ഐ.പി.എല്‍ ക്വാരന്റൈന്‍  ചട്ടത്തില്‍ അവ്യക്തത

ദുബായ് - ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ പരമ്പര കഴിഞ്ഞെത്തുന്ന കളിക്കാര്‍ ഐ.പി.എല്ലില്‍ കളിക്കാനിറങ്ങും മുമ്പ് എത്ര ദിവസം ക്വാരന്റൈനില്‍ കഴിയണമെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണെന്ന് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് സി.ഇ.ഒ സതീഷ് മേനോന്‍. ഇംഗ്ലണ്ടിലെ ജൈവകവചത്തില്‍ നിന്ന് പുറംസമ്പര്‍ക്കമില്ലാതെ ഐ.പി.എല്ലിലെ ജൈവകവചത്തിലേക്ക് വരുന്നതിനാല്‍ കളിക്കാര്‍ക്ക് യു.എ.ഇയില്‍ ദൈര്‍ഘ്യമേറിയ ക്വാരന്റൈന്‍ വേണ്ടിവരില്ലെന്നാണ് കരുതിയത്. ആദ്യ മത്സരത്തില്‍ തന്നെ ഇവര്‍ക്ക് ഇറങ്ങാനാവുമെന്നാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മേധാവി വെങ്കി മൈസൂര്‍ പറഞ്ഞത്. 
എന്നാല്‍ ബി.സി.സി.ഐയില്‍ നിന്ന് ഇതുവരെ ഇക്കാര്യത്തില്‍ വ്യക്തമായ നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് സതീഷ് മേനോന്‍ വെളിപ്പെടുത്തി. ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മാക്‌സ്‌വെലും ഇംഗ്ലണ്ട് പെയ്‌സ്ബൗളര്‍ ക്രിസ് ജോര്‍ദാനും കിംഗ്‌സ് ഇലവനില്‍ കളിക്കേണ്ടവരാണ്. 20 ന് ദല്‍ഹി കാപിറ്റല്‍സിനെതിരെ ദുബായിലാണ് കിംഗ്‌സ് ഇലവന്റെ ആദ്യ മത്സരം. കിംഗ്‌സ് ഇലവന്‍ ഇതുവരെ ഐ.പി.എല്‍ കിരീടം നേടിയിട്ടില്ല.

Latest News