Sorry, you need to enable JavaScript to visit this website.

കേരളത്തിന്റെ ഡാവിഞ്ചി

ചേട്ടൻ ഉണ്ണികൃഷ്ണന് സ്വന്തമായുണ്ടായിരുന്ന ഡാവിഞ്ചി എന്ന പരസ്യ കമ്പനിയിലൂടെയായിരുന്നു സുരേഷ് കലാരംഗത്ത് പിച്ചവെച്ചത്. ഇന്നത്തെ ആധുനിക സാങ്കേതിക വിദ്യയൊന്നും വികസിച്ചിട്ടില്ലാത്ത കാലം. ചുമരെഴുത്തും ബോർഡും ഹോർഡിംഗുമെല്ലാമായിരുന്നു പരസ്യ കമ്പനിയുടെ വരുമാനം. കൊടുങ്ങല്ലൂരിലും പരിസരങ്ങളിലുമുള്ള ചുമരുകളിലെല്ലാം സുരേഷിന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. മാത്രമല്ല, പ്രദേശത്തെ എന്ത് ആഘോഷങ്ങൾക്കും നിറച്ചാർത്തൊരുക്കാനും ഡാവിഞ്ചിയുടെ പരസ്യ ബോർഡുകളായിരുന്നു മുൻപന്തിയിലുണ്ടായിരുന്നത്. അങ്ങനെ പി.കെ. സുരേഷ് ഡാവിഞ്ചി സുരേഷായി. സഹോദരങ്ങളായ ഉണ്ണികൃഷ്ണനും സന്തോഷുമെല്ലാം അറിയപ്പെടുന്നത് ഡാവിഞ്ചിയുടെ പേരിലാണ്. ഞങ്ങളുടെയെല്ലാം റോൾ മോഡലായിരുന്നു ആ വിശ്വപ്രസിദ്ധ ചിത്രകാരൻ.


കൊടുങ്ങല്ലൂരിനടുത്ത എറിയാട് മാടവന തിരുവള്ളൂർ പുതിയലത്ത് കാർത്തികേയന്റെയും കല്യാണിയുടെയും മകനായ സുരേഷ് സ്‌കൂൾ പഠന കാലത്തു തന്നെ കലാരംഗത്ത് ശ്രദ്ധ പതിപ്പിച്ചിരുന്നു. പത്താം ക്ലാസിലെ സ്‌കൂൾ യുവജനോത്സവത്തിൽ പത്തിനങ്ങളിൽ മത്സരിച്ച് ആറിനങ്ങളിൽ ഒന്നാം സ്ഥാനവും മറ്റുള്ളവയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു. എന്നാൽ ആയുർവേദ പച്ചമരുന്ന് കടയിൽ വൈദ്യരുടെ സഹായിയായ അച്ഛന് മക്കളെ പഠിപ്പിച്ച് ഉന്നത നിലയിലെത്തിക്കാനുള്ള കഴിവുണ്ടായിരുന്നില്ല. അങ്ങനെയാണ് പത്താം ക്ലാസും കഴിഞ്ഞ് നേരെ ചേട്ടന്റെ ശിഷ്യനായി പരസ്യ കമ്പനിയിലെത്തിയത്.
ഇതിനിടയിൽ മറ്റൊരു ചേട്ടനായ സന്തോഷ് ഫൈനാർട്‌സ് കോളേജിലെ പഠനം കഴിഞ്ഞ് മിമിക്രി അവതരിപ്പിച്ചു നടന്നിരുന്നു. അദ്ദേഹത്തോടൊപ്പം ചേർന്ന് കൊച്ചിൻ കലാസാരംഗി എന്നൊരു മിമിക്രി ട്രൂപ്പ് ഒരുക്കി എട്ടു വർഷത്തോളം ഊരുചുറ്റി നടന്നു.


