Sorry, you need to enable JavaScript to visit this website.

രാജ്യസഭാ ടി.വി കണ്ണടച്ചപ്പോൾ 

രാജ്യമൊട്ടാകെയും രാജ്യസഭയ്ക്കുള്ളിലും സ്വന്തം മുന്നണിയിൽ നിന്ന് പോലും ഇരമ്പുന്ന പ്രതിഷേധം വകവയ്ക്കാതെ വിവാദ കർഷക ബില്ലുകൾ കോവിഡ് കാലത്ത് തിരക്കിട്ട് അവതരിപ്പിച്ച് ശബ്ദവോട്ടോടെ പാസാക്കി എന്നു വരുത്തിയ കേന്ദ്ര സർക്കാർ നടപടി ദുരൂഹമാണ്. ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയിൽ ആഞ്ഞടിച്ച പ്രതിഷേധം രാജ്യമറിയാതിരിക്കാൻ രാജ്യസഭാ ടി.വി ലൈവ് കട്ട് ചെയ്തിരുന്നുവെന്ന് കേരളത്തിലെ മന്ത്രി ജി.സുധാകരൻ. 


ബില്ലുകൾ വോട്ടിനിടണമെന്നതും, പരിശോധനക്കായി സെലക്ട് കമ്മിറ്റിക്ക് വിടണമെന്നുള്ള പ്രതിപക്ഷ ആവശ്യം തള്ളിയും രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവൻഷ് നാരായൺ സിംഗ് സർക്കാരിന്റെ കർഷകദ്രോഹത്തിനും കോർപറേറ്റ് പ്രേമത്തിനും കുട പിടിച്ചുവെന്ന് മന്ത്രി മുഖപുസ്തകത്തിൽ രേഖപ്പെടുത്തി. ആകെ ഒരു സമാധാനം കേരളത്തിൽ നിന്നുള്ള രണ്ട് എം.പിമാർ പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചുവെന്നതാണ്. ഇത്തരം സന്ദർഭങ്ങളിലാണ് സീതാറാം യെച്ചൂരിയെ പോലൊരു സഖാവിന്റെ സാന്നിധ്യം ആരും കൊതിച്ചുപോവുക. 

***    ***    ***

യു.എ.ഇയിൽനിന്ന് വന്ന നയതന്ത്ര ബാഗേജ് വഴി സ്വർണക്കടത്ത് നടന്നിട്ടുണ്ടാവാമെന്ന് മന്ത്രി കെ.ടി ജലീൽ. അത് നടന്നിട്ടില്ലെന്ന് പറയാൻ ഞാൻ ആളല്ല. എന്നാൽ എന്റെ അറിവോ പങ്കോ അതിലുണ്ടായിരുന്നില്ലെന്നും ജലീൽ പറഞ്ഞു. മാധ്യമങ്ങളിൽ നിന്നും അകന്നു നിന്നിരുന്ന അദ്ദേഹം റിപ്പോർട്ടർ എഡിറ്റർ ഇൻ ചീഫ് എം.വി നികേഷ് കുമാറിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. ഖുർആൻ കോപ്പികൾ താൻ ഏറ്റുവാങ്ങിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പള്ളികളിലോ മറ്റോ ഖുർആൻ വിതരണം ചെയ്യാൻ കഴിയുമോ എന്ന് ചോദിച്ചപ്പോൾ സ്ഥലമുണ്ട് എന്ന് മാത്രമാണ് യു.എ.ഇ കോൺസുലേറ്റിനോട് താൻ അറിയിച്ചതെന്നും ജലീൽ പറഞ്ഞു. സർക്കാരിന് കൂടുതൽ ചെലവുകൾ വരാതെ എത്തിക്കാം എന്നാണ് ഞാൻ പറഞ്ഞത്. അങ്ങനെയാണ് സി-ആപ്റ്റിന്റെ വാഹനത്തിൽ കൊണ്ടുപോയത്. അതെല്ലാം ഇവിടെ സാധാരണയായി നടക്കുന്ന കാര്യമാണെന്നും ജലീൽ പറഞ്ഞു. തനിക്ക് തന്ന പാക്കറ്റുകൾ സുരക്ഷിതമാണെന്നും 31 പാക്കറ്റുകൾ പൊട്ടിച്ചിട്ടില്ലെന്നും ഒരു പാക്കറ്റ് മാത്രമാണ് പൊട്ടിച്ചതെന്നും ജലീൽ വ്യക്തമാക്കി

