പ്രവാസികളുടെ ശബ്ദമായി കെ.പി.സി.സി നിർവാഹക സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലപ്പുറത്തുകാരൻ അഹമ്മദ് പുളിക്കൽ എന്ന വലിയാപ്പുവിന്റെ സാമൂഹിക ജീവിതത്തിലെ നാലു പതിറ്റാണ്ടിന്റെ അനുഭവങ്ങളിലൂടെ...
മലപ്പുറം കൊണ്ടോട്ടിക്കടുത്ത നെടിയിരുപ്പ് ഗ്രാമത്തിന് ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഒട്ടേറെ ധീരമായ ഓർമകൾ അയവിറക്കാനുണ്ട്. ഫ്യൂഡലിസത്തിന് നന്മയുടേയും ചില അംശങ്ങളുണ്ടെന്ന് തെളിയിച്ച നെടിയിരുപ്പ് സ്വരൂപത്തിന്റെ സമര പൈതൃകം കൊണ്ട് ചോരപ്പൂക്കൾ നിറഞ്ഞ പ്രദേശത്ത് നിന്നാണ് അഹമ്മദ് പുളിക്കൽ അഥവാ, പ്രവാസികളുടെ സ്വന്തം വലിയാപ്പു വരുന്നത്. മലപ്പുറം ജില്ല പിറവിയെടുക്കും മുമ്പ് തന്നെ കോൺഗ്രസ് രാഷ്ട്രീയത്തിന് ഏറനാട്ടിൽ വേരോട്ടമുണ്ടായിരുന്ന പ്രദേശങ്ങളിലൊന്നാണ് നെടിയിരുപ്പ്. അവിടെ കോൺഗ്രസ് കുടുംബത്തിന്റെ താവഴിയിൽ ജനിച്ച വലിയാപ്പു, സൗദിയിൽ നാലു പതിറ്റാണ്ടിലേറെയായി പ്രവാസമാരംഭിച്ചിട്ട്. എഴുപതുകളുടെ തുടക്കത്തിൽ ജിദ്ദയിലെത്തിയ വലിയാപ്പു, നാഷനൽ കൊമേഴ്‌സ്യൽ ബാങ്കിൽ (എൻ.സി.ബി) ഉദ്യോഗസ്ഥനായാണ് പ്രവാസത്തിന് തുടക്കം കുറിച്ചത്.
പൊതുവെ അന്തർമുഖത്വമായിരുന്നു ജീവിതമുദ്രയെങ്കിലും സാമൂഹിക, ജീവകാരുണ്യ രംഗങ്ങളിൽ അക്കാലത്ത് തന്നെ സജീവമായിരുന്നു, മമ്പാട് എം.ഇ.എസ് കോളേജിലെ മുൻ കെ.എസ്.യുക്കാരൻ കൂടിയായ വലിയാപ്പു. ജിദ്ദയിൽ ഇന്ത്യൻ എംബസി പ്രവർത്തിച്ചു കൊണ്ടിരുന്ന അക്കാലത്ത് ഹജിനെത്തുന്ന മലയാളികളെ സഹായിക്കാനും തൊഴിലുടമകളുടെ ചൂഷണത്തിന് വിധേയരായ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും ചില സുഹൃത്തുക്കളോടൊപ്പം വലിയാപ്പുവും സജീവമായി രംഗത്തിറങ്ങി. ജിദ്ദയിലെ ആദ്യത്തെ ഇന്ത്യൻ സാംസ്‌കാരിക കൂട്ടായ്മകളിലൊന്നായ ഇന്ത്യൻ ഫൈനാർട്‌സ് അസോസിയേഷന്റെ (ഐ.എഫ്.എ) പ്രധാന സാരഥികളിലൊരാളായി അദ്ദേഹം. ആർ.നാരായണൻ, ഇ.കെ നായർ തുടങ്ങിയവരോടൊപ്പമായിരുന്നു, ജിദ്ദ ബലദിലെ സ്വന്തം ഫഌറ്റിൽ ഐ.എഫ്.എക്ക് രൂപം നൽകിയത്. ജിദ്ദയിലെ ആദ്യകാല പ്രവാസി പരേതനായ വല്ലാഞ്ചിറ മുഹമ്മദലിയും മറ്റും ഈ സംഘടനക്ക് ധാർമിക പിന്തുണ നൽകിയവരിലുൾപ്പെടും.
