സേതുമാധവൻ എന്റെ കഥാനുഭവങ്ങളിലെ നോവ്

 

  • ചന്ദ്രമതി

കഥ എന്നെ പല വിചിത്ര ലോകങ്ങളിലേക്കും നയിച്ചിട്ടുണ്ട്. ഒന്നുരണ്ടു കഥാനുഭവങ്ങൾ ഞാനെഴുതിയിട്ടുമുണ്ട്. സേതുമാധവനെക്കുറിച്ചും എഴുതിയിട്ടുണ്ട്. പക്ഷേ എവിടെയാണെന്ന് ഒരോർമയുമില്ല. 
ഇപ്പോൾ ലാംഗ്വേജ് ഇൻസിറ്റിയൂട്ടിലുള്ള ജയകൃഷ്ണൻ കേരള കൗമുദിയിലായിരുന്നപ്പോൾ ഒരു ഫീച്ചറിന്റെ ഭാഗമായി ഈ കഥ അവതരിപ്പിച്ചിട്ടുള്ളത് മാത്രം ഓർമയിൽ വരുന്നു. ഈ വർഷത്തെ മാതൃഭൂമി ഓണപ്പതിപ്പിൽ എബ്രഹാം മാത്യു ഞാനുമായി നടത്തിയ അഭിമുഖത്തിൽ സേതുമാധവനെക്കുറിച്ചുള്ള പരാമർശം വായിച്ച ചില വായനക്കാർ അതൊന്ന് ടീച്ചറിനു തന്നെ എഴുതിക്കൂടേ എന്നു ചോദിച്ചതുകൊണ്ടാണ് ഈ ലേഖനം.
സത്യം പറഞ്ഞാൽ സേതുമാധവൻ ആരാണെന്ന് ഇന്നും എനിക്ക് അറിഞ്ഞു കൂടാ. പ്രിയവായനക്കാർ വർഷങ്ങൾക്കു പിന്നിലേക്ക് എന്നോടൊപ്പം വരിക. ഞാനന്ന് തിരുവനന്തപുരം ഓൾസെയ്ന്റ്‌സ് കോളേജിൽ ഇംഗ്ലീഷ് സാഹിത്യം ബി.എ വിദ്യാർത്ഥിനി. കോളേജ് വിദ്യാർത്ഥികൾക്കായി കേരള യൂണിവേഴ്‌സിറ്റി നടത്തിയ മത്സരങ്ങളിൽ കഥാരചനാ വിഭാഗത്തിൽ കോളേജിനെ പ്രതിനിധീകരിച്ചത് ഞാനായിരുന്നു. യൂനിവേഴ്‌സിറ്റി ലൈബ്രറിയാണ് രചനാ വേദി. ഓരോ മേശയിലും രണ്ടു കുട്ടികളെ വീതം അഭിമുഖമായി ഇരുത്തിയാണ് എഴുതിക്കുന്നത്. എനിക്ക് അഭിമുഖമായി ഇരുന്നത് സുന്ദരനായ ഒരാൺകുട്ടിയായിരുന്നു.
വിഷയമായി തന്നത് 'നീതി' ആയിരുന്നു.
ഫോൾസ് നമ്പർ എഴുതിയ പേജിനു നടുക്കായി ഞാൻ 'നീതി' എന്നെഴുതി. ഇനി കഥയ്ക്കു വേണ്ടിയുള്ള ധ്യാനമാണ്. ഏത് രീതിയിൽ ആ ഇതിവൃത്തം വികസിപ്പിച്ചെടുക്കാം എന്നു ഞാൻ ചിന്തിച്ചുകൊണ്ടിരുന്നു. ധ്യാനത്തിനിടയിൽ അലഞ്ഞുനടക്കുന്ന കണ്ണുകൾ എതിരെയിരുന്ന ആൺകുട്ടിയുടെ കണ്ണുകളിൽ പല പ്രാവശ്യം ഉടക്കി. ആ പയ്യൻ വെറുതെ എന്നെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. ഒരു തവണ കണ്ണുകളിടഞ്ഞപ്പോൾ അവൻ ഒന്ന് മന്ദഹസിച്ചു. ഞാൻ വേഗം നോട്ടം പിൻവലിച്ചു. പെട്ടെന്നെനിക്ക് കഥയുടെ ആദ്യ വാചകം വീണുകിട്ടി.
