Sorry, you need to enable JavaScript to visit this website.

പുലരാനായപ്പോൾ പൂങ്കോഴി കൂവിയപ്പോൾ...

മോഹൻലാൽ അഭിനയിച്ച പെരുച്ചാഴി എന്ന ചിത്രത്തിൽ ഒരു അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പുണ്ട്. സ്ഥാനാർഥിയെ ജയിപ്പിക്കാൻ ഐഡിയ സപ്ലൈ ചെയ്യുന്ന മല്ലൂസിനെ ഈ സിനിമയിൽ കണ്ടു. നമുക്ക് സുപരിചിതമായ വാണിഭവും അഴിമതിയുമൊക്കെ ചേർത്തൊരു മസാല. വിദ്യാസമ്പന്നരും പരിഷ്‌കാരികളുമായ അമേരിക്കക്കാർ ഇത്രയ്ക്ക് തരം താഴുമോയെന്ന് സിനിമ കണ്ടവർ സംശയിച്ചിരുന്നു. നവംബറിൽ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന യു.എസിലെ ഇപ്പോഴത്തെ ഓരോ രീതി കാണുമ്പോൾ ലാലേട്ടൻ ചിത്രം ചരിത്രത്തിന് മുമ്പേ നടന്നതാണെന്ന് ആരും പറഞ്ഞു പോകും. 
അമേരിക്കൻ പ്രസിഡന്റ് ട്രംപ് മണ്ടത്തരം പറയുന്ന കാര്യത്തിലും വ്യക്തി അധിക്ഷേപം നടത്തുന്ന കാര്യത്തിലും ഒരുപടി മുന്നിൽ നിൽക്കുന്നയാളാണ്. ട്രംപിന്റെ പുതിയ പരാമർശങ്ങൾ ഇത്തവണ ചിരിപ്പിക്കുക മാത്രമല്ല, അതിന്റെ അളവ് കടന്നുപോയോ എന്ന് വരെ സംശയുയർത്തുന്നതാണ്. ശാസ്ത്രത്തിന് കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് ഒരു ചുക്കും അറിയുന്നില്ലെന്നാണ് ആദ്യ പ്രസ്താവന. സ്വന്തം എതിരാളിയായ ജോ ബൈഡൻ പ്രകടനം മെച്ചപ്പെടുത്താൻ മയക്കുമരുന്ന് ഉപയോഗിക്കുന്നവനാണെന്ന് അടുത്ത പ്രസ്താവനയിൽ പറയുന്നു.
കാലിഫോർണിയയിൽ കത്തിപ്പടരുന്ന കാട്ടുതീയെ കുറിച്ചുള്ള ചോദ്യങ്ങൾക്കാണ് ട്രംപിന്റെ പുതിയ കണ്ടുപിടിത്തങ്ങൾ വന്നത്. കാലാവസ്ഥാ വ്യതിയാനമാണ് ഇതിന്റെ കാരണമെന്ന് ചോദിച്ചപ്പോൾ, ശാസ്ത്രത്തിന് ഇതിന്റെ കാരണം എന്താണെന്ന് പോലും അറിയില്ലെന്ന പരിഹാസമാണ് ട്രംപ് ഉന്നയിച്ചത്. വനത്തിന്റെ പരിപാലനം മോശമായത് കൊണ്ടാണ് കാട്ടുതീ ഉണ്ടായതെന്നും, അല്ലാതെ കാലാവസ്ഥാ വ്യതിയാനമല്ലെന്നും ട്രംപ് പറയുന്നു.
