സൗദി മരുഭൂമിയിൽ ആദ്യമായി എണ്ണ ശേഖരം കണ്ടെത്തിയ  ബദു യുവാവിന്റെ വിസ്മയകഥ

 ഖമീസ് ബിൻ റിംഥാൻ
 ഖമീസ് ബിൻ റിംഥാൻ
ആദ്യകാലത്ത് സൗദി അറാംകൊ ഉപയോഗിച്ച കാർ.
ഖമീസ് ബിൻ റിംഥാൻ സഹപ്രവർത്തകർക്കൊപ്പം.
 സൗദി അറാംകോ റിംഥാൻ എന്ന് നാമകരണം ചെയ്ത കൂറ്റൻ   എണ്ണ ടാങ്കർ.
 ശബീബ് ബിൻ മുഹമ്മദ് ബിൻ ഖമീസ് ബിൻ റിംഥാൻ മുൻ  എണ്ണ മന്ത്രി അലി അൽനഈമിക്കൊപ്പം.
സൗദി അറാംകൊയിൽ പതിനഞ്ചു വർഷത്തെ സേവനം പൂർത്തിയാക്കിയ ഖമീസ് ബിൻ റിംഥാന് കമ്പനി വൈസ് പ്രസിഡന്റ് ടോം ബാർഗർ അവാർഡും സർട്ടിഫിക്കറ്റും സമ്മാനിക്കുന്നു. 
  • ബഷീർ ചുള്ളിയോട്‌
     

അറാംകോയിലെ എൻജിനീയർമാരെപ്പോലും അൽഭുതപ്പെടുത്തിയ 'ആറാം ഇന്ദ്രിയ'ത്തിനുടമയായ അജമിയുടെ ചരിത്രത്തിലേക്ക് 


മരുഭൂ ജീവിതത്തിന്റെ ഊഷരതയിൽ നിന്ന് സമ്പദ്‌സമൃദ്ധിയുടെ സുഖശീതളിമയിലേക്ക് സൗദി അറേബ്യയെയും ഇന്നാട്ടിലെ ജനങ്ങളെയും എത്തിച്ച എണ്ണ വ്യവസായ വിപ്ലവത്തിനു പിന്നിൽ ഒരു ബദു യുവാവിന്റെ കഠിനാധ്വാനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും തുടിക്കുന്ന ചരിത്രം മറഞ്ഞുകിടക്കുന്നുണ്ട്. 
സൗദികൾ മാത്രമല്ല, ദശകങ്ങൾക്കിടെ ലോകത്തിന്റെ അഷ്ട ദിക്കുകളിൽ നിന്നും അന്നം തേടിയെത്തിയ കോടിക്കണക്കിന് വിദേശികളും അവരുടെ കുടുംബങ്ങളും തീർഥാടക ലക്ഷങ്ങളും വരെ ഈ ബദുവിയൻ യുവാവിനോട് കടപ്പെട്ടിരിക്കുന്നു. തീർഥാടകർ ഇന്ന് അനുഭവിക്കുന്ന എല്ലാവിധ സുഖസൗകര്യങ്ങളും എണ്ണ വരുമാനത്തിന്റെ ഫലമാണ്. ഒരുപാട് രാജ്യങ്ങളിൽ എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്തത്ര വികസനങ്ങൾക്കും വളർച്ചയ്ക്കും സ്വയം അറിയാതെ ഈ നാടോടി അറബി യുവാവ് കാരണക്കാരനായി. ഖമീസ് ബിൻ റിംഥാൻ അൽഅജമിയെന്ന ബദുവാണ് സൗദി അറേബ്യയെ അടിമുടി മാറ്റിമറിച്ച വികസനത്തിനും വളർച്ചക്കും നിമിത്തമായി മാറിയത്. 


