Sorry, you need to enable JavaScript to visit this website.

വിജയത്തിലേക്കുള്ള വഴിവിളക്കുകൾ

പരാജയങ്ങളെയും പ്രതിസന്ധികളേയും മുന്നോട്ടുള്ള പ്രയാണത്തിൽ നമുക്ക് വിലപ്പെട്ടപാഠങ്ങൾ നൽകുന്നവഴിവിളക്കുകളായി കാണണം. അല്ലാതെമുന്നോട്ടുള്ള ഗമനത്തിനാവശ്യമായ ഊർജം ചോർത്തിക്കളയാൻ താൽക്കാലിക തോൽവികളെ അനുവദിക്കുകയല്ല വേണ്ടത്.

ജീവിതത്തിൽ ഏറ്റവും വലിയ പരാജയം നേരിട്ട വ്യക്തി ആരാണ് ?ഒരിക്കൽ ഒരു ഗുരുവിനോട് ശിഷ്യൻ ചോദിച്ചു. മറുപടിയായി ഗുരു പറഞ്ഞത് ഇങ്ങനെയാണ് 
:ജീവിതത്തിൽ ഒരിക്കലെങ്കിലും പരാജയപ്പെടാത്ത വ്യക്തിയാണ് ഏറ്റവും വലിയ പരാജിതൻ. നമ്മുടെ ജീവിതത്തിന്റെ വിവിധതലങ്ങളിൽ നാം മുന്നേറി കൊണ്ടിരിക്കുമ്പോൾ പ്രതീക്ഷക്കൊത്തുയരാൻ കഴിയാത്ത സാഹചര്യങ്ങളും, ചിലപ്പോൾ വേണ്ട രീതിയിൽ മുന്നൊരുക്കങ്ങൾ നടത്താത്തതിനാൽ കാര്യങ്ങൾ ഭംഗിയായി വിജയിപ്പിച്ചെടുക്കാൻ കഴിയാത്ത സന്ദർഭങ്ങളുമൊക്കെ ഉണ്ടാവാം. വിദ്യാർഥികളെ സംബന്ധിച്ച് പറയുകയാണെങ്കിൽ നല്ല രീതിയിൽ പഠനം നടത്തേണ്ടത് പോലെ നടത്താതെ പരീക്ഷയെഴുതി, വേണ്ടത്ര മാർക്ക് കിട്ടാതിരിക്കുന്ന അവസ്ഥ പോലെ, കച്ചവടക്കാരെ സംബന്ധിച്ചാണെങ്കിൽ എല്ലാ തയ്യാറെടുപ്പും നടത്തിയിട്ടും കച്ചവടം ലാഭകരമായി പോവാത്ത ദുരവസ്ഥ പോലെ അങ്ങനെ പലർക്കും പലവിധത്തിൽ പലപ്പോഴും പരാജയം ഏറ്റുവാങ്ങേണ്ടി വരാറുണ്ട്. ഏറ്റുവാങ്ങുന്ന പരാജയങ്ങൾ , തുടരേണ്ട പരിശ്രമത്തിന് അതിരിടാനുള്ളതല്ലെന്ന തിരിച്ചറിവിൽ മുന്നേറിയവർ വിജയം കണ്ട കഥയാണ് അധിക വിജയഗാഥകളും. 
പരാജയങ്ങളെയും പ്രതിസന്ധികളേയും മുന്നോട്ടുള്ള പ്രയാണത്തിൽ നമുക്ക് വിലപ്പെട്ട പാഠങ്ങൾ നൽകുന്നവഴിവിളക്കുകളായി കാണണം. അല്ലാതെ മുന്നോട്ടുള്ള ഗമനത്തിനാവശ്യമായ ഊർജം ചോർത്തിക്കളയാൻ താൽക്കാലിക തോൽവികളെ അനുവദിക്കുകയല്ല വേണ്ടത്. ഈ ബാലപാഠം