കാലാവസ്ഥാ വ്യതിയാനം കാരണം ചൂട് വർധിക്കുന്നു എന്ന തിയറിയെയും ട്രംപ് തള്ളി. എനിക്കാണെങ്കിൽ തണുപ്പടിച്ച് നിൽക്കാൻ പറ്റുന്നില്ലെന്നായിരുന്നു ട്രംപ് മറുപടിയായി പറഞ്ഞത്. കാലിഫോർണിയ നാച്ചുറൽ റിസോഴ്‌സസ് ഏജൻസിയുടെ സെക്രട്ടറി വേഡ് ക്രോഫൂട്ടിനോടായിരുന്നു ട്രംപിന്റെ വാദം. കാലാവസ്ഥാ വ്യതിയാനം കാരണം അമേരിക്ക ബുദ്ധിമുട്ടുമെന്ന് ക്രോഫൂട്ട് ട്രംപിന് മുന്നറിയിപ്പ് നൽകി. ശാസ്ത്രത്തെ അവഗണിക്കരുതെന്നും നിർദേശിച്ചു.
ഇത് വനങ്ങളെ നന്നായി നോക്കാത്തത് കൊണ്ട് സംഭവിക്കുന്നതാണ്. നിങ്ങൾ യൂറോപ്പിലേക്കും ഓസ്ട്രിയ, ഫിൻലൻഡ് എന്നിവിടങ്ങളിലേക്ക് നോക്കൂ. അതെല്ലാം വനത്താൽ ചുറ്റപ്പെട്ട രാജ്യങ്ങളാണ്. അവർ വനത്തിനുള്ളിലാണ്. അതുകൊണ്ട് ഇതുപോലെയുള്ള കാട്ടുതീ ഒന്നും വരില്ല. മറ്റ് രാജ്യങ്ങൾ മലിനീകരണം വർധിക്കുന്നതിൽ നിയന്ത്രണം വരുത്താൻ ശ്രമിക്കണം. അവരാണ് ഉത്തരവാദിത്തം കാണിക്കേണ്ടത്. യു.എസ് അക്കാര്യത്തിൽ ചെറിയൊരു അംശം മാത്രമാണെന്നും ട്രംപ് പറഞ്ഞു.
ഡെമോക്രാറ്റിക് പാർട്ടിയിലെ തന്റെ എതിരാളി ജോ ബൈഡൻ ചാനൽ ചർച്ചകളിലെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ് ട്രംപ് ആരോപിച്ചത്. ബൈഡന്റെ ചർച്ചകൾ മെച്ചപ്പെടുന്നുണ്ട്. അതിന് കാരണം മയക്കുമരുന്നാണ്. ചില വിചിത്രമായ കാര്യങ്ങളാണ് ബൈഡന്റെ കാര്യത്തിൽ സംഭവിക്കുന്നത്. സെപ്റ്റംബർ 29 ന് നടക്കുന്ന പ്രസിഡൻഷ്യൽ ചർച്ചയിൽ പങ്കെടുക്കുന്നതിന് മുമ്പ് മയക്കുമരുന്ന് പരിശോധനയ്ക്ക് ബൈഡൻ വിധേയനാവണമെന്നും ട്രംപ് ആവശ്യപ്പെട്ടു. 