ചോക്കുമലയിൽ ഇരിക്കുന്നവൻ ചോക്കു തേടിപ്പോയ കഥ പറഞ്ഞ ഒരു സിനിമാ ഡയലോഗാണ് ജീവിതം മാറ്റിമറിച്ചത്. ജന്മസിദ്ധമായി ലഭിച്ച കലാരംഗത്തേയ്ക്ക് വീണ്ടും ചുവടുെവച്ചു. ശിൽപകലയെ ആധുനിക സാങ്കേതിക വിദ്യയുമായി കൂട്ടിയിണക്കിയ ചലിക്കുന്ന ശിൽപങ്ങളായിരുന്നു തുടക്കം. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ പിണ്ടിപ്പെരുന്നാളിന് നടൻ ജയൻ ഹെലികോപ്റ്ററിൽ തൂങ്ങിക്കിടക്കുന്ന ശിൽപമൊരുക്കിക്കൊണ്ടായിരുന്നു തുടക്കം. തുടർന്ന് തൃശൂർ ജില്ലയിലെ പള്ളിപ്പെരുന്നാളുകൾക്ക് ചലിക്കുന്ന ശിൽപങ്ങൾ വിസ്മയക്കാഴ്ചകളായി മാറുകയായിരുന്നു.
കൊടുങ്ങല്ലൂർ ഭരണി കാണാനെത്തുന്നവർ തെക്കേ നടയിലെ വേദിയോടു ചേർന്ന ഭാഗത്തുള്ള ഡാവിഞ്ചി മൂലയിലെത്തുക സാധാരണമാണ്. ആനയും ഡിനോസറും അനാക്കൊണ്ടയും കിംഗ്‌കോംഗും ഗോഡ്‌സിലയും അവഞ്ചേഴ്‌സും കഥകളിയും പുലിമുരുകനും മാത്രമല്ല, സലീംകുമാറും കൊച്ചിൻ ഹനീഫയും കലാഭവൻ മണിയും ഗിന്നസ് പക്രുവും ബിജുക്കുട്ടനുമെല്ലാം ഇവിടെ ശിൽപങ്ങളായിട്ടുണ്ട്. മുപ്പത്തഞ്ച് അടിവരെ ഉയരമുള്ള ജീവികളുടെ കൈയും കാലും കണ്ണും വായുമെല്ലാം അനങ്ങുന്ന രീതിയിലായിരുന്നു ശിൽപ നിർമാണം. ഇവയിൽ ചില ശിൽപങ്ങൾ തമിഴ്‌നാട്ടിലും കർണാടകയിലും ആന്ധ്രപ്രദേശിലും ഖത്തറിലും വരെ പ്രദർശിപ്പിച്ചിട്ടുണ്ട്. മുടക്കുമുതൽ തിരിച്ചുകിട്ടാനാണ് പല സ്ഥലങ്ങളിലും പ്രദർശനം ഒരുക്കിയിരുന്നത്.


2012 ൽ നടന്ന നിർഭയ സംഭവത്തോടെയാണ് പ്രതികരിക്കുന്ന ശിൽപങ്ങൾ എന്ന ആശയത്തിലെത്തുന്നത്. സമൂഹ മനസ്സാക്ഷിയെ നൊമ്പരപ്പെടുത്തിയ ആ സംഭവത്തിൽ കലയിലൂടെ തന്റെ പ്രതികരണം സമൂഹത്തെ അറിയിക്കണമെന്നു തോന്നി. അഴീക്കോട് മുനക്കൽ ബീച്ചിൽ അൻപതടി നീളത്തിൽ മണൽശിൽപം ഒരുക്കിയായിരുന്നു പ്രതിഷേധം. മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നപ്പോഴും മണൽശിൽപമൊരുക്കി. എന്നാൽ സാമൂഹികമാധ്യമങ്ങളിൽ ഏറെ ചലനമുണ്ടാക്കിയത് അട്ടപ്പാടിയിൽ ആൾക്കൂട്ടം മധു എന്ന ചെറുപ്പക്കാരനെ മർദിച്ചു കൊന്നതിൽ പ്രതിഷേധിച്ച് നിസ്സഹായനായി നിൽക്കുന്ന ആ മനുഷ്യന്റെ ഒന്നരയടി വലിപ്പമുള്ള കളിമൺ ശിൽപം തീർത്തപ്പോഴായിരുന്നു.


