Sorry, you need to enable JavaScript to visit this website.

ഒരു പാലക്കാടൻ വിജയഗാഥ

രണ്ടു പതിറ്റാണ്ടിലേറെ മണലാരണ്യത്തിൽ ജീവിതം ഹോമിച്ച പാലക്കാട്ടുകാരൻ അഷ്‌റഫ് ഇന്ന് മണ്ണിന്റെ കാവലാളാകുന്നു. പശുവും ആടും മീനുമെല്ലാം ഈ കർഷകന്റെ ഓമനകളാണ്. മാത്രമല്ല, വീട്ടിലേയ്ക്കാവശ്യമായ പച്ചക്കറിയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ജീവിക്കാൻ വേണ്ടി പ്രവാസലോകം തെരഞ്ഞെടുത്ത ഈ മലപ്പുറത്തുകാരൻ ഇന്ന് പാലക്കാട്ടുകാരുടെ പ്രിയപ്പെട്ട കർഷകനാണ്. വെറും ഇരുപതു സെന്റിൽ പൊന്നു വിളയിക്കുന്ന അഷ്‌റഫ് കൃഷിയുടെ വിപുലീകരണത്തിനായി കൂടുതൽ സ്ഥലം പാട്ടത്തിനെടുക്കാനുള്ള ഒരുക്കത്തിലുമാണ്.
മലപ്പുറം ജില്ലയിലെ വട്ടംകുളത്തിനടുത്ത് തടിമില്ലിൽ തൊഴിലാളിയായിരുന്ന ബാവയുടെയും ആയിഷയുടെയും നാലാമത്തെ മകനായിരുന്നു അഷ്‌റഫ്. മരപ്പണിയെടുത്തിരുന്ന ബാപ്പയ്ക്ക് ഒൻപതു മക്കളെയും ഉന്നത നിലയിലെത്തിക്കാനുള്ള സാമ്പത്തികാവസ്ഥയായിരുന്നില്ല. അതുകൊണ്ടു തന്നെ അഷ്‌റഫ് ഏഴാം ക്ലാസിൽ പഠനം മതിയാക്കി ഹോട്ടൽ തൊഴിലാളിയായി. പതിനാറു വയസ്സു വരെ എടപ്പാളിലെ ഒരു ഹോട്ടലിൽ ജോലി നോക്കിയ അഷ്‌റഫ് അവിടെ നിന്നാണ് ഗൾഫിലെത്തുന്നത്. ഒമാനിലെ ഹോട്ടലിൽ എട്ടു വർഷത്തോളം ജോലി നോക്കി. തുടർന്ന് ഉടമ ഹോട്ടൽ ഒഴിവാക്കിയപ്പോൾ അത് ഏറ്റെടുത്തു നടത്തി. ഇരുപതു വർഷത്തോളം പ്രവാസജീവിതം നയിച്ചു.
പ്രവാസ ജീവിതത്തിലൂടെ പറയത്തക്ക സമ്പാദ്യമൊന്നും നേടാൻ അഷ്‌റഫിന് കഴിഞ്ഞില്ല. മൂന്നു സഹോദരികളെ വിവാഹം കഴിച്ചയച്ചു. നാട്ടിൽ ചെറിയൊരു വീടും സ്വന്തമാക്കി.


പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ അഷ്‌റഫ് പച്ചക്കറി കച്ചവടം തുടങ്ങി. കൂടാതെ ഇൻസ്റ്റാൾമെന്റായി റെഡിമെയ്ഡ് തുണി ബിസിനസും ആരംഭിച്ചു. ഇതിനിടയിലാണ് സുഹൃത്തായ മോഹനന്റെ പന്തൽ പണിയിൽ പങ്കാളിയായി കൂടിയത്. നീലിയാടിനു സമീപം ദോസ്ത് ലൈറ്റ് ആന്റ് സൗണ്ട്‌സിനു തുടക്കം കുറിച്ചു. നാട്ടിലെ കല്യാണങ്ങൾക്കും കലോത്സവങ്ങൾക്കും ഉത്സവങ്ങൾക്കും ഗാനമേളകൾക്കുമെല്ലാം ദോസ്തായിരുന്നു താരം. എല്ലാംകൂടി ജീവിതം സമ്പന്നമായ നാളുകൾ...