ഖമീസ് ബിൻ റിംഥാൻ നൽകിയ സംഭാവനകൾ ഈ രാജ്യവും ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അറാംകൊയും ഒരിക്കലും വിസ്മരിച്ചിട്ടില്ല. ഖമീസ് ബിൻ റിംഥാന്റെ സ്മരണ എക്കാലവും സജീവമായി നിലനിർത്തുന്നതിന് എണ്ണപ്പാടത്തിനും ലോകത്തെ ഏറ്റവും വലിയ എണ്ണ ടാങ്കറിനും സൗദി അറാംകൊ അദ്ദേഹത്തിന്റെ പേരിട്ടു. ഏറ്റവും വലിയ എണ്ണ ടാങ്കറിന് റിംഥാൻ എന്ന് പേരിട്ട് രണ്ടാഴ്ച മുമ്പാണ് ഖമീസ് ബിൻ റിംഥാന്റെ ഓർമ സൗദി അറാംകൊ വീണ്ടും പുതുക്കിയത്. ഖമീസ് ബിൻ റിംഥാന്റെ പേരമകൻ ശബീബ് ബിൻ മുഹമ്മദ് ബിൻ ഖമീസ് ബിൻ റിംഥാന്റെ സാന്നിധ്യത്തിലാണ് എണ്ണ ടാങ്കറിന് റിംഥാൻ എന്ന് സൗദി അറാംകൊ നാമകരണം ചെയ്തത്. ബിൻ റിംഥാനോടുള്ള ആദരവും കടപ്പാടും പ്രകടിപ്പിക്കുന്ന സൗദി അറാംകൊയുടെ ആദ്യ നടപടിയായിരുന്നില്ല എണ്ണ ടാങ്കർ നാമകരണം. ബിൻ റിംഥാന്റെ നാമം അനശ്വരമാക്കുന്നതിന് 1974 ൽ കിഴക്കൻ പ്രവിശ്യയിൽ കണ്ടെത്തിയ എണ്ണപ്പാടത്തിന് സൗദി അറാംകൊ അദ്ദേഹത്തിന്റെ പേര് നൽകിയിരുന്നു. 
സ്വന്തം ജനതയ്ക്ക് സാമ്പത്തികാഭിവൃദ്ധി നൽകുന്ന പ്രധാന വിഭവങ്ങൾ കണ്ടെത്തുന്നതിന് സൗദി അറേബ്യ അന്വേഷണം നടത്തുന്ന കാലത്ത് ദൈവനിയോഗം പോലെ രണ്ടു വ്യക്തികൾ ഈ ദൗത്യത്തിൽ പങ്കാളികളാവുകയും വിജയിക്കുകയും ചെയ്യുകയായിരുന്നു. ഇവരിൽ ഒരാൾ സൗദി പൗരനും രണ്ടാമൻ അമേരിക്കക്കാരനുമായിരുന്നു. അമേരിക്കൻ കമ്പനിക്ക് (സ്റ്റാന്റേർഡ് ഓയിൽ ഓഫ് കാലിഫോർണിയ) എണ്ണ ഉൽപാദിപ്പിക്കുന്നതിന് അബ്ദുൽ അസീസ് രാജാവ് നൽകിയ പ്രത്യേക അവകാശ പ്രകാരമാണ് ഇരുവരും ദൗത്യം ഏറ്റെടുത്തത്. അബ്ദുൽ അസീസ് രാജാവിൽ നിന്ന് നേടിയെടുത്ത പ്രത്യേക അവകാശ പ്രകാരം കിഴക്കൻ പ്രവിശ്യയിൽ വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കാവുന്ന എണ്ണ ശേഖരം കണ്ടെത്തുന്നതിന് അമേരിക്കൻ കമ്പനി തീവ്രശ്രമം ആരംഭിച്ചു. കിഴക്കൻ പ്രവിശ്യയിൽ എണ്ണ സാന്നിധ്യം കണ്ടെത്തുന്നതിന് നടത്തിയ വർഷങ്ങൾ നീണ്ട ശ്രമങ്ങൾ നിഷ്ഫലമായതോടെ അമേരിക്കൻ കമ്പനിക്ക് നിരാശ ബാധിച്ചു. എന്നാൽ തോറ്റ് പിന്മാറുന്നതിന് തയാറല്ലായിരുന്ന മാക്‌സ് സ്റ്റൈൻകിയും അതിരുകാണാ മരുഭൂമിയെ പെറ്റമ്മയെപ്പോലെ മനസ്സിലാക്കിയ ഗൈഡ് ഖമീസ് ബിൻ റിംഥാനും നന്മയുടെ ഉറവിടം തേടി മരുഭൂമിയിൽ അഷ്ടദിക്കിലും ചുറ്റിക്കറങ്ങി. നിഷ്ഫലമായ പല ശ്രമങ്ങൾക്കൊടുവിൽ ഇരുവരുടെയും സഹായത്തോടെ ദമാം ഏഴാം നമ്പർ കിണറിൽ എണ്ണ കണ്ടെത്തി. സൗദിയിലെ ആദ്യത്തെ എണ്ണപ്പാടം കണ്ടെത്തുന്നതിൽ മുഖ്യപങ്ക് വഹിച്ച് ഖമീസ് ബിൻ റിംഥാൻ അങ്ങിനെ ചരിത്രത്തെ പുളകം കൊള്ളിച്ചു.  


