Sorry, you need to enable JavaScript to visit this website.
Saturday , October   24, 2020
Saturday , October   24, 2020

പെൺമയുടെ ചമയം, കളിയരങ്ങിലെ നിറദീപം

മകൾ അമ്പിളിയോടോപ്പം (ഫയൽ)
ഭാര്യ ഭവാനി. (ചുമരിൽ ഗുരുവും അമ്മയും)


അച്ഛന്റെ കലാജീവിതം ഒന്ന് ഓർത്തെടുക്കാമോ?

1950 മുതൽ 2009 വരെ നീണ്ട അറുപത് വർഷക്കാലം അച്ഛൻ സജീവമായി കഥകളി രംഗത്തുണ്ടായിരുന്നു. എഴുപത്തിനാലാം വയസ്സിലാണ് അച്ഛൻ മരിക്കുന്നത്. 72 വയസ്സു വരെ അരങ്ങത്തുണ്ടായിരുന്നു. അരങ്ങേറ്റം നടന്ന, അച്ഛൻ പഠിച്ച കോട്ടക്കൽ പി.എസ്.വി നാട്യസംഘം വേദിയായ വിശ്വംഭരക്ഷേത്ര സന്നിധി തന്നെയാണ് 2009 മാർച്ച് 24 ന് അവസാന അരങ്ങ്.
ശരാശരി ഒരു വർഷം നൂറ് വേദി എന്ന കണക്കിൽ ആറായിരത്തിലധികം വേദികളിൽ, പാക്കിസ്ഥാനും ചൈനയുമൊഴികെ ലോകമൊട്ടാകെയുള്ള രാജ്യങ്ങളിലായി കഥകളിയിലെ ഒട്ടുമിക്ക വേഷങ്ങളും അവതരിപ്പിച്ചു. 


പല വിദേശികളും അച്ഛന്റെ സ്ത്രീ വേഷങ്ങൾ കണ്ട് യഥാർഥ സ്ത്രീയാണെന്ന് തെറ്റിദ്ധരിച്ച് പെരുമാറിയ കഥകളൊക്കെ അച്ഛൻ പറയാറുണ്ട്. വിദേശത്ത് ഏറ്റവും ഇഷ്ടപ്പെട്ട വേദി പാരീസിലെ ഓപറാ ഹൗസ് ആണെന്നും ഇഷ്ടപ്പെട്ട സ്ഥലം വെനീസ് ആണെന്നും പറഞ്ഞിട്ടുണ്ട്. അച്ഛന്റെ കലാജീവിതത്തിന്റെ ഗതി തന്നെ മാറ്റിയ ദൽഹിയിലെ വേദിയെക്കുറിച്ചും അച്ഛൻ വികാരാധീനനാകാറുണ്ട്. ഗുരു കുഞ്ചുക്കുറുപ്പിന് കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് നൽകുന്നതിനോടനുബന്ധിച്ച് നടന്ന രണ്ടു ദിവസത്തെ കളിക്ക് അച്ഛൻ ആദ്യ ദിവസം ശ്രീരാമനും അടുത്ത ദിവസം ദമയന്തിയും കെട്ടി. യഥാർഥത്തിൽ ഗുരുനാഥൻ വാഴേങ്കട കുഞ്ചു നായരാശാന്റ സഹായിയായാണ് അച്ഛൻ ദൽഹിയിലെത്തിയത്. ചെറിയൊരു വേഷവും നിശ്ചയിച്ചിരുന്നു. 
ദമയന്തി കെട്ടാൻ നിശ്ചയിച്ചിരുന്ന മുതിർന്ന കലാകാരന് എത്തിച്ചേരാൻ സാധിക്കാഞ്ഞതിനാൽ യാദൃച്ഛികമായാണ് ഗുരുനാഥൻ അവതരിപ്പിച്ച ഹംസത്തോടൊപ്പം നായികാ വേഷം കെട്ടേണ്ടി വന്നത്.
അന്ന് സാക്ഷാൽ ജവഹർലാൽ നെഹ്‌റുവായിരുന്നു അക്കാദമി ചെയർമാൻ. രണ്ടു ദിവസവും അദ്ദേഹവും ഇന്ദിരാ ഗാന്ധിയും പനമ്പിള്ളി ഗോവിന്ദ മേനോനും കളി കാണാനെത്തി. ദമയന്തി വേഷം കണ്ട് അഭിനന്ദിക്കാനായി ആ പെൺകുട്ടിയെവിടെ എന്ന് നെഹ്‌റു അന്വേഷിച്ചു. അതൊരു ആൺകുട്ടിയാണ്, തലേ ദിവസം ശ്രീരാമനായി വേഷമിട്ടയാളാണ് എന്നറിഞ്ഞപ്പോൾ അദ്ദേഹം അദ്ഭുതപ്പെട്ടു. അന്ന് കലാകാരന്മാർക്ക് കിട്ടിയിരുന്ന ആദരം, കലയ്ക്ക് ഭരണാധികാരികൾ നൽകിയിരുന്ന പ്രാധാന്യം എന്നിവ വ്യക്തമാക്കാൻ കൂടി അച്ഛൻ ഈ സംഭവം ഉദാഹരിക്കാറുണ്ട്.

