Sorry, you need to enable JavaScript to visit this website.

ഒരു പിതാവിന്റെ അക്ഷര സൽക്കാരം

കുറേ നേരം എന്തോ ഓർത്തിട്ടെന്ന പോലെ അയാൾ ഒരു രാഗം മൂളാൻ തുടങ്ങി. അയാൾക്കിഷ്ടപ്പെട്ട ഒരു 'ഠുംരി' യുടെ വരികൾ മനസ്സിൽ സന്തോഷത്തോടെ ചിറകു വിടർത്തുകയായിരുന്നു.' വർഷഋതു അതിന്റെ എല്ലാ സൗഭാഗ്യങ്ങളോടും കൂടി വരികയായി. പ്രിയപ്പട്ടവളേ നീ....'എന്നാരംഭിക്കുന്ന ഠുംരി ആയിരുന്നു. പക്ഷേ, അയാൾ വരികൾ പാടുന്നുണ്ടായിരുന്നില്ല.....
മലയാളത്തിന്റെ വിശ്രുത കഥാകാരൻ ടി.പത്മനാഭൻ രണ്ടര പതിറ്റാണ്ട് മുമ്പെഴുതിയ ഈ വരികൾ ഈ കോവിഡ് കാല മൗനനിസ്സംഗതകൾക്കിടയിൽ മറ്റൊരു നാട്ടിൽ പുനർജനിക്കുന്നു. കഥ പിറന്ന കാലവും ദേശവും സാഹചര്യവും വേറെയാണ്. കണ്ണൂരിൽ നിന്ന് അത് പാലക്കാട് ജില്ലയിലെ കൂറ്റനാടെത്തിയിരിക്കുന്നു. അവിടെ, ഒരു പിതാവിന്റെ അക്ഷര സൽക്കാരത്തിൽ സ്വാദുള്ള വിഭവമായി മാറിയിരിക്കുന്നു.


