ചായമക്കാനി

കടത്ത് തോണി കുറ്റിയിൽ തളച്ചു നേരെ കുറുപ്പേട്ടന്റെ ചായക്കടയിലേക്ക് ചെന്ന സൈതലവി തോളത്തെ രണ്ടാംമുണ്ടെടുത്ത് മുഖവും കക്ഷങ്ങളും തുടയ്ക്കുന്നതിനിടയിൽ   പൊരിയും പലഹാരങ്ങളും അടുക്കി വെച്ച ചില്ലുകപ്പാട്ടിൽ നോക്കി പറഞ്ഞു..
 ''കുറുപ്പേട്ടാ.. ഒരു ചായ,''
 ചായ ആട്ടിക്കൊണ്ടിരുന്ന കുറുപ്പേട്ടൻ ഉയർത്തിക്കെട്ടിയ മന്തിട്ടയിൽ നിന്നും കുനിഞ്ഞു നോക്കിക്കൊണ്ട്..
 ''ആരാ...സൈതാലിയോ?, ഇന്നെന്തേ വെഗ്ഗീ...?''
 കുറുപ്പേട്ടൻ ആ കരക്കാരുടെ മാനസപ്രിയനാണ്, നീണ്ടു മെലിഞ്ഞ ശരീരം, ഒട്ടിയകവിൾത്തടം, ആരെയും സഹായിക്കുന്ന പ്രകൃതം, കടവ് കടന്നു അക്കര ചന്തയിൽ പോകുന്ന ആരും കുറുപ്പേട്ടന്റെ ഒരു ചായ നുണയാതെ പോകില്ല, ആ ചായയ്ക്ക് വേണ്ടിമാത്രം അത്രേടം വരെ വരുന്നവരുണ്ട്. അതങ്ങിനെയാ കുറുപ്പെട്ടന്റെ ഇടപെടലുകൾ.., യു.പി. സ്‌കൂളും, ഒരു പ്രാഥമികാരോഗ്യ കേന്ദ്രവും, പോസ്റ്റാപ്പീസുമടങ്ങുന്ന, വെറും കാർഷികവൃത്തി ഉപജീവനമാക്കിയ ഒരു കൊച്ചു ഗ്രാമം.
 കടവിന്നപ്പുറത്തെ ചന്തയിൽ നിന്ന് പട്ടണത്തിലേക്ക് ബസ് കിട്ടും, ദിവസത്തിൽ മൂന്നോ നാലോ റൂട്ട്, ഒറ്റ ബസ്; അത് കൊണ്ട് തന്നെ എല്ലാവരും എല്ലാവരെയും പരസ്പരം തിരിച്ചറിയും.


''ഒന്നും പറയണ്ടെന്റെ  കുറുപ്പേട്ടാ..., അക്കരെ ചന്തേല്  ഇന്നാണല്ലോ  ചക്കാത്തിന് പ്രമേഹം ടെസ്റ്റ് ചെയ്യുന്ന കാമ്പയിൻ, കരക്കാരെ കടത്തീട്ടു തീരുന്നില്ല, നാണു ഇന്ന് വന്നതുമില്ല. പിന്നെ ഞാൻ ഒറ്റക്കല്ലേ? ന്തന്നാപ്പാ ചെയ്യാ...?''
 ചക്കാത്തിന് എന്ന് കേട്ടപ്പോൾ തൊട്ടപ്പുറത്തുള്ള ബെഞ്ചിൽ ചടഞ്ഞിരുന്നു ചായ കുടിച്ചുകൊണ്ടിരുന്ന കേളുനായർക്ക് ഒരു പൂതി.. ഒരമ്പത് അമ്പത്തഞ്ചു വരും വയസ്സ്....
 ''എടാ... സൈതാലി, നീ അക്കരെ  പോകുമ്പോ  ഇന്നെക്കൂടി കൊണ്ടോണേ..., മടുത്തു... ഈ മധുരമില്ലാത്ത ചായയും കാപ്പിയും കുടിച്ചു, ഇത്തിരി മധുരം കൈച് കാലം മറന്നു...''
 ഇതു കേട്ട് പെട്ടെന്ന് ചിരിച്ചുപോയ സൈതാലി ചായക്കപ്പ് താഴെവെച്ച് വിമ്മിട്ടം വിഴുങ്ങുന്നു, എക്കിളും ചുമയും  മുണ്ട് കൊണ്ടടക്കിപ്പിടിച്ചു കേളുനായരെ നോക്കി പറഞ്ഞു.