            *****                    *****                 *****
ബ്രിട്ടീഷുകാരുണ്ടാക്കിയ നമ്മുടെ നാട്ടിലെ കോടതികളിൽ പലതിനും കാര്യമായ മാറ്റം വന്നിട്ടില്ല. ചെറിയ പട്ടണങ്ങളിലെ മജിസ്‌ട്രേട്ട് കോടതികളിൽ സാക്ഷി പറയാൻ ചെന്നാൽ വിവരമറിയും. രാവിലെ കോടതി ഹാളിനടുത്തെത്തുന്ന സാക്ഷിയെ ന്യായാധിപൻ വൈകുന്നേരത്തിനിടയ്ക്ക് വിളിച്ചാലായി. ചിലപ്പോൾ കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കും. സാക്ഷിക്കൂട്ടിൽ കയറുന്നത് വരെ നിൽക്കുകയല്ലാതെ നിവൃത്തിയില്ല. മലയാള ചലച്ചിത്ര താരങ്ങൾക്ക് കൂറുമാറ്റത്തിന്റെ ദിനങ്ങളാണ്. അവരെ പറഞ്ഞിട്ട് കാര്യമില്ല. സാക്ഷിപ്പട്ടികയിൽ നിന്ന് എങ്ങനെയെങ്കിലും ഒഴിവാകാൻ ഇങ്ങനെ ചെയ്തു പോകും. നടി ആക്രമിക്കപ്പെട്ട കേസിൽ ചലച്ചിത്ര താരങ്ങളായ സിദ്ദിഖും ഭാമയും കൂറുമാറി. കേസിൽ പ്രോസിക്യൂഷൻ സാക്ഷികളായ ഇരുവരും കൊച്ചിയിലെ കോടതിയിൽ ഹാജരായിരുന്നു. കൊച്ചിയിലെ പ്രത്യേക കോടതിയിൽ വെച്ചായിരുന്നു സാക്ഷി വിസ്താരം. ഇതിന് തൊട്ടു മുൻപത്തെ ദിവസം നടനും എം.എൽ.എയുമായ മുകേഷിന്റെ സാക്ഷി വിസ്താരവും നടന്നിരുന്നു. അമ്മ സംഘടനയുടെ സ്‌റ്റേജ് ഷോ റിഹേഴ്‌സൽ സമയത്ത് ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മിൽ തർക്കമുണ്ടായതായി സിദ്ദിഖും ഭാമയും നേരത്തെ നൽകിയ മൊഴിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇവർ ഇക്കാര്യം കോടതിയിൽ സ്ഥിരീകരിക്കാൻ തയാറായില്ല. 
നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ സിദ്ദിഖും നടി ഭാമയും കൂറുമാറിയ സംഭവത്തിൽ സംവിധായകൻ ആഷിഖ് അബുവും നടി രമ്യാ നമ്പീശനും പ്രതികരിച്ചു. തലമുതിർന്ന നടനും നായികാ നടിയും കൂറുമാറിയതിൽ അതിശയമില്ല. നടന്ന ക്രൂരതക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നതിലൂടെ ധാർമികമായി ഇവരും കുറ്റകൃത്യങ്ങളുടെ അനുകൂലികളായി മാറുകയാണ് -ആഷിഖ് അബു ഫേസ്ബുക്കിൽ കുറിച്ചു. നടിയും സംവിധായികയുമായ രേവതിയും നടി റിമ കല്ലിങ്കലും സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
'നിങ്ങൾ മറ്റൊരാൾക്ക് ചെയ്ത നാശം എന്താണെന്ന് നിങ്ങൾക്കും അത് സംഭവിക്കുന്നത് വരെ മനസ്സിലാകില്ല. അതിനാണ് ഞാനിവിടെ ഉള്ളത് കർമ' എന്നായിരുന്നു ഭാവന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പ്. 