'യുവറോണർ, ഈ മരയഴിക്കൂടിനുള്ളിൽ പ്രതിസ്ഥാനത്തിന്റെ ചൂടേറ്റു നിന്നുരുകുന്ന ഞാൻ ആദ്യമായി എന്നെത്തന്നെയൊന്ന് പരിചയപ്പെടുത്താം. എന്റെ പേര് സേതുമാധവൻ...'
പ്രതിയുടെ ആത്മഭാഷണമായി കഥ ഒഴുകിവന്നു. അതിൽ ലയിച്ച് സ്വയം മറന്ന് ഞാനെഴുതി. അവസാന വാചകവും എഴുതിക്കഴിഞ്ഞ് ഞാൻ കഥയുടെ പേരിലേക്കു മടങ്ങിവന്നു. 'നീതി' എന്നെഴുതിയതിനു പിന്നാലെ കുറെ വാക്കുകൾ കൂടി ചേർത്തു. അപ്പോൾ കഥയുടെ പേര് 'നീതിക്കു വേണ്ടി വിശന്നു ദാഹിക്കുന്നവർ (നിർ) ഭാഗ്യവാന്മാർ' എന്നായി. ആ കഥ 'സ്വയം; സ്വന്തം' എന്ന കഥാ സമാഹാരത്തിലുണ്ട്.
അത്രയും നേരം പരിസരം മറന്നിരുന്ന ഞാൻ സാവകാശം തലയുയർത്തി നോക്കുമ്പോൾ എതിരേയുള്ള പയ്യൻ മുന്നിലെ കടലാസിൽ ഒന്നുമെഴുതാതെ എന്നെത്തന്നെ നോക്കിയിരിക്കുകയാണ്. എനിക്കെന്തോ അപകടം മണത്തു. പേജുകൾ അടുക്കിക്കെട്ടി സൂപ്പർവൈസർ അടുത്തുകൂടി വന്നപ്പോൾ അദ്ദേഹത്തെ ഏൽപിച്ച് ഞാനെഴുന്നേറ്റു. ഉടനെ തന്നെ ആ പയ്യനും ചാടിയെഴുന്നേറ്റു. എന്റെ പിറകെ വരാൻ തുടങ്ങിയ അവനെ സൂപ്പർവൈസർ തടഞ്ഞു.
'ആ പേപ്പറുകളെല്ലാം കെട്ടിത്തന്നിട്ടു പോ'
'അതിനു ഞാനൊന്നുമെഴുതിയില്ല.' 
'അതെന്റെ പ്രശ്‌നമല്ല' -സൂപ്പർ വൈസർ പറഞ്ഞു: 'ഫാൾസ് നമ്പർ തന്നതല്ലേ? സീലുവെച്ച പേപ്പറല്ലേ? അതു കെട്ടിത്തന്നിട്ടു പോയാൽ മതി.'
ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് ഞാൻ കോണിപ്പടികൾ ഓടിയിറങ്ങി. ലൈബ്രറിയിൽ നിന്നു പുറത്തു കടന്നു. റോഡ് ക്രോസ് ചെയ്ത് മറ്റു മത്സരങ്ങൾ നടക്കുന്ന വി.ജെ.ടി ഹാളിലേക്ക് ഓടിക്കയറി ആൾക്കൂട്ടത്തിൽ ലയിച്ചു. ഇനി എന്നെ കണ്ടുപിടിക്കുക അത്ര എളുപ്പമല്ല.
ഒന്നാം സമ്മാനം എനിക്കു തന്നെ ലഭിച്ചു. സമ്മാന വേദിക്കരികിലൊന്നും അവനെ കണ്ടില്ല.
'കലാലയം' എന്ന യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരണത്തിൽ ആ കഥ അടിച്ചുവന്നു.
കോളേജിൽ വിദ്യാർത്ഥിനികൾക്കു വരുന്ന സ്വകാര്യ കത്തുകൾ തരാറില്ല. കഥാകൃത്തുക്കളെന്ന നിലയിൽ സുമിത്രാ വർമക്കും എനിക്കും ഇളവ് അനുവദിച്ചിരിന്നു. പക്ഷേ കത്തുകളൊക്കെ പൊട്ടിച്ച് വായിച്ചിട്ടേ തരുകയുള്ളൂ. തരുമ്പോൾ പല വാചകങ്ങളും വായിക്കാനൊക്കാത്ത വിധം വെട്ടിയിരിക്കും. അന്ന് സിസ്റ്റർ വിളിച്ചു തന്ന കത്തുകളിലൊന്ന് ആ പയ്യന്റേതായിരുന്നു.
