുന്നത്. 'ജീവനുള്ളവർക്കു മീതെ മൃതദേഹങ്ങൾ വന്നു വീഴുന്ന ഈ ഇരുണ്ട ബാരക്കിനുള്ളിൽ നിന്ന് ആരാണു വയലിൻ വായിക്കുന്നത്? സ്വന്തം കുഴിമാടത്തിന്റെ വക്കിലിരുന്ന് വയലിൻ വായിക്കുന്ന ഈ ഭ്രാന്തനാരാണ്? അതോ വെറും തോന്നലാണോ.
ബീഥോവന്റെ രചനയാണ് വയലിനിൽ മീട്ടിക്കൊണ്ടിരുന്നത്. അത് ജൂലിക് തന്നെയാണെന്ന് വീസലിനുറപ്പായിരുന്നു. 
'ഇരുൾ ഞങ്ങളെ ചൂഴ്ന്നുനിന്നു. വയലിന്റെ സ്വരമല്ലാതെ മറ്റൊന്നും കേൾക്കാനുണ്ടായിരുന്നില്ല. ആ വയലിൻ കമ്പികളിൽ ജൂലിക്കിന്റെ ആത്മാവും കുടിയേറിയതു പോലെ അവന്റെ പ്രാണനും തന്ത്രികളിലൂടെ ഒഴുകിനടക്കുകയാണെന്നു തോന്നി. അവന്റെ പൂർത്തീകരിക്കാനാവാത്ത പ്രതീക്ഷകൾ. അവന്റെ കത്തിക്കരിഞ്ഞ ഭൂതകാലം. അവന്റെ അണഞ്ഞുപോയ ഭാവി. തനിക്കൊരിക്കലും ഇനി വയലിൻ വായിക്കാനാവില്ലെന്നത് പോലെയായിരുന്നു - ആ വാദനം.' 
റോമാ സാമ്രാജ്യം കത്തിയെരിയുമ്പോൾ നീറോ ചക്രവർത്തി വീണ വായിരിക്കുകയായിരുന്നു എന്നു പറയാറുണ്ട്. ആ സാഹചര്യവുമായി ഇതിനെ താരതമ്യപ്പെടുത്താനാകുമോ? നീറോയുടേത് അങ്കുശമില്ലാത്ത ക്രൂരതയാണ്. സംഹാരാർത്തിയാണ്. ജൂലിക്കിന്റേത് അതിജീവനത്തിനുള്ള ആർത്തിയാണ്. രണ്ടുപേരും ജീവിത കാമനയുടെ എതിർ ധ്രുവങ്ങളിലാണ്. 
മരിച്ചവരും മരിച്ചുകൊണ്ടിരിക്കുന്നവരുമായ ഒരു സദസ്സിനു മുൻപാകെ നൽകിയ ഈ സംഗീതം തനിക്കെങ്ങനെ മറക്കാനാവുമെന്നു ഈലി വീസൽ ചോദിക്കുന്നു. മരണാസന്നരായവരുടെ സദസ്സിനോട് യാത്രാമൊഴി ചൊല്ലുന്ന എന്റെ പോളണ്ടുകാരൻ സ്‌നേഹിതന്റെ വിഷാദ ഭരിതമായ മുഖം എന്റെ കണ്ണുകൾക്കുള്ളിലെ ഇരുളിൽ നിന്നു ഉയർന്നുവരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ആ ഭാഗം അദ്ദേഹം ഉപസംഹരിക്കുന്നത്. 
വീസൽ ഫ്രാൻസിൽ പത്രപ്രവർത്തകനായിരിക്കേ ഫ്രഞ്ച് സാഹിത്യകാരനായ ഫ്രാങ്‌സ്വാ മോറിയാക്കുമായി ഹോളോകാസ്റ്റ് അനുഭവങ്ങൾ വിവരിച്ചത്. 'അങ്ങനെ ലോകം വിമൂകമായി എന്ന പ്രഥമ കൃതി രചിക്കാനിടയായ സാഹചര്യം അതായിരുന്നു'...
അതിന്റെ ആറ്റിക്കുറുക്കിയ രൂപമാണ് 'രാത്രി'. 
 

Latest News