Sorry, you need to enable JavaScript to visit this website.

വീണ്ടും ബാഴ്‌സയെ വിമര്‍ശിച്ച് മെസ്സി

ബാഴ്‌സലോണ - ബാഴ്‌സലോണ മാനേജ്‌മെന്റുമായുള്ള പൊരുത്തക്കേട് ഒരിക്കല്‍കൂടി തുറന്നു പ്രകടമാക്കി ലിയണല്‍ മെസ്സി. ലൂയിസ് സോറസിനെ കൈയൊഴിഞ്ഞ ക്ലബ് നടപടിയെ മെസ്സി പരസ്യമായി ചോദ്യം ചെയ്തു. പുതിയ കോച്ച് റോണള്‍ഡ് കൂമന്‍ തന്നെ ആവശ്യമില്ലെന്ന് വ്യക്തമാക്കിയതോടെ സോറസ് അത്‌ലറ്റിക്കൊ മഡ്രീഡിലേക്ക് ചേക്കേറിയിരിക്കുകയാണ്. 
സോറസ് ക്ലബ് വിട്ടതില്‍ ദുഃഖം പ്രകടിപ്പിച്ച് മെസ്സി ഇന്‍സ്റ്റഗ്രാമില്‍ ഉറുഗ്വായ്ക്കാരനുമൊത്തുള്ള ഫോട്ടോ പോസ്റ്റ് ചെയ്തു. താങ്കളെ മറ്റൊരു ജഴ്‌സിയില്‍ കാണേണ്ടി വരുന്നത് സങ്കടമാണ്. താങ്കള്‍ക്കെതിരെ കളിക്കേണ്ടി വരുമല്ലോയെന്നത് കൂടുതല്‍ സങ്കടമാണ് -മെസ്സി എഴുതി. ക്ലബ്ബിന്റെ ചരിത്രത്തിലെ മികച്ച കളിക്കാരിലൊളാണ് സോറസ് എന്നും ബാഴ്‌സലോണ നല്‍കിയ വിടവാങ്ങലല്ല അതിനെക്കാള്‍ മികച്ചത് സോറസ് അര്‍ഹിക്കുന്നുവെന്നും മെസ്സി അഭിപ്രായപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ ബാഴ്‌സലോണയില്‍ ഒന്നും തന്നെ അദ്ഭുതപ്പെടുത്തുന്നില്ലെന്ന് മെസ്സി തുറന്നടിച്ചു. 
ബാഴ്‌സലോണയുടെ ഗോള്‍സ്‌കോറര്‍മാരില്‍ മൂന്നാം സ്ഥാനത്താണ് സോറസ് (198 ഗോള്‍). 2014 ല്‍ ലിവര്‍പൂളില്‍ നിന്നെത്തിയ സോറസ് ബാഴ്‌സലോണക്കൊപ്പം 13 കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. മെസ്സിയുടെ അയല്‍വാസിയും കുടുംബസുഹൃത്തുമാണ് സോറസ്. കളിക്കളത്തിലും പുറത്തും താങ്കളുമായി ദിവസം പങ്കിടാനാവില്ലെന്ന യാഥാര്‍ഥ്യം അംഗീകരിക്കാനാവില്ലെന്നും ഒരുമിച്ചു ചെലവിട്ട നിമിഷങ്ങള്‍ മറക്കില്ലെന്നും മെസ്സി എഴുതി. 

Latest News