Sorry, you need to enable JavaScript to visit this website.

മനസ്സിന്റെ കറുപ്പും വെളുപ്പും ജീവിതമാകുമ്പോൾ

ഡോ. രഘുനാഥ് പാറക്കൽ 

പാലക്കാട്ടെ ഡോ. രഘുനാഥ് പാറക്കൽ ഒരു പ്രതിഭാസമാണ്. വിശേഷണങ്ങൾക്കുള്ളിൽ ഒതുങ്ങാത്ത വിസ്മയ വ്യക്തിത്വം. സാമൂഹ്യ പ്രവർത്തന രംഗത്ത് അദ്ദേഹം ഇപ്പോൾ വഹിച്ചു കൊണ്ടിരിക്കുന്ന ചുമതലകൾ അത്രയധികമാണ്. അദ്ദേഹവുമായി ഇടപെട്ട ആരിലും പ്രസന്നമായ ഒരു ഓർമയായി ഡോക്ടർ നിറഞ്ഞു നിൽക്കും. മാനസികാരോഗ്യത്തെ അഭിവൃദ്ധിപ്പെടുത്തുന്ന അദ്ദേഹം സാമൂഹ്യ സാംസ്‌കാരിക വൈജ്ഞാനിക ഇടപെടലിലൂടെ പതിനായിരങ്ങൾക്ക് വഴി കാണിച്ചു കൊടുക്കുന്നു. അറിവിന്റെയും അന്വേഷണങ്ങളുടെയും എല്ലാ മേഖലയിലും ഇടപെടുന്നതാണ് ഡോക്ടറുടെ ഒരു തനതു രീതി. ഇതിനെക്കുറിച്ച് ചോദിച്ചാൽ ഡോക്ടർ പറയുന്ന മറുപടി, കാലാനുസൃതമായ അറിവ്, ചുറ്റുമുള്ള സമൂഹത്തിന്റെ വിചാര വികാര മാനസിക ഭാവം അതു നേടാൻ മറ്റാരേക്കാളും ചുമതല സാമൂഹ്യ പ്രവർത്തകർക്കാണ് എന്നാണ്.

മനസ്സ് ശാന്തമാകട്ടെ 
മനസ്സിൽ രൂപീകരിക്കപ്പെടുന്ന ചിത്രം എപ്പോഴും സൃഷ്ടിപരവും പ്രസാദാത്മകവുമായിരിക്കണം. നയനാനന്ദകരമായ കാഴ്ചകളിലേക്കും ചിന്തകളിലേക്കും മനസ്സ് വ്യാപരിക്കുമ്പോൾ ശാന്തരാകാൻ കഴിയും. ആധുനിക കാലഘട്ടത്തിൽ എല്ലാ മേഖലയിലും മാനസിക സമ്മർദം പ്രകടമാണ്. നാം സ്‌കൂട്ടർ കുടുംബം എന്ന് പറയുന്ന അണുകുടുംബ വ്യവസ്ഥയും അനാരോഗ്യകരമായ മത്സരങ്ങളും ലഹരി ഉപയോഗവും കൂടുതൽ മാനസികാഘാതങ്ങൾക്ക് കാരണമാകുന്നു. 
മാനസികാരോഗ്യ രംഗത്ത് നാം പിറകിലാണ്. സാക്ഷരതയിൽ പ്രബുദ്ധരായിരുന്നിട്ടും ആത്മഹത്യാ നിരക്കിൽ നാം മുമ്പിലാണ്. കുട്ടികൾ സൈബർ ചതിക്കുഴികളിലാണ്. അവർ അകപ്പെട്ട പ്രതിസന്ധിയിൽ നിന്നും രക്ഷപ്പെടാൻ മാർഗമന്വേഷിച്ച് എന്റെയടുക്കൽ വരുന്ന രക്ഷിതാക്കൾ വളരെയേറെയാണ്. ഇത്തരം പ്രശ്‌നങ്ങളെ സമചിത്തതയോടെ സമീപിക്കേണ്ടിയിരിക്കുന്നു.