അറിയപ്പെടുന്ന ജിയോളജിസ്റ്റും സൗദി അറാംകൊ വൈസ് പ്രസിഡന്റും ആയിരുന്ന ടോം ബാർഗർ വിശേഷിപ്പിച്ചതു പോലെ മരുഭൂമിയിലെ ഏറ്റവും മികച്ച ഗൈഡ് ആണ് ഖമീസ് ബിൻ റിംഥാൻ. മരുഭൂമിയിൽ ഖമീസിന് ഒരിക്കലും വഴിതെറ്റില്ല. ഒരിക്കലും പിഴക്കാത്ത, മറഞ്ഞുകിടക്കുന്ന വടക്കുനോക്കി യന്ത്രത്തിന് സമാനമായ ആറാം ഇന്ദ്രിയത്തിനു പുറമെ യുവത്വ കാലത്ത് താൻ കടന്നുപോയ വഴിയിലെ കുറ്റിക്കാട് ഓർത്തെടുക്കുന്നതിനും പത്തു വർഷം മുമ്പ് കേട്ട കിണറിന്റെ ദിശ നിർണയിക്കുന്നതിനും വരെ സാധിക്കുന്ന അമ്പരപ്പിക്കുന്ന ഓർമശക്തിയും ഖമീസിനുണ്ടെന്ന് ടോം ബാർഗർ തന്റെ ഓർമക്കുറിപ്പിൽ രേഖപ്പെടുത്തി വെച്ചു. 

സൗദിയിൽ എണ്ണ ശേഖരം തേടി അമേരിക്കൻ കമ്പനി നടത്തിയ അഞ്ചു വർഷം നീണ്ട അന്വേഷണങ്ങൾ നിഷ്ഫലമായതോടെ സൗദിയിൽ എണ്ണ പര്യവേക്ഷണം നിർത്തിവെക്കുന്നതായി കമ്പനി അറിയിച്ചു. ഔദ്യോഗികമായി പ്രവർത്തനം അവസാനിപ്പിക്കുന്നതിനു തൊട്ടുമുമ്പാണ് ഖമീസ് ബിൻ റിംഥാനും അമേരിക്കൻ ജിയോളജിസ്റ്റ് മാക്‌സ് സ്റ്റൈൻകിയും സൗദിയിൽ ആദ്യത്തെ എണ്ണക്കിണർ കണ്ടെത്തിയത്. 1938 മാർച്ച് നാലിനായിരുന്നു അത്. ദമാം ഏഴാം നമ്പർ കിണർ എന്ന് പേരിട്ട ഈ എണ്ണക്കിണറിന് നന്മയുടെ കിണർ എന്ന് പിന്നീട് അബ്ദുല്ല രാജാവ് നാമകരണം ചെയ്തു. 1441 മീറ്റർ താഴ്ചയിലാണ് എണ്ണ ശേഖരം കണ്ടെത്തിയത്. 


