Sorry, you need to enable JavaScript to visit this website.

നിലത്തുറയ്ക്കാത്ത  കുമാരിമാർ 

പത്രക്കാരന്റെ പണി മാധ്യമ പ്രവർത്തകർ തന്നെ ചെയ്‌തോട്ടെ. അതാവുമ്പോൾ എല്ലറ്റിനും ഒരു വ്യവസ്ഥയുണ്ടാവും. സോഷ്യൽ മീഡിയ സ്വാതന്ത്ര്യം അതിര് വിടുന്നതിന്റെ ദുരന്തങ്ങളാണ് ചുറ്റും. അത്യാസന്ന നിലയിലുള്ള ആൾ മരിച്ചുവെന്ന വ്യാജ വാർത്ത വാട്ട്‌സാപ്പിൽ പ്രചരിച്ചത് നാട്ടിലെ ബന്ധുക്കളെ എത്രമാത്രം വേദനിപ്പിച്ചിട്ടുണ്ടാവും? ന്യൂജെൻ മാധ്യമങ്ങളിൽ ആരെയും എപ്പോൾ വേണമെങ്കിലും വക വരുത്താം. സ്വകാര്യ ടെലിവിഷൻ നിലയങ്ങൾ വ്യാപകമായതോടെ റേറ്റിംഗ് കൂട്ടുകയെന്ന ഒറ്റ ലക്ഷ്യം മാത്രമായി. അട്ടഹാസങ്ങളും അധിക്ഷേപങ്ങളും ഇതിനുള്ള കുറുക്കു വഴികളാണ്. കോടതിയിലെ ജഡ്ജിയുടെ ജോലി ന്യായാധിപർ ചെയ്യട്ടെ. വൈകുന്നേരം കോട്ടിട്ട് വന്ന്    അലറുന്ന കൂട്ടർ അത്ര അനിവാര്യമാണോ?  അതിപ്രധാനമായ കേസുകളിൽ മാധ്യമങ്ങൾ നടത്തുന്ന അതിരുവിട്ട റിപ്പോർട്ടിംഗിനെ ദൽഹി ഹൈക്കോടതി വിമർശിച്ചത് ശ്രദ്ധേയമായി.  മാധ്യമങ്ങൾ സമാന്തര വിചാരണ നടത്തേണ്ട ആവശ്യമില്ലെന്ന് ദൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് മുക്ത ഗുപ്ത പറഞ്ഞു. സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി.വി അപകീർത്തികരമായ വാർത്തകൾ നൽകിയെന്നാരോപിച്ചുകൊണ്ട് ശശി തരൂർ എം.പി നൽകിയ ഹരജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം പരാമർശിച്ചത്. മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാൻ സാധിക്കില്ല. എന്നാൽ ഒരു കേസ് കോടതിയുടെ പരിഗണനയിൽ തുടരുമ്പോൾ മാധ്യമങ്ങൾ സമാന്തര വിചാരണ നടത്തുന്നതിൽ നിന്ന് മാറിനിൽക്കണം. ആരോപണം നേരിടുന്നവരെ കുറ്റവാളികളായി ചിത്രീകരിക്കാനോ അടിസ്ഥാനമില്ലാത്ത അവകാശവാദങ്ങൾ നടത്താനോ പാടില്ല. കേസന്വേഷണത്തിന്റെയും തെളിവുകളുടെയും പവിത്രതയെ മാധ്യമങ്ങൾ മാനിക്കണം. ഉത്തരവാദിത്തമുള്ള മാധ്യമ പ്രവർത്തനമാണ് ഈ കാലത്തിന് ആവശ്യമെന്നും കോടതി ചൂണ്ടിക്കാട്ടി.