'....എന്റെ എതിരെയിരുന്ന് താൻ എന്റെ പേര് മാത്രമല്ല ജീവിത കഥ പോലും ആവാഹിച്ചെടുത്തുകളഞ്ഞല്ലോ. എന്റെ മനസ്സിൽ കടന്നു വന്നിട്ട് ഇറങ്ങിപ്പോയ, രണ്ടുവശവും പിന്നിയ മുടിയുള്ള, പെൺകുട്ടി പോലും കഥയിലുണ്ട്. എന്തു സിദ്ധിയാടോ ഇത്? തന്റെ സേതുമാധവൻ സ്വന്തം അമ്മയെ തീയിലെറിഞ്ഞു കൊല്ലുകയല്ലേ ചെയ്തത്? അതു ചെയ്യാൻ പറ്റിയില്ല എന്നതാണെന്റെ ദുഃഖം. നമുക്കു തമ്മിൽ കാണണം. കൂടുതൽ അറിയണം. അറിഞ്ഞേ പറ്റൂ. സ്വന്തം സേതുമാധവൻ .. '
ഇതായിരുന്നു കത്തിന്റെ സാരം. ഇടയ്ക്കു കുറെ വരികൾ കറുത്ത മഷി കൊണ്ട് വെട്ടി വായിക്കാൻ പറ്റാത്ത വിധത്തിലാക്കിയിരുന്നു. കന്യാസ്ത്രീകളുടെ ധാർമിക ബോധം വിചിത്രമാണ്. സ്വന്തം അമ്മയെ തീയിലെറിഞ്ഞു കൊല്ലുക എന്നത് അധാർമികമല്ലാത്തതുകൊണ്ടാവണം വെട്ടിമറയ്ക്കാത്തത്.
കത്തിൽ സേതുമാധവൻ വിലാസം കൊടുത്തിരുന്നെങ്കിലും ഞാൻ മറുപടി അയച്ചില്ല. അയാൾ തുടർന്ന് എഴുതിക്കൊണ്ടിരുന്നു. ഒന്നിൽ എഴുതി:
'എന്റെ കത്തുകൾ താൻ കാണുന്നുണ്ടെന്നു തന്നെ ഞാൻ വിശ്വസിക്കുന്നു. അത് എന്നെ അറിയിക്കാനെങ്കിലും ഒരു വരി എഴുതിക്കൂടേ? എനിക്ക് വീട്ടുമേൽവിലാസം തരൂ. നമുക്ക് സ്വാതന്ത്ര്യത്തോടെ സംസാരിക്കാമല്ലോ. ഇല്ലെങ്കിൽ തന്നെത്തിരക്കി ഞാൻ കോളേജിൽ വരും.'
അവസാനത്തെ വരി എന്റെ മുഖത്തു നോക്കി ഉറക്കെ വായിച്ചുകൊണ്ട് സിസ്റ്റർ ക്ഷുഭിതയായി. 'എന്താ ഇതൊക്കെ? ഇനി ഇയാളുടെ കത്തുകൾ വന്നാൽ തരില്ല. വീട്ടിലറിയിക്കുകയും ചെയ്യും. കോളേജിൽ വരും പോലും. വന്നാൽ നടന്നാവില്ല തിരിച്ചുപോകുന്നതെന്ന് പറഞ്ഞേക്ക്.'
അന്നു രാത്രി ആദ്യമായും അവസാനമായും ഞാൻ സേതുമാധവന് എഴുതി. അയാളുടെ കത്തുകൾ കോളേജിൽ എനിക്കു പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു
വെന്നും ഇനി മേലിൽ എഴുതരുതെന്നും സഹോദരിയായി കാണണമെന്നും അയാൾ കോളേജിൽ വന്നാൽ എന്നെ കന്യാസ്ത്രീകൾ പിരിച്ചുവിടുമെന്നുമൊക്കെ എഴുതി. പിന്നീട് സേതുമാധവൻ കോളേജിലെക്കെഴുതിയോ എന്നെനിക്ക് അറിയില്ല. ഏതായാലും ഒരു കത്തും എനിക്കു ലഭിച്ചില്ല.
