Sorry, you need to enable JavaScript to visit this website.
Tuesday , October   20, 2020
Tuesday , October   20, 2020

രാഗസാഗരം

അഞ്ജലി /എസ്.പി.ബി 

ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്ക് അലയടിക്കുന്ന മനുഷ്യ സ്‌നേഹത്തിന്റെ പാലാഴി നിലയ്ക്കുവതെങ്ങനെ? ഇന്ത്യൻ സംഗീത രംഗത്തെ മഹേതിഹാസമെന്ന് വിശേഷിപ്പിക്കാവുന്ന എസ്.പി.ബി ഓർമയായെങ്കിലും ആ രാഗസാഗരം തലമുറകളേയും കടന്ന് അലയടിക്കുമെന്നുറപ്പ്. 
പാടിവെച്ച പാട്ടുകളൊക്കെ ഒരുപക്ഷേ എസ്.പി.ബി വിടപറഞ്ഞ ശേഷവും അതിശക്തമായി ആസ്വാദക ഹൃദയങ്ങളിൽ ഇടമുറിയാതെ പെയ്തു നിറയുകയാണ്. അത്രമേൽ ഹൃദങ്ങളിലേക്കു സംഗീതത്താൽ ഇഴുകിച്ചേർന്ന ശേഷമാണ് അദ്ദേഹം മറ്റൊരു ലോകത്തേക്ക് യാത്ര തിരിച്ചത് .
സാധാരണ മനുഷ്യരുടെ ഉള്ളകങ്ങളിലെ പ്രണയത്തേയും വിരഹത്തേയും സന്താപ സന്തോഷങ്ങളേയും തൊടുന്ന ഗാനങ്ങളിലൂടെ ഹൃദയങ്ങളിൽ നിറഞ്ഞതിനാലാകണം അദ്ദേഹത്തിന്റെ രോഗാവസ്ഥയുടെ തുടക്കം മുതൽ വിട പറഞ്ഞ ശേഷവും ഗാനോപാസകരുടെ ഉൾത്തടങ്ങളിലും സോഷ്യൽ മീഡിയയുടെ നാഡി മിടിപ്പിലും ഇത്രമേൽ പ്രാർഥനാനിർഭരമാം നിമിഷങ്ങളിൽ എസ്.പി.ബി എന്ന പ്രതിഭ നിറഞ്ഞു പെയ്യുന്നത്. അമ്പതോളം ചിത്രങ്ങൾക്ക് അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്.


പോക്കുവെയിലുരുകി വീഴുന്ന നേരത്ത് വീടിന് തൊട്ടടുത്തുള്ള ക്ഷേത്രത്തിൽ നിന്ന് പതിവായി കേൾക്കാറുണ്ടായിരുന്ന 'ശങ്കരാ നാദശരീരാപരാ...' എന്ന ഗാനം ആ പരിസരവാസികൾക്കൊക്കെയും പ്രിയപ്പെട്ടതായിരുന്നു.
പാടിയതാരെന്നു പോലുമറിയാതെ ഒഴുകി നിറഞ്ഞിരുന്ന സുധാമയ സ്വരം ആരുടേതെന്ന്, അന്നറിഞ്ഞത് പ്രിയങ്കരിയായ ബാല്യകാല സഖി ആശയിലൂടെയായിരുന്നു. അതിനു ശേഷമാണ് എസ്.പി.ബി എന്ന സ്വരവിസ്മയത്തെ ഏറെ ശ്രദ്ധിച്ച് ആ നാദം ആസ്വദിച്ചു തുടങ്ങിയത്.
സമാനതകളായില്ലാത്ത അർപ്പണ മനോഭാവമാണ് എസ്.പി.ബിയെ പകരക്കാരനില്ലാതെ സംഗീത മേഖലയിൽ ഇത്രമേൽ പ്രശോഭിതനാക്കിയത്.
വേദികളിൽ തനിക്കൊപ്പം പാടുന്നവരോടുള്ള എസ്.പി.ബിയുടെ സരസമായ ഇടപഴകൽ, മൊത്തം പാട്ടന്തരീക്ഷത്തെ അനാസായമാക്കുമായിരുന്നു.
തുടക്കക്കാരെന്നോ, പ്രഗത്ഭരെന്നോ വ്യത്യാസമില്ലാതെ സഹഗായകരെ തനിക്കൊപ്പം അദ്ദേഹം ചേർത്തുനിർത്തുന്ന കാഴ്ച അനുഭൂതിദായകമായിരുന്നു.
ശാസ്ത്രീയ സംഗീതമഭ്യസിക്കാത്ത എസ്.പി.ബി ശങ്കരാഭരണം പോലുള്ള സിനിമകളിൽ കർണാടക സംഗീതത്തിന്റെ അതിപ്രസരമുള്ള ഗാനങ്ങൾ അനായാസം പാടിയുറപ്പിച്ചത് സംഗീതാചാര്യന്മാരെ പോലും അതിശയിപ്പിച്ചു.