                      ****        ****      ****      ****

ബോളിവുഡിൽ ആദ്യ റാങ്കുകളിൽ എത്താത്ത താരമാണ് അക്ഷയ് കുമാർ. വല്ലപ്പോഴും ലഭിക്കുന്ന റോളുകൾ. ഇടക്ക് ലോട്ടറി അടിക്കുന്നത് പോലെ പ്രധാനമന്ത്രിജിയെ ഇന്റർവ്യൂ ചെയ്യാനും ചാൻസ് കിട്ടും. പരസ്യങ്ങളിൽ അഭിനയിച്ച് കിട്ടുന്ന പണം കൊണ്ടാണ് സോപ്പ്, തോർത്ത്, ഷാമ്പു ഇത്യാദികൾ വാങ്ങുന്നത്. എന്തൊക്കെ കുറവുണ്ടെങ്കിലും സ്വന്തം ആരോഗ്യം ഇത് പോലെ ശ്രദ്ധിക്കുന്ന സെലിബ്രിറ്റി വേറെ കാണില്ല.  ഗോമൂത്രത്തിന് ഔഷധ ഗുണമുണ്ടെന്നും താൻ ദിവസവും ഗോമൂത്രം കുടിക്കാറുണ്ടെന്നും  വെളിപ്പെടുത്തിയിരിക്കുകയാണ് അക്ഷയ് കുമാർ. ഡിസ്‌കവറി ചാനലിലെ മാൻ വേഴ്‌സസ് വൈൽഡിലൂടെ ലോകപ്രശസ്തനായ ബെയർ ഗ്രിൽസുമായുള്ള ഇൻസ്റ്റഗ്രാം ലൈവിനിടെയാണ് അക്ഷയ് കുമാർ ഗോമൂത്രം കുടിക്കാറുണ്ടെന്ന് വെളിപ്പെടുത്തിയത്. നടി ഹുമാ ഖുറേഷിയും താരത്തോടൊപ്പമുണ്ടായിരുന്നു. അക്ഷയ് കുമാറിനൊപ്പമുള്ള 'ഇൻ ടു ദ വൈൽഡ്' എന്ന പ്രത്യേക എപ്പിസോഡിലെ വിശേഷങ്ങൾ പങ്കുവെക്കുകയായിരുന്നു ബെയർ ഗ്രിൽസ്.
ബന്ദിപ്പൂർ ടൈഗർ റിസർവിലെ അനുഭവങ്ങളോടൊപ്പം അക്ഷയ്‌യുടെ ആരോഗ്യത്തെ കുറിച്ചും സാഹസങ്ങളോടുള്ള താൽപര്യങ്ങളെ കുറിച്ചും വാചാലനായി സംസാരിച്ച ഗ്രിൽസ്, താരം ആനപ്പിണ്ടം കൊണ്ടുള്ള ചായ കുടിച്ച കാര്യവും പറഞ്ഞു. നടി ഹുമാ ഖുറേഷിക്ക് അതിനെ കുറിച്ച് കൂടുതൽ അറിയണമായിരുന്നു. അതിന് മറുപടിയായി അക്ഷയ് പറഞ്ഞത്  ആരോഗ്യം നിലനിർത്താൻ ആയുർവേദ കാരണങ്ങളാൽ ദിവസവും ഗോമൂത്രം കുടിക്കുന്ന തനിക്ക് ആനപ്പിണ്ടം ചായ ഒന്നുമല്ല', എന്നായിരുന്നു. അക്ഷയ് കുമാർ ഈഗോയില്ലാത്ത തമാശക്കാരനാണെന്നായിരുന്നു ഗ്രിൽസിന്റെ പ്രതികരണം. വിനയത്തോടെ പെരുമാറുന്ന താരത്തിന്റെ ശാരീരിക ക്ഷമതയും ഗംഭീരമാണ്. ഇത്രയും വർഷമായി നിരവധി അതിഥികൾ തന്റെ പ്രോഗ്രാമിൽ വന്നിട്ടുണ്ടെങ്കിലും അക്ഷയ് കുമാർ ഏറ്റവും മികച്ച അതിഥികളിൽ ഒരാളായിരുന്നുവെന്നും ബെയർ ഗ്രിൽസ് വ്യക്തമാക്കി. എന്ത് നല്ലൊരു കുഞ്ഞിമ്മോൻ? 
സ്വർണക്കടത്ത്, ലഹരി മാഫിയ സംഘങ്ങൾ കള്ളപ്പണം വെളുപ്പിക്കാൻ മലയാള സിനിമയിൽ വ്യാപകമായി പണമിറക്കിയെന്ന് കേന്ദ്ര ഏജൻസികൾ. ഇതേത്തുടർന്ന് 2019 മുതൽ എല്ലാ ചലച്ചിത്രങ്ങളുടേയും മുതൽമുടക്കും ലഭിച്ച തുകയും അടക്കം അന്വേഷിക്കാൻ കേരള പോലീസിനോട് ഏജൻസികൾ നിർദേശിച്ചു. ഇതേത്തുടർന്ന് ഈ കാലയളവിലെ എല്ലാ സിനിമകളുടേയും മുതൽമുടക്ക് അടക്കം വിവരങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് കേരള പോലീസിലെ സ്‌പെഷ്യൽ ബ്രാഞ്ച് വിഭാഗം സിനിമയിലെ നിർമാതാക്കളുടെ സംഘടനക്ക് കത്തയച്ചു. മലയാള സിനിയിൽ ലഹരി മാഫിയ വലിയ തോതിൽ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് നേരത്തേ വ്യക്തമായിരുന്നു. ബംഗളൂരുവിൽ അറസ്റ്റിലായ മയക്കുമരുന്ന് മാഫിയ അംഗം അനൂപ് മുഹമ്മദിന് മലയാളത്തിൽ നല്ല ബന്ധങ്ങളുണ്ട്. 
അനൂപ് മുഹമ്മദ് ഉൾപ്പെടുന്ന സംഘം കൊച്ചി ആസ്ഥാനമായുള്ള മലയാള സിനിമയിലെ യുവതാരങ്ങൾക്ക് വൻതോതിൽ മയക്കുമരുന്ന് എത്തിച്ചിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. മയക്കുമരുന്ന് വിതരണം കൂടാതെ, കൊച്ചി, ഫോർട്ട് കൊച്ചി, കോട്ടയം, കുമരകം എന്നിവിടങ്ങളിൽ നൈറ്റ് പാർട്ടി സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ കുമരകത്ത് സംഘടിപ്പിച്ച നൈറ്റ് പാർട്ടിയിൽ ബിനീഷ് കോടിയേരി പങ്കെടുത്തതായി വാർത്തകൾ വന്നിരുന്നു. കൊച്ചി ആസ്ഥാനമായി മലയാള സിനിമയിൽ യുവ തലമുറയിലെ ഒരു ഗാങ് തന്നെ സജീവമാണ്. സംവിധായകരും നടൻമാരും നടിമാരും സാങ്കേതിക പ്രവർത്തകരും അടങ്ങുന്നതാണ് ഈ ഗാങ്. 