സുരേഷിന്റെ പ്രളയശിൽപം ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. 2018 ലെ പ്രളയത്തെ അതിജീവിച്ച കേരള ജനതക്കുള്ള അംഗീകാരമായിരുന്നു അത്. മത്സ്യത്തൊഴിലാളികൾ കേരളത്തെയാകെ ഉയർത്തിപ്പിടിച്ചു നിൽക്കുന്ന ആ ശിൽപത്തിന് താങ്ങായി ഹെലികോപ്റ്ററിന്റെ സഹായവുമുണ്ട്. കേരള ലളിതകലാ അക്കാദമി ഏറ്റെടുത്ത ആ ശിൽപം ലേലം ചെയ്തുകിട്ടിയ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്ത് സുരേഷ് മാതൃകയായി. നിയമസഭാ മ്യൂസിയത്തിൽ പ്രളയ സ്മാരകമായി സൂക്ഷിച്ചിരിക്കുകയാണിപ്പോൾ. പ്രളയത്തിൽ സർവതും നശിച്ചവർക്ക് തന്റെ കടയിലെ തുണി മുഴുവൻ സംഭാവന ചെയ്ത എറണാകുളത്തെ നൗഷാദിന് നന്ദി അറിയിച്ചത് തുണി കൊണ്ട് അദ്ദേഹത്തിന്റെ ഒരു കൂറ്റൻ ചിത്രം ഒരുക്കിക്കൊണ്ടായിരുന്നു.
പ്രളയം കഴിഞ്ഞപ്പോൾ കലാഭവൻ മണിയുടെ സ്മാരകത്തിൽ തീർത്ത പ്രതിമയിൽനിന്നും രക്തമൊഴുകുന്നു എന്ന വാർത്ത കേട്ട് സുരേഷ് ഓടിയെത്തി. പ്രളയത്തിൽ വെള്ളത്തിൽ മുങ്ങിയ പ്രതിമയുടെ കൈക്കുള്ളിലെ ഇരുമ്പുകമ്പിയിൽനിന്നും തുരുമ്പ് ഊർന്നിറങ്ങിയതായിരുന്നു സംഭവം.


ഗാന്ധിജിയുടെ നൂറ്റിഅൻപതാം ജന്മവാർഷികത്തിൽ 120 അടി നീളത്തിലും 100 അടി വീതിയിലും ഒരുക്കിയ ഗാന്ധിജിയുടെ ദീപശിൽപത്തിന് യൂനിവേഴ്‌സൽ റെക്കോർഡ് ഫോറം അംഗീകാരം നൽകിയിരുന്നു. കഴിമ്പ്രം ബീച്ചിൽ ദീപോത്സവം എന്ന പേരിൽ ചിരട്ടയിൽ 1500 മെഴുകുതിരികൾ കത്തിച്ചാണ് ഗാന്ധിജിയുടെ രൂപം തീർത്തത്. ആയിരത്തോളം പേരാണ് ദീപം തെളിയിക്കാനുണ്ടായിരുന്നത്.