ഡിപ്ലോമാറ്റിക് ബാഗേജിലാണ് സ്വർണം വന്നതെന്നും ഖുർആൻ വന്നത് ഡിപ്ലോമാറ്റിക് കാർഗോയിലാണെന്നും മന്ത്രി അഭിമുഖത്തിൽ പറഞ്ഞു. ഇതു കഴിഞ്ഞ് മന്ത്രി പല ചാനലുകളിലും കയറിയിറങ്ങി അഭിമുഖങ്ങൾ നൽകി. എല്ലാം അന്വേഷണ ഏജൻസികളുടെ ജോലി എളുപ്പമാക്കുന്ന ചോദ്യോത്തരങ്ങൾ. മനോരമ ന്യൂസിലെ ജോണി ലൂക്കോസിന്റെ അഭിമുഖം ആരെയും പ്രയാസപ്പെടുത്താത്ത ഒന്നാണ്. നേരെ ചൊവ്വേയിലും മന്ത്രി പെട്ടു. സാമ്പിൾ- മന്ത്രിയ്ക്ക് വന്ന ബാഗേജ് ഉദ്യോഗസ്ഥർ തുറന്നത് ശരിയായ നടപടിക്രമമാണോ എന്ന ചോദ്യത്തിന് അതിലെന്താണ് തെറ്റ്, അതിൽ പരിശുദ്ധ ഖുർആൻ ആണല്ലോ. എന്നാലും മന്ത്രിയുടെ അസാന്നിധ്യത്തിൽ തുറക്കുന്നതിൽ അനൗചിത്യമില്ലേ എന്ന് ചോദിച്ചപ്പോൾ അതിൽ എന്താണെന്നറിയാനുള്ള കൗതുകം കൊണ്ട് തുറന്നതായിരിക്കുമെന്നാണ് മന്ത്രി പുംഗവന്റെ മറുപടി. അടിപൊളി ഉന്നത വിദ്യാഭ്യാസം. ന്യൂസ്-18 അഭിമുഖത്തിൽ ബന്ധു അദീബിന്റെ നിയമനം സംബന്ധിച്ച ചോദ്യത്തിനുള്ള ഉത്തരവും എതിരാളികൾക്ക് അമ്പലപ്പുഴ പാൽപ്പായസം പോലെയായി. അദീബ് രാജിവെച്ചു പോയത് അദ്ദേഹത്തിന് മാനമുള്ളത് കൊണ്ടെന്നൊക്കെ പറഞ്ഞ് സെൽഫ് ഗോളടിച്ചത് സമൂഹ മാധ്യമങ്ങളിൽ ആഘോഷമായി.

***    ***    ***

കോവിഡ് നമ്മുടെ ജീവിത രീതിയാകെ താളം തെറ്റിച്ചു. എന്നിരുന്നാലും ഒരു സമാധാനമുണ്ടായിരുന്നത് കണ്ണീർ പരമ്പര കണ്ട് അടുത്ത ദിവസം ഇതേ സമയം വരെ ആകാംക്ഷയോടെ കാത്തിരിക്കാമെന്നതായിരുന്നു. ഇനി അതിനും തടസ്സം നേരിടുമെന്നാണ് സൂചന. കോവിഡ് പ്രതിസന്ധി ഏറ്റവും അധികം ബാധിച്ചിരിക്കുന്ന മേഖലയാണ് സിനിമ, സീരിയൽ മേഖല. കോവിഡ് വ്യാപനത്തെ തുടർന്ന് മാസങ്ങളോളം സീരിയൽ ചിത്രീകരണം നിർത്തിവെക്കേണ്ടി വന്നു. പിന്നീട് ഒരിടവേളയ്ക്ക് ശേഷം നിയന്ത്രണങ്ങളോടെ സീരിയൽ ചിത്രീകരണം പുനരാരംഭിച്ചിരിക്കുകയായിരുന്നു. ഇപ്പോഴിതാ വീണ്ടും സീരിയലുകളുടെ ഷൂട്ടിങ് നിർത്തിവെക്കുകയാണ്. സീരിയൽ ലൊക്കേഷനുകളിലെ 42 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണിത്. പ്രധാന താരങ്ങൾക്കടക്കമാണ് കോവിഡ് ബാധിച്ചത്. 