 ''അയിനു ഇങ്ങക്ക് ടെസ്റ്റ് കൈഞ്ഞിക്കില്ലെന്ന്... നീം ന്തന്നാപ്പാ, ചികിത്സക്ക് ധർമ്മാശുപത്രീല് പോണം... ഹാ... അല്ലാണ്ട് ഓല് മരുന്ന് കൊട്ക്കിണില്ല ' 
പ്രായവും രോഗവും സമ്മാനിച്ച കവിളിലെ ചുളിവുകൾ മുഖത്തെ ഒന്നുകൂടെ ചുളിപ്പിച്ചു, നീരസത്തോടെ സൈതാലിയെ നോക്കി, പൊതിയിൽ നിന്ന് ഒരു ചെറുബീഡിയെടുത്തു പുകച്ചു., ഒട്ടിയ കവിൾക്കുഴി താടിരോമം മറച്ചുവെച്ചു.
മുളയും ഓലയും തീർത്ത  തുറന്ന ജാലകത്തിൽ കടവ് താണ്ടി വന്ന മന്ദമാരുതൻ കുളിരു കോരിയിട്ടു, അഞ്ജനക്കാരൻ മഷിയിൽ നോക്കുന്ന സൂക്ഷ്മതയോടെ കുറുപ്പേട്ടൻ അടുപ്പത്തുവച്ച പാല് തിളച്ചുതൂവാതെ നോക്കിനിന്നു,  കിഴക്കെപ്പുറത്തെ ബെഞ്ചിലുള്ളവർ ഓരോ പത്രത്താളും മാറി മാറി വായിച്ചുകൊണ്ടിരിക്കുന്നു, അതിലൊരാൾ ചോദിച്ചു..
 ''അല്ല കുറുപ്പേട്ടാ.. നമ്മുടെ സ്‌കൂളിൽ ഹെഡ്മാഷ്  ഇല്ലാണ്ടായിറ്റ് ഇത് എത്രാമത്തെ മാസം?, മ്മളെ കരയോഗം പ്രസിടന്റ്ന്നിന്നും കൊള്ളൂല്ലാന്നൂ...''
 ''ഈയായ്ച്ച വരുമെന്നല്ലോ  ഇന്നലെ പ്രസിടന്റ്് പറഞ്ഞത്''
 തിളച്ച പാൽ വാങ്ങിവെച്ചു കുറുപ്പേട്ടൻ  താഴെ നിരത്തിലിറങ്ങി ഒരു ബീഡി കത്തിച്ചു കൊണ്ട് വിദൂരതയിൽ നോക്കി ധൂളി ധൂളിയായി പുക പുറത്തേക്ക് വിട്ടു.. 
 ''ആരാ...ആ വരുന്നേ... ഇക്കറിയോ?'' പുകമറയിൽ നടന്നടുക്കുന്ന ഒരു പുതുമുഖത്തെക്കണ്ട കുറുപ്പേട്ടൻ ചോദിച്ചു. 
''ആ...ഇക്കറിയില്ല'' 
ഓലയിൽ തീർത്ത ചെറിയ ജനാലയിൽ നോക്കി സൈതാലി പറഞ്ഞു... 
അയാൾ നേരെ വന്നു കടയിൽ കയറി, എല്ലാരോടും പുഞ്ചിരിച്ചുകൊണ്ട് കുറുപ്പേട്ടനെ നോക്കി ചോദിച്ചു.. 


''ഒരു ചായ തരുമോ?, മധുരം വേണ്ട!''
 നല്ല ആരോഗ്യവാൻ, വലതുവശത്തേക്ക് ചീകിവെച്ച ചുരുളൻ മുടി, കട്ടി കുറഞ്ഞ മീശ, അലക്കിതേച്ച വസ്ത്രം, പോക്കറ്റിൽ പേനയുമുണ്ട്..ഒരു നാല്പതു നാല്പത്തഞ്ചു വയസ്സിനു മേലെ പോവൂല...
 സൈതാലിയും കേളുനായരും മുഖത്തോട് മുഖം നോക്കി... 
''ഇങ്ങളെവിടുന്നാ?'' സൈതാലിയാണ് ചോദിച്ചത്
 ''കുറച്ചു തെക്കിന്നാ...''
 ''പേര്''
 ''ശേഖരൻ'' 
''ഇങ്ങളെ കണ്ടിട്ട് മധുരത്തിന്റെ സൂക്കാട് ബര്ണ്ട പ്രായം ആയിട്ടില്ലാലപ്പാ..., നല്ല ആരോഗ്യവും, മ്മളെ കേളുനായരെപ്പോലെയാ ങ്ങളെക്കാണാൻ?!''