ഇതിനിടയിലാണ് പാലക്കാട് ആനക്കരയിലേയ്ക്കു താമസം മാറുന്നത്. മലപ്പുറത്തെ വീട് വിറ്റാണ് ഇവിടേയ്ക്കു മാറിയത്. പന്തൽപണി ഇവിടെയും തുടർന്നു. എന്നാൽ ഇതിനിടയിലാണ് പ്രളയമെത്തിയത്. അതോടെ പന്തൽ പണിയെല്ലാം നിലച്ചു. പന്തൽപണി നിർത്തിവെച്ച് ആനക്കരയിലെ പുത്തൂർ എന്ന സ്ഥലത്ത് ഹോട്ടൽ തുടങ്ങി. അടുത്തുതന്നെ പലചരക്കു കടയും ആരംഭിച്ചു. ഹോട്ടൽ ബിസിനസ് മോശമായില്ല. നല്ല കച്ചവടം കിട്ടി. ബിരിയാണിക്കും മറ്റും നല്ല ഡിമാന്റായിരുന്നു.
കോവിഡ് വന്നതോടെയാണ് ഹോട്ടൽ അടച്ചിടേണ്ടി വന്നത്.  മഹാമാരിയുടെ ദുരിതകാലം ശരിക്കും പിടിച്ചുലയ്ക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ആറു തൊഴിലാളികൾ നിർമാണ പ്രവർത്തനങ്ങളിലേയ്ക്കും ഇലക്ട്രിക്കൽ ജോലികളിലേയ്ക്കും ചുവടുമാറ്റി. ബംഗാളികൾ നാട്ടിലേയ്ക്കും പോയതോടെ എന്തു ചെയ്യണമെന്നറിയാത്ത നിസ്സംഗതയിലായിരുന്നു അഷ്‌റഫ്.
അഷ്‌റഫിന്റെ കർഷകമനസ്സ് ഉണരുകയായിരുന്നു. ഒരു പശുവിനെ വാങ്ങിക്കൊണ്ടായിരുന്നു തുടക്കം. വൈകാതെ മറ്റൊന്നിനെയും സ്വന്തമാക്കി. ദിവസങ്ങൾ കഴിഞ്ഞതോടെ പത്തോളം പശുക്കളുടെ ഉടമയായി മാറുകയായിരുന്നു അഷ്‌റഫ്. പുരയിടത്തിനോടു ചേർന്ന് നിർമിച്ച മൈക്ക് സെറ്റെല്ലാം വെച്ചിരുന്ന സ്ഥലത്ത് പശുത്തൊഴുത്ത് ഒരുക്കി. ജെഴ്‌സിയും എച്ച്.എഫുമെല്ലാം അക്കൂട്ടത്തിലുണ്ട്. കൂടാതെ ഓസ്‌ട്രേലിയൻ ക്രോസ് ഇനത്തിലുള്ള പശുക്കളുമുണ്ട്. എല്ലാം നാട്ടിൽനിന്നു വാങ്ങിയവയായിരുന്നു. അന്യദേശത്തുനിന്ന് ഒരു പശുവിനെപ്പോലും സ്വന്തമാക്കിയില്ല. കാരണമുണ്ട്, പുറത്തുനിന്നും വരുന്ന പശുക്കൾ പലതും രോഗവാഹകരായിരിക്കും. അവ മറ്റുള്ളവയ്ക്കുകൂടി രോഗം പരത്തുമെന്ന ഭയമായിരുന്നു കാരണം -അഷ്‌റഫ് പറയുന്നു.
നൂറു ലിറ്ററോളം പാൽ ഒരു ദിവസം ലഭിക്കുന്നുണ്ട്. അതിൽ എൺപതു ലിറ്ററോളം സൊസൈറ്റിയിൽ നൽകുന്നു. ബാക്കിയുള്ള ഇരുപതു ലിറ്റർ അയൽക്കാരും ഹോട്ടലുകാരും വാങ്ങുന്നുണ്ട്. മാസം ഒന്നേകാൽ ലക്ഷം രൂപ വരുമാനമുണ്ട്. ചാണകം ബോണസാണ്.