മഴവിൽ മനോരമയിലെ ചാക്കോയും മേരിയും എന്ന സീരിയലിലെ 25 പേർക്കും കൂടത്തായി എന്ന സീരിയലിലെ ഒരാൾക്കും സീ കേരളത്തിലെ ഞാനും നീയും എന്ന സീരിയൽ ലൊക്കേഷനിലെ 16 പേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ഇവയുടെ ഷൂട്ടിങ് നിർത്തിവെച്ചു. ഇവരുമായി സമ്പർക്കത്തിലേർപ്പെട്ട താരങ്ങളെല്ലാം നിരീക്ഷണത്തിലാണ്.

***    ***    ***

ലൈഫ് മിഷൻ ആരോപണങ്ങളുമായി ബന്ധപ്പെട്ട് തന്നെയും തദ്ദേശ മന്ത്രിയേയുമൊക്കെ ചോദ്യം ചെയ്യുമെന്ന പൂതി മനസിൽ െവച്ചാൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പത്രസമ്മേളനത്തിൽ ഉയർന്ന ചോദ്യത്തോട് അത്യന്തം ക്ഷുഭിതനായാണു മുഖ്യമന്ത്രി പ്രതികരിച്ചത്. വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതു സി.ബി.ഐ അന്വേഷണസാധ്യത തടയാനാണെന്ന് ആക്ഷേപമുണ്ടല്ലോയെന്നായിരുന്നു ചോദ്യം. അതാണു നിങ്ങളുടെയൊക്കെ മാനസികാവസ്ഥയ്ക്കുള്ള തകരാറെന്നു പറഞ്ഞാണ് മുഖ്യമന്ത്രി മറുപടിയാരംഭിച്ചത്. 'ഞാൻ നന്നാവൂല അമ്മാവാ' എന്ന പഴയ കാലത്തെ കുട്ടിയുടെ മാനസികാവസ്ഥയിൽ ചോദ്യം ചോദിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ ഇതാകും അവസ്ഥ. നിങ്ങളെന്തേ അന്വേഷണം നടത്തുന്നില്ലെന്നായിരുന്നു ആദ്യത്തെ വർത്തമാനം.

അന്വേഷണം തീരുമാനിച്ചപ്പോൾ നിങ്ങളെന്തോ ഭയപ്പെട്ടിട്ടാണെന്നായി. യഥാർഥ വസ്തുത സംബന്ധിച്ചാണ് അന്വേഷണം. അതുമായി ബന്ധപ്പെട്ട് മറ്റെന്തെങ്കിലും വേണമെങ്കിൽ അന്വേഷണ ഏജൻസി പറയും. വിജിലൻസ് സ്വതന്ത്ര ഏജൻസിയാണ്. എന്ത് അസംബന്ധവും വിളിച്ചുപറയാൻ നാക്കുണ്ടെന്നു കരുതി എന്തും പറയരുത്. അതിനല്ലല്ലോ പത്രസമ്മേളനം. നിങ്ങൾക്കു വേറെന്തോ ഉദ്ദേശ്യമുണ്ട്. അതിനു വഴങ്ങാൻ തയാറല്ല. വേറെ ഉദ്ദേശ്യം മനസിൽ െവച്ചാൽ മതി. ആദ്യം മാധ്യമ പ്രവർത്തകനുണ്ടാവേണ്ട ഗുണം ആർജിക്കാൻ നോക്ക് -മുഖ്യമന്ത്രി പറഞ്ഞു. ഏതായാലും അധികം വൈകാതെ നേരറിയാൻ സി.ബി.ഐ കേരളത്തിലെത്തിയിട്ടുണ്ട്.