 

-അച്ഛൻ അവശേഷിപ്പിച്ചു പോയ ഒരിടം കഥകളി ലോകത്ത് ഇന്നും ഒഴിഞ്ഞു കിടക്കുന്നു എന്ന് നിസ്സംശയം പറയാം. ഒരു കലാകാരി എന്ന നിലയിൽ ഈ അഭിപ്രായത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?

മകൾ എന്ന സ്ഥാനത്തിരുന്ന് കൊണ്ട് ഉത്തരം നൽകാൻ ബുദ്ധിമുട്ടുള്ള ഒരു ചോദ്യമാണ്. എന്നാലും മൂന്ന് വയസ്സ് മുതൽ കഥകളി കാണുകയും അടുത്ത് ഇടപഴകുകയും ചെയ്ത ഒരു ആസ്വാദക എന്ന നിലയിൽ മാത്രം പറയുകയാണ്.
ഒരു വ്യക്തി എന്ന നിലയിലും ഒരു കലാകാരൻ എന്ന നിലയിലും ഏതൊരാൾക്കും തന്റേതായ ഒരിടമുണ്ടാവും. എന്നാൽ, സ്വജീവിതം തന്നെ കഥകളിക്കായി ഉഴിഞ്ഞുവെച്ചതിന്റെ സത്യസന്ധത കൊണ്ടാവാം അച്ഛന്റെ അസാന്നിധ്യം കഥകളി പരിസരത്ത് ഇപ്പോൾ നിശ്ചയമായും അനുഭവപ്പെടുന്നുണ്ട്.
പുരാണ കഥകളിലും പാത്രങ്ങളെക്കുറിച്ചുമുള്ള ആഴത്തിലുള്ള അവഗാഹം, താൻ തന്നെ നടത്തിയ ഗവേഷണങ്ങൾ, ചിട്ടകൾ, നിർബന്ധങ്ങൾ ഒക്കെയാവാം കഥകളി ലോകത്ത് ഒരു സ്വന്തം പ്രവിശ്യ സൃഷ്ടിച്ചെടുക്കാൻ അച്ഛനെ സഹായിച്ചത്. കൊച്ചു കുട്ടികളായിരിക്കുമ്പോൾ തന്നെ അച്ഛൻ എന്നെയും ചേച്ചിയെയും കഥകളിക്ക് കൂടെ കൂട്ടുമായിരുന്നു. എന്നാൽ അണിയറയിൽ സാരി ചുറ്റിക്കഴിഞ്ഞാൽ പിന്നെ അച്ഛനില്ല. അച്ഛൻ ആ കഥാപാത്രമായി മാറിക്കഴിഞ്ഞിട്ടുണ്ടാവും. പിന്നെ വിരലിൽ തൂങ്ങുന്നതും ഒക്കെ വിലക്കും. ഉറുമാൽ അല്ലെങ്കിൽ ശിരാവരണം കൊണ്ട് ശരീരം മറച്ചാണ് അരങ്ങത്തേക്കുള്ള യാത്ര. അച്ഛൻ ദമയന്തിയോ ഉത്തരയോ ആയി മാറിക്കഴിഞ്ഞു എന്ന് ഞാൻ മനസ്സിലാക്കിയിരുന്നു.
അതേ പോലെ തന്റെ കലയെക്കുറിച്ച് ഏത് കോണിൽ നിന്നുള്ള വിശദീകരണവും കാലവിളംബമില്ലാതെ ആസ്വാദകർക്കും കലാ നിരൂപകർക്കും സഹ കലാകാരന്മാർക്കും നൽകാൻ തക്ക ഗ്രാഹ്യം നേടാൻ അച്ഛൻ സദാ ജാഗരൂകനായിരുന്നത് എനിക്ക് നേരിട്ടറിയാം.
അരങ്ങത്താണെങ്കിൽ അച്ഛൻ ഏതൊരു കഥാപാത്രത്തെ അവതരിപ്പിച്ചാലും, ഒട്ടും വലിച്ച് നീട്ടലില്ലാതെ, മുദ്രകളുടെ, ശാസ്ത്രീയതയുടെ ക്ലിഷ്ടത പുലർത്താതെ കുറച്ചൂടെ ആവായിരുന്നു എന്ന് പ്രേക്ഷകനെക്കൊണ്ട് തോന്നിപ്പിക്കുന്ന ഒരു രീതിയാണ് അവലംബിച്ചിരുന്നത്.
ഒട്ടും കുറവില്ല എന്നാൽ ഒരൽപം പോലും കൂടുതലാവാതെ കഥാമർമം പ്രേക്ഷകനിലേക്ക് പകരുന്നതിലായിരുന്നു താൽപര്യം. അല്ലാതെ തന്റെ വൈദഗ്ധ്യം പ്രകടിപ്പിക്കലായിരുന്നില്ല.
ഇപ്പോൾ പലപ്പോഴും പലരും ആടിത്തകർക്കുന്നതിൽ കൂടുതൽ ഔത്സുക്യം കാണിക്കുന്നതായി തോന്നാറുണ്ട്. അച്ഛനെ വൈക്കം മുഹമ്മദ് ബഷീറുമായി പീശപ്പള്ളി രാജീവ് താരതമ്യം ചെയ്തത് ഓർത്തു പോവുകയാണ്. സാഹിത്യത്തിനെ വ്യാകരണത്തിൽ നിന്നു മോചിപ്പിച്ച് ജനകീയമാക്കാൻ ബഷീർ ചെയ്തതാണ് അച്ഛനും കഥകളി രംഗത്ത് ചെയ്തത് എന്ന് ഞാനും കരുതുന്നു.