പതിനഞ്ചോളം ആടുകളുമുണ്ടായിരുന്നു. എന്നാൽ മഴ ശക്തി പ്രാപിച്ചതോടെ അവയെയെല്ലാം വിറ്റു. കാരണം മഴക്കാലത്ത് അവയ്ക്ക് രോഗം പിടിക്കാൻ എളുപ്പമാണ്. ആടുവളർത്തലും നല്ല ലാഭമുള്ള ബിസിനസാണ്. ആട്ടിൻപാലിനു പുറമെ ആട്ടിൻ കാഷ്ഠത്തിനും നല്ല ഡിമാന്റാണ്. മരുമകൾ മനീഷയായിരുന്നു ആടുകളെ പരിപാലിച്ചിരുന്നത്.
ബയോഗ്യാസ് പ്ലാന്റ് നിർമാണത്തിനുള്ള ഒരുക്കവും നടന്നുവരുന്നുണ്ട്. സ്വന്തമായി പലചരക്കു കടയുള്ളതിനാൽ കാലിത്തീറ്റയും മറ്റും മൊത്തവിലയിൽ ലഭിക്കുന്നുവെന്ന ഗുണവുമുണ്ട്. ദിവസം ഒന്നേകാൽ ചാക്ക് കാലിത്തീറ്റയാണ് പശുക്കൾക്ക് നൽകുന്നത്. മൂത്ത രണ്ട് ആൺമക്കളാണ് പലചരക്കു കടയുടെ മേൽനോട്ടം വഹിക്കുന്നത്. അവർ തന്നെയാണ് അതിരാവിലെ എഴുന്നേറ്റ് പശുക്കളെ കുളിപ്പിക്കുകയും കറവ നടത്തുകയും ചെയ്യുന്നത്.
ഇരുപതടി നീളവും എട്ടടി വീതിയുമുള്ള കോൺക്രീറ്റ് ചെയ്ത കുളത്തിലാണ് മീൻ വളർത്തുന്നത്. തിലോപ്പിയയും വാളയുമാണ് മത്സ്യങ്ങൾ. ആയിരത്തിനു മുകളിൽ മീനുകൾ കുളത്തിലുണ്ട്. ആയിരം ലിറ്ററിന്റെ പ്ലാസ്റ്റിക് ഡ്രം രണ്ടായി പിളർത്തി അതിൽ അസോളയും വളർത്തുന്നു. ആടിനും പശുവിനും മീനിനുമെല്ലാം അസോള ആഹാരമായി നൽകുന്നുണ്ട്. ടെറസിനു മുകളിൽ അലങ്കാര മത്സ്യ കൃഷിയുമുണ്ട്. കൂടാതെ ഒരു ജോഡി പേർഷ്യൻ പൂച്ചയും അഷ്‌റഫിന്റെ വളർത്തു മൃഗങ്ങളുടെ കൂട്ടത്തിലുണ്ട്.
പശുവിനും ആടിനും നൽകുന്ന വൈക്കോലിന്റെയും പുല്ലിന്റെയുമെല്ലാം അവശിഷ്ടങ്ങളാണ് മണ്ണിര കമ്പോസ്റ്റിന്റെ ടാങ്കിൽ നിക്ഷേപിക്കുന്നത്. കമ്പോസ്റ്റ് കിലോയ്ക്ക് ഇരുപതു രൂപയ്ക്കാണ് വിൽപന നടത്തുന്നത്. ബയോഗ്യാസ് പ്ലാന്റിന്റെ നിർമാണം കഴിഞ്ഞാൽ അവയിലെ സ്ലറി തളിച്ച് മണ്ണിര കമ്പോസ്റ്റ് കൂടുതൽ ഗുണകരമാക്കാനാണ് ശ്രമം.