***    ***    ***

ഏതാനും വർഷങ്ങൾക്കപ്പുറം റിപ്പോർട്ടിംഗ് അസൈൻമെന്റുമായി ബഹ്‌റൈനിലെത്തിയ വേള. ബഹ്‌റൈനിലെ മലയാളം ന്യൂസ് ലേഖകൻ അശോക് കുമാർ അപ്രതീക്ഷിതമായി രാവിലെ തന്നെ വിളിക്കുന്നു. പത്ത് മണിയ്‌ക്കെത്തിയാൽ പ്രകാശ് പദുകോണിനെ ഇന്റർവ്യൂ ചെയ്യാം. അപൂർവമായി ലഭിക്കുന്ന അവസരം പാഴാക്കേണ്ടെന്ന് വെച്ച് ഉടൻ പുറപ്പെട്ടു. അദ്ദേഹം ആമുഖമായി ഒരു കാര്യം പറഞ്ഞു. കുടുംബത്തെ ബാധിക്കുന്നതല്ലാത്ത ഏത് വിഷയത്തെ കുറിച്ചും ചോദിക്കാം. ഇതിപ്പോൾ ഓർത്തെടുക്കാൻ കാര്യം ദീപികയുടെ അനുഭവം കണ്ടപ്പോഴാണ്. 
കർഷകരുടെ നട്ടെല്ലൊടിഞ്ഞതും ജി.ഡി.പി കൂപ്പ് കുത്തിയതും അവിടെ നിൽക്കട്ടെ. ദീപികയെ സന്മാർഗത്തിലേക്ക് നയിക്കാനാവുമോയെന്ന് നമുക്കൊന്ന് നോക്കാം. പെൺകുട്ടികളായാൽ കുറച്ച് അടക്കവും ഒതുക്കവുമൊക്കെ വേണ്ടേ എന്ന പിന്തിരിപ്പൻ മൂരാച്ചി ലൈൻ. മോഡലായെത്തി ബോളിവുഡിൽ ഏറ്റവും പ്രതിഫലം വാങ്ങുന്നവരിൽ ഒരാളാണ് താരം. എന്നു വെച്ച് ആളുകളെ കൊണ്ട് അതും ഇതും പറയിപ്പിക്കുന്നത് ശരിയോ? ദീപികയെ ശരിയാക്കുന്നതിന്റെ ക്വട്ടേഷൻ ഏറ്റെടുത്തത് റിപ്പബ്ലിക് ടി.വിയാണ്. 


മൂന്ന് വർഷം മുമ്പ് 2017 ൽ ദീപിക ഏതോ മയക്കുമരുന്ന് ഏജന്റിനോട് വിലനിലവാരം അന്വേഷിച്ചതാണ് റിപ്പബ്ലിക് പുറത്തു വിട്ടത്. വാട്‌സ്ആപ്പ് ചാറ്റിലൂടെയാണ് അന്വേഷണമെന്ന് അർണബ് ഗോസ്വാമിയുടെ ചാനൽ. എന്തൊരു കരുതലും ജാഗ്രതയും. ഏതായാലും നാർകോട്ടിക് ക്രൈം ബ്യൂറോ സംഗതി ഗൗരവത്തിലെടുത്തിട്ടുണ്ട്. ദീപിക പദുകോൺ ഈ വർഷാദ്യം മുംബൈ ഗേറ്റ് വേ ഓഫ് ഇന്ത്യയിലെ പൗരത്വ നിയമ ഭേദഗതി വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്തിരുന്നു. ദൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെത്തി സമരക്കാരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. വാട്‌സ്ആപ്പ് ചാറ്റുകളുടെ പേരിൽ നടിമാർക്ക് സമൻസ് അയയ്ക്കുന്ന നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ എന്തുകൊണ്ട് മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ട് എന്ന് പരസ്യമായി വെളിപ്പെടുത്തിയ കങ്കണ റണാവത്തിനെതിരെ നടപടിയെടുക്കുന്നില്ല എന്നതാണ് നഗ്മയുടെ ചോദ്യം. ട്വീറ്റിലൂടെയാണ് നഗ്മ പ്രതിഷേധം തുറന്നു വ്യക്തമാക്കിയത്. വാട്‌സ്ആപ്പ് ചാറ്റുകൾ ചോർത്തി നൽകി അഭിനേത്രിമാരുടെ പ്രതിച്ഛായ ഇല്ലാതാക്കുന്നതാണോ എൻ.സി.ബിയുടെ ജോലി എന്നും താരം ചോദിക്കുന്നു.