ഐക്യ സൗദി അറേബ്യ ( കിംഗ്ഡം ഓഫ് സൗദി അറേബ്യ) നിലവിൽവന്ന് രണ്ടു വർഷത്തിനു ശേഷം 1934 ന്റെ തുടക്കം മുതലാണ് അറാംകൊയിൽ ഗൈഡായി ഖമീസ് ബിൻ റിംഥാൻ ജോലിയിൽ പ്രവേശിച്ചത്. അബ്ദുൽ അസീസ് രാജാവാണ് ഖമീസ് ബിൻ റിംഥാനെ ഈ ജോലിയിൽ നിയോഗിച്ചത്. ഭൂഗർഭത്തിൽ ഒളിഞ്ഞുകിടക്കുന്ന എണ്ണയ്ക്കും ജല സ്രോതസ്സുകൾക്കും വേണ്ടി എല്ലാ സ്ഥലങ്ങളിലും അദ്ദേഹം ചുറ്റിനടന്നു. സൗദിയിൽ എണ്ണയ്ക്ക് വേണ്ടിയുള്ള അന്വേഷണത്തിന്റെ ആദ്യ കാലത്ത് പ്രചോദനം നൽകിയ വ്യക്തികളായിരുന്നു ഖമീസ് ബിൻ റിംഥാനും അമേരിക്കക്കാരൻ സ്റ്റൈൻകിയുമെന്ന് മുൻ സൗദി എണ്ണ മന്ത്രി അലി അൽനഈമി പറയുന്നു. 


മരുഭൂമിയുടെ രഹസ്യങ്ങളും വഴികളും അറിയുന്ന ആളുകളുടെ ഓർമശക്തിക്ക് മാത്രമേ മരുഭൂമിയിലെ ഏതെങ്കിലും ഒരു പ്രത്യേക സ്ഥലത്തേക്ക് മറ്റുള്ളവർക്ക് വഴികാട്ടുന്നതിന് സാധിക്കുകയുള്ളൂ. ഖമീസ് ബിൻ റിംഥാന്റെ സഹായം സൗദി അറാംകൊ ആദ്യമായി തേടിയപ്പോൾ മരുഭൂമിയിലെ വഴികളെയും സ്ഥലങ്ങളെയും കുറിച്ച് അദ്ദേഹത്തിനുള്ള അഗാധ ജ്ഞാനത്തെ കുറിച്ച് കമ്പനിയിലുള്ളവർക്ക് വലിയ വിശ്വാസമുണ്ടായിരുന്നില്ല. അമേരിക്കക്കാരായ ഭൂഗർഭ ശാസ്ത്രജ്ഞരുടെ പക്കൽ ചില ഉപകരണങ്ങളൊക്കെ ഉണ്ടായിരുന്നെങ്കിലും നക്ഷത്രങ്ങളുടെ സഞ്ചാരപഥങ്ങളെയും ദിശകളെയും കുറിച്ച ഖമീസ് ബിൻ റിംഥാന്റെ അറിവും അന്തർജ്ഞാനവും ആ ഉപകരണങ്ങളെക്കാൾ ശക്തമായിരുന്നു. 
എണ്ണ പര്യവേക്ഷണത്തിന്റെ തുടക്കത്തിൽ മരുഭൂമിയിലെ സ്ഥലങ്ങൾ നിർണയിക്കുന്നതിൽ ഈ ഉപകരണങ്ങൾ പരാജയപ്പെട്ടപ്പോഴാണ് അവധൂതനെ പോലെ ജിയോളജിസ്റ്റുകൾക്കു മുന്നിൽ കൃശഗാത്രനായ ഖമീസ് ബിൻ റിംഥാൻ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഖമീസ് ബിൻ റിംഥാന്റെ ഒട്ടകത്തെ പിന്തുടർന്ന് അമേരിക്കൻ സംഘവും യാത്ര തിരിച്ചു. ഉദ്ദേശിക്കുന്ന സ്ഥലത്ത് സംഘത്തെ ഖമീസ് ബിൻ റിംഥാൻ എത്തിച്ചു. ഇതോടെ മരുഭൂമിയിൽ സ്ഥലങ്ങളും ദിശകളും നിർണയിക്കുന്നതിന് പൂർണമായും അവലംബിക്കാവുന്ന ഗൈഡ് എന്ന നിലയിൽ ഖമീസ് ബിൻ റിംഥാനെ അമേരിക്കക്കാർ കണ്ടു. സൗദി അറാംകൊയിൽ എണ്ണ പര്യവേക്ഷണ ആവശ്യങ്ങൾക്കുള്ള ആദ്യത്തെ കാർ ഉപയോഗിച്ചത് 1934 ൽ ആയിരുന്നു. മടക്കിവെക്കാവുന്ന മുകൾ ഭാഗത്തോടു കൂടിയ ഈ കാർ മണൽത്തിട്ടകളിൽ ടയറുകൾ ആഴ്ന്ന് കുടുങ്ങുന്നത് പതിവായിരുന്നു. 