ശങ്കരാഭരണത്തിലെ ഗാനങ്ങളുമായി കെ.വി മഹാദേവൻ എസ്.പി.ബിയെ സമീപിച്ചപ്പോൾ പറ്റില്ല എന്നതായിരുന്നു ആദ്യ ഉത്തരം. 
ശാസ്ത്രീയ സംഗീത പ്രാധാന്യമുള്ള ഗാനങ്ങൾ വഴങ്ങില്ലെന്നും മറ്റാരെയെങ്കിലും സമീപിക്കൂ എന്നുമായിരുന്നു മറുപടി. എന്നാൽ, ഏറെ നേരത്തെ നിർബന്ധങ്ങൾക്കൊടുവിൽ പിതാവിന്റെ കൂടി സമ്മർദ ഫലമായാണ് എസ്.പി.ബി ശങ്കരാഭരണത്തിൽ പാടാമെന്നു സമ്മതിക്കുന്നത്.
1979-ൽ പുറത്തിറങ്ങിയ കെ. വിശ്വനാഥിന്റെ ശങ്കരാഭരണം എന്ന തെലുങ്ക് ചിത്രത്തിലെ ഓംകാര നാദനു എന്ന ഗാനം എസ്.പി.ബിയെ ആദ്യത്തെ ദേശീയ അവാർഡിന് അർഹനാക്കി. പത്മശ്രീയും പത്മഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ആറു തവണ നേടിയിട്ടുണ്ട് .
ഏക് ദുജേ കേലിയേ (ഹിന്ദി  1981), സാഗര സംഗമം (തെലുങ്ക് 1983), രുദ്രവീണ (തെലുങ്ക് 1988), സംഗീത സാഗര ഗാനയോഗി പഞ്ചാക്ഷര ഗാവയി (കന്നഡ 1995), മിൻസാര കനവ് (തമിഴ് 1996) എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾക്കും ദേശീയ അവാർഡ് ലഭിച്ചു.
തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി പുരസ്‌കാരം, കേരള സർക്കാരിന്റെ ഹരിവരാസനം പുരസ്‌കാരം, കർണാടക സർക്കാരിന്റെ കർണാടക രാജ്യോൽസവ അവാർഡ് എന്നിവ എസ്.പി.ബിക്ക് ലഭിച്ചു. പല സർവകലാശാലകളും ഓണററി ഡോക്ടറേറ്റ് നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. തമിഴ്‌നാട്, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളുടെ ചലച്ചിത്ര പുരസ്‌കാരങ്ങൾ പല തവണ നേടിയിട്ടുണ്ട്. കേളടി കൺമണി'യിലെ മണ്ണിൽ ഇന്ത കാതൽ, 'ഇളയ നിലാ, എന്മേൽ വിഴുന്ത മഴത്തുള്ളിയെ, കാതൽ റോജാവേ, മലരേ മൗനമാ, മലയാളത്തിലെ 'സ്വർണമീനിന്റെ ചേലൊത്ത, താരാപഥം ചേതോഹരം, അങ്ങനെപറഞ്ഞാൽ തീരാത്തത്ര വ്യത്യസ്ത സംഗീത അനുഭൂതികളാണ് അദ്ദേഹം മണ്ണിനും മനുഷ്യർക്കുമായി ബാക്കിവെച്ചത്.
1969 ലാണ് അദ്ദേഹം മലയാള ഗാനലോകത്തേക്കു കടന്നുവരുന്നത്. കടൽപാലം എന്ന ചിത്രത്തിൽ വയലാർ എഴുതി ദേവരാജൻ മാസ്റ്റർ ഈണം നൽകിയ 'ഈ കടലും മറുകടലും' എന്നതായിരുന്നു അരങ്ങേറ്റ ഗാനം. 


