ദുബായ്- ദുബായ് വിമാനത്താവളത്തിലൂടെ തന്ത്രപരമായി ദ്രവരൂപത്തിലുള്ള കഞ്ചാവ് കടത്താന്‍ ശ്രമിച്ചതിന് അറസ്റ്റിലായ അമേരിക്കന്‍ പൗരന്റെ കേസില്‍ വിചാരണ ആരംഭിച്ചു. ഇ-സിഗരറ്റില്‍ ഉപയോഗിക്കുന്നതിനാണ് 36 കാരന്‍ സി.ബി.ഡി എന്നറിയപ്പെടുന്ന കഞ്ചാവ് ഓയില്‍ കടത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം.
ദുബായ് വിമാനത്താവളത്തില്‍ പ്രതിയുടെ പേരില്‍വന്ന ചരക്കില്‍ നിന്ന് 102.44 ഗ്രാം കഞ്ചാവ് എമിറേറ്റ് കസ്റ്റംസ് പിടികൂടി. ചെരിപ്പുകള്‍, ഗ്ലാസുകള്‍, ബാഗ് മധുര പലഹാരങ്ങള്‍ എന്നിവയടക്കം വ്യക്തിഗത സാധനങ്ങള്‍ അടങ്ങിയ കാര്‍ഗോ സംശയം തോന്നി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. തുടര്‍ന്നാണ് മധുര പലഹാരങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ദ്രവരൂപത്തിലുള്ള കഞ്ചാവ് കണ്ടെത്തിയത്.
കാര്‍ഗോ വന്നതിന്റെ പിറ്റേന്ന് ചരക്ക് ശേഖരിക്കാന്‍ എത്തിയപ്പോഴാണ് അമേരിക്കക്കാരന്‍ അറസ്റ്റിലായത്. പ്രതിയെ പോലീസ് ആന്റി നാര്‍കോട്ടിക്‌സ് വിഭാഗത്തിന് കൈമാറി. പിടിയിലാകുമ്പോള്‍ പ്രതി ലഹരിമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്ന് തെളിഞ്ഞു. മയക്കുമരുന്ന് കടത്തും അനധികൃതമായ ലഹരി ഉപയോഗവുമാണ് ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ സെപ്റ്റംബര്‍ 21ന് കോടതി വീണ്ടും വാദം കേള്‍ക്കും. പ്രതി പോലീസ് കസ്റ്റഡിയിലാണ്.