              *****                    *****                 *****
ഇലക്ട്രോണിക് മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ പരിധി നിശ്ചയിക്കണമെന്ന് സുപ്രീം കോടതി. സുദർശൻ ടി.വിയുടെ യു.പി.എസ്.സി ജിഹാദ് പരിപാടിയുടെ സംപ്രേഷണം തടഞ്ഞുകൊണ്ടുള്ള ഉത്തരവിനിടെയായിരുന്നു ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന്റെ വാക്കാലുള്ള പരാമർശം. അഞ്ച് വിശിഷ്ട വ്യക്തികളെ ഉൾക്കൊള്ളിച്ചുള്ള സമിതി മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമ ചർച്ചകൾ ആശങ്കപ്പെടുത്തുന്നതാണെന്നും ചന്ദ്രചൂഢ് പറഞ്ഞു. യു.പി.എസ്.സിയിലേക്ക് മുസ്‌ലിംകൾ നുഴഞ്ഞു കയറുന്നുവെന്നാരോപിച്ച് സുദർശൻ ടി.വി സംപ്രേഷണം ചെയ്യാനിരുന്ന വാർത്താധിഷ്ഠിത പരിപാടി സംപ്രേഷണം ചെയ്യാൻ കഴിയില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. മുസ്്‌ലിം സമുദായത്തെ അപമാനിക്കുന്നതാണ് പരിപാടിയെന്നും കോടതി നിരീക്ഷിക്കുന്നു. ജസ്റ്റിസ് ചന്ദ്രചൂഢിനെക്കൂടാതെ കെ.എം ജോസഫ്, ഇന്ദു മൽഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
മുസ്്‌ലിം സമുദായത്തെ നിന്ദിക്കുകയും സിവിൽ സർവീസുകളിലേക്ക് നുഴഞ്ഞു കയറുന്നവർ എന്ന് മുദ്ര കുത്തുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. നിങ്ങൾക്ക് ഒരു സമുദായത്തെ ലക്ഷ്യം വയ്ക്കാനും പ്രത്യേക രീതിയിൽ മുദ്രകുത്താനും കഴിയില്ല -സുപ്രീം കോടതി പറഞ്ഞു. ഒരു സമുദായത്തെയോ വ്യക്തിയെയോ ലക്ഷ്യം വെച്ച് അപകീർത്തിപ്പെടുത്താൻ മാധ്യമങ്ങൾക്കുള്ള ശക്തി വളരെ വലുതാണ്. എന്നാൽ ടി.ആർ.പി റേറ്റിംഗ് മാത്രം നോക്കി പരിപാടികൾ നിർമിക്കരുത്. ഇത് സെൻസേഷണലിസത്തിലേക്കാണ് നയിക്കുന്നത്. അതിലൂടെ വ്യക്തികളുടെയും സമുദായത്തിന്റെയും സൽപേര് കളങ്കപ്പെടും -സുപ്രീം കോടതി പറഞ്ഞു.

             *****                    *****                 *****
നേതാക്കളുടെ മക്കളുടെ പേരിൽ കേരളത്തിലെ സി.പി.എം വീണ്ടും കടുത്ത പ്രതിസന്ധിയിലേക്ക്. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനൊപ്പം മന്ത്രി ഇ.പി ജയരാജന്റെ മകന്റെ ഫോട്ടോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതേ ചൊല്ലിയാണ് പുതിയ വിവാദം.
ജയരാജന്റെ മകൻ ജെയ്‌സൺ രാജ് സ്വപ്‌നയ്‌ക്കൊപ്പം നിൽക്കുന്ന ചിത്രം പുറത്ത് വിട്ടത് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയാണെന്നാണ് ആക്ഷേപം. ഇത് സംബന്ധിച്ച് ഇ.പി ജയരാജൻ പാർട്ടിയ്ക്കുള്ളിൽ പരാതി ഉന്നയിക്കാൻ ഒരുങ്ങുകയാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. പിന്നീട് ഇ.പി ജയരാജൻ തന്നെ ഈ വാർത്ത നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. 