മറ്റൊരിക്കൽ മുൻ സൗദി എണ്ണ മന്ത്രി അലി അൽനഈമിക്കൊപ്പം വിമാനത്തിൽ റുബ്ഉൽഖാലി മരുഭൂമിക്കു മുകളിലൂടെ സഞ്ചരിക്കുന്നതിനിടെ ജനൽ ചില്ലിലൂടെ ഒരു സ്ഥലം ചൂണ്ടിക്കാണിച്ച് രണ്ടു വർഷം മുമ്പ് തങ്ങൾ അവിടെ ഉണ്ടായിരുന്നെന്ന് ബിൻ റിംഥാൻ മന്ത്രിയോട് പറഞ്ഞു. ഒരേ പോലുള്ള മൺതിട്ടകൾ മാത്രമേ പ്രദേശത്ത് തനിക്ക് കാണാൻ സാധിക്കുന്നുള്ളൂവെന്ന് ഇതിന് ആശ്ചര്യത്തോടെ മന്ത്രി മറുപടി നൽകി. ഖമീസ് ബിൻ റിംഥാൻ സൗദി അറാംകൊക്കും സൗദി എണ്ണ വ്യവസായ മേഖലക്കും നൽകിയ സംഭാവനകൾ മാനിച്ചാണ് കൂറ്റൻ എണ്ണ ടാങ്കറിനും അതിനു മുമ്പ് കിഴക്കൻ പ്രവിശ്യയിലെ എണ്ണപ്പാടത്തിനും ബിൻ റിംഥാന്റെ നാമകരണം നൽകിയതെന്ന് പേരമകൻ ശബീബ് ബിൻ മുഹമ്മദ് ബിൻ ഖമീസ് ബിൻ റിംഥാൻ പറഞ്ഞു. ബിൻ റിംഥാന്റെ ഫോട്ടോകളുള്ള നിരവധി മെമന്റോകൾ സൗദി അറാംകൊ പല കാലങ്ങളിലായി പുറത്തിറക്കിയിട്ടുണ്ട്. ഒരിക്കൽ സൗദി അറാംകൊ സംഘടിപ്പിച്ച ഔദ്യോഗിക ആഘോഷ പരിപാടിക്കിടെ മുൻ എണ്ണ മന്ത്രി അലി അൽനഈമി നടന്നുപോകുന്നതിനിടെ അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് സലാം ചൊല്ലി പേരു പറഞ്ഞ് സ്വയം പരിചയപ്പെടുത്തിയപ്പോൾ കുടുംബ പേരായ ബിൻ റിംഥാൻ എന്ന് കേട്ട  മാത്രയിൽ മന്ത്രി അമ്പരപ്പോടെ നടത്തം നിർത്തി നിന്ന് തന്നെ സാകൂതം വീക്ഷിച്ചു. എണ്ണ ഗവേഷണ മേഖലയിൽ നൽകിയ സംഭാവനകളും ഖമീസ് ബിൻ റിംഥാനോടുള്ള അഗാധമായ സ്‌നേഹവുമാണ് ബിൻ റിംഥാൻ എന്ന പേര് കേട്ടപാടെ എണ്ണ മന്ത്രി അമ്പരപ്പോടെ നടത്തം നിർത്തുന്നതിന് കാരണമെന്ന് ശബീബ് പറഞ്ഞു. 


