Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

 2019 മുതലുള്ള മലയാള സിനിമകളുടെ ഫണ്ടിംഗ് അന്വേഷിക്കുന്നു

തിരുവനന്തപുരം-സ്വര്‍ണക്കടത്ത്, ലഹരിമാഫിയ സംഘങ്ങള്‍ കള്ളപ്പണം വെളുപ്പിക്കാന്‍ മലയാള സിനിമയില്‍ വ്യപകമായി പണമിറക്കിയെന്ന് കേന്ദ്ര ഏജന്‍സികള്‍. ഇതേത്തുടര്‍ന്ന് 2019 മുതല്‍ എല്ലാ ചലച്ചിത്രങ്ങളുടേയും മുതല്‍മുടക്കും ലഭിച്ച തുകയും അടക്കം അന്വേഷിക്കാന്‍ കേരള പോലീസിനോട് ഏജന്‍സികള്‍ നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്ന് ഈ കാലയളവിലെ എല്ലാ സിനിമകളുടേയും മുതല്‍മുടക്ക് അടക്കം വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരള പോലീസിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് വിഭാഗം സിനിമയിലെ നിര്‍മാതാക്കളുടെ സംഘടനയ്ക്ക് കത്തയച്ചു. മലയാള സിനിയില്‍ ലഹരിമാഫിയ വലിയതോതില്‍ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് നേരത്തേ വ്യക്തമായിരുന്നു. ബംഗളൂരുവില്‍ അറസ്റ്റിലായ മയക്കുമരുന്ന് മാഫിയ അംഗം അനൂപ് മുഹമ്മദ് ചലച്ചിത്ര സംവിധായകന്‍ ഖാലിദ് റഹ്മാനുമായി നിരവധി തവണ ബന്ധപ്പെട്ടിരുന്നെന്ന് തെളിഞ്ഞിരുന്നു. 'ഉണ്ട'യുടെ സംവിധായകന്‍ കൂടിയാണ് ഖാലിദ് റഹ്മാന്‍.
അനൂപ് മുഹമ്മദ് ഉള്‍പ്പെടുന്ന സംഘം കൊച്ചി ആസ്ഥാനമായുള്ള മലയാള സിനിമയിലെ യുവതാരങ്ങള്‍ക്ക് വന്‍തോതില്‍ മയക്കുമരുന്ന് എത്തിച്ചിരുന്നതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു. മയക്കുമരുന്ന് വിതരണം കൂടാതെ, കൊച്ചി, ഫോര്‍ട്ട് കൊച്ചി, കോട്ടയം, കുമരകം എന്നിവിടങ്ങളില്‍ നൈറ്റ് പാര്‍ട്ടി സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ കുമരകത്ത് സംഘടിപ്പിച്ച നൈറ്റ്പാര്‍ട്ടിയില്‍ ബിനീഷ് കോടിയേരി പങ്കെടുത്തതായി വാര്‍ത്തകള്‍ വന്നിരുന്നു . കൊച്ചി ആസ്ഥാനമായി മലയാള സിനിമയില്‍ യുവ തലമുറയിലെ ഒരു ഗ്യാങ് തന്നെ സജീവമാണ്. സംവിധായകരും നടന്‍മാരും നടിമാരും സാങ്കേതിക പ്രവര്‍ത്തകരും അടങ്ങുന്നതാണ് ഈ ഗ്യാങ്. ഇതില്‍ ഒരു യുവ നടന്‍ അനൂപുമായി വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. സിനിമ സെറ്റിലടക്കം ഈ ഗ്യാങ് വ്യാപകമായി മയക്കുമരുന്ന് ഉപയോഗിക്കുന്നെന്ന് നിര്‍മാതാക്കള്‍ തന്നെ ആരോപിച്ചിരുന്നു. നിര്‍മാതാക്കളുടെ സംഘടന വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത് ഈ മയക്കുമരുന്ന് സംഘത്തിനെതിരേ അന്വേഷണം വേണമെന്നും സെറ്റുകളില്‍ റെയ്ഡ് നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. കര്‍ണാടക നര്‍ക്കോട്ടിക് വിഭാഗമാണ് മലയാള സിനിമ താരങ്ങള്‍ക്ക് വന്‍തോതില്‍ മയക്കുമരുന്ന് ബംഗളൂരുവില്‍ നിന്ന് എത്തിച്ചിരുന്നതായി കണ്ടെത്തിയിരിക്കുന്നത്.കൊച്ചിക്കാരന്‍ മുഹമ്മദ് അനൂപിനു ലഹരിമരുന്ന് ഇടപാടുണ്ടായിരുന്ന ചലച്ചിത്ര പ്രവര്‍ത്തകരുടെ വിശദാംശങ്ങള്‍ എന്‍സിബി ബംഗളൂരു യൂണിറ്റ് ശേഖരിച്ചിരുന്നു.
നയതന്ത്ര ബാഗേജിന്റെ മറവില്‍ സ്വര്‍ണം കടത്തിയ കേസിലെ പ്രതി ഫൈസല്‍ ഫരീദ് നാലു മലയാള സിനിമകള്‍ക്കായി പണമിറക്കിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രങ്ങള്‍ക്കുവേണ്ടി പണമിറക്കിയെങ്കിലും സിനിമാനിര്‍മാണത്തിന്റെ ഒരുഘട്ടത്തിലും ഫൈസല്‍ ഇടപെട്ടില്ലെന്നാണ് വിവരം. ഫൈസലിന്റെ അടുത്തസുഹൃത്തുവഴിയാണ് പണമെത്തിച്ചത്. സിനിമ വിജയിച്ചാല്‍ പങ്കിടേണ്ട ഓഹരികളെക്കുറിച്ചും ഇയാളാണ് സംസാരിച്ചിരുന്നത്. 2017 മുതല്‍ മലയാളത്തില്‍ പുറത്തിറങ്ങിയ വിവിധ ചിത്രങ്ങള്‍ക്ക് ഫൈസല്‍ ബിനാമി വഴി പണം ഇറക്കിയതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.
പ്രമുഖ നായക നടന് പകുതി പ്രതിഫലം സ്വര്‍ണ കട്ടിയായി നല്‍കിയെന്നു വിവരം ഉണ്ടായിരുന്നു. ഒരു കോടി രൂപയാണ് നടന്‍ പ്രതിഫലമായി കൈപ്പറ്റിയത്. അന്‍പത് ലക്ഷം രൂപ പണമായും ബാക്കി സ്വര്‍ണമായും നടന് നല്‍കി എന്ന് പറയപ്പെടുന്നു . മറ്റു താരങ്ങള്‍ക്കും പ്രതിഫലമായി സ്വര്‍ണം നല്‍കിയിട്ടുണ്ടെന്നാണ് സൂചന. സ്വര്‍ണക്കടത്ത് റാക്കറ്റുമായി ബന്ധമുള്ള കൂടുതല്‍ സംവിധായകരും നിര്‍മാതാക്കളും ഉണ്ടെന്നാണ് വിവരം.
 

Latest News