                      ****        ****      ****      ****

സിനിമാ നിർമാതാക്കളുടെ ഭാഗ്യം. പഴയ കാലത്തെ പോലെ കോടിയും ലക്ഷവുമൊന്നും പ്രതിഫലം ചോദിച്ച് മറുനാടൻ യുവ നടികൾ വെറുപ്പിക്കില്ല. കുറച്ച് കഞ്ചാവ് എത്തിച്ചു കൊടുത്താൽ തന്നെ തൃപ്തിയായിക്കോളും. ദിലീപിന്റെയും മറ്റു സൂപ്പർ താരങ്ങളുടെയും ചിത്രങ്ങളിൽ മലയാളത്തിൽ നായികാ വേഷമണിഞ്ഞ ചിലർ ബംഗളൂരുവിൽ നാർകോടിക്‌സ് ബ്യൂറോയുമായുള്ള സല്ലാപത്തിലാണ്. 
ബംഗളൂരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടി രാഗിണി ദ്വിവേദിക്കു അന്വേഷണ സംഘത്തിന്റെ ചോദ്യംചെയ്യലിൽ മൗനം. കന്നഡ ചലച്ചിത്ര മേഖലയിലെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട് നടി രാഗിണി ദ്വിവേദിയടക്കം 12 പേരെ പ്രതി ചേർത്ത് സെൻട്രൽ ക്രൈം ബ്രാഞ്ച് കേസെടുത്തു. മുഖ്യ കണ്ണിയെന്നു കരുതുന്ന ശിവപ്രകാശാണ് ഒന്നാം പ്രതി. രാഗിണി രണ്ടാം പ്രതിയും.
രാഗിണി ദ്വിവേദിയെ സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള വിമെൻസ് ഹോമിലാണ് താമസിപ്പിച്ചിരിക്കുന്നത്. ഇവിടുത്തെ അസൗകര്യങ്ങളുടെ പേരിലാണ് നടിയുടെ പ്രതിഷേധം. നിലവാരമുള്ള ഭക്ഷണം ലഭിക്കുന്നില്ലെന്നാണ് പ്രധാന പരാതി. കൊതുക് ശല്യം കാരണം ഉറങ്ങാനും കഴിഞ്ഞില്ലത്രേ. അതിനാൽ കൂടുതൽ സംസാരിക്കാനില്ലെന്നാണ് അവർ പോലീസിനോട് പറഞ്ഞത്. 
മലയാള ചിത്രങ്ങളിൽ അഭിനയിക്കാറുള്ള പ്രമുഖ തെന്നിന്ത്യൻ നായികാ നടി സഞ്ജന ഗൽറാണിയെ ലഹരി മരുന്നു കേസുമായി ബന്ധപ്പെട്ട് സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇന്ദിരാ നഗറിലെ ഇവരുടെ വീട്ടിൽ നടന്ന റെയ്ഡിനൊടുവിലായിരുന്നു അറസ്റ്റ്. മലയാളിയായ നിയാസ് മുഹമ്മദടക്കം ആറു പേരെയാണ് ഇതുവരെ കേസിൽ അറസ്റ്റ് ചെയ്തത്. സഞ്ജന ഗൽറാണിയും നിയാസും അടുത്ത സുഹൃത്തുക്കളെന്നു സിസിബി വൃത്തങ്ങൾ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്. ബംഗളൂരുവിൽ ജനിച്ച സഞ്ജന 2006 ൽ ഒരു കാതൽ സെയ്വീർ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തിൽ മോഹൻലാലിന്റെ നായികമാരിൽ ഒരാളായി കാസനോവയിൽ അഭിനയിച്ചിരുന്നു. മലയാളത്തിന് സുപരിചിതയായ നായിക നിക്കി ഗൽറാണിയുടെ സഹോദരിയാണ് സഞ്ജന. ഇവരുടെ സഹായിയായ രാഹുലും കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കന്നട സിനിമാ മേഖലയിൽ നടക്കുന്ന പാർട്ടികളിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്നത് രാഹുലാണെന്നാണ് അന്വേഷണ സംഘം പറയുന്നത്.
സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ റിയ ചക്രബർത്തി ബോളിവുഡിലെ പ്രമുഖർക്കെതിരെ മൊഴി നൽകിയെന്ന് റിപ്പോർട്ട്. 25 ഓളം താരങ്ങൾ ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതായി റിയ വെളിപ്പെടുത്തി. റിയയെ നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്തതിൽ നിന്നാണ് ഇതുസംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്. സുശാന്തിന് ലഹരിമരുന്ന് എത്തിച്ചു കൊടുത്തതായി ചോദ്യം ചെയ്യലിൽ റിയ സമ്മതിച്ചിരുന്നു. താനും ലഹരി പാർട്ടികളിൽ പങ്കെടുത്തിട്ടുണ്ടെന്നും താരം സമ്മതിച്ചു. 

