Sorry, you need to enable JavaScript to visit this website.

വായന / ഭീകരതയുടെ കേരള വേരുകൾ

ശംസുദ്ദീൻ മുബാറക് 

സ്വന്തം മതത്തിൽ നിന്ന് പ്രതിഷേധം ശക്തിപ്പെട്ടാൽ മാത്രമേ ആ മതത്തിലെ തീവ്രവാദം ഇല്ലാതാവുകയുള്ളൂവെന്നാണ് എന്റെ വിശ്വാസം. ഇങ്ങനെ തീവ്രവാദത്തിനെതിരെയുള്ള ചോദ്യം ചെയ്യലിന്റെയും വിയോജിപ്പിന്റെയും ശബ്ദങ്ങൾ മുസ്‌ലിം സമുദായത്തിനുള്ളിൽ നിന്ന് ഉയർന്നുവരിക തന്നെ ചെയ്യും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. 'ദാഈശ്' അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്...
'ദാഈശ്'ന്റെ പ്രകാശനം നിർവഹിച്ചുകൊണ്ട് പ്രഗത്ഭ നോവലിസ്റ്റ് കെ.ആർ മീര കുറിച്ചതാണീ വരികൾ. എന്താണ് ഈ നോവലിന്റെ വർത്തമാനകാല വായനയുടെ സാമൂഹ്യപ്രസക്തി എന്നതിനെക്കുറിച്ച് വ്യക്തമായ സൂചനയാണ് കെ.ആർ മീരയുടെ ഈ വരികൾ നൽകുന്നത്. തീവ്രവാദത്തിന്റെ മാധ്യമങ്ങളിലൂടെ നാം കണ്ട ഏറ്റവും ഭീകരമായ മുഖങ്ങളിലൊന്നാണ് ഐ.എസ് എന്ന ഭീകര സംഘടന.
'ദാഈശ്'ന്റെ രചയിതാവ് ശംസുദ്ദീൻ മുബാറക്കും പുതിയ മലയാള നോവൽ ഭൂമികയിൽ വേറിട്ടടയാളപ്പെടുത്തപ്പെട്ട യുവ എഴുത്തുകാരിൽ പ്രധാന സ്ഥാനമുള്ള ആൾ തന്നെയാണ്. അദ്ദേഹത്തിന്റെ ആദ്യത്തെ നോവൽ മരണപര്യന്തം- റൂഹിന്റെ നാൾ മൊഴികൾ ആണ് ഈ നോവലിസ്റ്റിനെ ഇങ്ങനെ അടയാളപ്പെടുത്തുന്നതിന് ഏറെ കാരണമായത്. ഈ മേഖലയിലേക്ക് കടന്നുവരുന്ന ഒരാളുടെ ആദ്യ പുസ്തകത്തിനു ലഭിക്കുന്നതിൽ വെച്ചേറ്റവും വലിയ ആസ്വാദക പിന്തുണയാണ് ആ നോവലിന് അന്ന് ലഭിച്ചത്. അതിന് കാരണം, മരണവും മരണാനന്തര ജീവിതവും ലോകാവസാനവുമായിരുന്നു നോവലിന്റെ വിഷയമെന്നുള്ളതായിരുന്നു. 2018 ൽ മലയാളി വായനാ സമൂഹം ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ഒരു നോവലായി അത് മാറിയത്, പ്രമേയത്തിന്റെ വ്യത്യസ്ത കൊണ്ടു തന്നെയായിരുന്നു.