അക്കാലത്ത് തന്നെ കോൺഗ്രസിന്റെ പ്രവാസി പോഷക സംഘടനയായി ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന് ജിദ്ദ റുവൈസിൽ ചേർന്ന യോഗം രൂപം നൽകി. വലിയാപ്പു തന്നെയായിരുന്നു ഇതിന്റെയും മുൻനിരയിൽ. ചെമ്പൻ മൊയ്തീൻകുട്ടി, സി.എം കുട്ടി, കല്ലട കുട്ടിഹസൻ, വാളപ്ര മുഹമ്മദ് കുഞ്ഞി, പാപ്പറ്റ കുഞ്ഞിമുഹമ്മദ്, അലവി ആറുവീട്ടിൽ, ചെമ്പൻ അബ്ബാസ് തുടങ്ങിയ പല പ്രവർത്തകരും നേതാക്കളും ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ വളർച്ചയ്ക്ക് പിന്നിലെ വലിയാപ്പുവിന് പിന്തുണ നൽകിയ ശക്തികളായിരുന്നു. ഇന്ത്യൻ കൾച്ചറൽ കോൺഗ്രസാണ് പിൽക്കാലത്ത് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസായി (ഒ.ഐ.സി.സി) സൗദിയിലും മറ്റ് ഗൾഫ് നാടുകളിലും നിരവധി ശാഖകളുള്ള വലിയൊരു കോൺഗ്രസ് അനുകൂല പ്രസ്ഥാനമായി വളർന്നത്.
രണ്ടര പതിറ്റാണ്ടിനു ശേഷം ജിദ്ദയിൽ നിന്ന് ദമാമിലേക്ക് മാറിയ വലിയാപ്പു, കിഴക്കൻ പ്രവിശ്യയിലെ ആതുരസേവന രംഗത്ത് കാരുണ്യത്തിന്റെ പുതിയ കൈയൊപ്പ് ചാർത്തി. സാമൂഹിക പ്രതിബദ്ധതയും ജീവകാരുണ്യ പ്രവർത്തനങ്ങളും പ്രധാനമെന്ന മുദ്രാവാക്യവുമായാണ് 1997 ൽ ബദർ അൽറബീഹ് പോളിക്ലിനിക്കിന് ആരംഭം കുറിച്ചത്.

ജിദ്ദയിലേയും മക്ക, മദീന എന്നിവിടങ്ങളിലേയും സാമൂഹിക പ്രവർത്തനത്തിന്റെ ട്രാക്ക് റെക്കോർഡുമായി ദമാമിലെത്തിയ വലിയാപ്പുവിന്, അവിടെയും കേവലം ബിസിനസുമായി ചടഞ്ഞിരിക്കാൻ സാധ്യമാകാതെ വന്നു. കിഴക്കൻ മേഖലയിലെ കോൺഗ്രസ് അനുഭാവികൾക്ക് പൊതു കൂട്ടായ്മ എന്ന ലക്ഷ്യവുമായി അവരെ ഒരു കുടക്കീഴിൽ അണി നിരത്താനും മുന്നോട്ട് നയിക്കാനും അദ്ദേഹം മുൻകൈയെടുത്തു. കേരളത്തിലെ കോൺഗ്രസ് നേതാക്കളുമായി ആത്മബന്ധം സ്ഥാപിച്ചിരുന്നതിനാൽ മിക്ക നേതാക്കളും വലിയാപ്പുവിന്റെ ക്ഷണമനുസരിച്ച് സൗദിയിലെത്തുകയും ഒ.ഐ.സി.സി പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുകയും ചെയ്തു. ജിദ്ദയിലാകുമ്പോഴും ഹജ് പ്രതിനിധികളായും സൗഹൃദ പ്രതിനിധികളായും മറ്റും എത്തുന്ന കോൺഗ്രസിന്റെ ദേശീയ-സംസ്ഥാന നേതാക്കളുടെയെല്ലാം ആതിഥേയൻ വലിയാപ്പു തന്നെയായിരുന്നു. പി.എം. സഈദ്, ഗുലാം നബി ആസാദ്, സൽമാൻ ഖുർഷിദ്, നജ്മാ ഹെപ്ത്തുല്ല, ടി. എച്ച്. മുസ്തഫ, അമിതാബ് കാന്ത് ഐ. എ. എസ് എന്നിവരെല്ലാം ഔദ്യോഗികമായും അനൗദ്യോഗികമായും സൗദിയിൽ പര്യടനം നടത്തുമ്പോൾ, വലിയാപ്പുവിന്റെ അതിഥികളായാണ് താമസിച്ചിരുന്നത് എന്നതിന് ഈ ലേഖകൻ സാക്ഷിയാണ്.
