Sorry, you need to enable JavaScript to visit this website.

വിസ്മയം തീർത്ത് റിസ്‌വാൻ

ഒരേ സമയം, കൈകാലുകളും വായും ഉപയോഗിച്ച് ചിത്രരചന നടത്തുന്ന വിദ്യാർഥി വിസ്മയമാവുന്നു. കണ്ണൂർ കക്കാട് ശാദുലി പള്ളി റോഡിലെ വി. സി ഹൗസിൽ റിസ്‌വാനാണീ മിടുക്കൻ. ഇൻസ്റ്റാഗ്രാമിൽനിന്ന് പ്രചോദനമുൾക്കൊണ്ട് സ്വയം പരിശീലിച്ചാണീ വിദ്യ സ്വായത്തമാക്കിയത്. ചിത്രം വരയ്ക്കാനിരുന്നാൽ റിസ്‌വാന് ഒരേ സമയം അഞ്ചു കടലാസും അഞ്ചു പെൻസിലും വേണം. പെൻസിലുകൾ രണ്ടു കാലിന്റെ വിരലുകൾക്കിടയിലും കയ്യിലും പിടിക്കും. അടുത്തതു വായിൽ കടിച്ചു പിടിക്കും. അഞ്ചു കടലാസുകളിലും ഒരേ സമയം ചിത്രം വരച്ചു തുടങ്ങും. വലതുകൈ ആണ് ആദ്യം ചലിപ്പിക്കുക. അതിനുശേഷം ഇടതുകൈ, വായ, വലതുകാൽ, ഇടതുകാൽ എന്ന ക്രമത്തിൽ ചിത്രം വരയ്ക്കാൻ തുടങ്ങും. ഏതാണ്ട് ഒന്നര മണിക്കൂർ കൊണ്ടു റിസ്‌വാൻ അഞ്ചു ചിത്രങ്ങളും പൂർത്തീകരിക്കും. 
അഞ്ചാം വയസ് മുതലാണു റിസ്‌വാൻ ചിത്രം വരച്ചു തുടങ്ങിയത്. ശാസ്ത്രീയമായി പഠിച്ചിട്ടില്ല. ലോക്ഡൗൺ കാലത്തു ബോറടി മാറ്റാൻ ആണു പുതിയ പരീക്ഷണം ആരംഭിച്ചത്. ഇരുകൈകളും ഉപയോഗിച്ചു ചിത്രം വരയ്ക്കുന്നയാളുടെ വീഡിയോ ഇൻസ്റ്റഗ്രാമിൽ കണ്ടതാണു പ്രചോദനം. പിന്നീട് കാലുകളും ഉപയോഗിച്ചു തുടങ്ങുകയായിരുന്നു ഈ മിടുക്കൻ. കക്കാട് ശാദുലിപ്പള്ളി വി.സി ഹൗസിൽ ഹാഷിമിന്റെയും സൽമയുടെയും ഇളയ മകനാണു കക്കാട് ഭാരതീയ വിദ്യാഭവനിലെ പത്താം ക്ലാസ് വിദ്യാർഥിയായ റിസ്‌വാൻ.
 

Latest News