സൗദി അറാംകൊ ഗൈഡ് ആയി സൗദി ഗവൺമെന്റ് ആണ് ഖമീസ് ബിൻ റിംഥാനെ നിയമിച്ചത്. സൗദിയിൽ ഗവൺമെന്റ് സർവീസിലെ ആദ്യ ഗൈഡായിരുന്നു ഇദ്ദേഹം. ജുബൈലിൽനിന്ന് ദഹ്‌റാനിലേക്കും അവിടെ നിന്ന് അബ്‌ഖൈഖിലേക്കും സാർഥവാഹക സംഘങ്ങൾക്ക് വഴികാട്ടുകയായിരുന്നു പ്രധാന ചുമതല. 1934 ൽ സർക്കാർ നിയോഗിച്ച ഗൈഡ് എന്ന നിലയിൽ സൗദി അറാംകൊയെ സേവിച്ച ഖമീസ് ബിൻ റിംഥാൻ 1942 ൽ കമ്പനി ഔദ്യോഗിക ജീവനക്കാരനായി മാറുകയും കമ്പനിയുടെ പര്യവേക്ഷണ സംഘങ്ങളുടെ ചീഫ് ഗൈഡ് ആയി സേവനമനുഷ്ഠിക്കുകയും ചെയ്തു. കുഞ്ഞ് സ്വന്തം മാതാവിനെ അറിയുന്നതു പോലെ സൗദി അറേബ്യയുടെ ഭൂമിശാസ്ത്രം ഖമീസ് ബിൻ റിംഥാന് അറിയാമായിരുന്നു. ചീഫ് ഗൈഡ് എന്നോണം അമൂല്യമായ സേവനമാണ് അദ്ദേഹം സൗദി അറാംകൊക്ക് നൽകിയത്. പല സന്ദർഭങ്ങളിലും സൗദി അറേബ്യയെ കുറിച്ച തന്റെ ജ്ഞാനം ഭൂപടങ്ങളെക്കാൾ കൃത്യതയാർന്നതാണെന്ന് അദ്ദേഹം തെളിയിച്ചു. 
കിഴക്കൻ സൗദിയിലെ മരുഭൂമികളെയും മരുഭൂപാതകളെയും കുറിച്ച അറിവിൽ സമർഥനായിരുന്ന ഖമീസ് ബിൻ റിംഥാൻ അൽദഹ്‌നാ മരുഭൂമിയിൽ കുടുംബത്തിനും ഗോത്രക്കാർക്കുമൊപ്പം ബദുവിയൻ ജീവിതം നയിക്കുന്നതിനിടെയാണ് കിഴക്കൻ പ്രവിശ്യ ഗവർണർ അബ്ദുല്ല ബിൻ ജലവിയുടെ ദൂതൻ സമീപിച്ച് ഗവർണർക്കു മുന്നിൽ ഉടനടി ഹാജരാകുന്നതിന് ആവശ്യപ്പെട്ടത്. എണ്ണ പര്യവേക്ഷണം ആരംഭിച്ച അമേരിക്കൻ കമ്പനി മരുഭൂമിയിൽ തങ്ങൾക്ക് വഴികാട്ടുന്നതിനും സഹായിക്കുന്നതിനും സമർഥനായ ഗൈഡിന്റെ സഹായം ഏർപ്പെടുത്തി നൽകുന്നതിന് ഭരണാധികാരികളോട് ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു ഇത്. 
ഒരിക്കലും വഴി തെറ്റാതെ റുബ്ഉൽഖാലി മരുഭൂമി തലങ്ങും വിലങ്ങും മുറിച്ചുകടക്കുന്നതിന് ഖമീസ് ബിൻ റിംഥാന് സാധിക്കുമായിരുന്നു. അറേബ്യൻ ഉപദ്വീപിൽ എണ്ണ ശേഖരമുണ്ടെന്ന ഉറച്ച വിശ്വാസത്തിന് ഉടമയായിരുന്നു മാക്‌സ് സ്റ്റൈൻകി. എന്നാൽ എണ്ണ ശേഖരമുള്ള സ്ഥലങ്ങൾ കാണിച്ചുകൊടുക്കുന്ന ഒരു സമർഥനായ ഗൈഡിനെ മാക്‌സ് സ്റ്റൈൻകിക്ക് ആവശ്യമായിരുന്നു. ഈ ദൗത്യമാണ് ഖമീസ് ബിൻ റിംഥാൻ നിർവഹിച്ചത്. 