സ്വർണക്കടത്ത് കേസിൽ അടുത്തിടെയാണ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ പേര് ഉയർന്നു വന്നത്. ബംഗളൂരുവിലെ ലഹരി കേസിൽ പിടിയിലായവരുമായുള്ള ബന്ധത്തെ കുറിച്ചായിരുന്നു ആദ്യം വന്ന വാർത്തകൾ. ഇവർക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടോ എന്നും സംശയിക്കുന്നുണ്ട്. ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ബിനീഷിനെ കുറിച്ചുള്ള ചർച്ചകൾ പൊടിപൊടിക്കുന്നതിനിടെയാണ് ഇ.പി ജയരാജന്റെ മകൻ ജെയ്‌സണും സ്വപ്‌ന സുരേഷും ഉള്ള ഒരു ചിത്രം പുറത്ത് വരുന്നത്. ഇതും സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. ജെയ്‌സൺ സ്വപ്‌ന സുരേഷിന് നൽകിയ പാർട്ടിയ്ക്കിടെ ചിത്രീകരിച്ച വീഡിയോയിൽ നിന്നുള്ളതാണ് ഇപ്പോൾ പുറത്ത് വന്ന ചിത്രം എന്നാണ് ഏഷ്യാനെറ്റ് ന്യൂസിലെ റിപ്പോർട്ട്. 2018 ൽ ആയിരുന്നു ഈ പാർട്ടി നടന്നത്. അതിൽ പങ്കെടുത്ത ഒരാൾ ബിനീഷ് കോടിയേരി ആയിരുന്നു എന്നാണ് വാർത്ത. സ്വപ്‌ന സുരേഷിനെ ജെയ്‌സണ് പരിചയപ്പെടുത്തിക്കൊടുത്തതും ബിനീഷ് കോടിയേരി തന്നെ ആണെന്നാണ് പറയുന്നത്. പാസ്‌പോർട്ടുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിച്ചതിനായിരുന്നു ഈ പാർട്ടി എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് വാർത്തയിൽ പറയുന്നത്. ബിനീഷ് തന്നെയാണ് പാർട്ടി നടത്തണമെന്ന് ആവശ്യപ്പെട്ടത് എന്നും പറയുന്നുണ്ട്. പൊതു പ്രവർത്തകർക്കെതിരായ വ്യക്തിപരമായ ആക്ഷേപങ്ങൾ ഉൾപ്പെടുന്നതും ഇടതുപക്ഷത്തെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതുമായ വ്യാജ വാർത്താ പ്രചാരണം പരിധി വിട്ട് പോവുകയാണ്. ആ കൂട്ടത്തിൽ ഒന്നാണ് ഇന്ന് ഏഷ്യാനെറ്റ് ന്യൂസ് തന്നെ പരാമർശിച്ചു നൽകിയ അടിസ്ഥാനരഹിതമായ വാർത്തയെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും വ്യവസായ മന്ത്രിയുമായ ഇ.പി ജയരാജൻ പറഞ്ഞു. ഇതിനടയ്ക്കാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിയമസഭാ പ്രവേശത്തിന്റെ അമ്പതാം വാർഷികം കടന്നു വന്നത്. ഇതോടനുബന്ധിച്ച് മീഡിയ വൺ ദുബായിയിൽ വെച്ച് അച്ചു ഉമ്മനുമായി അഭിമുഖം നടത്തി. ഇതിലെ മക്കൾ രാഷ്ട്രീയത്തെ കുറിച്ചുള്ള ചോദ്യവും ഉത്തരവും ശ്രദ്ധേയമായി. സ്വന്തമായി കഴിവുണ്ടെങ്കിൽ മക്കൾ രാഷ്ട്രീയത്തിൽ വരുന്നതിൽ തെറ്റില്ല, ഇന്നയാളുടെ മകൻ അല്ലെങ്കിൽ മകൾ എന്ന പേരിൽ അടിച്ചേൽപിക്കപ്പെടുന്നതാണ് കുഴപ്പം -അച്ചു നയം വ്യക്തമാക്കി. 
 
              *****                    *****                 *****
ഉന്നത വിദ്യാഭ്യാസ മന്ത്രി വാർത്തകളിലെ താരമായി തുടരുകയാണ്. മനുഷ്യരെല്ലാം ഉറങ്ങുന്ന നേരത്താണ് അദ്ദേഹം കേന്ദ്ര ഏജൻസികളുടെ ഓഫീസുകളിൽ കൂടിക്കാഴ്ചക്കെത്തുന്നത്. മനോരമ ന്യൂസ് ലേഖകൻ അനിലിന്റെ ക്യാമറയിലാണ് പാത്തും പതുങ്ങിയുമെത്തിയ മന്ത്രി ആദ്യം പതിഞ്ഞത്. 