ഗായകൻ, നടൻ, സംഗീതസംവിധായകൻ, ഡബ്ബിങ് ആർട്ടിസ്റ്റ്, അഭിനേതാവ്, സിനിമാ സംവിധായകൻ തുടങ്ങിയ നിരവധി മേഖലകളിൽ നിറഞ്ഞു നിന്നതിലുപരി മാനവികതയിലുറച്ച ജീവിത മൂല്യങ്ങളാണ് അദ്ദേഹത്തെ ജനഹൃദയങ്ങളിൽ അമർത്യനാക്കുന്നത്. പതിനാറോളം ഭാഷകളിലായി 40,000 ഗാനങ്ങൾ സംഗീതാസ്വാദകർക്കു സമ്മാനിക്കാൻ കഴിഞ്ഞ ആത്മസായൂജ്യത്തോടെയാകും എസ്.പി.ബി എന്ന പ്രിയങ്കരനായ ബഹുമുഖസർഗപ്രതിഭ മറ്റൊരു ലോകത്തേക്ക് യാത്ര തിരിച്ചത്. സംഗീതത്തോടുള്ള പ്രണയാർപ്പണം തെലുങ്കിൽ തുടങ്ങിയ എസ്.പി.ബി തുടർന്ന് തെലുങ്കിന്റേയും മലയാളത്തിന്റെയും പ്രിയങ്കരനായ ഭാവഗായകനായി മാറി.
വിജയം കൂടും തോറും വിനയം കൂടുന്ന പ്രതിഭയായിരുന്നു എസ്.പി.ബി എന്ന സ്വരവിസ്മയം. ഭാര്യ: സാവിത്രി. മക്കൾ: പിന്നണി ഗായകനും നിർമാതാവുമായ എസ്.പി.ചരൺ, പല്ലവി. 
കോവിഡ് മഹാമാരിയിലെ അവസ്ഥാ വിശേഷങ്ങളെ കുറിച്ചുള്ള റഫീഖ് അഹമ്മദിന്റെ കവിതയുടെ ആത്മാവുൾക്കൊണ്ടുള്ള എസ്.പി.ബിയുടെ ആലാപനമിപ്പോഴും ഉള്ളിൽ അലയടിക്കുന്നു.
അദ്ദേഹം പാടിവെച്ചതിൽ വൈരമുത്തു രചിച്ച് വിദ്യാസാഗർ ഈണം നൽകിയ മലരേ മൗനമാണ് എന്ന ഗാനമാണ് ഏറെ പ്രിയങ്കരം. അത്രയേറെ ഹൃദയത്തോടു ചേർത്താണ് എസ്.പി.ബി ആ ഗാനം പാടിയത്. അതുകൊണ്ടു തന്നെയാവാം ഓരോ കേൾവിയിലും അത് നവ്യാനുഭൂതി സമ്മാനിക്കുന്നതും.
ആത്മാവിന്റെ മറുപാതിയോടുള്ള മൗന സംവാദ വിഷയമായ ഗാനം പെയ്തു നിറയുന്ന ഉള്ളത്തോടെയല്ലാതെ ഒരു സംഗീതാസ്വാദകനും കേട്ടു തീർക്കാനാവില്ല. മൗനം വാചാലമാകുന്ന മാന്ത്രികത 'മലരേ മൗനമാ..'യിലൂടെ അനുഭവിപ്പിച്ച മാന്ത്രിക ശബ്ദമാണ് നിത്യമൗനത്തിലേക്കു വിലയിച്ചിരിക്കുന്നത്. മൗനത്തിൽ നിറയുന്ന സുധാമയ സാന്നിധ്യമായി നിത്യം സ്വസ്തിയിലാവുക പ്രിയ എസ്.പി.ബി...
ആ കണ്ണുകൾ വിട ചൊല്ലുമ്പോഴും ഹൃദയങ്ങളിൽ ആ സ്വരരാഗസുധ നിൽക്കാതെ പെയ്യുന്നല്ലോ...


 

Latest News