 

-ഗുരുനാഥന്മാരെ അനുകരിക്കുന്നതിന് പകരം സ്വന്തമായ ഒരു രീതി സൃഷ്ടിക്കുകയാണ് അച്ഛൻ ചെയ്തത്. എന്നാൽ പുതുതലമുറ ഈയൊരു ധൈര്യം പൊതുവെ കാണിക്കുന്നില്ല. താരതമ്യം ചെയ്യാമോ?

ഈ ചോദ്യത്തിനുള്ള ഉത്തരത്തിലേക്ക് കടക്കുമ്പോൾ നാം ആ കാലഘട്ടത്തിലേക്ക് കൂടെ അൽപം പിറകോട്ട് പോകണം. അന്ന് ഇന്നത്തെ പോലെയല്ല. ഏതാണ്ട് ഗുരുകുല വിദ്യാഭ്യാസം തന്നെയായിരുന്നു. അമ്മാവനും കൂടിയായ പത്മശ്രീ വാഴേങ്കട കുഞ്ചു നായർ ആശാനായിരുന്നല്ലോ അച്ഛന്റെ ഗുരു. ഗുരുവിന്റെ സഹായിയായും മറ്റും എപ്പോഴും കൂടെത്തന്നെയായിരുന്നു. ആശാന്റെ മകനായ വിജയേട്ടനായിരുന്നു മറ്റൊരു ശിഷ്യൻ. അച്ഛന് സ്വന്തം ഒരു രീതി ഉണ്ടാവാൻ ആശാന്റെ ദീർഘദൃഷ്ടി തന്നെയായിരിക്കണം കാരണം. അവർ തമ്മിലുള്ള ഒരു കെമിസ്ട്രി അപ്രകാരമായിരുന്നു.
ഒന്ന് രണ്ട് സന്ദർഭങ്ങളിലൂടെ അത് വ്യക്തമാക്കാം.
ഒരിക്കൽ വിജയേട്ടൻ, അച്ഛൻ സ്ഥിരമായി തലയിൽ തേക്കുന്ന എണ്ണ എടുത്ത് തേക്കുന്നത് ആശാൻ കണ്ടു. അദ്ദേഹം ക്ഷുഭിതനാവുകയും 'നീയതെടുത്ത് തേച്ച് തീർത്താൽ അവന് അസുഖം വരില്ലേ' എന്ന് ചോദിച്ച് മകനെ വല്ലാതെ ശകാരിക്കുകയും ചെയ്തു.
നോക്കുക... ഇന്നിങ്ങനെ ഒരു കാര്യം നമുക്ക് ചിന്താ സാധ്യമാണോ?
അതായിരുന്നു ആ ഗുരു-ശിഷ്യ ബന്ധം.