 

സൗഹൃദച്ചില്ലകൾ 
ഉപാധികളില്ലാത്ത വിശാല സൗഹൃദം തന്നെയാണ് ഡോ. രഘുനാഥ് പാറക്കലിന്റെ ശക്തിയും മഹിമയും. വ്യത്യസ്ത തുറകളിൽ പ്രവർത്തിക്കുന്ന എണ്ണമറ്റ ഓൺലൈൻ സുഹൃത്തുക്കളുടെ സങ്കടങ്ങൾക്കും സ്വപ്‌നങ്ങൾക്കും ആവശ്യങ്ങൾക്കും പരാതിക്കും പരിഹാരം നിർദേശിച്ചുകൊണ്ടാണ് ഓരോ പ്രഭാതത്തിന്റെയും തുടക്കം. ആരെയും സ്‌നേഹിക്കുന്നതിലും ആരോടും സംസാരിക്കുന്നതിലും സൗഹൃദ പൂർണമായി പിൻപറ്റുന്നതിലും അൽപം പോലും അഹന്തയില്ലെന്ന് ഡോ. രഘുനാഥ് പാറക്കലിനെ അറിയുന്ന ആരും സമ്മതിക്കും. പാലക്കാടിനു മാത്രം പ്രിയങ്കരനായ ഒരു വ്യക്തിത്വമല്ല, ഡോക്ടറായും പ്രൊഫസറായും അറിയപ്പെടുന്ന ഈ അതുല്യ പ്രതിഭ. ഒരേ സമയം പ്രൊഫസറായും ഡോക്ടറായും എഴുത്തുകാരനായും സാമൂഹ്യ പ്രവർത്തകനായും മനഃശാസ്ത്ര വിശാരദനായും ജീവിതത്തിനു അസാധാരണമായ രൂപഭാവങ്ങൾ നൽകിക്കൊണ്ടിരിക്കുന്നു. 
സാമൂഹ്യ സേവന രംഗത്ത് നിസ്വാർത്ഥമായ പ്രവർത്തനം കാഴ്ച വെയ്ക്കുന്ന ഡോ. രഘുനാഥ് അഞ്ചു ആശുപത്രികളിൽ കൺസൾട്ടന്റ്കൗൺസലറായും മൂന്നു കോളേജുകളിൽ സൈക്കോളജിസ്റ്റായും സേവനമനുഷ്ഠിക്കുന്നു. യു.എൻ വളണ്ടിയറും ഇന്റർനാഷണൽ ഹ്യൂമൻ റൈറ്റ്‌സ് & സോഷ്യൽ ജസ്റ്റിസ് ഫെഡറേഷൻ വൈസ് പ്രസിഡന്റും ഇന്ത്യാ ഗവണ്മെന്റിന്റെ ട്രെയിനർ ഓഫ് ട്രെയിനറുമാണ്. വിജിലൻസ് ഫോറം കേരള ചെയർമാൻ, കിഡ്നി ഫെഡറേഷൻ പാലക്കാട് ഘടകം രക്ഷാധികാരി, ചാരിറ്റബിൾ ഓർഗനൈസേഷൻസ് സംസ്ഥാന പ്രസിഡന്റ്, ഹൈക്കോടതി, വനിതാ സെൽ, കൗമാര ആരോഗ്യ വിദ്യാഭ്യാസ പദ്ധതി ഓൺലൈൻ കൗൺസലർ ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത വിധമാണ് അദ്ദേഹം വഹിച്ചുകൊണ്ടിരിക്കുന്ന ചുമതലകൾ. ഇത്രയേറെ തിരക്കിനിടയിലും ഡോ. എങ്ങനെ സാമൂഹ്യ പ്രവർത്തനത്തിന്റെ വിവിധ മേഖലകളിൽ ഇടപെടുന്നു എന്നത് അദ്ദേഹത്തെ നിരീക്ഷിക്കുന്ന ആരെയും അത്ഭുതപ്പെടുത്തും. ക്രിയാത്മക സാമൂഹ്യ പ്രവർത്തനത്തിന് മുൻ പ്രധാനമന്ത്രി ഐ.കെ. ഗുജ്‌റാളിൽ നിന്നും ഹിന്ദ് രത്ന, കേരള സർക്കാരിന്റെ ഇന്നൊവിഷൻ അവാർഡുകളടക്കം അറുപതോളം പുരസ്‌കാരങ്ങൾ ഈ മനഃശാസ്ത്ര ഡോക്ടറെ തേടിയെത്തിയിട്ടുണ്ട്. ജീവകാരുണ്യ പ്രവർത്തനം, സ്ത്രീ സുരക്ഷ, മനുഷ്യാവകാശം, വിദ്യാഭ്യാസം, അവയവദാനം ഇങ്ങനെ പോകുന്നു പൊതു സമൂഹത്തിലെ  ഡോക്ടറുടെ വിശാലമായ കർമമേഖല.'ജീവിതത്തിന്റെ ഓരോ നിമിഷവും പാഴാക്കാനുള്ളതല്ല' എന്ന അതിസൂക്ഷ്മതയാണ് സമയത്തിന്റെ ഈ വിനിയോഗത്തെക്കുറിച്ച് ചോദിച്ചാൽ ഡോക്ടർ നൽകുന്ന മറുപടി. ആർക്കും ഒരു പാഠപുസ്തകമാണ് ഡോക്ടറുടെ അസാധാരണ ജീവിതം.  പാലക്കാട് നഗരത്തിൽ മണപ്പുള്ളിക്കാവിൽ  താമസിക്കുന്നു. ഭാര്യ: ഉഷ വർമ.മക്കൾ: സവിത, സൂരജ്.

