ചാരമാകാത്ത ചാരക്കഥകൾ

വ്യാഴാഴ്ച പ്രകാശനം ചെയ്യുന്ന  പുസ്തകത്തിന്റെ പുറംചട്ട
വിപണിയിൽനിന്ന് അപ്രത്യക്ഷമായ പുസ്തകം

 

  •  കുഞ്ഞമ്മദ് വാണിമേൽ

 

വിവാദങ്ങളുടെ ഭ്രമണപഥത്തിലേക്ക് ഐ.എസ്.ആർ.ഒ. ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ആത്മകഥ പറന്നിറങ്ങാൻ പോകുന്നു. പിന്നീട് സുപ്രീം കോടതി എഴുതിത്തള്ളിയ ചാരക്കേസിൽ പ്രതി ചേർക്കപ്പെട്ടതു കാരണം  മാധ്യമങ്ങൾ വേട്ടയാടിയ  ഐ.എസ്.ആർ.ഒ. ശാസ്ത്രജ്ഞരിൽ പ്രധാനിയായിരുന്നു അദ്ദേഹം.  
മാധ്യമ വാർത്തകൾ  കൊണ്ട് വല്ലാതെ മുറിവേറ്റ കാലത്ത് ജീവിതം തന്നെ അവസാനിപ്പിക്കാൻ തീരുമാനിച്ച വ്യക്തി.  
ഡോ. സിബി മാത്യൂസിന്റെ (ഐ.പി.എസ്) അനുഭവക്കുറിപ്പുകളുടെ സമാഹാരമായ 'നിർഭയത്തി' ൽ  27 പേജുകളിലായി ചാരക്കേസ്  പരാമർശിച്ച സാഹചര്യത്തിൽ  കഴിഞ്ഞ ജൂണിൽ നടത്തിയ   മാധ്യമ അഭിമുഖത്തിലായിരുന്നു  ആത്മഹത്യചെയ്യാൻ തീരുമാനിച്ച കാര്യം നമ്പി നാരായണൻ വെളിപ്പെടുത്തിയത്. 
തൃശൂർ കറന്റ് ബുക്‌സ് ഇറക്കുന്ന പുസ്തകത്തിന്റെ പേര് - ഓർമകളുടെ ഭ്രമണപഥം. ഒക്‌ടോബർ 26 ന് വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് ഹാളിലാണ് പ്രകാശനച്ചടങ്ങ്. ഡോ. ശശി തരൂർ എം.പിയാണ് പ്രകാശനം നിർവ്വഹിക്കുന്നത്. പുസ്തകം ഏറ്റുവാങ്ങുന്നത് ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റർ എം.ജി രാധാകൃഷ്ണൻ. ( ചാരക്കഥകൾ നിറഞ്ഞാടിയ കാലത്ത് ടി.എൻ. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള  ഏഷ്യാനെറ്റ് മാധ്യമ വേട്ടക്കാരുടെ പക്ഷത്തായിരുന്നില്ല). നമ്പി നാരായണനിൽനിന്ന് പുസ്തകം കേട്ടെഴുതിയ തിരക്കഥാകൃത്തും എഴുത്തുകാരനുമായ ജി.  പ്രജേഷ് സെന്നാണ് പുസ്തക പരിചയം നടത്തുന്നത്. 'കെട്ടു കഥകൾ മെനഞ്ഞ് ഇന്ത്യയുടെ ശാസ്ത്ര വളർച്ചയെ തകിടം മറിക്കുകയും നമ്മുടെ രാജ്യത്തെ 25 വർഷം പിന്നോട്ട് വലിച്ചെറിയുകയും ചെയ്തു ഐ.എസ്.ആർ.ഒ ചാരക്കേസ്. കെട്ടിച്ചമച്ചതെന്ന് സി.ബി.ഐയും കോടതിയും ആവർത്തിച്ചു പറഞ്ഞിട്ടും നീതി ലഭിക്കാതെപോയ ഒരു മനുഷ്യൻെറ നോവ് നിറഞ്ഞ നിയമപോരാട്ടവും ജീവിതവും ചേർത്തകെട്ടിയതാണ് ഓർമകളുടെ ഭ്രമണപഥമെന്ന് പ്രജേഷ് സെൻ പറയുന്നു.