അച്ഛൻ ആദ്യമായി ദൽഹിയിൽ വെച്ച് ദമയന്തിയൊക്കെ കെട്ടി സ്ത്രീ വേഷങ്ങളിലേക്ക് പകർന്നാടിത്തുടങ്ങിയ സമയം. ചെത്തല്ലൂര് വെച്ച് ആദ്യമായി ഗുരുനാഥന്റെ ജോഡി ആയി മോഹിനി വേഷം ചെയ്യുന്നു. പരിഭ്രമം കൊണ്ടോ പരിചയക്കുറവ് കൊണ്ടോ രുഗ്മാങ്ഗദന്റെ ഒപ്പം നിൽക്കാനാവാതെ മോഹിനി അൽപം പിറകോട്ടായി. പിന്നീട് അണിയറയിൽ ഗുരുനാഥനെ വേഷം അഴിക്കാൻ സഹായിക്കാൻ ചെന്നപ്പോൾ ചെകിട്ടത്ത് നല്ലൊരടി.
രണ്ടു പേരും ഒന്നും പറഞ്ഞില്ല. 
പിന്നെ തിരിച്ചുവരും വഴി ഗുരു ചോദിച്ചു.
'എന്തിനാ അടി കിട്ടിയതെന്ന് നിനക്ക് മനസ്സിലായിക്കാണും ഇല്ല്യേ?'
പിന്നെ വിശദീകരിച്ചു. അരങ്ങത്ത് ആശാനും ശിഷ്യനും... അങ്ങനെ ഒന്നും ഇല്ല. നീ ആ കഥാപാത്രമാണ്. അത് മാത്രം...
പിന്നെ പന്തളം രാജാവ് എഴുതിയ കഥകളിയെ കുറിച്ചുള്ള ഒരു പുസ്തകവും കൊടുത്ത് വായിക്കാനാവശ്യപ്പെട്ടു. ആ വായനാശീലം പിന്നെ ഒരിക്കലും അച്ഛൻ കൈവിട്ടിട്ടില്ല.
നിനക്ക് നിന്റെ വഴി എന്ന് ആശാൻ ശിഷ്യനെ ബോധ്യപ്പെടുത്തുകയായിരുന്നു.
അന്ന് തൂതയിൽ ബസിറങ്ങിയാൽ വാഴേങ്കട വരെ നടക്കണം. ഈ സമയമത്രയും ആടിയ വേഷത്തെ കുറിച്ചുള്ള വിശകലനവും നിർദേശങ്ങളും ആയിരുന്നുവത്രെ. ഗുരുനാഥന്റെ ഈ പരുവപ്പെടുത്തൽ തന്നെയാണ് ഒരു വേറിട്ട ശൈലിയിലേക്ക് അച്ഛനെ എത്തിച്ചത്. അതിനാലാവണം കടുകട്ടിയായ പാരമ്പര്യ ശൈലി പിന്തുടർന്നിരുന്ന കുഞ്ചുവാശാന്റെ ശിഷ്യൻ ഒരു മധ്യവർത്തി സമ്പ്രദായത്തിന്റെ വക്താവായതും.

 

-ഒരു അധ്യാപകൻ അല്ലാതിരുന്നതിനാൽ നല്ലൊരു ശിഷ്യഗണം അച്ഛനുണ്ടായിരുന്നില്ല. ഒരു കാറൽമണ്ണക്കളരി വാർത്തെടുക്കാൻ കഴിയാതിരുന്നത് ഒരു നിർഭാഗ്യമായി തോന്നുന്നുണ്ടോ?

അച്ഛന് ശിഷ്യന്മാർ, അല്ലെങ്കിൽ പ്രിയശിഷ്യൻ എന്നിങ്ങനെ ഒരു പ്രത്യേക കള്ളിയിൽ ഒതുക്കാവുന്ന ശിഷ്യർ ഇല്ലായിരുന്നു എന്നേ ഉള്ളൂ. എനിക്ക് തോന്നുന്നത് ഈ രംഗത്ത് അച്ഛനെ നിരന്തരം നിരീക്ഷിച്ചും അച്ഛനോട് വിശദീകരണങ്ങളും അഭിപ്രായങ്ങളും ചോദിച്ചറിഞ്ഞും സ്വന്തം അഭിരുചിയെ പോഷിപ്പിക്കുകയും അവർക്ക് വേണ്ട എന്തെങ്കിലും എടുക്കുകയും സ്വാംശീകരിക്കുകയും, എന്താ പറയാ എന്നെനിക്കറിയില്ല, ചെയ്തവരാണ് മിക്ക കലാകാരന്മാരും. ഒരു തരത്തിൽ അവരെല്ലാം അച്ഛന് ശിഷ്യപ്പെട്ടവർ തന്നെ. അച്ഛന് അവരെല്ലാം പ്രിയശിഷ്യരും.
അച്ഛൻ കാറൽമണ്ണക്കാരനായിരുന്നെങ്കിലും ആദ്യം പി.എസ്.വി നാട്യ സംഘത്തിലായിരുന്നതിനാൽ കോട്ടക്കൽ കളരിയുടെ പിന്തുടർച്ചയിലാണ് അഭിമാനിച്ചിരുന്നത്.
തീർച്ചയായും ജന്മനാട് എന്ന നിലയിൽ ഒരു കാറൽമണ്ണ കളരി ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾക്ക് കൂടുതൽ അഭിമാനമായിരുന്നേനെ.
അതില്ലാതിരുന്നത് കൊണ്ട് വിഷമമൊന്നും തോന്നിയിട്ടില്ല.
പിന്നെ ഗുരുനാഥന്റെ സ്മരണാർഥം ഉള്ള വാഴേങ്കട കുഞ്ചു നായർ ട്രസ്റ്റ് ഉണ്ടാക്കാൻ ശ്രമിച്ചതും വളർത്തിയതും എല്ലാം അച്ഛനായിരുന്നു.
ഇപ്പോൾ അച്ഛനെയും ഗുരുനാഥനെയും അവരുടെ സപര്യയെയും മനസ്സിലാക്കാനുള്ള ഒരു തീർഥാടന സ്ഥലമായി കഥകളി കലാകാരന്മാരും അനുവാചകരും ഇവിടം എത്തുന്നത് കൊണ്ട് കൂടുതൽ സന്തോഷം തോന്നുന്നുണ്ട്.