ജീവിതമിങ്ങനെയും..
രസകരവും ചിന്തോദ്ദീപകവുമാണ് ഡോക്ടറുടെ ഓരോ വാക്കും. ജീവിതം വളരെ വളരെ ചെറുതാണ്, ജീവിതം ദുഃഖ സാന്ദ്രമായിരിക്കുമ്പോഴും അതിന്റെ കാവ്യാത്മകതയിൽ തന്നെ പരമാവധി അനുഭവിക്കുക. വിഭാഗീയ-ക്ലേശ-അസ്വസ്ഥ ചിന്തകളെ മാറ്റുക. ആർക്ക് എന്ത് നന്മ ചെയ്യുമ്പോഴും പ്രത്യുപകാരമോർക്കാതിരിക്കുക. പ്രവർത്തിക്കുന്നത് ശരിയായ പാതയിലാണെങ്കിൽ കുടുസ്സു മനസ്സുള്ളവരുടെ അസൂയ വർത്തമാനം അവഗണിക്കുക. ഈ അടിസ്ഥാനങ്ങളിലൂന്നിയാണ് ഡോക്ടറുടെ നിറമുള്ള ജീവിതം. മനഃശാസ്ത്ര കാര്യങ്ങൾ അഗാധമായും നിരന്തരമായും എഴുതുന്നു.
ചികിത്സയുടെയും ഇടപെടലിന്റെയും പ്രതികരണമെന്നോണം സംഭവിച്ച അനുഭവത്തിന്റെ സാക്ഷ്യമാണ് ആനുകാലികങ്ങളിൽ അദ്ദേഹം എഴുതുന്ന ചില ലേഖനങ്ങൾ. വ്യക്തികളുടെയും കുടുംബങ്ങളുടെയും ആന്തരിക സംസ്‌കരണത്തെ നയിക്കുന്ന വിചാരപ്പെടലുകളാണ് പത്ര കോളങ്ങളിൽ കൂടി പ്രകാശിതമാകുന്നത്. കുട്ടികളുടെയും മുതിർന്നവരുടെയും ഹൃദയ സമസ്യകളുടെ കെട്ടഴിക്കുന്ന കൗൺസലിംഗും ചർച്ചകളും. എന്തും പഠിക്കാനും പഠിപ്പിക്കാനുമുള്ള ആത്മ സമർപ്പണം ഡോക്ടറുടെ മൗലികതയാണ്. കേവലമായ ഉദ്‌ബോധനങ്ങൾക്കപ്പുറം എന്തിലും ഏതിലും പ്രായോഗികമായി ഇടപെട്ടാണ് നിവർന്നു നിൽക്കാനുള്ള ആയുസ്സും മനക്കരുത്തും ഉണ്ടാക്കിയെടുക്കുന്നത്.

