Sorry, you need to enable JavaScript to visit this website.

ലേലത്തില്‍ ആര്‍ക്കും വേണ്ട, ഒടുവില്‍ ഹോള്‍ഡര്‍ക്ക് സ്ഥാനം

ദുബായ് - പരിക്കു കാരണം ഈ ഐ.പി.എല്ലില്‍ നിന്ന് മടങ്ങുന്ന ആദ്യ കളിക്കാരനാവും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മിച്ചല്‍ മാര്‍ഷ്. ഓസ്‌ട്രേലിയന്‍ താരത്തിനു പകരം വെസ്റ്റിന്‍ഡീസ് നായകന്‍ ജെയ്‌സന്‍ ഹോള്‍ഡറെ ഹൈദരാബാദ് ടീമിലുള്‍പ്പെടുത്തി. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരായ ആദ്യ മത്സരത്തിലാണ് മാര്‍ഷിന്റെ വലതു കണങ്കാലിന് പരിക്കേറ്റത്. 2017 ല്‍ ചുമലിലെ പരിക്കു കാരണം മാര്‍ഷിന് ഐ.പി.എല്ലില്‍ നിന്ന് പിന്മാറേണ്ടി വന്നിരുന്നു. 
രണ്ടു കോടി രൂപയുടെ കരാറിലാണ് മാര്‍ഷിനെ ഹൈദരാബാദ് ലേലത്തിലെടുത്തത്. ഹോള്‍ഡര്‍ രണ്ടാം തവണയാണ് ഹൈദരാബാദിന് കളിക്കുക. 2014-15 സീസണിലായിരുന്നു ആദ്യം. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകള്‍ക്കും കളിച്ചിട്ടുണ്ട്. കഴിഞ്ഞ ലേലത്തില്‍ ആരും ഹോള്‍ഡറെ ടീമിലെടുത്തിരുന്നില്ല. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ബാര്‍ബഡോസ് ട്രയ്ഡന്റ്‌സിന്റെ നായകനായിരുന്നു ഹോള്‍ഡര്‍. ആറു ടീമുകളില്‍ അഞ്ചാം സ്ഥാനത്തായിരുന്നു ബാര്‍ബഡോസ്. യു.എ.ഇയിലെത്തി ആറു ദിവസം ക്വാരന്റൈനില്‍ കഴിഞ്ഞ ശേഷമേ ഹോള്‍ഡര്‍ക്ക് ടീമിനൊപ്പം ചേരാനാവൂ. 
26 ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് സണ്‍റൈസേഴ്‌സിന്റെ രണ്ടാം മത്സരം. ന്യൂസിലാന്റ് നായകന്‍ കെയ്ന്‍ വില്യംസന്‍ ഈ മത്സരത്തില്‍ ലഭ്യമായിരിക്കും. റാഷിദ് ഖാന്റെ പരിക്കും ഗുരുതരമല്ലെന്നാണ് അറിയുന്നത്.  

Latest News