 അത് കേട്ട കേളുനായർ ഈർഷ്യയോടെ ഒന്നൂടെ അമർന്നിരുന്നു..., അയാളും വിട്ടില്ല...
 ''സൈതാല്യേ.. ഇക്ക് പ്രമേയം ബന്നത് രണ്ടു കൊല്ലം മുമ്പാ, ഇപ്പൊ ബയസ്സു ഐമ്പത്തൊമ്പത്.''
 ''നിങ്ങളാരും തർക്കിക്കണ്ട'' ചിരിച്ചുകൊണ്ട് ശേഖരൻ കേളുനായരെ നോക്കി ചോദിച്ചു
 ''നിങ്ങളുടെ പേര്...?'',
 ''കേളു, കേളുനായർ എന്ന് പറയും'',
 ''കേളു ചേട്ടാ... നിങ്ങൾ ഷുഗർ വന്നതിനു ശേഷമാണു മധുരം ഒഴിവാക്കിയത്, അല്ലെയോ?''
 ''അതെ''
 ''അതിനർത്ഥം പ്രമേഹം നിങ്ങളെ കീഴ്‌പെടുത്തി...''
 കുറുപ്പ് ചായ ടാബിളിൽ വച്ചു, കടിയോ പഴമോ വേണ്ടിവരുമോ എന്നമട്ടിൽ ആഗതനെ  നോക്കി
 ''ഒരു പഴംപൊരി''
 സൈതലിയും കേളുനായരും വീണ്ടും മുഖത്തോടു മുഖം നോക്കി...
 ''അപ്പൊ ഇങ്ങക്ക് പ്രമേയോം ഇല്ലേ..?'', ആശ്ചര്യത്തോടെ കേളുനായർ
 ''ഹാ.. ഞാൻ പറഞ്ഞല്ലോ, കേളു ചേട്ടൻ പ്രമേഹത്തിനു കീഴ്‌പ്പെട്ടു, ഞാൻ പ്രമേഹത്തിനെ കീഴ്‌പെടുത്തും''
 ''അതെങ്ങനെ, ങ്ങള് മനസ്സിലാന്ന ഭാഷെല് പറീന്നൂ...'' സൈതാലിക്കു ക്ഷമ കെട്ടു...
 പഴംപൊരി കടിച്ചുകൊണ്ട് ശേഖരൻ തുടർന്ന്... 
 ''അതെ... എനിക്ക് ഷുഗർ ഇല്ലെട്ടോ, ഇപ്പോൾ ഞാൻ മധുരമില്ലാത്ത ചായയും കാഫിയും കുടിച്ചു പ്രമേഹത്തിനെ കീഴ്‌പെടുത്തി...ഇനി വന്നാലും എനിക്ക് പുത്തനാവില്ല... പ്രമേഹത്തിന് എന്നെ ജയിക്കാനും കഴിയില്ല... ''
''കൊള്ളാലേ... ങ്ങളെ ബുദ്ധി,...' കുറുപ്പിനെ നോക്കി സൈതാലി പറഞ്ഞു.
ഇനിമേൽ മ്മക്കും പഞ്ചാരയില്ലാത്ത ചായ മതീട്ടാ... 
കുറുപ്പ് ഉറക്കെ ചിരിച്ചുകൊണ്ട്... ''എല്ലാരും ഇങ്ങനെ വിചാരിക്കാച്ചാ ഇക്ക് ലാഭെയിനു... 
കൂട്ടച്ചിരി...
കേളുനായർക്കതത്ര രസിച്ചില്ല!
ഈ ബുദ്ധി നേരത്തെ ആരും പറഞ്ഞു തന്നില്ലല്ലോ എന്ന് പിറുപിറുത്തു പൊതിയിൽ നിന്നും അടുത്ത ബീഡിക്ക് തീ കൊളുത്തി...
കാശ് കൊടുക്കാൻ നേരത്ത് ശേഖരൻ പറഞ്ഞു.
''ഞാൻ പുതിയ ഹെഡ്മാഷാണ്, രാത്രി നന്നേ ഇരുട്ടിയാ എത്തിയത്, നാണു എന്ന് പറയുന്നയാളാ എന്നെ കടവ് കടത്തിയതും  റൂമിലെത്തിച്ചതും, നല്ല നാട്ടുകാർ, എല്ലാരോടും  നന്ദിയുണ്ട്, ഇറങ്ങട്ടെ...
''സൈതാലി അറിയാതെ എണീറ്റ് നിന്നു പോയി, കരയോഗം പ്രസിഡന്റിനെ കുറ്റപ്പെടുത്തിയവർ പത്രത്താളിൽ മുഖം മറച്ചു. 

Latest News