ബ്രസീൽ-ജർമനി ക്വാർട്ടർ

ഇരട്ട ഗോൾ നേടിയ ബ്രസീൽ താരം ബ്രണ്ണറുടെ ആഹ്ലാദം.
മാർക്കോസ് ആന്റോണിയൊ ബ്രസീലിന്റെ മൂന്നാമത്തെ ഗോളടിച്ചപ്പോൾ

കൊച്ചി/മുംബൈ - അണ്ടർ-17 ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാർട്ടർ ഫൈനലിൽ സൂപ്പർ ടീമുകൾ മുഖാമുഖം. ഞായറാഴ്ച കൊൽക്കത്തയിലായിരിക്കും ബ്രസീൽ-ജർമനി പോരാട്ടം. കൊച്ചിയിൽ നടന്ന പ്രി ക്വാർട്ടറിൽ ബ്രണ്ണറുടെ ഇരട്ട ഗോളിൽ ബ്രസീൽ 3-0 ന് ഹോണ്ടൂറാസിനെ തുരത്തി. ആഫ്രിക്കൻ ടീമുകൾ തമ്മിൽ നവി മുബൈയിൽ നടന്ന പ്രി ക്വാർട്ടറിൽ ഘാന മറുപടിയില്ലാത്ത രണ്ടു ഗോളിന് നൈജറിനെ തോൽപിച്ചു. ഘാനക്ക് ക്വാർട്ടറിലും ആഫ്രിക്കൻ എതിരാളികളാണ്, ആഫ്രിക്കൻ ചാമ്പ്യന്മാരായ മാലി. 
കൊച്ചിയിൽ ദുർബലരായ ഹോണ്ടൂറാസിനെതിരെ ഗോൾ വർഷം നടത്താൻ ബ്രസീലിന് സാധിച്ചില്ല. പതിനൊന്നാം മിനിറ്റിലും അമ്പത്താറാം മിനിറ്റിലുമായാണ് ബ്രണ്ണർ ഗോളടിച്ചത്. ഇടവേളക്ക് അൽപം മുമ്പ് മാർക്കോസ് ആന്റോണിയൊ രണ്ടാമത്തെ ഗോളടിച്ചു. തുടക്കം മുതൽ ബ്രസീലിന്റെ തേരോട്ടമായിരുന്നു. ഒഴുക്കോടെയുള്ള മുന്നേറ്റത്തിനൊടുവിൽ അലൻ നിലംപറ്റെ നൽകിയ ക്രോസിൽ നിന്നായിരുന്നു ബ്രണ്ണറുടെ ആദ്യ ഗോൾ. കളിയുടെ ഗതിക്കെതിരെ ലൂയിസ് പാൽമ പറത്തിയ വെടിയുണ്ട ബ്രസീൽ ഗോൾമുഖത്ത് പരിഭ്രാന്തി പരത്തി. പൗളിഞ്ഞോയുടെ മനോഹരമായ ത്രൂബോളിൽനിന്ന് ആന്റോണിയൊ ലീഡുയർത്തിയതോടെയാണ് ബ്രസീൽ ശ്വാസം വിട്ടത്. അമ്പത്താറാം മിനിറ്റിൽ ബ്രണ്ണർ ടൂർണമെന്റിലെ തന്റെ മൂന്നാമത്തെ ഗോളടിച്ചു. ഹോണ്ടൂറാസ് സ്‌ട്രൈക്കർ കാർലോസ് മേയയുടെ ലോംഗ്‌റെയ്ഞ്ച് ഷോട്ട് പോസ്റ്റിന് തട്ടിത്തെറിച്ചതൊഴിച്ചാൽ അനായാസമായിരുന്നു ബ്രസീലിന് രണ്ടാം പകുതിയും. 
നൈജറിനെതിരെ തുടക്കം മുതൽ ഘാനക്കായിരുന്നു ആധിപത്യം. ആദ്യ പകുതിയിൽ മാത്രം നൈജർ പോസ്റ്റിലേക്ക് അവർ 13 തവണ നിറയൊഴിച്ചു. ഒരൊറ്റ ഷോട്ടാണ് നൈജറിന് സാധിച്ചത്. ഇരുപത്തഞ്ചാം മിനിറ്റിലാണ് ഘാനക്ക് ആദ്യത്തെ തുറന്ന അവസരം കിട്ടിയത്. എഡ്മണ്ട് അർകൊ മെൻസയുടെ കിടിലൻ ഷോട്ട് നൈജർ ഗോൾകീപ്പർ ഖാലിദ് ലവാലി ഉജ്വലമായി രക്ഷപ്പെടുത്തി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈം വരെ കാത്തിരിക്കേണ്ടി വന്നു ഘാനക്ക് ആദ്യ ഗോൾ നേടാൻ. ബോക്‌സിലേക്ക് കുതിച്ചുകയറിയ ക്യാപ്റ്റൻ എറിക് അയിയയെ ഫാറൂഖ് ഇദ്‌രീസ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടിയാണ് ഗോളിലേക്ക് വഴി തുറന്നത്. അയിയ തന്നെ കിക്കെടുത്തു. ഇടവേളക്കു ശേഷവും ഘാന തന്നെ കളി നിയന്ത്രിച്ചു. ഗോൾമുഖത്ത് കിട്ടിയ സുവർണാവസരം ഗിദിയോൺ മെൻസ പാഴാക്കി. വൈകാതെ ഘാനക്ക് സമാനമായ രീതിയിൽ വീണ്ടും പെനാൽട്ടി കിട്ടി. ബോക്‌സിലേക്ക് കയറിയ അയിയയെ ഇദ്‌രീസ തന്നെയാണ് വീഴ്ത്തിയത്. ഇത്തവണ ഗോളി ഖാലിദ് ലവാലി കീഴടങ്ങിയില്ല. അവസാന മിനിറ്റുകളിലാണ് രണ്ടാം ഗോൾ പിറന്നത്. പകരക്കാരൻ റിച്ചാഡ് ദാൻസോയുടെ വെടിയുണ്ട തടുക്കാൻ ഖാലിദിന്റെ മികവിനും സാധിച്ചില്ല.

 


 

Latest News