വർഷങ്ങളുടെ കുത്തൊഴുക്കിൽ ചന്ദ്രിക എന്ന എഴുത്തുകാരി പതിനെട്ടു വർഷത്തെ നിശ്ശബ്ദതക്കു ശേഷം ചന്ദ്രമതിയായി പുനർജനിച്ചു. ഭാര്യയും അമ്മയും അക്കാദമിക് ഗവേഷകയുമൊക്കെയായി മാറിയ അവൾ ആ കത്തുകളെയും എഴുതിയവനെയും പാടേ മറന്നു. പക്ഷേ ജീവിതം അത്രയെളുപ്പം തന്റെ പിടി വിടുകയില്ലല്ലോ.
ആർ.സി.സിയിൽ ഒരു ബന്ധുവിനെ കാണാൻ ചെന്നതായിരുന്നു ഞാനും ഭർത്താവും. മുറിയിൽ ചെന്നപ്പോൾ റേഡിയേഷന് കൊണ്ടുപോയിരിക്കുന്നുവെന്നറിയിച്ചു. മെഡിക്കൽ വിദ്യാർത്ഥിയായ കസിൻ ഞങ്ങളെ അങ്ങോട്ടു കൊണ്ടുപോയി. രോഗി റേഡിയേഷൻ റൂമിനുള്ളിലായിരുന്നു. പുറത്തിരിക്കുന്ന ബന്ധുക്കളുമായി ഞങ്ങൾ സംസാരിച്ചുനിന്നു. ശരീരത്തിന്റെ പല ഭാഗങ്ങളിലും വയലറ്റ് മഷിയടയാളങ്ങളുമായി കാത്തിരിക്കുന്ന കാൻസർ രോഗികൾ എന്നെ അസ്വസ്ഥയാക്കി. അന്നെനിക്ക് അറിയില്ലായിരുന്നു ഒരു നാൾ എനിക്കും അവരോടൊപ്പം ചേരേണ്ടി വരുമെന്ന്.
'ചന്ദ്രികയല്ലേ?' എന്ന ചോദ്യവുമായി ഒരാൾ എന്റെയടുത്തു വന്നു. മുണ്ഡനം ചെയ്ത ശിരസ്സിൽ വയലറ്റ് മഷിയിൽ റേഡിയേഷനെടുക്കേണ്ട ഭാഗങ്ങൾ അടയാളപ്പെടുത്തിയിരിക്കുന്നു. ശുഷ്‌കിച്ച ശരീരം.
'അതെ' -അമ്പരപ്പോടെ ഞാൻ പറഞ്ഞു.
'ഞാൻ സേതുമാധവൻ. ഓർമയുണ്ടോ? പണ്ട് യൂണിവേഴ്‌സിറ്റി ലൈബ്രറിയിൽ കഥയെഴുതാൻ തനിക്കെതിരേ വന്നിരുന്ന് കഥയെഴുതാൻ മറന്നു പോയവൻ.'
ദൈവമേ! എന്റെ മനസ്സൊന്നു പിടഞ്ഞു. മുണ്ഡനം ചെയ്ത ആ തലയിൽ നോക്കിയപ്പോൾ നിറയെ മുടിയുള്ള ആ പഴയ രൂപം, മുടി ചിതറിവീണ നെറ്റിത്തടം, എന്റെയുള്ളിൽ തെളിഞ്ഞു. ഞാനൊരു വിഡ്ഢിച്ചോദ്യം ചോദിച്ചു.
'എന്താ ഇവിടെ? '
'കണ്ടിട്ടു മനസ്സിലായില്ലേ?' അയാൾ മൃദുവായി ചിരിച്ചു.
സേതുമാധവനെ ഞാൻ ഭർത്താവിനും കസിനും പരിചയപ്പെടുത്തി. സേതുമാധവന്റെ സഹോദരിയെയും ഭർത്താവിനെയും ഞങ്ങൾ പരിചയപ്പെട്ടു.
'ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും എന്നെ തിരിച്ചറിഞ്ഞല്ലോ' -ഞാൻ അത്ഭുതപ്പെട്ടു.
'താനൊരുപാട് മാറി. തടി കൂടിയിട്ടുണ്ട്. മുടിയുടെ ഉള്ള് കുറഞ്ഞു. പക്ഷേ നിന്റെ കണ്ണുകൾ മാറിയിട്ടില്ല. ചന്ദ്രമതി എന്ന പേരിൽ കഥകളെഴുതുന്നത് താനാണെന്നറിഞ്ഞപ്പോൾ ഞാനെന്തു സന്തോഷിച്ചെന്നോ!'.
