Sorry, you need to enable JavaScript to visit this website.
Thursday , September   24, 2020
Thursday , September   24, 2020

വിടരും മുമ്പെ കൊഴിഞ്ഞ പൂമൊട്ട് 

എല്ലാ വർഷവും നാട്ടിലെത്തിയാൽ ഫറോക്ക് പേട്ടയിലെ റാസിം ഉറങ്ങുന്ന ഖബർസ്ഥാനിന് അരികിലൂടെ കടന്നുപോകുമ്പോൾ മനസ്സൊന്നു പിടയ്്ക്കും. 'മിസ്സേ'.. എന്നുള്ള മധുരമുള്ള വിളി കാതിൽ തടയും അറിയാതെ മിഴിയും മനസ്സും നനഞ്ഞു തുടങ്ങും. പ്രിയ റാസിം, സ്വർഗ്ഗപ്പൂന്തോപ്പിലെ മാലാഖമാർക്കിടയിൽ നീ ഇപ്പോൾ ഉല്ലസിക്കുകയായിരിക്കും... എന്നാൽ ഞങ്ങളുടെ ഓർമ്മകളിൽ  ഒരു കുഞ്ഞു ചിത്രശലഭമായി മരണമില്ലാതെ നീയിന്നും പാറിക്കളിക്കുന്നു. 

അനുഭവങ്ങൾ കൊണ്ട് സമ്പന്നമാണല്ലോ അധ്യാപനം. ഒരു തൊഴിൽ എന്നതിലുപരി കുട്ടികളുമായുള്ള വൈകാരികബന്ധത്തിന്റെ അടിത്തറയിലാണ് അത് പണിതുയർത്തുന്നത്. വീട് കഴിഞ്ഞാൽ കൂടുതൽ സമയവും കുട്ടികളുടെ പരിചരണം ഞങ്ങൾ  അധ്യാപകരുടെ കയ്യിലാണല്ലോ.  അതുകൊണ്ട് തന്നെ മുന്നിലിരിക്കുന്ന ഓരോ കുട്ടിയും ഞങ്ങൾക്ക് പ്രിയപ്പെട്ടവരാണ്.  അവരുടെ വളർച്ചയിൽ സന്തോഷിക്കുന്നത് പോലെ അവരുടെ തളർച്ചയിലും മനസ് വല്ലാതെ നൊമ്പരപ്പെടും. 
അധ്യാപനജീവിതത്തിലെ മറക്കാൻ പറ്റാത്ത പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. സന്തോഷമുള്ളതും സങ്കടമുള്ളതും. എന്നാൽ ഞങ്ങളുടെ പ്രിയവിദ്യാർത്ഥി റാസിമിന്റെ   ചേതനയറ്റ ശരീരം നേരിൽ കാണേണ്ടി വരിക. അതിനോളം മനസ്സിനെ നൊമ്പരപ്പെടുത്തിയ മറ്റൊരു അനുഭവം ഇല്ലായിരുന്നു. മരണത്തിലും പുഞ്ചിരി തൂകുന്ന ആ മുഖം വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും മനസ്സിൽ മായാതെ നിൽക്കുന്നു. അത്രയേറെ ഞങ്ങൾക്ക് പ്രിയപ്പെട്ടവനായിരുന്നു റാസിം. 
2009 ലാണ് കോഴിക്കോട് കോടമ്പുഴയിലുള്ള കെ.എം .ഒ. റസിഡൻഷ്യൽ സ്‌കൂളിൽ മലയാളം അധ്യാപികയായി ഞാൻ ജോലി തുടങ്ങുന്നത്. അന്ന് റാസിം നാലാം തരത്തിൽ പഠിക്കുകയായിരുന്നു. ആദ്യദിനങ്ങളിൽ തന്നെ ഞാൻ അവനെ പ്രത്യേകം ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. വെളുത്ത തുടുത്ത് പുഞ്ചിരി തൂകുന്ന മുഖം. അധ്യാപകരോട് വളരെയധികം സ്‌നേഹവും ബഹുമാനവും. മലയാളം ക്ലാസുകളിൽ കവിതകൾ ഈണത്തിൽ ചൊല്ലുന്നതിലും സംശയങ്ങൾ ചോദിക്കുന്നതിലുമെല്ലാം അവൻ മിടുക്കനായിരുന്നു. എടുക്കുന്ന വിഷയം മലയാളം ആയതുകൊണ്ട് തന്നെ കിട്ടുന്ന ഇടവേളകളിലെല്ലാം കുട്ടികൾക്ക് ഒത്തിരി വിശേഷങ്ങൾ പങ്കുവെക്കാനുണ്ടാകും. വളരെ കൂടുതൽ സംസാരിക്കുന്നു പ്രകൃതക്കാരനുമായിരുന്നു റാസിം.
ആയിടക്കാണ് എന്റെ സഹപ്രവർത്തക സ്മിതടീച്ചർ റാസിമിന് മാരകമായ അസുഖമാണെന്നും അവനെ പ്രത്യേകം  ശ്രദ്ധിക്കണമെന്നും അറിയിക്കുന്നത്. ആദ്യം അക്കാര്യം ഉൾക്കൊള്ളാനായില്ലെങ്കിലും പതിയെ ആ ജീവിതയാഥാർഥ്യത്തെ അംഗീകരിക്കാൻ ഞാൻ മനസിനെ പാകപ്പെടുത്തി. മാതാപിതാക്കളിൽ നിന്നും കൂടുതൽ വിവരങ്ങൾ അന്വേഷിച്ചറിയുകയും ചെയ്തു. അന്ന് മുതൽ അവനെ കൂടുതൽ ശ്രദ്ധിച്ചുതുടങ്ങി. എന്തോ ഒരു പ്രത്യേക വാത്സല്യം ഞങ്ങൾക്ക് അവനോടുണ്ടായിരുന്നു. അവൻ ചികിത്സാർത്ഥം ഇടയ്ക്കിടെ അവധി എടുക്കുമായിരുന്നു. അവധി കഴിഞ്ഞെത്തിയാൽ കഴിഞ്ഞു പോയ പാഠങ്ങൾ പ്രത്യേകം ചോദിച്ചു മനസ്സിലാക്കുന്നതിൽ അവൻ  വളരെയധികം സൂക്ഷ്മത പാലിച്ചിരുന്നു. കലാ-കായികരംഗങ്ങളിലും റാസിം വളരെയധികം മിടുക്കനായിരുന്നു. അസുഖം മൂലം ഒന്നിൽ നിന്നും മാറ്റി നിർത്തുന്നതും  ഇഷ്ടമല്ലായിരുന്നു. എങ്കിലും ആവശ്യമായ എല്ലാ കരുതൽ നടപടികളും ഞങ്ങൾ സ്വീകരിച്ചിരുന്നു.


