Sorry, you need to enable JavaScript to visit this website.

ആദ്യമായി സൗദിയില്‍ വനിതാ ഗോള്‍ഫ്

റിയാദ് - സൗദി അറേബ്യ ചരിത്രത്തിലാദ്യമായി നവംബറില്‍ വനിതകള്‍ക്ക് പ്രൊഫഷനല്‍ ഗോള്‍ഫ് ടൂര്‍ണമെന്റ് സംഘടിപ്പിക്കും. ജിദ്ദ എക്കണോമിക് സിറ്റിയിലെ റോയല്‍ ഗ്രീന്‍സ് ഗോള്‍ഫ് ആന്റ് കണ്‍ട്രി ക്ലബ്ബിലായിരിക്കും സൗദി ലേഡീസ് ഇന്റര്‍നാഷനല്‍ ഗോള്‍ഫ് ടൂര്‍ണമെന്റ്. സൗദി വിരുന്നൊരുക്കുന്ന പ്രഥമ ലേഡീസ് യൂറോപ്യന്‍ ടൂറായിരിക്കും ഇത്. നവംബര്‍ 12 മുതല്‍ 15 വരെയായിരിക്കും ടൂര്‍ണമെന്റ് നടക്കുക. വിജയികള്‍ക്ക് 10 ലക്ഷം ഡോളറാണ് സമ്മാനം. ബ്രിട്ടിഷ് ഓപണിലും സ്‌കോടിഷ് ഓപണിലും മാത്രമേ ഇതിനെക്കാള്‍ വലിയ സമ്മാനത്തുകയുള്ളൂ. 
മാര്‍ച്ചിലായിരുന്നു ഈ ടൂര്‍ണമെന്റ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോവിഡ് കാരണം നീട്ടിവെക്കുകയായിരുന്നു. നൂറിലേറെ പേര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ഈ മാസം സ്വിസ് ഓപണില്‍ തന്റെ പ്രഥമ ലേഡീസ് യൂറോപ്യന്‍ ടൂര്‍ കിരീടം നേടിയ വെയ്ല്‍സിന്റെ ആമി ബൗള്‍ഡന്‍ ജിദ്ദയിലെ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. നവംബര്‍ 17 മുതല്‍ 19 വരെ സൗദി ലേഡീസ് ടീം ഇന്റര്‍നാഷനലും ജിദ്ദയില്‍ അരങ്ങേറും. ഈ ടൂര്‍ണമെന്റില്‍ പ്രൊഫഷനലുകളും അമച്വറുകളും പങ്കെടുക്കും. അര ലക്ഷം ഡോളറാണ് സമ്മാനത്തുക. 
 

Latest News