പശുത്തൊഴുത്തിനു മുകളിൽ തെങ്ങോലകൾ നിരത്തിയിട്ടുണ്ട്. പശുക്കളെ കൊതുകിൽനിന്നും രക്ഷിക്കാനുള്ള ഉപായമാണിത്. മികച്ചയിനം പശുക്കളെ കുട്ടിയോടു കൂടി വാങ്ങുന്ന ശൈലിയാണ് അഷ്‌റഫിന്റേത്. പ്രസവം കഴിഞ്ഞാൽ കുട്ടിയെ പത്തു ദിവസത്തിനുള്ളിൽ വിൽക്കും. കാരണം കുട്ടിക്ക് ഒരു ദിവസം മൂന്നു ലിറ്ററോളം പാലു വേണം. അതുകൊണ്ടുതന്നെ അവയെ അധിക ദിവസം വളർത്താൻ ശ്രമിക്കാറില്ല. കറവ വറ്റിയ പശുക്കൾക്കും അഷ്‌റഫിന്റെ തൊഴുത്തിൽ സ്ഥാനമില്ലെന്നു പറയാം. കറവ വറ്റിയവയെ വിറ്റ് കറവയുള്ളവയെ വാങ്ങുന്നതാണ് അദ്ദേഹത്തിന്റെ രീതി. പച്ചക്കറി കൃഷിയാകട്ടെ പലതും ഗ്രോ ബാഗിലാണ്. വീടിന്റെ ടെറസിലാണ് കൃഷി ചെയ്യുന്നത്. അതും തിരിനനയിലൂടെയാണ് കൃഷിക്ക് വെള്ളം നൽകുന്നത്. പച്ചമുളകും വഴുതിന, തക്കാളി തുടങ്ങിയ കൃഷിയാണ് ഏറെയും. വീട്ടിലേയ്ക്കുള്ള ആവശ്യം കഴിഞ്ഞാൽ അയൽക്കാർക്ക് നൽകും. കൃഷി കൂടുതൽ സ്ഥലങ്ങളിലേയ്ക്ക് വ്യാപിക്കാനായി പാട്ടത്തിന് ഭൂമി കണ്ടെത്താനുള്ള ശ്രമവും നടക്കുന്നുണ്ട്. കുടുംബത്തിന്റെ ഉറച്ച പിന്തുണയാണ് അഷ്‌റഫിനെ കാർഷിക രംഗത്ത് നിലയുറപ്പിക്കുന്നത്. കാർഷികവൃത്തിയിൽ കൂട്ടായി പുറത്തുനിന്ന് ആരുമില്ല. മക്കളും മരുമക്കളും ഭാര്യയുമെല്ലാം അഷ്‌റഫിനോടൊപ്പമുണ്ട്.
വളരെ ചുരുങ്ങിയ സ്ഥലത്തു നിന്നും നല്ല വരുമാനം ലഭിക്കുന്ന അഷ്‌റഫിന്റെ ജീവിതം പുതിയ തലമുറയ്ക്ക് ഒരു പാഠമാണ്. ഇത്തരത്തിലുള്ള ജൈവഗൃഹങ്ങൾ കേരളമാകെ വ്യാപിപ്പിച്ചാൽ സാമൂഹ്യ, സാമ്പത്തിക മേഖലയിൽ നമ്മുടെ നാട് വളരെയേറെ പുരോഗതിയിലെത്തും.
ജീവിതത്തിലെ വലിയൊരു പാഠമാണ് കോവിഡിലൂടെ പഠിക്കുന്നതെന്ന് അഷ്‌റഫ് പറയുന്നു. ജനങ്ങൾ കപ്പയും കൂർക്കയുമെല്ലാം നടാൻ തുടങ്ങി. ചാണകവും മൂത്രവുമെല്ലാം അലർജിയായിരുന്നവർക്ക് അതെല്ലാം മാറി. അവരെല്ലാം കൃഷിയിലേയ്ക്ക് കളം മാറ്റിയപ്പോൾ ഇതെല്ലാം അവശ്യവസ്തുക്കളായി. ഞങ്ങളുടെ കുട്ടിക്കാലത്ത് വയറു നിറച്ച് ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടായിരുന്നു. ഇന്ന് അതെല്ലാം മാറി. ജനങ്ങൾ പരസ്പരം സ്‌നേഹിക്കുന്നു, സഹകരിക്കുന്നു. സമ്പന്നമായ ഭൂതകാലം വീണ്ടും വരികയാണ്... അഷ്‌റഫ് പറഞ്ഞു നിർത്തുന്നു.

Latest News