 

എന്നും ഇഷ്ടം അധ്യാപനം
ഒരു തൊഴിൽ എന്നതിനപ്പുറം അധ്യാപനത്തിന് വളരെ ഉന്നതമായ ഒരു സ്ഥാനമാണുള്ളത്.  ഓരോ സാമൂഹിക ചലനത്തിന്റെയും മാറ്റത്തിന്റെയും  പിന്നിൽ ദൃശ്യമായോ, അദൃശ്യമായോ ഒരു അധ്യാപകൻ ഉണ്ടായിരിക്കും.  സാമൂഹികമായി ഏതൊക്കെ മേഖലയിൽ ഇടപെട്ടാലും ഏറെ സംതൃപ്തനാക്കുന്നത് അധ്യാപനം തന്നെയാണ്. നല്ല ആശയ വിനിമയത്തിലൂടെ ലോകത്ത് അത്ഭുതങ്ങൾ ചെയ്യാനാകുമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. 
ഓരോരുത്തരുടെയും മാനസിക നില മനസ്സിലാക്കിയും സന്ദർഭോചിതമായും മനസ്സുകളോട് സംവദിക്കുമ്പോൾ, ജീവിതത്തോട് നിരുത്സാഹികളായവരെ ജീവിതാനന്ദത്തിലേക്ക് മടക്കിക്കൊണ്ടു വരുമ്പോൾ അതാണ് എന്നെ സഫലമാക്കുന്ന ഘടകം. നമ്മുടെ സമർത്ഥമായ ഒരു ഉപദേശം കൊണ്ട്, ലഘുവായ ഒരു പ്രയത്‌നം കൊണ്ട്, പ്രത്യാശ നൽകുന്ന ഒരു ഓർമപ്പെടുത്തൽ കൊണ്ട് ഒരാളുടെ ജീവൻ രക്ഷിക്കാനോ, അയാളെ കഠിനമായ ദുഃഖത്തിൽ നിന്നോ രക്ഷിക്കാനായാൽ അതിനേക്കാൾ മഹത്തരമായി മറ്റെന്തുണ്ട്. 
അധ്യാപനത്തോടൊപ്പം സാമൂഹ്യ ഇടപെടലുകൾക്ക് ആക്കം കൂട്ടിയത് ലോക സമാധാനത്തിനായുള്ള അഭിലാഷമാണ്. വ്യത്യസ്ത മതങ്ങളിൽ നിന്നും ദർശനങ്ങളിൽ നിന്നും നമുക്ക് കേൾക്കാനായത് സമാധാന വാക്യമായിരുന്നല്ലോ. ഭയരഹിതമായൊരു ജീവിതം ആധുനിക ലോകത്തെ പ്രധാനപ്പെട്ട സമാധാന ജീവിത ശാസ്ത്ര സിദ്ധാന്തമായിരിക്കട്ടെ. പൊലിയുന്ന ജീവൻ ആരുടേതായാലും വിലപ്പെട്ടതാണ്. അത് മനസ്സിലാക്കാൻ വിവേകമാണ് ആവശ്യം. സമാധാനവും സന്തോഷവുമൊക്കെ അടിസ്ഥാനപരമായി നിലകൊള്ളുന്നത് മാനസിക തലത്തിലാണ്. മനസ്സാകട്ടെ കുടുംബം, കുട്ടികൾ, അയൽപക്കം, തൊഴിൽ, സമൂഹം, വിദ്യാഭ്യാസം, രാഷ്ട്രീയം തുടങ്ങി അനേക വിഷയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ആ തലങ്ങളിലൊക്കെ പ്രശ്‌നമുണ്ടാകാതിരിക്കുമ്പോഴേ സമ്പൂർണ സമാധാനവും സന്തോഷവും കൈവരുന്നുള്ളൂ.

