ലണ്ടൻ- മുൻ ഭാര്യ ആഞ്ജലീന ജോളിയുമായി വേർപ്പിരിഞ്ഞ ശേഷം നടൻ ബ്രാഡ് പിറ്റിന്റെ കണ്ണ് മറ്റൊരു ആഞ്ജലീന ജോളിയിലാണെന്നാണ് ഹോളിവൂഡിൽ നിന്നുള്ള പുതിയ വാർത്ത. 2014ൽ പുറത്തിറങ്ങിയ മെയ്ൽഫിസെന്റിലെ ആഞ്ജലീനയുടെ കൗമാര പ്രായം അഭിനയിച്ച 21കാരി എല്ല പുരനെലുമായാണ് ബ്രാഡ് പിറ്റ് ഇപ്പോൾ ഡേറ്റിംഗ് നടത്തുന്നത്രെ. കാഴ്ചയിൽ ആഞ്ജലീനയോട് സാദൃശ്യമുള്ള യുവനടിയോടൊപ്പം അഭിനയിക്കാൻ സ്വന്തം സിനിമാ നിർമ്മാണ കമ്പനിയിലൂടെ ബ്രാഡ്പിറ്റ് സ്വയം അവസരമുണ്ടാക്കിയെന്നും റിപ്പോർട്ടുകളുണ്ട്. 'മിസ് പെരഗ്രൈൻസ് ഹോം ഫോർ പെക്യുലിയർ ചിൽഡ്രനി'ലെ എല്ലയുടെ ഗംഭീര പ്രകടനം കണ്ട ബ്രാഡ് പിറ്റി തന്റെ പുതിയ ചിത്രമായ സ്വീറ്റ്ബിറ്ററിൽ എല്ലയേയും ഉൾപ്പെടുത്തിയിട്ടുണ്ട്.
'ഈ ചിത്രത്തിൽ എല്ല വേണമെന്നായിരുന്നു തുടക്കം മുതലെ ബ്രാഡ് ആഗ്രഹിച്ചിരുന്നത്. യുവനടിയെ കൂടെ അഭിനയിപ്പിക്കുന്നതിന് അദ്ദേഹം നന്നായി ശ്രമിക്കുകയും ചെയ്തു. ബ്രാഡിന്റെ ശ്രദ്ധ തന്നിൽ പതിഞ്ഞിട്ടുണ്ടെന്ന് മനസ്സിലാക്കിയതോടെ എല്ലയും വീണു. തന്റെ ഇഷ്ട സെലിബ്രിറ്റി താരമാണ് ബ്രാഡ് എന്നാണ് എല്ല സുഹൃത്തുക്കളോട് പറഞ്ഞിരിക്കുന്നത്,' സ്വീറ്റ്ബിറ്ററിന്റെ അണിയറ പ്രവർത്തകരിൽ ഒരാൾ പറയുന്നു.
ബ്രാഡിന്റെ ഈ പുതിയ കൂട്ടുകെട്ട് ആഞ്ജലീന നോട്ട് ചെയ്തിട്ടുണ്ട്. 53 കാരനായ ബ്രാഡിന്റേയും ആഞ്ജലീനയുടേയും മകൾ മഡോക്‌സിനേക്കാൾ അഞ്ചു വയസ്സു മാത്രമെ എല്ലയ്ക്കു കൂടുതലുള്ളൂ. മകളുടെ പ്രായം വരുന്ന കാമുകിയെ, അതും തന്നോട് സാദൃശ്യമുള്ള ഒരാളുമായി ബ്രാഡ് ഡേറ്റിങ് നടത്തുന്നത് മുൻഭാര്യ എങ്ങനെ നോക്കിക്കാണുമെന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.
ആഡ് ആസ്ട്ര എന്ന സയൻസ് ഫിക്ഷൻ ചിത്രവുമായി ബന്ധപ്പെട്ട് തിരക്കിലാണെങ്കിലും ബ്രാഡിനെ ആഴ്ചയിലൊരിക്കൽ എല്ലയോടൊപ്പം കാണുന്നുണ്ട്. വരാനിരിക്കുന്ന സ്റ്റാർസ് പരമ്പരയിലും സ്വീറ്റ്ബിറ്ററിലും ബ്രാഡിനൊപ്പം എല്ലയും ഉണ്ടാകും. കൂടാതെ ബ്രാഡിന്റെ കോച്ചിംഗും എല്ലയ്ക്ക് ലഭിക്കുന്നുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെ മുന്നോട്ടു പോകുകയാണെങ്കിലും ഇവരുടെ ബന്ധം ഏതു നിമിഷവും മറ്റൊരു തലത്തിലേക്കു മാറാമെന്നാണ് ഹോളിവുഡിലെ സംസാരം.