അറിയാത്തവരാണ്, ഉൾക്കൊള്ളാത്തവരാണ് പരാജയങ്ങൾ ആവർത്തിക്കുന്നതും ജീവിതത്തിൽ ചെറിയ തോൽവികളും പരാജയങ്ങളും ഉണ്ടാവുമ്പോൾ വിഷാദരോഗത്തിലേക്ക് കൂപ്പ് കുത്തി പോകുന്നതും ആശയറ്റ് നിലം പതിക്കുന്നതും. ഒരിക്കലെങ്കിലും ജീവിതത്തിൽ പരാജയം അനുഭവിച്ച ആൾക്ക് തുടർന്നുള്ള വിജയങ്ങളുടെ മധുരം കൂടും. തോൽവികളെ ജീവിതവഴിയിലെ ഒഴിച്ചു കൂടാനാവാത്ത അനുഭവങ്ങളുടെ കൂട്ടത്തിൽ അവർ എണ്ണി തുടങ്ങുകയും ചെയ്യും. അവർ നിരാശരാവുകയില്ല. അവർ പിൻവാങ്ങുകയുമില്ല. 
ഒരിക്കൽ ഒരു ഗുരുവും ശിഷ്യൻമാരും യാത്രയ്ക്കിടയിൽ ഒരു കാഴ്ച കാണാനിടയായി. ഒരു കൂട്ടം പക്ഷികൾ ഉണങ്ങിയ മരക്കൊമ്പിൽ വന്നിരുന്നതും കൊമ്പ് പൊടുന്നനെ ഒടിഞ്ഞു വീഴുന്നതും പക്ഷികൾ പറന്ന് പോവുന്നതുമായിരുന്നു ആ രംഗം. അത് കണ്ട ഗുരു ശിഷ്യരോടായി പറഞ്ഞു: നോക്കൂ മരക്കൊമ്പിലുള്ള വിശ്വാസമല്ല സ്വന്തം ചിറകുകളിലുള്ള വിശ്വാസമാണ് ആ പക്ഷികളെ രക്ഷപ്പെടുത്തിയത്. തന്നിലുള്ള കഴിവുകളിലുള്ള വിശ്വാസമാണ് പ്രധാനം. സാഹചര്യങ്ങൾ പ്രതികൂലമാവുമ്പോഴും ചെറുതാണെങ്കിലും തന്നിലെ കഴിവ് ഉപയോഗപ്പെടുത്തി ശുഭാപ്തി വിശ്വാസത്തോടെ പ്രവർത്തിക്കുമ്പോൾ നമ്മിലെ ചിറകുകളെ നാം അറിയും. പുത്തനുണർവ്വ് കൈവരും. നാം പറന്നുയരും. ക്രമേണ ആത്മ വിശ്വാസം ബലപ്പെടും. വ്യവസ്ഥകളില്ലാത്ത സ്‌നേഹം ഉള്ളിൽ തളിരിടും. സഹജീവികളോട് കാരണമില്ലാത്ത അനുകമ്പയും സഹാനുഭൂതിയും തോന്നി തുടങ്ങും. എല്ലാവരുടെ നന്മയിലും ക്ഷേമത്തിലും അപ്പോൾ അഗാധമായ താൽപര്യം ഉടലെടുക്കും. അകത്തെ ആരവങ്ങൾ കുറയും. മൗനത്തിന്റെ ലാവണ്യവും വിനിമയത്തിന്റെ ആർദ്രതയും ബോധ്യപ്പെട്ടു മറ്റുള്ളവരോട് ഇടപെട്ടു തുടങ്ങും. അത്യാഗ്രഹങ്ങൾ കുറഞ്ഞ് സ്വസ്ഥതയും സംതൃപ്തിയും കൈവരും. അപ്പോൾ നിങ്ങളുടെ ഭാഷ ഹിംസാത്മകതയിൽ നിന്ന് അഹിംസാത്മകമായ സ്‌നേഹത്തിന്റേതായിത്തീരും.
 

Latest News