മക്കൾ എന്ന മന്ത്രം
ഈ വിഷയകമായി ഞാൻ ഒരു പുസ്തകം തന്നെ എഴുതിയിട്ടുണ്ട്. കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമായി ധാരാളം രക്ഷിതാക്കൾ എന്നെ സമീപിക്കാറുണ്ട്. കാലത്തിന്റെ മാറ്റം തൊട്ടറിയുന്നവരാണ് കുട്ടികൾ. ഒരിക്കലും താരതമ്യം അരുത്. ഞാൻ കുട്ടികൾക്കു വേണ്ടി പ്രവർത്തിച്ചിരുന്നപ്പോഴെല്ലാം കൂടുതൽ പ്രാധാന്യം രക്ഷിതാക്കൾക്കും കൊടുത്തിരുന്നു. 
പല രക്ഷിതാക്കളുടെയും പരാതി മക്കൾ ശരിയായി പെരുമാറുന്നില്ലെന്നാണ്. അതിനു കാരണം മാതാപിതാക്കളാണ്. കുട്ടികൾ പെരുമാറ്റം പഠിക്കുന്നത് രക്ഷിതാക്കളിൽ നിന്നാണ്. രക്ഷിതാക്കൾ തമ്മിൽ മോശമായി പെരുമാറുകയും കുട്ടികൾ നന്നായിരിക്കുകയും വേണമെന്ന് ശഠിക്കാമോ. കുട്ടികളെ സ്‌നേഹിച്ചും പരിപാലിച്ചും നല്ല പൗരന്മാരാക്കി മാറ്റണം. പാരന്റിംഗുമായി ബന്ധപ്പെട്ട പ്രായോഗിക വശങ്ങൾ ഒൻപത് അധ്യായങ്ങളിലായി ചർച്ച ചെയ്യാനാണ് 'മക്കൾ എന്ന മന്ത്രം' പുസ്തകത്തിൽ ഞാൻ ശ്രമിച്ചിട്ടുള്ളത്. മക്കളെ നന്നായി വളർത്തുക എന്ന മാതാപിതാക്കളുടെ ഉത്തരവാദിത്തത്തെ മനഃശാസ്ത്രപരമായി കൂടി ഈ പുസ്തകം വിശകലനം ചെയ്യുന്നു.

