Sorry, you need to enable JavaScript to visit this website.

ഹിലാലിനെ പുറത്താക്കിയതില്‍ വിവാദം തീരുന്നില്ല

ക്വാലാലംപൂര്‍ - നിരവധി കളിക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനാല്‍ അന്തിമ ടീമിനെ പ്രഖ്യാപിക്കാന്‍ സാധിക്കാതിരുന്ന അല്‍ഹിലാലിനെ ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ നിന്ന് പുറത്താക്കി. ഇത് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനെതിരെ (എ.എഫ്.സി) വന്‍ വിമര്‍ശനമാണ് ക്ഷണിച്ചുവരുത്തിയത്. നിലവിലെ ഏഷ്യന്‍ ചാമ്പ്യന്മാരാണ് ഹിലാല്‍. അവര്‍ നേരത്തെ തന്നെ നോക്കൗട്ട് റൗണ്ടിലെത്തിയിരുന്നു. ബുധനാഴ്ചത്തെ മത്സരം അടിയറ വെക്കാനെങ്കിലും ഹിലാലിനെ അനുവദിച്ചിരുന്നുവെങ്കില്‍ അവര്‍ പുറത്താവുമായിരുന്നില്ല. നോക്കൗട്ടില്‍ കളിക്കാമായിരുന്നു.  
യു.എ.ഇയിലെ അല്‍ശബാബിനെതിരായ കളിക്ക് ആരോഗ്യമുള്ള 11 കളിക്കാര്‍ മാത്രമേ ലഭ്യമായിരുന്നുള്ളൂ. 13 കളിക്കാരുടെ പേര് പ്രഖ്യാപിക്കണമെന്നാണ് ടൂര്‍ണമെന്റ് നിയമം. അതിന് സാധിച്ചില്ലെന്നു പറഞ്ഞാണ് ടീമിനെ പുറത്താക്കിയത്. നിരവധി കളിക്കാരുള്‍പ്പെടെ ഹിലാല്‍ സംഘത്തിലെ 31 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. 
അടിയന്തര സാഹചര്യങ്ങളില്‍ ഇളവ് കാണിക്കാതിരുന്ന എ.എഫ്.സി നടപടിയെ ഹിലാല്‍ രൂക്ഷമായി വിമര്‍ശിച്ചു. എന്നാല്‍ ടൂര്‍ണമെന്റ് സുഗമമായി നടത്താന്‍ കര്‍ശന നിബന്ധനകള്‍ അനിവാര്യമാണെന്ന് എ.എഫ്.സി ന്യായീകരിച്ചു. ടീമുകള്‍ തമ്മില്‍ കോവിഡ് പടരുന്ന സാഹചര്യമുണ്ടായിട്ടില്ലെന്നും അവര്‍ പറഞ്ഞു. ബുധനാഴ്ചത്തെ മത്സരം നീട്ടിവെക്കുന്നതുള്‍പ്പെടെ പുറത്താക്കാതിരിക്കാന്‍ പല നിര്‍ദേശങ്ങളും തങ്ങള്‍ മുന്നോട്ടുവെച്ചിരുന്നതായി ഹിലാല്‍ അറിയിച്ചു. എന്നാല്‍ പുതിയ കളിക്കാരെ കൊണ്ടുവരുന്നതുള്‍പ്പെടെ കാര്യങ്ങള്‍ തങ്ങള്‍ മുന്നോട്ടുവെച്ചതായി എ.എഫ്.സി അവകാശപ്പെട്ടു. എ.എഫ്.സിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ ഹിലാല്‍. ഫിഫ ചട്ടമനുസരിച്ച് ഗോള്‍കീപ്പര്‍ ഉള്‍പ്പെടെ 11 പേര്‍ ഉണ്ടെങ്കില്‍ ടീമിനെ കളിക്കാന്‍ അനുവദിക്കേണ്ടതുണ്ടെന്ന് ഹിലാല്‍ ചൂണ്ടിക്കാട്ടി. ഹിലാലിനെ പുറത്താക്കിയതോടെ നോക്കൗട്ടില്‍ അവരുടെ സ്ഥാനം ശബാബിന് (യു.എ.ഇ) ലഭിച്ചു. സൗദി ക്ലബ് അല്‍അഹ്‌ലി നേരത്തെ പ്രി ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. 
 ഞായറാഴ്ച ഇറാനിലെ ശഹര്‍ ഖുദ്രുവിനെതിരെ ഹിലാല്‍ കളിച്ചിരുന്നു. മത്സരം നീട്ടിവെക്കണമെന്ന നിര്‍ദേശം മാനിക്കാതിരുന്നതോടെയാണ് ആ കളിക്ക് ഇറങ്ങേണ്ടി വന്നത്. ആ മത്സരത്തിന് രണ്ട് ഗോള്‍കീപ്പര്‍മാര്‍ ഉള്‍പ്പെടെ 14 കളിക്കാര്‍ ലഭ്യമായിരുന്നു. കോവിഡ് കാരണം യു.എ.ഇയിലെ അല്‍വഹ്ദയും ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. നിരവധി കളിക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ദോഹയിലേക്ക് യാത്ര ചെയ്യാന്‍ പോലും വഹ്ദ ടീമിന് സാധിച്ചിരുന്നില്ല. 

Latest News