 

-മറ്റു നൃത്തരൂപങ്ങളിൽ പ്രാവീണ്യമുണ്ടായിരുന്നോ? കഥകളിയുടെ സിലബസിൽ ഭരതനാട്യം തുടങ്ങിയ ക്ലാസിക്കൽ നൃത്തരൂപങ്ങൾ വരുന്നുണ്ടോ?

മറ്റ് നൃത്തരൂപങ്ങളിൽ അത്ര പ്രാവീണ്യം ഉണ്ടായിരുന്നില്ല എന്ന് തന്നെ പറയാം. എന്നാൽ ക്ലാസിക്കൽ, അല്ലാത്തത് എന്ന വ്യത്യാസമില്ലാതെ എല്ലാ കലകളെക്കുറിച്ചും ഒരു സാമാന്യ അറിവുണ്ടായിരുന്നു. ഉദാഹരണത്തിന് ചെർപ്പുളശ്ശേരി പുത്തനാലിക്കലിൽ വേലയ്ക്ക് ഉണ്ടാവുമായിരുന്ന ചെറുമക്കളി നിർബന്ധമായും പോയിക്കാണുമായിരുന്നു. ഞങ്ങളോടും പോയിക്കാണാൻ ആവശ്യപ്പെടും. അതിന്റെ താളവും ചുവടുകളും ഭയങ്കര ഇഷ്ടമായിരുന്നു. 
അതേപോലെ നാടകങ്ങൾ. പ്രത്യേകിച്ച് അതിലെ അഭിനയം, സസൂക്ഷ്മം വീക്ഷിക്കുമായിരുന്നു. എനിക്കു തോന്നുന്നത് താനും ഏത് കലാരൂപമായിരുന്നാലും വലിപ്പച്ചെറുപ്പമില്ലാതെ അത് നിരീക്ഷിച്ച് തനിക്ക് വേണ്ടത് എടുത്തിരുന്നു എന്നാണ്. കഥകളിയുടെ സിലബസിൽ കഥകളി മാത്രമേയുള്ളൂ. പിന്നെ പ്രധാനമായും മെയ്‌വഴക്ക പരിശീലനങ്ങളും.
ചേമഞ്ചേരി കുഞ്ഞിരാമൻ നായർ, കീഴ്പടം കുമാരനാശാൻ തുടങ്ങിയവർ മറ്റ് നൃത്ത രൂപങ്ങളിലേക്കും നൃത്ത ശിൽപങ്ങളിലേക്കും പോയത്, അതൊരു ജീവനോപാധി എന്ന നിലയ്ക്കാണ്. 
അച്ഛന്റെ തന്നെ പെങ്ങളുടെ ഭർത്താവും പ്രശസ്ത കഥകളി നടനുമായ വാഴേങ്കട കുഞ്ഞുണ്ണി നായർ ആശാൻ അന്നത്തെ സിലോണിൽ നൃത്താധ്യാപകനായിരുന്നു. സിരിമാവോ ഭണ്ഡാര നായകെയുടെ മകളെ നൃത്തം പഠിപ്പിച്ചു എന്ന് കേട്ടിട്ടുണ്ട്. കഥകളിയിൽ വൈദഗ്ധ്യം നേടിയ ഒരാൾക്ക് മറ്റ് നൃത്തരൂപങ്ങളിലേക്ക് മാറുവാൻ അധികം പ്രയാസമില്ല. മാത്രമല്ല കഥകളിയിൽ തന്നെ കുമ്മി, സാരി നൃത്തം എന്നിവയുണ്ടല്ലോ.
അച്ഛന് മറ്റ് നൃത്തരൂപങ്ങളിലേക്ക് കൂടി തിരിയേണ്ട അവസ്ഥ പക്ഷേ വേണ്ടിവന്നിട്ടില്ല.