വിജയിക്കാൻ വേണ്ടത് വ്യക്തിത്വം
ഈ ക്ഷണിക ജീവിതത്തിൽ ഏറ്റവും പ്രധാനം വ്യക്തിത്വമാണ്. ഓരോരുത്തരുടെയും ജീവിത വിജയവും പരാജയവും അവരുടെ വ്യക്തിത്വത്തെ ആശ്രയിച്ചിരിക്കുന്നു. എന്താണ് വ്യക്തിത്വം? പലരും ഇതിനെ പല തരത്തിലാണ് വ്യാഖ്യാനിച്ചിട്ടുള്ളത്. പൊതുവായി പറഞ്ഞാൽ നമ്മുടെ വിശ്വാസങ്ങളുടെയും ചിന്തകളുടെയും ആശയങ്ങളുടെയും പെരുമാറ്റങ്ങളുടെയും ശീലങ്ങളുടെയും ആകത്തുകയാണ് വ്യക്തിത്വം. 
മൃഗീയതയിൽ നിന്നും മനുഷ്യത്വത്തിലേക്കുള്ള വളർച്ച മനുഷ്യനിൽ സാധ്യമായതും സൃഷ്ടിപരമായ പ്രവർത്തനങ്ങൾക്ക് രൂപം കൊടുക്കാനും മനുഷ്യന് കഴിഞ്ഞത് വ്യക്തിത്വത്തിലൂടെയും സംസ്‌കാര ബോധത്തിലൂടെയുമാണ്. ഓരോ വ്യക്തിക്കും ഓരോ കഴിവുകളുണ്ട്. ഉണ്ടെന്ന് തോന്നുന്ന കഴിവുകൾ മറച്ചുവെയ്ക്കുന്നതിൽ അർത്ഥമില്ല. ഒരുവന്റെ വ്യക്തിത്വം അവന്റെ പ്രവൃത്തിയിലൂടെയാണ് പ്രകടമാകുന്നത്. ലോകത്ത് സൗന്ദര്യവും സൗഭാഗ്യവും നീതിയും പ്രകടമാകണമെങ്കിൽ വ്യക്തിത്വവും ഊർജസ്വലതയും വേണം. 
ലോകം വിവിധ തരത്തിലുള്ള വികസനത്തിലേക്ക് കുതിക്കുമ്പോഴും ആധുനിക ലോകത്തെ യുവാക്കൾക്കിടയിലെ ലഹരി വ്യാപനം ഭീഷണമായൊരു വെല്ലുവിളിയാണ്. ആഗ്രഹിച്ചത് കിട്ടാതാകുമ്പോഴുള്ള മനസ്സിന്റെ ആഘാതം ജീർണതകൾക്ക് പ്രേരിപ്പിക്കുന്നു. മാനസികമായി തളരുന്ന ഒരാൾക്ക് ആശ്വാസം നൽകാനും നേർവഴി കാട്ടാനും കുടുംബമോ സമൂഹമോ തയാറാകാത്തത് ദുര്യോഗമാണ്. സമ്പന്നതയുടെ നടുവിലും യുവാക്കൾ  അനുഭവിക്കുന്ന വിവിധ മനോവ്യഥകളുണ്ട്.  