സൗദിയിൽ എണ്ണ ശേഖരം തേടി അമേരിക്കൻ കമ്പനി നടത്തിയ അഞ്ചു വർഷം നീണ്ട അന്വേഷണങ്ങൾ നിഷ്ഫലമായതോടെ സൗദിയിൽ എണ്ണ പര്യവേക്ഷണം നിർത്തിവെക്കുന്നതായി കമ്പനി അറിയിച്ചു. ഔദ്യോഗികമായി പ്രവർത്തനം അവസാനിപ്പിക്കുന്നതിനു തൊട്ടുമുമ്പാണ് ഖമീസ് ബിൻ റിംഥാനും അമേരിക്കൻ ജിയോളജിസ്റ്റ് മാക്‌സ് സ്റ്റൈൻകിയും സൗദിയിൽ ആദ്യത്തെ എണ്ണക്കിണർ കണ്ടെത്തിയത്. 1938 മാർച്ച് നാലിനായിരുന്നു അത്. ദമാം ഏഴാം നമ്പർ കിണർ എന്ന് പേരിട്ട ഈ എണ്ണക്കിണറിന് നന്മയുടെ കിണർ എന്ന് പിന്നീട് അബ്ദുല്ല രാജാവ് നാമകരണം ചെയ്തു. 1441 മീറ്റർ താഴ്ചയിലാണ് എണ്ണ ശേഖരം കണ്ടെത്തിയത്. 


സൗദി സമ്പദ്‌വ്യവസ്ഥയിലും സാമൂഹിക ജീവിതത്തിലും വലിയ കുതിച്ചുചാട്ടത്തിന് സഹായിച്ച ചരിത്ര സംഭവമായിരുന്നു ഇത്. ഖമീസ് ബിൻ റിംഥാന്റെ സഹായത്തോടെ ഇതേ സംഘം പിന്നീട് സൗദിയിൽ നിരവധി സ്ഥലങ്ങളിൽ എണ്ണ ശേഖരം കണ്ടെത്തി. ജുബൈലിലെ അൽമാദി ഡിസ്ട്രിക്ടിലാണ് ഖമീസ് ബിൻ റിംഥാന്റെ ജനനം. സൗദി അറാംകൊയിൽ സേവനമനുഷ്ഠിക്കവെ കാൻസർ ബാധിതനായി 1959 ജൂൺ 21 ന് ഞായറാഴ്ചയാണ് ദഹ്‌റാൻ സൗദി അറാംകൊ ആശുപത്രിയിൽ വെച്ച് ഖമീസ് ബിൻ റിംഥാൻ അന്ത്യശ്വാസം വലിച്ചത്. 

 

Latest News