ദമാമിലെത്തിയ ശേഷം ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡന്റ്, ലീഡർ സ്റ്റഡി സെന്റർ സൗദി കമ്മിറ്റി ചെയർമാൻ, കാലിക്കറ്റ് എയർപോർട്ട് യൂസേഴ്‌സ് ഫോറം ചെയർമാൻ, മലബാർ എയർപോർട്ട് ഡവലപ്‌മെന്റ് ആക്ഷൻ കമ്മിറ്റി (മഡാക്) വൈസ് പ്രസിഡന്റ് തുടങ്ങി നിരവധി ഔദ്യോഗിക സാരഥ്യം വഹിക്കുന്നയാളാണ് വലിയാപ്പു. ഒ.ഐ.സി.സിയുടെ സന്നദ്ധ പ്രവർത്തനങ്ങളിലും ജീവകാരുണ്യ മേഖലയിലുമെല്ലാം സദാ സജീവവുമാണ്. സാമൂഹിക രംഗങ്ങളിലെ നിസ്വാർഥ പ്രവർത്തനങ്ങൾ മാനിച്ച് ചെറുതും വലുതുമായ കൂട്ടായ്മകളുടെ നിരവധി അംഗീകാരങ്ങളും പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
പ്രവാസലോകത്ത് നിന്ന് ആദ്യമായാണ് ഒരു നേതാവിനെ കെ.പി.സി.സി എക്‌സിക്യൂട്ടീവിലേക്ക് തെരഞ്ഞെടുക്കുന്നതെന്നത് വലിയാപ്പുവിന്റെ പ്രവർത്തന മികവിന്റെ ആദരവും അംഗീകാരവും കൂടിയാണെന്ന കാര്യത്തിൽ സംശയമില്ല. അധികാരത്തിനും സ്ഥാനമാനങ്ങൾക്കും പിറകെ പോകാതെ, നിശ്ശബ്ദപ്രവർത്തനവുമായി ഒതുങ്ങിക്കഴിയുന്ന തന്നെത്തേടി ഈ പദവിയെത്തിയതിൽ അൽപം ആശങ്കയുണ്ടെന്ന് വലിയാപ്പു പറഞ്ഞു. കനത്ത ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിനും എതിർപ്പുകൾക്കും ഗ്രൂപ്പ് ചിന്തകൾക്കും അതീതമായി രാജ്യം ഇന്നാവശ്യപ്പെടുന്ന തരത്തിൽ മതേതര പൈതൃകമുയർത്തിപ്പിടിക്കാൻ, പ്രവാസ ലോകത്ത് ചിതറിക്കിടക്കുന്ന കോൺഗ്രസ് വിശ്വാസികളെ ഒരുമിപ്പിക്കുകയെന്ന ഭാരിച്ച കടമ നിർവഹിക്കുന്നതിനും താൻ കൂടി പ്രതിജ്ഞാ ബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. കെ.പി.സി.സി എക്‌സിക്യൂട്ടീവിൽ തനിക്ക് ഇരിപ്പിടം ലഭിച്ചതിൽ സംതൃപ്തിയുണ്ടെന്നും കോൺഗ്രസിന്റെ ദേശീയ-സംസ്ഥാന തലങ്ങളിലുള്ള വിജയകരമായ തിരിച്ചുവരവിന് ഈ സ്ഥാനത്തിരുന്ന് കൊണ്ട് ശക്തമായി പോരാടുമെന്നും വലിയാപ്പു കൂട്ടിച്ചേർത്തു.