                     ****        ****      ****      ****

ഒരു വർഷം കൊണ്ട് കേന്ദ്ര ഫാസിസത്തെ തോൽപിച്ചു; കുഞ്ഞാപ്പ ഇനി കേരള ഫാസിസത്തിനെതിരെ. ഒരു വർഷവും മൂന്ന് മാസവും പൊരിഞ്ഞ പോരാട്ടം നടത്തി നോക്കിയതായിരുന്നു. ഒന്നും നടന്നില്ല. അപ്പോൾ പിന്നെ കേരളം തന്നെ ശരണം.   ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജയിപ്പിച്ച് എം.പിയാക്കി വിട്ടു. ഇനിയിപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിൽ വീണ്ടും എം.എൽ.എ ആയി ജയിപ്പിക്കേണ്ടി വരുമോ ആവോ. ഫാസിസത്തെ പോരാടി തോൽപിച്ചതിന് ശേഷം ആദ്യം സംസ്ഥാന രാഷ്ട്രീയത്തിലേക്കിറങ്ങാൻ തീരുമാനിച്ചത് കുഞ്ഞാപ്പയായിരുന്നു. ഇനി പിണറായി വിജയന്റെ കാര്യത്തിൽ തീരുമാനമാകുമെന്നുറപ്പ്.   സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ വരാൻ താൽപര്യം പ്രകടിപ്പിച്ചവരുടെ എണ്ണം എടുത്താൽ തന്നെ ഒരു മന്ത്രിസഭക്കുള്ള ആളായിട്ടുണ്ട്.  മന്ത്രിയാകാൻ കൊതിച്ചിട്ടാണ് ഈ എം.പിമാരെല്ലാം തിരികെ കേരള രാഷ്ട്രീയത്തിലേക്ക് വരുന്നതത്രേ.  ആറ് എം.പിമാരേയും ലോക്‌സഭയിലേക്ക് തെരഞ്ഞെടുത്തിട്ട് ഒന്നര വർഷം തികച്ചും ആയിട്ടില്ല. തെരഞ്ഞെടുത്ത ജനങ്ങൾ ഇങ്ങനെ ഒരു ചോദ്യം ചോദിച്ചാൽ കുറ്റം പറയാൻ പറ്റുമോ?  കുഞ്ഞാപ്പ കേന്ദ്രത്തിലെ പോരാട്ടം അവസാനിപ്പിച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ എത്തുകയാണ് എന്ന് കേട്ടതോടെ കേന്ദ്രത്തിൽ ആഘോഷമാണത്രേ. ഇനി ഒന്നും പേടിക്കേണ്ടെന്ന് അവർക്കും ധൈര്യമായി. ഏതായാലും ട്രോളന്മാർക്ക് ആഘോഷമായിരുന്നു ഈ തീരുമാനം. 