കൊറോണ വൈറസ് നാട്ടിൽ പന്തലിട്ടു പടർന്നപ്പോൾ മകളുടെ വിവാഹത്തിനായി വീട്ടിലൊരു പന്തലൊരുക്കാൻ കെ.വി.സുബൈറിന് കഴിഞ്ഞില്ല. പുസ്തകശാലയും ജീവകാരുണ്യ പ്രവർത്തനവും ജീവിതമാക്കിയ പാലക്കാട് ജില്ലയിലെ കൂറ്റനാട് സ്വദേശി കുറുങ്ങാട്ടുവളപ്പിൽ സുബൈർ തന്റെ വിശാലമായ സൗഹാർദങ്ങൾക്ക് മുന്നിൽ നിസ്സഹായനായി. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ സന്ദർഭങ്ങളിലൊന്നിൽ കൂട്ടുകാരെ ക്ഷണിക്കാനാവാതെ... കോവിഡ് വ്യാപന കാലത്ത് ലോകത്തിലെ നിരവധി പേർക്ക് വന്നു ചേർന്ന നിസ്സഹായാവസ്ഥ പോലെ..
മകൾ ഫാത്തിമ ഹസ്്‌നയുടെ വിവാഹത്തിന് സുബൈറിന്റെ വീട്ടിലും പന്തലിട്ടില്ല. അതിഥികളെത്തിയില്ല. വിശാലമായ ബിരിയാണി സൽക്കാരമുണ്ടായില്ല. എന്നാൽ ആ വിവാഹത്തിൽ പങ്കെടുക്കേണ്ടിയിരുന്നവർക്കായി ഒരു സ്വാദുള്ള വിഭവം അക്ഷരങ്ങളുടെ ചൂടേറ്റ് വെന്ത് പാകമാകുന്നുണ്ടായിരുന്നു... ക്വാറന്റൈൻ എന്ന പുസ്തകം.
പുസ്തകത്തിന്റെ ആമുഖത്തിൽ സുബൈർ എഴുതി: എല്ലാ സൗഹൃദങ്ങളും പുതുക്കാനും പുനരുജ്ജീവിപ്പിക്കാനുമുള്ള ദിവസമായി ആശിച്ചതായിരുന്നു മകളുടെ വിവാഹദിനം. പക്ഷേ... സുഹൃത്തേ, ഈ അവസരത്തിൽ എന്റെ ചെറിയൊരു അക്ഷര സൽക്കാരമാണ് ഈ പുസ്തകം. കഴിഞ്ഞ മൂന്നു ദശാബ്്ദക്കാലം സുഖദുഃഖങ്ങളിൽ എന്നോടൊപ്പം നിന്ന, മലയാള കഥയിലെ കാരണവർ പ്രിയപ്പെട്ട ടി.പത്്മനാഭൻ തൊട്ട് ഉറ്റ സൗഹൃദങ്ങളിലുള്ള എഴുത്തുകാർ മകൾക്കുള്ള വിവാഹസമ്മാനമായി നൽകിയതാണ് ഈ കഥകൾ. സ്വീകരിക്കുക....
2020 ജൂൺ ഒന്നിന് ഫാത്തിമ ഹസ്്‌ന ദുബായിൽ എൻജിനീയറായ പാലക്കാട് ആലത്തൂർ സ്വദേശി മുഹമ്മദ് മുഖ്താറിന്റെ ജീവിതസഖിയായി. മാസ്‌ക്കിനുള്ളിൽ മറയ്ക്കപ്പെട്ട സന്തോഷവുമായി വിരലിലെണ്ണാവുന്ന ബന്ധുക്കൾ വിവാഹത്തിന് സാക്ഷിയായി..
പിന്നീട് ദിവസങ്ങൾക്ക് ശേഷമാണ് സുബൈറിന്റ അക്ഷരസൽക്കാരം തുടങ്ങിയത്. ക്വാറന്റൈൻ ഒരു പുസ്തകം മാത്രമല്ല. ഒരു പിതാവ് മകൾക്ക് നൽകുന്ന വിവാഹ സമ്മാനമാണ്; സുഹൃത്തുക്കൾക്ക് നൽകുന്ന വേറിട്ട ക്ഷണപത്രമാണ്. വിവാഹത്തിന് ശേഷവും സുഹൃത്തുക്കൾ ആ പുസ്തകത്തിലൂടെ സുബൈറിന് ഒരുക്കാൻ കഴിയാതെ പോയ പന്തലിലെത്തുന്നു... ഒപ്പന കേൾക്കുന്നു.. ഭക്ഷണം കഴിക്കുന്നു...
കേരളത്തിലെ അറിയപ്പെടുന്ന എഴുത്തുകാർ സുഹൃത്തിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായി കാത്തിരുന്നതാണ്. കൊറോണ ആ സമാഗമം വിലക്കിയപ്പോൾ അവർ സമ്മാനമായി അയച്ചു കൊടുത്തത് പ്രിയപ്പെട്ട കഥകൾ. വിവാഹമുൾപ്പെടെ മനഷ്യജീവിതത്തിലെ അനുഭവഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ആറ് കഥകളാണ് ക്വാറന്റൈൻ എന്ന പുസ്തകത്തിലുള്ളത്. എഴുത്തുകാരെല്ലാവരും മുഖവുര ആവശ്യമില്ലാത്തവർ -ടി.പത്്മനാഭൻ, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, മനോജ് ജാതവേദര്, സന്തോഷ് എച്ചിക്കാനം, സുസ്‌മേഷ് ചന്ത്രോത്ത്, എൻ.പ്രദീപ്കുമാർ... 