2020 ൽ ശംസുദ്ദീൻ മുബാറക് 'ദാഈശു'മായി കടന്നുവരുമ്പോഴും ഗ്രന്ഥകാരൻ തന്റേതായി മലയാളി വായനാ സമൂഹത്തിന് മുൻപിൽ സമർപ്പിക്കുന്നത് അതുതന്നെയാണ്. ഇതേപോലെ പുതിയൊരു വിഷയമാണ്. ഐ.എസിലേക്ക് കേരളത്തിൽ നിന്ന് കുടിയേറിയ യുവാക്കൾ എന്ന ഒരു വാർത്തയിൽ നിന്നാണ് നാനൂറ് പേജിനടുത്ത് വരുന്ന ഒരു വലിയ നോവലിന്റെ കാൻവാസ് ശംസുദ്ദീൻ ഉണ്ടാക്കുന്നത്. ഐ.എസിലേക്കു രണ്ട് മലയാളി യുവാക്കളുടെ പോക്ക് എന്നത് മലയാളിയെ സംബന്ധിച്ചിടത്തോളം ഒരു പുതിയ കാര്യമായി തോന്നുന്നില്ലെങ്കിലും ഐ.എസിലേക്കുള്ള യുവാക്കളുടെ ഇന്ത്യ കടന്നുള്ള യാത്ര, ഇറാഖിന്റെയും സിറിയയുടെയുമെല്ലാം ഒരു പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുകയെന്നത് ലബ്ധപ്രതിഷ്ഠരായ എഴുത്തുകാർക്കുപോലും വെല്ലുവിളി നിറഞ്ഞ ഒരു കാര്യമായിരിക്കാം. ഇങ്ങനെ പുതിയൊരു അനുഭവ തലത്തിലേക്ക് വായനക്കാരെ കൊണ്ടുപോകാനുള്ള ശംസുദ്ദീൻ മുബാറക്കിന്റെ ശ്രമത്തിന് നിറഞ്ഞ കൈയടി നൽകാൻ നമുക്ക് രണ്ടാമതൊന്നാലോചിക്കേണ്ടി വരില്ലയെന്നതാണ് ദാഈശ് നൽകുന്ന വായനാനന്തര കാര്യം. 
മൂന്നു വർഷത്തോളം ഇന്ത്യക്ക് പുറത്തുള്ള പ്രത്യേകിച്ച് അറേബ്യൻ നാടുകളിലെയും പത്രങ്ങളും മറ്റു മാധ്യമങ്ങളുമെല്ലാം ഉപയോഗിച്ചുകൊണ്ട് ഇദ്ദേഹം നടത്തിയ പ്രയത്‌നത്തിന്റെയും കണ്ടെത്തലുകളുടെയും സർഗാത്മകമായ ഒരു നല്ല അനുഭവമാണ് നോവൽ സമ്മാനിക്കുന്നത്. പാരമ്പര്യമായുള്ള സംഭവങ്ങളിൽ നിന്നും പ്രമേയങ്ങളിൽ നിന്നുമെല്ലാം യാഥാർഥ്യത്തോട് അടുത്തുനിൽക്കുന്ന വസ്തുതകളിലേക്കും പ്രശ്‌നങ്ങളിലേക്കുമെല്ലാം അധികം വർണനകളില്ലാത്ത ഭാഷയിലൂടെ കടന്നുചെല്ലാൻ നോവലിസ്റ്റ് കാണിക്കുന്ന പരിശ്രമം നല്ലപോലെ ഗുണം ചെയ്തിട്ടുണ്ട്. ഇതാകട്ടെ പ്രമേയത്തിന്റെ ഗൗരവത്തെ തളർത്തുന്നുമില്ല.


ഐ.എസിലേക്ക് ചേക്കേറുന്ന ഇതിലെ പ്രധാന കഥാപാത്രമായ മുഹമ്മദ് റഫീഖ്, സുഹൃത്ത് അശ്കർ എന്നീ കഥാപാത്രങ്ങളുടെ ഐ.എസുകാരായുള്ള മാറ്റത്തിനിടയിലും തങ്ങളുടെ പ്രണയാതുരമായ ഒരു മനസ്സിനെ അവർ നഷ്ടപ്പെടുത്തുന്നില്ല. മറിച്ച് ഉള്ളിന്റെയുള്ളിൽ തങ്ങൾ ഒരിക്കലും മാറുവാൻ ഇഷ്ടപ്പെടാത്ത തങ്ങളുടെ പഴയ സ്വത്വത്തെ തന്നെയാണ് ഇവർ നിലനിർത്തുന്നത്. ഇതുകൊണ്ടു തന്നെയാണ് ഐ.എസിൽ നിന്നുള്ള തിരിച്ചുവരവ് എന്നത് ഈ കഥാപാത്രങ്ങളുടെ മുൻപിൽ ഒരു ബലികേറാമലയോ വലിയൊരു ദാർശനിക പ്രശ്‌നമായോ മാറാതിരിക്കുന്നത്. ദാഈശിലെ കഥാപാത്രങ്ങൾ നൽകുന്ന സൂചനകൾ ഏറെയാണ്. മുഹമ്മദ് റഫീഖ്, ശക്കീൽ എന്നയാളുടെ പ്രേരണയിലാണ് ഐ.എസിൽ ആകൃഷ്ടനാകുന്നതും ദമ്മാജിലേക്കുള്ള യാത്രക്കൊരുങ്ങുന്നതും. എന്നാൽ അപ്പോഴും റഫീഖ് തന്റെ പുതിയ ലോകത്തേക്കുള്ള (മാറ്റത്തിന്റെ അടിസ്ഥാന കാരണത്തെ ആദർശവൽക്കരിക്കുന്നില്ല), സ്വാതന്ത്ര്യം തേടിയുള്ള തന്റെ പുതിയ യാത്രയിലേക്കുള്ള ഒരു മാറ്റം മാത്രമായാണ് കാണുന്നത്. ആദ്യ നോവലായ മരണത്തിനു ശേഷമുള്ള മറ്റൊരു പരലോകത്തിന്റെ പശ്ചാത്തലംപോലെ നാം നമ്മുടെ എഴുത്തിന്റെ ലോകം ഇതുവരെ കാണിച്ചുതരാത്ത ദമ്മാജിന്റേതായി അറേബ്യൻ പശ്ചാത്തലത്തിലുള്ള ഒരു കാഴ്ചയിലേക്ക് വായനക്കാരെ കൊണ്ടുപോകാൻ കഴിയുന്നുവെന്നിടത്താണ് ദാഈശിന്റെ വിജയം. 

 

 

 

 

Latest News