         ****        ****      ****      ****

ഹോമിയോപ്പതി കൊറോണക്ക് ഫലപ്രദമെന്ന് ആരോഗ്യ മന്ത്രി. ആദ്യം ഈ വാർത്ത കണ്ടത് മീഡിയാ വൺ ചാനലിൽ. അടുത്ത ദിവസം മനോരമ ന്യൂസ് ഇത് ചർച്ച ചെയ്യുകയുമുണ്ടായി. മോഡേൺ മെഡിസിൻ എന്ന് കൊട്ടിഘോഷിക്കുന്ന കൂട്ടർ നിസ്സഹായരായിടത്താണ് ഹോമിയോപ്പതി മുന്നേറുന്നത്. നല്ല കാര്യം. ആഗോള മഹാമാരിക്കാലത്ത് ആരോഗ്യ ശാസ്ത്രത്തിന്റെ ഏത് ശാഖയായാലും കൊള്ളാം. ഓക്‌സഫഡ് വാക്‌സിൻ പരീക്ഷണം പോലും നിർത്തിവെച്ച സന്ദർഭമാണെന്നോർക്കണം. 
ഐ.എം.എ ഭാരവാഹി ഡോ. സുൾഫി നൂഹ് ചാനൽ ചർച്ചയിൽ നടത്തിയ മോശം പ്രസ്താവനക്കെതിരെ ഹോമിയോ, ആയുർവേദ ഡോക്ടർമാർ രംഗത്ത്. സുൽഫിയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് ഡോക്ടർമാർ സംസ്ഥാന വ്യാപകമായി വെള്ളിയാഴ്ച പ്രതിഷേധ ദിനമായി ആചരിച്ചു. ഒരു മണിക്കൂർ കൂടുതൽ ജോലി ചെയ്തും പ്രതിഷേധ ബാഡ്ജ് ധരിച്ചുമാണ് ഇവർ പ്രതിഷേധിച്ചത്. സർക്കാർ നയമനുസരിച്ച് പ്രവർത്തിക്കുന്ന ആയുഷ് ഡോക്ടർമാർക്കെതിരെയും ഹോമിയോ പ്രതിരോധ മരുന്നിനെതിരെയും കഴിഞ്ഞ ദിവസമാണ്  ഡോ. സുൽഫി മോശം പരാമർശം നടത്തിയത്. സുൽഫി പ്രസ്താവന പിൻവലിച്ച് പൊതു സമൂഹത്തോട് മാപ്പ് പറയണമെന്ന നിലപാടിലാണ് ഡോക്ടർമാർ.
ഇത്തരക്കാരെ മുൻനിർത്തിയാണ് കേരള ആരോഗ്യ വകുപ്പ് പ്രതിരോധ പദ്ധതികൾ ആസൂത്രണം ചെയ്തത്. 
 
      ****        ****      ****      ****

പല പ്രതിസന്ധികളും അതിജീവിച്ച മഹാനാണ് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രി. വെള്ളിയാഴ്ച ഇ.ഡിയുമായി കൂടിക്കാഴ്ച നടത്തിയ സാഹചര്യത്തിൽ പ്രമുഖ ചാനലുകൾ ചർച്ച ചെയ്തത് ജലീൽ മന്ത്രിയുടെ വിഷയമാണ്. റിപ്പോർട്ടർ ടി.വിയിൽ പി.സി. ജോർജ് മുനാഫിഖിനെ കുറിച്ച് പറയുന്നത് കേട്ടു. ഇത്തരം പ്രയോഗങ്ങൾ പിടിപാടില്ലാത്തവർക്കായി സബ് ടൈറ്റിൽ കൊടുക്കാവുന്നതാണ്. ജലീലിന്റെ പശ്ചാത്തലം പി.സി വിവരിച്ചത്  രാഷ്ട്രീയ വിദ്യാർഥികൾക്ക് അറിവ് പകരുന്നതായി. ന്യായീകരണ തൊഴിലാളികളുടെ കാര്യമാണ് മഹാ കഷ്ടം. നിത്യേന ഓവർ ടൈമിലല്ലേ പാവങ്ങൾ പണിയെടുക്കുന്നത്?

Latest News