സോഴ്‌സ് അഞ്ച് മണിയ്ക്ക് സൂചന നൽകി, ഉടൻ എഴുന്നേറ്റ് പുറപ്പെടുകയായിരുന്നുവെന്ന് ലേഖകൻ. പത്രക്കാർക്ക് കേന്ദ്ര-സംസ്ഥാന ഓഫീസുകളിലെല്ലാം സോഴ്‌സുകളുണ്ടാകുമെന്ന കാര്യം പാവം ഈത്തപ്പഴ വിതരണ മന്ത്രി അറിഞ്ഞില്ലായിരിക്കും. തലയിൽ മുണ്ടിട്ടെത്തിയ മന്ത്രിയെന്ന വിശേഷണമാണ് മാതൃഭൂമി ന്യൂസ് വാർത്ത നൽകിയത്. സൈബർ സഖാക്കൾക്ക് ആകെ ആശ്വാസം പകർന്നത് ന്യൂസ് 18 മാത്രം. മന്ത്രി ജലീലിനെ ഇ.ഡി ചോദ്യം ചെയ്തില്ലെന്ന ചാനൽ വാർത്തയ്ക്ക് പക്ഷേ, മണിക്കൂറുകളുടെ ആയുസ്സേ ഉണ്ടായുള്ളൂ. 24 ചാനലിൽ ഇതു സംബന്ധിച്ച വാർത്ത വന്നതോടെ ആശ്വാസം പൊളിഞ്ഞു. 
പുലർച്ചെ ആറു മണിക്കാണ് എൻ.ഐ.എ ഓഫീസിൽ മന്ത്രി എത്തിയത്. മാധ്യമങ്ങളെ വെട്ടിച്ച് രണ്ടു തവണ ചോദ്യംചെയ്യലിനു ഹാജരായ മന്ത്രി കെ.ടി.ജലീലിനു മൂന്നാംവട്ടം പിഴച്ചു. എൻ.ഐ.എ ഓഫീസ് സ്ഥിതി ചെയ്യുന്ന കൊച്ചി ഗിരിനഗറിലെ റോഡിൽ പുലർച്ചെ അഞ്ചേമുക്കാലിനു ജലീൽ വന്ന വാഹനം ദൃശ്യമാധ്യമ പ്രവർത്തകന്റെ കണ്ണിൽപ്പെട്ടതോടെയാണിത്. തുടർന്ന്, സ്വകാര്യ വാഹനത്തിൽ മന്ത്രി വന്നിറങ്ങുന്നതും എൻ.ഐ.എ ഓഫീസിലേക്കു  കയറിപ്പോകുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നു. ഇ.ഡിയുടെ ചോദ്യം ചെയ്യലിനു രണ്ടു വട്ടം ഹാജരായ അതേ രീതിയിലാണ് എൻ.ഐ.എയ്ക്കു മുന്നിലേക്കും മന്ത്രിയെത്തിയത്. ഔദ്യോഗിക വാഹനം ഒഴിവാക്കി, ആലുവ മുൻ എം.എൽ.എ എ.എം.യൂസഫിന്റെ കാറിലായിരുന്നു യാത്ര. 
 മന്ത്രിയുടെ വിശുദ്ധ ഗ്രന്ഥ വിതരണം ന്യായീകരിച്ച എസ്.എഫ്.ഐ നേതാവ് ജെയ്ക്ക് മണ്ടൻ പട്ടം അടിച്ചെടുത്തു. കേരളത്തിലിറങ്ങുന്ന ഗ്രന്ഥം അറബി മലയാളത്തിലാണ്. ദുബായിയെന്ന വിശുദ്ധ നാട്ടിൽ നിന്നാവുമ്പോൾ ശുദ്ധ അറബിയിലുള്ളത് കിട്ടും. മാത്രവുമല്ല, യുനൈറ്റഡ് അറബ് എമിറേറ്റ്‌സ് പുണ്യഭൂമി കൂടിയാണല്ലോ. തിരിയാത്തവർക്കായി ഉദാഹരണവും പറഞ്ഞു അദ്ദേഹം. കോട്ടയത്തും കൊന്ത ലഭിക്കും. ജറുസലേമിലും കിട്ടും. രണ്ടും ഒരുപോലെയല്ലല്ലോ. ഇത്തരം ചാനൽ ചർച്ച കാണുമ്പോൾ സങ്കടമാവുക കേരളത്തിലെ ചില ബി.ജെ.പി നേതാക്കൾക്കാണ്. 