സുബൈറിന്റെ സാഹിത്യ മിത്രങ്ങളിൽ കാരണവരായ ടി.പത്്മനാഭൻ അയച്ചത് തന്റെ പ്രിയപ്പെട്ട കഥകളിലൊന്നായ 'ദേശ്-ഒരു ഹിന്ദുസ്ഥാനി രാഗം'. പിന്നെ ശിഹാബുദ്ദീന്റെ 'കാട്ടിലേക്ക് പോകല്ലെ, കുഞ്ഞേ', മനോജ് ജാതേവദരുടെ 'ലോകാവസാനം', സന്തോഷ് എച്ചിക്കാനത്തിന്റെ 'ബിരിയാണി'. സുസ്‌മേഷ് ചന്ത്രോത്തിന്റെ 'ചുടലയിൽ നിന്നുള്ള വെട്ടം', എൻ.പ്രദീപ്കുമാറിന്റെ 'ലോട്ടസ് ലാന്റ്'... മലയാള സാഹിത്യത്തിലെ മികച്ച കഥകൾ തുന്നിച്ചേർത്ത ക്വാറന്റൈൻ എന്ന പുസ്തകം വേറിട്ടൊരു വിവാഹ സൽക്കാരമാണ്. കുറച്ചു നാളുകൾ മാത്രം ആയുസ്സുള്ള വെഡ്ഡിംഗ് കാർഡുകൾക്ക് പകരം ജീവിതത്തിൽ എക്കാലത്തും സൂക്ഷിക്കാനാകുന്ന ഒരു പുസ്തകത്തിന്റെ രൂപത്തിലാണ് ഈ സമ്മാനം. 
വിവാഹത്തിന് മുമ്പ് പുറത്തിറക്കാനാണ് ആദ്യം ആലോചിച്ചതെങ്കിലും കോവിഡ് ലോക്ഡൗൺ മൂലം മൂന്നു മാസമെടുത്താണ് തയാറായത്. തീർത്തും സൗജന്യമായാണ് ഈ പുസ്തകം സൗഹാർദ വലയത്തിലെത്തുന്നത്. സുഹൃത്തുക്കളായ മണികണ്ഠൻ പുന്നക്കൽ, സാദിഖ് തൃത്താല, വിനീത് രാജൻ, എം.വി.രാജൻ മേലേപ്പാട്ട്, അജിത് ലോഗോസ് തുടങ്ങിയവർ അണിയറ ശിൽപികളായി.  
അമ്പത്തിയെട്ടാമത്തെ വയസ്സിൽ അക്ഷരങ്ങളുടെ ലോകത്ത് സുബൈറിന്റെ ജീവിതം ശാന്തമാണ്. സഹകരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യാനുള്ള ജെ.ഡി.സി പരീക്ഷ പാസായെങ്കിലും ജോലിക്ക് പോയില്ല. പുസ്തകങ്ങൾ തേടിപ്പിടിച്ച് വായിച്ചു. അക്ഷരങ്ങളോടുള്ള സ്‌നേഹമാണ് മുപ്പത് വർഷം മുമ്പ് കൂറ്റനാട് ടൗണിലെ സ്വന്തം കെട്ടിടത്തിൽ ബുക്‌സ് ആന്റ് പീരിയോഡിക്കൽസ് എന്ന പുസ്തകശാല തുടങ്ങാൻ പ്രേരിപ്പിച്ചത്. പുസ്തകങ്ങളിലൂടെ എഴുത്തുകാരുമായി അടുത്തു. സൗഹാർദങ്ങൾ കണ്ണിമുറിയാതെ കാത്തു. പ്രശസ്തരായ സാഹിത്യ മിത്രങ്ങൾക്ക് പലപ്പോഴും സ്‌നേഹമുള്ള ആതിഥേയനായി. കൂറ്റനാട്ടെ സഹയാത്ര ചാരിറ്റബിൾ സൊസൈറ്റി, മെഹഫിൽ സംഗീത കൂട്ടായ്്മ തുടങ്ങി സാഹിത്യത്തോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിലും കലാ രംഗത്തും കെ.വി.സുബൈർ സജീവമാണ്. 
ഈ പുസ്തകത്തിലെ കഥകൾ മലയാളികൾ മുമ്പ് വായിച്ചതാകാം. എന്നാൽ സുബൈറിന്റെ അക്ഷര സൽക്കാരത്തിൽ അവ വിഭവങ്ങളാകുമ്പോൾ സ്വാദേറുന്നു. വിവാഹങ്ങൾ ആർഭാടങ്ങളുടെ കൂടി വേദിയായ ഒരു നാട്ടിൽ ലാളിത്യത്തിന്റെയും ജീവൽസ്പന്ദനങ്ങളുടെയും കൊതിയൂറുന്ന വിഭവം.
'ഗോപാൽ യാദവ് എഴുന്നേറ്റു. സിനാൻ കൈകൾ നീട്ടി. അതിൽ പിടിച്ച് മുകളിൽ എത്തിയതും എവിടെ നിന്നോ മൂന്നാലു പേർ ഒരു പച്ച വീപ്പ താങ്ങി കൊണ്ടുവന്ന് കുഴിയിലേക്ക് കമിഴ്്ത്തി. എല്ലിൻ കഷ്ണത്തോടു കൂടിയ ബിരിയാണി ഒരു കുന്നുപോലെ ഇടിഞ്ഞു വീഴുന്നത് ഗോപാൽ യാദവ് നെഞ്ചിടിപ്പോടെ നോക്കി... (സന്തോഷ് എച്ചിക്കാനത്തിന്റെ ബിരിയാണി എന്ന കഥയിൽ നിന്ന്.)


 

Latest News