മനോധർമം 
പുത്തനുൾക്കാഴ്ചകൾ നിറഞ്ഞതാണ് ഓരോ മനസ്സും. ജീവിത വിരസതയിലേക്ക് പലപ്പോഴും നയിക്കപ്പെടുന്നത് എന്തു കിട്ടിയാലും മതിയാകാത്ത മനസ്സാണ്. സമൂഹത്തിൽ അഞ്ചിലൊരാളെയെങ്കിലും ജീവിതത്തിലൊരിക്കലെങ്കിലും സാരമായ മനോരോഗങ്ങളേതെങ്കിലും ബാധിക്കാം. മനോനിയന്ത്രണം വ്യക്തിത്വ ഘടനയെ കേന്ദ്രീകരിച്ചുള്ളതാണ്. നമ്മുടെ വികാരങ്ങളെയും ചിന്താഗതികളെയും നിയന്ത്രിക്കുന്ന തലച്ചോറിന്റെ ചില പ്രത്യേക ഭാഗങ്ങളിൽ ചില രാസവസ്തുക്കളുടെ അളവിൽ വ്യതിയാനം സംഭവിക്കുമ്പോഴാണ് മനോരോഗം ഉണ്ടാവുന്നത്. ഇത് ശാരീരിക രോഗങ്ങളെപ്പോലെ തന്നെ ചികിത്സിച്ചു മാറ്റേണ്ടുന്ന രോഗം തന്നെയാണ്.
മാനസിക രോഗങ്ങൾ സംബന്ധിച്ച് വളരെയധികം തെറ്റിദ്ധാരണ നിലനിൽക്കുന്നു. മാനസിക രോഗങ്ങൾ ഭൂതപ്രേതാദികളുടെ ഉപദ്രവമാണെന്നു വിശ്വസിക്കുന്ന അനേകർ ഇന്നും ഈ പരിഷ്‌കാര യുഗത്തിൽ ജീവിക്കുന്നു. ഇന്നത്തെ ജീവിത സാഹചര്യത്തിൽ മാനസിക ആരോഗ്യം ശാരീരിക ആരോഗ്യം പോലെ സംരക്ഷിക്കപ്പെടേണ്ടതാണ്. കുട്ടികൾ മുതൽ വലിയവർ വരെ മാനസിക രോഗങ്ങൾക്ക് അടിപ്പെടുന്നു.
എന്നാൽ ഇത് രോഗമാണെന്നും ചികിൽസിച്ച് മാറ്റാൻ കഴിയുന്നതുമാണെന്ന യാഥാർഥ്യം പലരും തിരിച്ചറിയാതെ പോകുന്നു.
നൂറ്റാണ്ടിന്റെ മഹാവ്യാധി പ്രകൃതിയെയും മനുഷ്യനെയും വിവിധങ്ങളായ പ്രശ്‌നങ്ങൾ ബാധിച്ചുകൊണ്ടിരിക്കുന്നു. സുനാമിക്ക് ശേഷം ലോക കാലാവസ്ഥയിൽ തന്നെ സങ്കീർണത ഉണ്ടായിട്ടുണ്ട്. പ്രശ്‌ന കലുഷിതമായ അന്തരീക്ഷത്തിലാണ് കോവിഡ് കടന്നു വരുന്നത്. ജീവിത ഘടനയെ ദുഷിപ്പിക്കുന്ന, തകിടം മറിക്കുന്ന ഒരു മാറ്റമായി കോവിഡ്. ഇനി മനുഷ്യ ചരിത്രം വിവക്ഷിക്കപ്പെടുക കോവിഡിന് മുമ്പ്/ശേഷം എന്ന പ്രയോഗത്തിലായിരിക്കും. 
സമ്പൂർണമായ ഇഛാശക്തിയോടെ ഈ ദുരന്തവും നമുക്ക് അതിജീവിക്കാനാവും. ഈ കാലവും കടന്നുപോകും എന്നർത്ഥം. സുശക്തനെന്നും യോഗ്യനെന്നും എല്ലാം കൈപ്പിടിയിലൊതുക്കിയെന്നും കരുതിയ ആധുനിക മനുഷ്യനെ അടക്കിയിരുത്താൻ ഒരു സൂക്ഷ്മാണുവിന് കഴിയുമെന്ന പരമാർത്ഥം ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. അനേകം ഗുണകരമായ മാറ്റങ്ങൾ വ്യക്തിയിലും സമൂഹത്തിലും കൊണ്ടുവരാൻ ഈ ദുരന്തം നിമിത്തമായിട്ടുണ്ട്. ലോകത്തിന്റെ ചരിത്രം പഠിക്കുമ്പോൾ ഇതുപോലുള്ള പല പരീക്ഷണങ്ങളും കഴിഞ്ഞു പോയിട്ടുണ്ട്. അതെല്ലാം ബുദ്ധിമാനായ മനുഷ്യൻ അതിജീവിച്ചിട്ടുമുണ്ട്. മടുപ്പ് നമ്മുടെ പ്രവർത്തന ശേഷിയെ കൂടുതൽ ദുർബലമാക്കരുത്. കോവിഡ് പോലുള്ള മഹാ പ്രതിസന്ധിയിലും
അനുഗ്രഹങ്ങളെക്കുറിച്ച തിരിച്ചറിവ് ഉണ്ടായില്ലെങ്കിൽ, ജീവിതത്തിലെ ഉത്തമമായ മറ്റൊരു സന്തോഷവും നാം അനുഭവിച്ചിട്ടില്ല -ഡോ, രഘുനാഥ് അടിവരയിടുന്നു.

Latest News