പലതരം മാധ്യമങ്ങൾ ഉപയോഗിച്ചാണ് അദ്ദേഹം ചിത്രകലയ്ക്ക് രൂപം കൊടുക്കുന്നത്. ത്രിമാന ചിത്രങ്ങളും ഒപ്ടിക്കൽ ഇല്യൂഷൻ ചിത്രങ്ങളും വെള്ളത്തിനു മുകളിൽ ചായം ഉപയോഗിച്ചുള്ള ചിത്രരചനയും മെഴുകുതിരി പുക കൊണ്ടുള്ള ചിത്രങ്ങൾ, വിരൽ ചിത്രങ്ങൾ, മണൽ ചിത്രങ്ങൾ, കാപ്പിപ്പൊടി ചിത്രങ്ങൾ, പഴം, പച്ചക്കറി ചിത്രങ്ങൾ... തുടങ്ങി അൻപതോളം മാധ്യമങ്ങളിലൂടെ ചിത്രരചന സാധ്യമാക്കിയിട്ടുണ്ട് ഈ കലാകാരൻ.
മാളയിലെ കെ. കരുണാകരന്റെ വെങ്കല പ്രതിമ, അടുക്കള പാത്രങ്ങൾ ഉപയോഗിച്ചുണ്ടാക്കിയ മോഹൻലാൽ ചിത്രം, ഫൈബറിൽ ഒരുക്കിയ ലോഹിതദാസ്, നടൻ വിജയിന്റെ റബർ പ്രതിമ, വീട്ടിത്തടിയിൽ ഒരുക്കിയ മമ്മൂട്ടി, രജനീകാന്ത് ശിൽപങ്ങൾ, കുമിഴ് മരത്തിൽ കൊത്തിയെടുത്ത യേശുദാസ്... തുടങ്ങിയവയെല്ലാം അക്കൂട്ടത്തിലുണ്ട്.


ഈ കൊറോണക്കാലത്തും സുരേഷിന് വിശ്രമമില്ല. കൊറോണാ ജാഗ്രതാ ശിൽപം ഒരുക്കിയായിരുന്നു തുടക്കം. തുടർച്ചയായി 63 ദിവസം കൊറോണ ബോധവത്കരണചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടായിരുന്നു ആ ശ്രമം. ആരോഗ്യ പ്രവർത്തകർക്കും പോലീസുകാർക്കുമെല്ലാം ആദരവു നൽകിക്കൊണ്ടായിരുന്നു ഈ ഉദ്യമം. കാർട്ടൂൺ അക്കാദമിയുടെ ജോയന്റ് സെക്രട്ടറി എന്ന നിലയിൽ സാമൂഹ്യ സുരക്ഷാ മിഷനുമായി ചേർന്ന് കേരളത്തിലെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കാർട്ടൂൺ മതിലുകൾ ഒരുക്കിയിരുന്നു. കൊറോണ ബോധവത്കരണമായിരുന്നു ലക്ഷ്യം. കൊറോണ അതിജീവനവുമായി ബന്ധപ്പെട്ട് അഞ്ചോളം ഹ്രസ്വ ചിത്രങ്ങളിലും ഒരു ആൽബത്തിലും വേഷമിട്ടുകൊണ്ട് സാമൂഹ്യമായ ഇടപെടൽ നടത്താനും കഴിഞ്ഞു. ലോക്ഡൗൺ വന്നതോടെ ചിത്രങ്ങളും ശിൽപങ്ങളുമെല്ലാം വീട്ടിലെ ഗോഡൗണിൽ സൂക്ഷിച്ചിരിക്കുകയാണ്.