 

-സഹജമായി എത്തിച്ചേർന്നതല്ലാതിരുന്നിട്ടും ഒരു കഥകളി കലാകാരനായപ്പോൾ കണ്ടും വായിച്ചും പഠിച്ചും നിരീക്ഷിച്ചും ശീലിച്ചും ആ രംഗത്ത് നിഷ്ണാതനായ ഒരു വ്യക്തിയായിരുന്നു അച്ഛൻ. അച്ഛൻ കഥകളിക്കാരനല്ലായിരുന്നെങ്കിൽ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

കഥകളിക്കാരനായിരുന്നില്ലെങ്കിൽ നൂറ് ശതമാനവും അച്ഛൻ ഒരു നല്ല കൃഷിക്കാരനാവുമായിരുന്നു. കന്നുപൂട്ടലിലും ഒക്കെ വളരെ ഹരം തന്നെയായിരുന്നു. അവസാന കാലം വരെ തൊടിയിൽ പച്ചക്കറികൾ ഉണ്ടാക്കുന്നതിലും ഫലവൃക്ഷത്തൈകൾ നടുന്നതിലും മുറ്റത്ത് ചെടികൾ വളർത്തുന്നതിലും നല്ല താൽപര്യമായിരുന്നു... മക്കളോളം തന്നെയുള്ള ഇഷ്ടമുള്ള വൃക്ഷലതാദികൾ.
അതേപോലെ കിളികളോടും മറ്റ് മൃഗങ്ങളോടും വലിയ ഇഷ്ടമായിരുന്നു. കാറൽമണ്ണ വീട്ട് പറമ്പ് അക്കാലത്ത് വൃക്ഷ നിബിഡമായിരുന്നു. ധാരാളം തരത്തിലുള്ള കിളികൾ കലപിലയുമായി അച്ഛനുമായി സല്ലപിക്കും.
വേനൽക്കാലത്ത് അവയ്ക്ക് മുറ്റത്ത് വെള്ളം വെക്കും.  
അവയുടെ ചിട്ടകളൊക്കെ കാണാപ്പാഠം. ഓരോന്നിനേയും വേറെ വേറെ അറിയാം. എന്നിട്ട് ഞങ്ങളോട് വിവരിച്ചു തരും. 
അതായത്, ഓരോന്നിനും വരാൻ ഓരോ സമയമുണ്ട്.. കുളിക്കാനുള്ളവ മറ്റുള്ളവയുടെ കുടി കഴിയുന്നത് വരെ കാത്ത് നിൽക്കും. ഒരിക്കലും അവ ചിട്ട തെറ്റിക്കില്ല, സഹകരണവും പരസ്പര സ്‌നേഹവും അവരെ കണ്ട് പഠിക്കണം എന്നൊക്കെ. അച്ഛനെ ഡോക്ടറോ സർക്കാർ ഉദ്യോഗസ്ഥനോ അധ്യാപകനോ ഒന്നും ആയി കാണുവാൻ ഒരിക്കലും തോന്നിയിട്ടില്ല.

 

-അറുപത് വർഷം നീണ്ട കലാ ജീവിതത്തിൽ ഒരുപാട് പ്രശസ്തി നേടി. തീർച്ചയായും ജീവിച്ചിരുന്നെങ്കിൽ ഒരു പത്മശ്രീ അദ്ദേഹത്തെ തേടിയെത്തിയേനെ. എന്നാൽ ആനുപാതികമായ സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. അതിൽ പരിതാപമുണ്ടോ?