'ചേച്ചിയുടെ പുസ്തകങ്ങൾ ഇറങ്ങിയാലുടൻ വാങ്ങും' -സേതുമാധവന്റെ സഹോദരി പറഞ്ഞു. അപ്പോൾ റേഡിയേഷൻ റൂമിലേക്ക് അയാളെ വിളിച്ചു. പോകുന്നതിനു മുമ്പ് സേതുമാധവൻ പറഞ്ഞു. 'ഞാനിവിടെ ജനറൽ വാർഡിലാണ്. ഇനി വരുമ്പോൾ എന്നെ വന്ന് കാണണം.' 
അയാൾ പോയതിനു ശേഷം സഹോദരി എന്നോടു കുടുംബ കാര്യങ്ങൾ പറഞ്ഞു. മക്കൾ കുഞ്ഞുങ്ങളായിരുന്നപ്പോഴേ അമ്മ വേറൊരാളിനൊപ്പം ഓടിപ്പോയെന്നും അച്ഛൻ നേരത്തേ മരിച്ചു പോയെന്നും കുടുംബ ഭാരം മുഴുവൻ ചുമലിലേറ്റേണ്ടി വന്നതുകൊണ്ട് സേതുമാധവൻ വിവാഹം പോലും കഴിച്ചില്ലെന്നും മറ്റും. കാൻസർ കെയർ ലൈഫിൽ ചേർന്നതുകൊണ്ട് ചികിത്സ വലിയ ബധ്യത ആവുന്നില്ലെന്നും അവർ പറഞ്ഞു.
ഞാൻ സേതുമാധവനെ കാണാൻ പോയില്ല. മാസങ്ങൾക്കു ശേഷം വീണ്ടും ഒരു സുഹൃദ്-രോഗി സന്ദർശനത്തിന് ആർ.സി.സിയിലെത്തിയതായിരുന്നു ഞാനും ഭർത്താവും. ഹാളിലേക്കു കയറിയതും സേതുമാധവന്റെ സഹോദരി കെട്ടിപ്പിടിച്ചു കരഞ്ഞു. രണ്ടു മാസങ്ങൾക്കു മുമ്പ് സേതുമാധവൻ മരിച്ചുപോയെന്ന് ഞാനറിഞ്ഞു. മരുന്നുകളുടെ റീഇംബേഴ്‌സ്‌മെന്റ് വാങ്ങാൻ വേണ്ടി ആർ.സി.സിയിൽ വന്നതായിരുന്നു സഹോദരിയും ഭർത്താവും. അന്നു തന്നെ ഞങ്ങളുമെത്തിയത് യാദൃഛികം.
'ചേച്ചി വന്ന് കാണുമെന്ന് ഏട്ടൻ വിശ്വസിച്ചു. ഒരു ദിവസം വാർഡിലൂടെ ഒരു സ്ത്രീ നടന്നു പോകുന്നത് കണ്ട് അതു ചന്ദ്രികയാണ്, എന്നെ കാണാൻ വന്നതാണ്, ഇങ്ങോട്ട് വിളിക്കൂ എന്ന് പറഞ്ഞ് എന്നെ ഓടിച്ചു. അതു വേറേയാരോ ആണെന്നറിഞ്ഞപ്പോൾ വല്ലാത്ത നിരാശയായി.'
കുറ്റബോധത്താൽ ഞാൻ തല കുനിച്ചു. ചെയ്യേണ്ടത് ചെയ്യേണ്ട സമയത്തു ചെയ്യാതിരിക്കുക എന്റെ വിധിനിയോഗമാണല്ലോ.
ഫോൾസ് നമ്പർ മാത്രമെഴുതിയ പേപ്പറുകളുമായി എതിരേ വന്നിരുന്ന കുട്ടിയുടെ പേരും അവന്റെ ജീവിതവും എന്റെ തൂലികയുടെ തുമ്പിലേയ്‌ക്കൊഴുക്കിവിട്ട ശക്തിക്ക് പിന്നീടൊന്നും ചെയ്യാനായില്ലല്ലോ. അതും ചിലപ്പോൾ വിധി തന്നെയാവും.
വീണ്ടും വർഷങ്ങൾക്കു ശേഷം ഞാൻ സേതുമാധവനെ ഓർത്തു - കാൻസറിന്റെ മരണക്കുരുക്ക് എന്റെ മേൽ വന്നു വീണപ്പോൾ. അത് സേതുമാധവന്റെ സ്‌നേഹമാവും എന്ന് കുറ്റബോധത്തോടെ തന്നെ ഓർത്തുപോയി.

Latest News