സീസണ്‍ നീട്ടിയപ്പോള്‍ തകര്‍ന്നു, വിദേശത്ത് കളിക്കും -ശ്രീശാന്ത്

കൊച്ചി - ആഭ്യന്തര സീസണിനായി കഴിഞ്ഞ മെയ് മുതല്‍ താന്‍ കഠിനാധ്വാനത്തിലാണെന്നും അനിശ്ചിതത്വം തന്നെ തകര്‍ത്തുവെന്നും ശ്രീശാന്ത്. വിരമിക്കാന്‍ പോലും ആലോചിച്ചു. എന്നാല്‍ ചെലവിട്ട കഠിനാധ്വാനം പരിഗണിക്കുമ്പോള്‍ അത് എന്നോട് തന്നെ ചെയ്യുന്ന നീതിയാവില്ല. ആഭ്യന്തര സീസണ്‍ റദ്ദാക്കുകയാണെങ്കില്‍ മറ്റു വഴികള്‍ ആലോചിക്കേണ്ടി വരും. വിദേശത്ത് കളിക്കാന്‍ ബി.സി.സി.ഐയുടെ അനുമതി തേടും -ശ്രീശാന്ത് പറഞ്ഞു. 
ലോക്ഡൗണ്‍ നീക്കിയതു മുതല്‍ ശ്രീശാന്ത് കേരളത്തിന്റെ അണ്ടര്‍-23 ടീമിനൊപ്പം എറണാകുളത്ത് പരിശീലനം നടത്തുന്നുണ്ട്. ഏതാനും സീനിയര്‍ കളിക്കാരും പരിശീലനത്തില്‍ പങ്കെടുക്കുന്നുണ്ട്. തിരിച്ചുവരവ് ആഘോഷിക്കാന്‍ താന്‍ കൊച്ചിയില്‍ പ്രാദേശിക ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെന്നും എന്നാല്‍ കൊറോണയുടെ സാഹചര്യത്തില്‍ അത് സാഹസമാകുമെന്ന കണ്ട് ഉപേക്ഷിക്കുകയായിരുന്നുവെന്നും ശ്രീശാന്ത് പറഞ്ഞു. കേരളത്തില്‍ ലോക്ഡൗണ്‍ അവസാന ഘട്ടത്തിലാണ്. ഈ മാസം 21 മുതല്‍ കായിക മത്സരങ്ങള്‍ നടത്താം. എന്നാല്‍ ട്രയ്‌നിംഗ് ക്യാമ്പ് നടത്തുന്നതിനെക്കുറിച്ച് കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ ഇതുവരെ ആലോചിച്ചിട്ടില്ല.

Latest News