അച്ഛന് പത്മശ്രീ പുരസ്‌കാരം കിട്ടാതിരുന്നതിൽ ഒരുപക്ഷേ ഞങ്ങളേക്കാൾ വിഷമം ആസ്വാദകർക്കായിരിക്കും. അദ്ദേഹത്തിന് അത് എന്നേ ലഭിക്കേണ്ടതായിരുന്നു എന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്.
കിട്ടാതിരിക്കാൻ ഒരു കാരണം. നമ്മള് പറയില്ലേ.. രാഷ്ട്രീയമായ മുതലെടുപ്പ് നടത്താത്തത് കൊണ്ടോ ചിലരുടെ കാല് പിടിക്കാത്തത് കൊണ്ടോ ഒക്കെ ആണെന്നത് നിസ്സംശയമാണ്. അതിനൊക്കെ പല ചരടുവലികളും നടത്തണമായിരുന്നു എന്ന് ഇന്ന് ഞങ്ങൾക്കറിയാം.
പക്ഷേ അച്ഛന് അതിലൊന്നും ലവലേശം അസ്‌കിത ഉണ്ടായിരുന്നില്ല. 
തനിക്ക് ഉള്ളത്, അത് ചെറുതോ വലുതോ ആയ്‌ക്കോട്ടെ, തന്നെ തേടി വരും എന്ന് തന്നെ അച്ഛൻ ഉറപ്പായി വിശ്വസിച്ചു. ഓരോ ബഹുമതിയും അച്ഛനെ വിനയാന്വിതനാക്കി. അച്ഛന് ഏറ്റവും പ്രിയപ്പെട്ട പുരസ്‌കാരം, 1976 ൽ.. എത്ര വർഷം മുമ്പാണെന്ന് നോക്കൂ.. കോട്ടക്കൽ ശിവരാമൻ ഒരു സെലിബ്രിറ്റി ആകുന്നതിന് മുമ്പ് കാറൽമണ്ണക്കാർ നൽകിയ, കാറൽമണ്ണയുടെ മറ്റൊരു പ്രിയപുത്രനായ എ.എസ് രൂപകൽപന ചെയ്ത പതക്കവും മണിമാലയുമാണ്.
അതേ പോലെത്തന്നെ പറയുന്നതാണ് 'വന്ന വഴി മറക്കരുത്' എന്നത്.
ഒരു ദിവസം എറണാകുളം കഥകളി ക്ലബിൽ നിന്നും ഒരു കാർഡ് വന്നു. 
നളചരിതം നാലാം ദിവസത്തേക്കുള്ള ക്ഷണം. എണ്ണൂറ് രൂപയാണ് പ്രതിഫലം പറഞ്ഞിരിക്കുന്നത്.
അത് കണ്ട ഞാൻ പറഞ്ഞു. 
അച്ഛാ എണ്ണൂറ് രൂപക്ക് ഇത്രയും ദൂരം പോയി അഞ്ചാറ് മണിക്കൂർ വേഷം കെട്ടണോ? എന്തിനാ പോണത്?
പക്ഷേ അച്ഛൻ, ചെല്ലാം എന്ന് മറുപടി കൊടുത്തു.
അതിന് കാരണം പറഞ്ഞത്...
മോളേ... പണ്ടൊക്കെ വർഷകാലത്ത് കളിയും വരുമാനവുമില്ലാതെ ഇരിക്കുമ്പോൾ രക്ഷക്കെത്തിയിരുന്നത് ഇത്തരം ക്ലബുകളുടെ കളിയാണ്. ഇത്തരം ഒരു ക്ഷണത്തിന് വേണ്ടി കാത്തിരുന്നിട്ടുണ്ട് എന്നാണ്. അതൊരു സത്യമുള്ള കാര്യമാണ് എന്നെന്നെ മനസ്സിലാക്കിച്ചു. അതായിരുന്നു അച്ഛന്റെ കലാപരവും സാമ്പത്തികവുമായുള്ള നിലപാടുകൾ.

അമ്മയുടെ ചെറിയ കുട്ടിയായിരുന്നിട്ടും അച്ഛന്റെ അകാല മരണം കാരണമുണ്ടായ ദാരിദ്ര്യം മൂലം വേണ്ടത്ര ലാളനയോ പരിഗണനയോ അദ്ദേഹത്തിന് ലഭിച്ചില്ല. അമ്മാവനായ വാഴേങ്കട കുഞ്ഞുണ്ണി നായർ ആശാൻ മുഖാന്തിരം അങ്ങനെയാണ് കഥകളി ലോകത്ത് എത്തിപ്പെട്ടത്. എന്നാൽ സ്വന്തം മകളെ അദ്ദേഹം തന്റെ പാരമ്പര്യം തുടരാൻ കലാമണ്ഡലത്തിൽ അയച്ചു പഠിപ്പിച്ചു.

 

-അമ്പിളിയുടെ മകൾക്ക് കലാരംഗത്ത് താൽപര്യമുണ്ടോ? നൃത്തം ശാസ്ത്രീയമായി അഭ്യസിച്ചിട്ടുണ്ടോ?