നമ്പി നാരായണന്റെ ജീവിതത്തേയും  ഇന്ത്യയുടെ ബഹിരാകാശ ഗവേഷണങ്ങളേയും ചാരക്കേസിന് മുമ്പും പിമ്പും എന്ന് വേർതിരിക്കാമെന്നാണ് കറന്റ് ബുക്‌സ് മാനേജിംഗ് ഡയരക്ടർ പെപ്പിൻ തോമസ് പുസ്തക പ്രകാശനച്ചടങ്ങിന്റെ ക്ഷണക്കത്തിൽ വിശദീകരിക്കുന്നത്.
ഇന്ത്യ ബഹിരാകാശ ഗവേഷണ രംഗത്ത് മുന്നിലെത്തുന്നത് തടയാൻ അമേരിക്കൻ ചാരസംഘടന ആസൂത്രണം ചെയ്തതാണ് ചാരക്കേസെന്ന വെളിപ്പെടുത്തലുൾപ്പെടെയുള്ള ഞെട്ടിക്കുന്ന പല കാര്യങ്ങളും  പുതുതായിറങ്ങുന്ന  പുസ്തകത്തിലുണ്ട്. ആത്മകഥയിൽ ചാരക്കേസ് സംബന്ധമായ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമുണ്ടാകുമെന്ന് നമ്പി നാരായണൻ പലവട്ടം വിശദീകരിച്ചതാണ്.
  കാൽ നൂറ്റാണ്ട് മുമ്പ,് മാധ്യമങ്ങൾ ഒരുപാട് ജീവിതങ്ങളെ വേട്ടയാടിയ ഈ സംഭവവുമായി ബന്ധപ്പെട്ട് ജെ. രാജശേഖരൻ  നായർ  എഴുതിയ പുസ്തകമാണ് ഈ വിഷയത്തിൽ ഇറങ്ങിയ മറ്റൊന്ന്. 'സ്‌പൈസ് ഫ്രെം സ്‌പെയ്‌സ് ' എന്ന പുസ്തകത്തിൽ  ഇന്ത്യ കണ്ട ഏറ്റവും പ്രഗത്ഭനായ ക്രയോജനിക്ക്  വിദഗ്ധനായ   നമ്പി നാരായണന് എന്താണ് സംഭവിച്ചതെന്നും കേസിനെ കുറിച്ചള്ള മുഴുവൻ കാര്യങ്ങളും ഉണ്ടായിരുന്നു. എന്നാൽ പുസ്തകം പ്രകാശനം ചെയ്ത് ദിവസങ്ങൾക്കകം കോപ്പികൾ  മാർക്കറ്റിൽ നിന്ന്  അപ്രത്യക്ഷമായ  കാര്യം നമ്പി നാരായണനും പുസ്തക രചയിതാവും  നേരത്തെ വെളിപ്പെടുത്തുകയുണ്ടായി.  ഇപ്പോൾ ആ പുസ്തകത്തിന്റെ ഓൺലൈൻ പതിപ്പ് മാത്രമാണ് വിപണിയിലുള്ളത്.  ചാരക്കേസ് രാഷ്ട്രീയ പാർട്ടികൾ അവരുടെ ആവശ്യത്തിനായി മാറി മാറി ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്ന കാലത്തായിരുന്നു (1998)  ആ പുസ്തകം മാർക്കറ്റിലെത്തിയത്.
തന്റെ  പുസ്തകം എന്തുകൊണ്ട്  വിൽപ്പന നടത്തിയില്ല എന്ന കാര്യം പുസ്തക രചയിതാവ് തന്നെ പിന്നീട് അഭിമുഖങ്ങളിൽ വിശദീകരിച്ചിരുന്നു. ചാരക്കഥ പല ഘട്ടങ്ങളിലായി, വിവിധ ലക്ഷ്യങ്ങളോടെ ആസൂത്രണം ചെയ്തതാണെന്ന്  ഈ പുസ്തകം വെളിപ്പെടുത്തിയിരുന്നു. അമേരിക്കൻ ലക്ഷ്യ സാക്ഷാൽക്കാരത്തിനായി ഐ.ബി കേരള പോലീസിലെ ചിലരെ  ഉപയോഗപ്പെടുത്തി ഉണ്ടാക്കിയെടുത്ത കേസിലെ മാധ്യമ അഴിഞ്ഞാട്ടത്തിന്റെ കാലത്ത് വേറിട്ട നിലപാട് സ്വീകരിച്ച പത്രപ്രവർത്തകരിലൊരാളായിരുന്നു ജെ. രാജശേഖരൻ നായർ.

 


 

Latest News