***    ***    ***

മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാം വിട വാങ്ങിയ വേളയിലാണ് സമൂഹ മാധ്യമങ്ങൾ ഇതുപോലെ സങ്കടക്കടലായത്. ഒരു ഘട്ടത്തിൽ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രതീക്ഷയുണർത്തിയാണ് എസ്.പി ബാലസുബ്രഹ്മണ്യം കടന്നുപോയത്. വെള്ളിയാഴ്ച ഉച്ച മുതൽ ഫേസ്ബുക്ക്, ട്വിറ്റർ, വാട്‌സ്ആപ്പ് എന്നിവയിലെല്ലാം എസ്.പി.ബിയ്ക്ക് ആളുകൾ ആദരാഞ്ജലി അർപ്പിച്ചു വരികയാണ്. വിവിധ ഭാഷകളിലായി 40,000 ത്തോളം ഗാനങ്ങൾ ആലപിച്ചിട്ടുള്ള എസ്.പി.ബി ബോളിവുഡിന് സമ്മാനിച്ചതും ഇന്നും ആരാധകർ പാടി നടക്കുന്നവയാണ്. സൽമാൻ ഖാൻ അഭിനയിച്ച 'മേനെ പ്യാർ കിയ' എന്ന ചിത്രത്തിലെ 'ദിൽ ദീവാന' എന്ന ഗാനം വലിയ ഹിറ്റായിരുന്നു. അതുപോലെ 'ഹം ആപ് കെ ഹേ കോൻ, പത്ഥൻ കെ.ഫൂൽ, ലൗ, സാജൻ, അന്താസ്, അപ്‌ന അപ്‌ന' തുടങ്ങി നിരവധി സിനിമകളിലായി വർഷങ്ങളോളം എസ്.പി.ബി സൽമാൻ ഖാന്റെ ശബ്ദമായി മാറിയിരുന്നു.


സഞ്ജയ് ദത്തും സൽമാൻ ഖാനും നായകന്മാരായിട്ടെത്തിയ ചിത്രമായിരുന്നു സാജൻ. ചിത്രത്തിലെ പാട്ടുകളിൽ സൽമാന് വേണ്ടി എസ്.പി.ബിയും സഞ്ജയ്ക്ക് വേണ്ടി കുമാർ സനുവുമായിരുന്നു ശബ്ദം നൽകിയത്. സാജൻ എന്ന ചിത്രത്തിലെ 'ബഹുത് പ്യാർ കർതെ ഹേ' എന്ന പാട്ട് ഇന്നും എസ്.പി.ബിയുടെ കരിയറിലെ ഏറ്റവും ഹിറ്റ് പാട്ടുകളിലൊന്നാണ്. അദ്ദേഹത്തിന്റെ ശബ്ദം ഗാനങ്ങളിലൂടെ മാത്രമല്ല ഇനി ജീവിക്കുക, 'ഗാന്ധി' എന്ന സിനിമയിലൂടെയുമാണ്. 1982 ൽ റിച്ചാർഡ് അറ്റൻബറോയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ തെലുങ്ക് പതിപ്പിൽ ഗാന്ധിജിക്ക് ശബ്ദം നൽകിയത് എസ്.പി ബാലസുബ്രഹ്മണ്യം ആയിരുന്നു.


മാത്രമല്ല ദശാവതാരം എന്ന കമലഹാസൻ ചിത്രം തെലുങ്കിൽ എത്തിയപ്പോൾ ഉലകനായകൻ സംസാരിച്ചത് എസ്.പി.ബിയുടെ ശബ്ദത്തിലാണ്. പാട്ടുകളിലൂടെ എസ്.പി.ബി നൽകിയ സംഭാവനകൾ ഒരിക്കലും മറക്കാൻ കഴിയാത്തതാണ്. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി എന്നിങ്ങനെ ഇന്ത്യയിലെ എല്ലാ ഭാഷകളിലും തന്നെ സൂപ്പർഹിറ്റ് പാട്ടുകൾ പാടിയ അദ്ദേഹം ഇന്ത്യയെന്ന മഹത്തായ രാജ്യത്തിന്റെ ഐക്യത്തിന്റെ പ്രതീകം കൂടിയായിരുന്നു. ഗാനങ്ങളുടെ ചക്രവർത്തിയ്ക്ക് ആദരാഞ്ജലികൾ. 

Latest News