സത്യത്തിൽ കലാമണ്ഡലത്തിൽ ചേരുക എന്നത് അച്ഛന്റെ ആഗ്രഹമായിരുന്നില്ല, എന്റെ നിർബന്ധമായിരുന്നു. അച്ഛന് എന്നെ സാധാരണ പോലെത്തന്നെ കഴിയുന്നത്ര പഠിപ്പിക്കണം എന്നായിരുന്നു. അതിന് ഒരു കാരണം അച്ഛന് ആറാം ക്ലാസ് വരെ മാത്രമേ പഠിക്കാൻ കഴിഞ്ഞുള്ളൂ എന്നത് തന്നെയാണ്. പിന്നെ മറ്റൊന്ന് കഥകളിയുടെ അത്ര തന്നെയില്ലെങ്കിലും അതിന്റെ പിന്നിലെ കഠിനാധ്വാനം എനിക്ക് പറ്റുമോ എന്ന ശങ്കയും.
ഇന്റർവ്യൂവിന് പോയപ്പോൾ പോലും അച്ഛൻ കൂടെ വന്നില്ല. ഇന്റർവ്യൂ ബോർഡിലുണ്ടായിരുന്നവർ എല്ലാവരും തന്നെ എനിക്ക് പരിചിതർ. 
എനിക്കവിടം സ്വന്തം വീട് പോലെത്തന്നെയായിരുന്നു.
ചെറിയ കുട്ടിയായത് കാരണം കൂടുതൽ കൊഞ്ചിച്ചും ലാളിച്ചും വളർത്തിയ കാരണം ഹോസ്റ്റലിൽ കൊണ്ടാക്കുന്നത് അച്ഛന് ഓർക്കാവുന്നതിൽ കൂടുതലായിരുന്നു.
പിന്നെപ്പിന്നെയാണ് അതുമായി താദാത്മ്യം പ്രാപിച്ചത്.
എന്റെ മകൾ പ്രൊഫഷണൽ ആയി പഠിച്ചിട്ടില്ല. പക്ഷേ അവൾ നന്നായി നൃത്തം ചെയ്യും. മറ്റ് കലകളും വഴങ്ങും. ചേച്ചിയുടെ മകളും നന്നായി പാടുകയും നൃത്തം ചെയ്യുകയും ചെയ്യും. അനിയന്റെ മകനാണ് പക്ഷേ കഥകളി ഭ്രാന്തുള്ളത്. ഒരു അഞ്ചെട്ട് വയസ്സുള്ളപ്പോൾ മുതൽ കളിവിളക്ക് കൊളുത്തുന്നത് മുതൽ നേരം പുലരുന്നത് വരെ ഇരുന്ന ഇരിപ്പിൽ കളി കാണും. എനിക്ക് വരെ കഴിയാത്ത കാര്യം.

 

-അമ്പിളിയുടെ നൃത്താവിഷ്‌കാരങ്ങളിലും കലാ ജീവിതത്തിലും അച്ഛന്റെ സ്വാധീനം?

മോഹിനിയാട്ടത്തിലെ ഭാവ വിന്യാസങ്ങൾ, മുദ്രകളുടെ വിവിധ പ്രയോഗങ്ങൾ, നോട്ടം തുടങ്ങിയവയെക്കുറിച്ച് വിശദമായി പറഞ്ഞു തന്നിട്ടുണ്ട്. എന്റെ വിവാഹത്തിനു ശേഷവും വീട്ടിൽ വന്ന് മണിക്കൂറുകളോളം അച്ഛനുമായി ഇന്റർആക്ട് ചെയ്യാൻ എന്റെ ഭർത്താവും പരിപൂർണ പിന്തുണ തന്നിട്ടുണ്ട്. 
പക്ഷേ, ഒരു കാര്യം അച്ഛൻ അർഥശങ്കക്കിടയില്ലാത്ത വിധം പറഞ്ഞിട്ടുണ്ട്. കലയോട് എത്ര പാഷൻ ഉണ്ടെങ്കിലും അത് ഒരിക്കലും കുടുംബ ജീവിതത്തിന് വിഘാതമാവുന്ന തരത്തിലായിരിക്കരുത്. അതിന് നല്ലൊരു കാർക്കശ്യം തന്നെ ഉണ്ടായിരുന്നു.


നൃത്തം, പ്രോഗ്രാമുകൾ ഒക്കെ ആവാം. പക്ഷേ കുടുംബം.. അവിടെ ഒരു താളപ്പിഴ ഉണ്ടാകരുത് എന്ന് നിരന്തരം ഓർമിപ്പിച്ചിരുന്നു. അതുകൊണ്ടു തന്നെ ഞാനൊക്കെ കുടുംബത്തിന് കൂടുതൽ പ്രാധാന്യം കൊടുത്തു. അതെന്നെ എന്റെ പ്രൊഫഷനിൽ കൂടുതൽ ഉന്നതിയിലെത്തിച്ചില്ലെങ്കിലും അച്ഛന് നൽകിയ വാക്ക് പാലിച്ചു എന്ന ചാരിതാർഥ്യമുണ്ട്.

കഥകളി സാമ്രാജ്യത്തിലെ ഈ യുഗപ്രഭാവന് ജന്മനാട്ടിൽ അർഹിക്കുന്ന ഒരു സ്മാരകം സ്ഥാപിച്ച് നമ്മുടെ ആദരം പ്രകടിപ്പിക്കേണ്ട സമയം കഴിഞ്ഞു പോയില്ലേ എന്ന കുറ്റബോധമാണ് അമ്പിളിയുമായുള്ള ദീർഘ സംഭാഷണത്തിലുടനീളം എന്നിൽ നിറഞ്ഞു നിന്നത്.