              *****                    *****                 *****
പ്രമുഖ ബോളിവുഡ് താരം ഊർമിള മണ്ഡോദ്കറിനെ അധിക്ഷേപിച്ച് കങ്കണ റണാവത്. പ്രശസ്ത ബോളിവുഡ് പ്രമുഖർക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന കങ്കണയുടെ വാദത്തെ ചോദ്യം ചെയ്ത് ഊർമിള രംഗത്തെത്തിയിരുന്നു. ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന ഉന്നതരുടെ പേരുകൾ വെളിപ്പെടുത്താൻ കങ്കണ ധൈര്യം കാണിക്കണമെന്നാണ് ഊർമിള പറഞ്ഞത്. ബോളിവുഡിൽ രക്തപരിശോധന നടത്തിയാൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടക്കുമെന്നും പ്രമുഖർ അകത്താകുമെന്നും കങ്കണ പറഞ്ഞിരുന്നു. ഇതിനെതിരെയായിരുന്നു ഊർമിളയുടെ പ്രതികരണം. 
ഊർമിള ഒരു നല്ല നടിയല്ല. സോഫ്റ്റ് പോൺ താരമെന്ന നിലയിലാണ് അവരുടെ പ്രശസ്തി. അവർക്ക് ടിക്കറ്റ് കിട്ടുമെങ്കിൽ ഞാനും അതിന് അർഹയാണ് -കങ്കണ പറഞ്ഞു. താനൊരു ഇരയാണെന്നുള്ള തുറുപ്പ്ചീട്ട് ഇറക്കി കാര്യങ്ങൾ കൂടുതൽ വഷളാക്കാതെ ബോളിവുഡിലെ ലഹരി മാഫിയയെ പുറത്ത് കൊണ്ടുവന്ന് പ്രശ്‌നം അവസാനിപ്പിക്കണം എന്നായിരുന്നു ഊർമിളയുടെ പ്രസ്താവന. അങ്ങനെ ചെയ്താൽ കങ്കണയെ ആദ്യം വിളിച്ച് അഭിനന്ദിക്കുന്നത് താനായിരിക്കുമെന്നും ഊർമിള പറഞ്ഞിരുന്നു. 
ലഹരിയ്‌ക്കെതിരായ പോരാട്ടം കങ്കണ സ്വന്തം നാട്ടിൽ നിന്ന് തന്നെ ആരംഭിക്കണമെന്നും ഹിമാചലിലാണ് ഏറ്റവും കൂടുതൽ ലഹരി വ്യാപാരം നടക്കുന്നതെന്നും ഊർമിള പറഞ്ഞിരുന്നു. സിനിമാ മേഖലയിൽ മയക്കുമരുന്ന് ഉപയോഗമുണ്ടെന്നത് നിഷേധിക്കുന്നില്ലെന്നു പറഞ്ഞ ഊർമിള അതിന്റെ പേരിൽ എല്ലാവരെയും ആക്രമിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കിയിരുന്നു. ഈ ബോളിവുഡ് താരങ്ങൾക്കൊന്നും വേറെ പണിയില്ലേ. മലയാളത്തെ അപേക്ഷിച്ച് ഭേദമാണെന്ന് പറയാം. ഇവിടെ ആംബുലൻസ് പീഡനം കണ്ടില്ലെന്ന് നടിക്കുന്നവരാണല്ലോ ലെഗ് പീസിനായി അടിപിടി കൂടുന്നത്.
 

Latest News