Sorry, you need to enable JavaScript to visit this website.

മുള്‍മുനയില്‍ സൂപ്പര്‍ കപ്പ്, എത്തുന്നത് 20,000 കാണികള്‍

ബുഡാപെസ്റ്റ് - കൊറോണ ലോകത്തെ പിടിച്ചുകുലുക്കിയ ശേഷം ആദ്യമായി വന്‍ ജനക്കൂട്ടവുമായി ഒരു ഫുട്‌ബോള്‍ മത്സരം അരങ്ങേറുന്നു. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ വ്യാഴാഴ്ച രാത്രി നടക്കുന്ന യൂറോപ്യന്‍ സൂപ്പര്‍ കപ്പില്‍ ഇരുപതിനായിരത്തോളം കാണികളെ പ്രവേശിപ്പിക്കാനുള്ള തീരുമാനത്തെ ആശങ്കയോടെയാണ് ലോകം ഉറ്റുനോക്കുന്നത്. ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ജര്‍മനിയിലെ ബയേണ്‍ മ്യൂണിക്കും യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ സ്‌പെയിനിലെ സെവിയയും തമ്മിലാണ് സൂപ്പര്‍ കപ്പ് മത്സരം. 
ബുഡാപെസ്റ്റിലെ പുതിയ സ്റ്റേഡിയമായ പുഷ്‌കാസ് അരീനയില്‍ പ്രധാനപ്പെട്ട മത്സരം നടത്താനുള്ള വാശിയിലാണ് ഹംഗറിയുടെ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍. എന്നാല്‍ ആയിരക്കണക്കിന് പേരെ പ്രവേശിപ്പിക്കുന്നത് സാഹസമാവുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. നിയമവിരുദ്ധവും അസ്വീകാര്യവുമായ പരീക്ഷണമാണ് ഇതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. കോവിഡ് കാലത്ത് കാണികളെ പ്രവേശിപ്പിച്ച് കളി നടത്തുന്നതിന്റെ പരീക്ഷണമായാണ് യുവേഫ ഈ മത്സരത്തെ കാണുന്നത്. ഹംഗറിയില്‍ കോവിഡിന്റെ രണ്ടാം തരംഗം വ്യാപിക്കുന്ന സമയത്താണ് ഇതെന്നതാണ് പ്രശ്‌നം. 
രണ്ടു ക്ലബ്ബുകള്‍ക്കും മൂവായിരം ആരാധകരെ കൊണ്ടുവരാനാണ് അനുവാദം നല്‍കിയിരിക്കുന്നത്. ചൂടപ്പം പോലെയാണ് മത്സരത്തിന്റെ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞത്. ടിക്കറ്റെടുക്കാന്‍ തിടുക്കം കൂട്ടിയവരില്‍ അഞ്ഞൂറോളം ആംബുലന്‍സ് ജീവനക്കാരുമുണ്ട്. കോവിഡ് കാലത്ത് ഇത്രയധികം ആരോഗ്യപ്രവര്‍ത്തകര്‍ ഫുട്‌ബോള്‍ മത്സരത്തില്‍ ഒത്തുകൂടുന്നത് അംഗീകരിക്കാനാവില്ലെന്ന് മെഡിക്കല്‍ വിദഗ്ധര്‍ പറയുന്നു. 
പ്രധാനമന്ത്രി ഓര്‍ബന്‍ വലിയ ഫുട്‌ബോള്‍ പ്രേമിയാണ്. കോടികള്‍ ചെലവിട്ട് പൂര്‍ത്തിയാക്കിയ സ്റ്റേഡിയത്തില്‍ പ്രധാനപ്പെട്ട മത്സരങ്ങളൊന്നും അരങ്ങേറാത്തതിന്റെ നിരാശയിലായിരുന്നു അദ്ദേഹം. ഏതു സാഹചര്യവും നേരിടാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ സുസജ്ജരാണെന്നാണ് ഓര്‍ബന്‍ വാദിക്കുന്നത്. മത്സരത്തിന് കാണികളെ പ്രവേശിപ്പിക്കുന്നത് എടുത്തുചാട്ടമാണെന്നും പാരാമെഡിക്കല്‍ സ്റ്റാഫിനെ മത്സരത്തിന് ക്ഷണിച്ചത് ഞെട്ടിച്ചുവെന്നും ഹംഗേറിയന്‍ മെഡിക്കല്‍ ചെയ്മ്പര്‍ ഓര്‍മിപ്പിച്ചു.  

Latest News