മാസ്‌കുകൾ ഉപയോഗിച്ച് അമിതാഭ് ബച്ചനെയും പേപ്പർ കഷ്ണങ്ങൾ ഉപയോഗിച്ച് മമ്മൂട്ടിയെയും ഉറുമ്പുകൾകൊണ്ട് സ്വന്തം മുഖവും വീട്ടിലെ കത്തിക്കുന്ന വിറകുപയോഗിച്ച് പൃഥ്വിരാജിനെയും ആണി ഉപയോഗിച്ച് ഫഹദ് ഫാസിലിനെയും കരനെല്ലുപയോഗിച്ച് ടൊവിനോയെയും കക്കകൾ കൊണ്ട് ധോണിയെയും വീട്ടിലെ ചട്ടിയും കലവും ഉപയോഗിച്ച് മോഹൻലാലിനെയും തുടങ്ങി പ്രകൃതിയിലെ പലതും കാൻവാസാക്കാൻ കഴിയുമെന്ന് സുരേഷ് തെളിയിച്ചുകഴിഞ്ഞു. 2500 ഓളം മാസ്‌കുകൾ സൗജന്യമായി ലഭിച്ചതുകൊണ്ടാണ് അമിതാഭ് ബച്ചനെ മാസ്‌കുപയോഗിച്ച് രൂപപ്പെടുത്തിയത്. ഇന്നത്തെ കാലത്ത് മാസ്‌ക് അവിഭാജ്യ ഘടകമാണെന്ന സന്ദേശവും ആ ചിത്രത്തിനുണ്ട്. ചിത്രം ഗിന്നസ് റെേക്കാർഡിന് അയച്ചുകൊടുത്തിട്ടുണ്ട്.
അറുപത്തിമൂന്നോളം മാധ്യമങ്ങളിൽ ഇപ്പോൾ ചിത്രങ്ങൾ ഒരുക്കിക്കഴിഞ്ഞു. വൈകാതെ നൂറിലെത്തിക്കണമെന്നാണ് ആഗ്രഹം. തുടക്കത്തിൽ രണ്ടു മീഡിയങ്ങൾ മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളൂ. പ്രകൃതിയിലെ പല വസ്തുക്കളും ചിത്രങ്ങളൊരുക്കാനുള്ള മാധ്യമമാണെന്ന് മനസ്സിലായത് പിന്നീടാണ്. കരയിൽ ഞാറു കൊണ്ട് ചിത്രമൊരുക്കിയത് ആദ്യത്തെ സംഭവമായിരിക്കാം. കഴിമ്പ്രം ബീച്ചിനടുത്ത് പതിമൂന്നാം വാർഡിൽ കാർഷിക കൂട്ടായ്മ നടത്തുന്ന കൃഷിയിടത്തിലാണ് കരനെല്ലു കൊണ്ട് ടോവിനോയെ ഒരുക്കിയത്.


ആവിഷ്‌കാര സ്വാതന്ത്ര്യത്തോടൊപ്പം സമൂഹ നന്മക്കുതകുന്ന സൃഷ്ടികളുമായി കഴിയാനാണ് ഈ കലാകാരന്റെ മോഹം. തന്റെ നിലപാടുകൾ ജനമനസ്സുകളിലെത്തിക്കാൻ ചിത്രകലയുടെ നവ സങ്കേതത്തെയാണ് അദ്ദേഹം കൂട്ടുപിടിച്ചിരിക്കുന്നത്. എങ്കിലും കാനായി കുഞ്ഞിരാമനെ ഓർക്കുവാൻ മത്സ്യകന്യകയെയും യക്ഷിയെയും പോലുള്ള വലിയ ശിൽപങ്ങളുണ്ട്. നമുക്കും അതുപോലുള്ള വലിയ ശിൽപങ്ങൾ കേരളത്തിൽ എവിടെയെങ്കിലും എന്നെങ്കിലും ഒരുക്കണമെന്ന മോഹമുണ്ട്. ചലിക്കുന്നതോ അല്ലാത്തതോ ആയ, നമ്മുടെ കൈയൊപ്പ് പതിഞ്ഞ ഒരു ശിൽപം ചെയ്യണമെന്ന മോഹമുണ്ട്.
ഭാര്യ ഹേമലതയുടെയും പ്ലസ് ടുകാരിയായ മകൾ ഇന്ദുലേഖയുടെയും പത്താം ക്ലാസുകാരൻ മകൻ ഇന്ദ്രജിത്തിന്റെയും പിന്തുണയും സുരേഷിന്റെ കലാസപര്യക്ക് കൂട്ടായുണ്ട്.

Latest News