  റാസിം ആറാം ക്ലാസ്സിൽ പഠിക്കുന്ന കാലം. ആ വർഷത്തെ വിനോദയാത്രയും സ്‌പോർട്‌സും കഴിഞ്ഞു അവൻ അവധിയായിരുന്നു. ചികിത്സക്ക് വേണ്ടി പോയതായിരിക്കുമെന്ന് ഞങ്ങൾ കരുതി. പിന്നീടാണറിഞ്ഞത് അസുഖം മൂർച്ഛിച്ചു ആശുപത്രിയിലാണെന്ന്. മനസ്സുരുകി ഞങ്ങൾ പ്രാർത്ഥിച്ചു കൊണ്ടിരുന്നു. 
എന്നാൽ   അവന്റെ തിരിച്ചുവരവ് കാത്തിരുന്ന ഞങ്ങളുടെയെല്ലാം പ്രാർത്ഥനകൾ  വിഫലമാക്കിക്കൊണ്ട് റാസിം എന്നെന്നേക്കുമായി യാത്രയായി.  ഞങ്ങളുടെ പൊന്നുമോൻ  ഇനി ക്ലാസിലുണ്ടാവില്ലെന്ന് വിശ്വസിക്കാൻ ഏറെ പ്രയാസപ്പെട്ടു. പ്രിയവിദ്യാർത്ഥിയുടെ ചലനമറ്റ ശരീരം നേരിൽ  കാണേണ്ടി വരിക...(റബ്ബേ അങ്ങനെ ഒരു വിധി ആർക്കും ഇല്ലാതിരിക്കട്ടെ..) ആ അവസ്ഥ പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. അത് കാണാനാവാതെ ഞങ്ങൾ പൊട്ടിക്കരഞ്ഞത്; ഇന്നും ഈറനണിഞ്ഞ മിഴികളോടെയല്ലാതെ ഓർക്കാനാവില്ല.
അതുവരെ സംശയങ്ങൾ ചോദിച്ചു മുന്നിലുണ്ടായിരുന്ന റാസിം ഇല്ലാത്ത ക്ലാസ്... ഒഴിഞ്ഞ ഇരിപ്പിടം  ...  ആ ക്ലാസ്സിലെത്തുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു. 
ആ വർഷത്തെ സ്‌കൂൾ  വാർഷികദിനത്തിൽ അവസാനവർഷ പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ സമ്മാനം വാങ്ങാൻ ആളില്ലാതെ , ആ പേര് വിളിക്കാൻ കഴിയാതെ; ഞങ്ങളുടെ പ്രധാനാധ്യാപിക വിതുമ്പിയത് ഇന്നും മനസ്സിലുണ്ട്.
കഴിഞ്ഞ അവധിക്ക് നാട്ടിൽ പോയപ്പോൾ അന്ന് സഹപ്രവർത്തക ആയിരുന്ന സീനത്ത് മിസ്സിനെ സന്ദർശിക്കാൻ പോയി. 
സംഭാഷണത്തിനിടയിൽ  ഞാൻ അവളുടെ ചെറിയ കുഞ്ഞിന്റെ പേര് തിരക്കി. 
''റസീ .. നമ്മൾ ഒരിക്കലും മറക്കാത്ത പേരാണ് കുഞ്ഞിനിട്ടത്.. റാസിം !''
എന്തു പറയണമെന്നറിയാതെ ഞങ്ങൾ പരസ്പരം കണ്ണു നിറച്ചു.
എല്ലാ വർഷവും നാട്ടിലെത്തിയാൽ ഫറോക്ക് പേട്ടയിലെ  റാസിം ഉറങ്ങുന്ന ഖബർസ്ഥാനിന് അരികിലൂടെ കടന്നുപോകുമ്പോൾ  മനസ്സൊന്നു പിടയ്്ക്കും. 'മിസ്സേ'.. എന്നുള്ള മധുരമുള്ള വിളി  കാതിൽ തടയും  അറിയാതെ മിഴിയും മനസ്സും  നനഞ്ഞു തുടങ്ങും. 
പ്രിയ റാസിം, സ്വർഗ്ഗപ്പൂന്തോപ്പിലെ മാലാഖാമാർക്കിടയിൽ നീ ഇപ്പോൾ ഉല്ലസിക്കുകയായിരിക്കും.. എന്നാൽ  ഞങ്ങളുടെ ഓർമ്മകളിൽ  ഒരു കുഞ്ഞു ചിത്രശലഭമായി മരണമില്ലാതെ നീയിന്നും പാറിക്കളിക്കുന്നു.

Latest News