മാളവികയുടെ വിലാപം 

കുഞ്ചാക്കോ ബോബൻ മലയാള സിനിമയിലെത്തിയിട്ട് കുറച്ചു കാലമായി. അത്ര വലിയ താരമൊന്നുമായില്ലെങ്കിലും മലയാളി പ്രേക്ഷകർ ഇഷ്ടപ്പെടുന്ന നടനാണ് അദ്ദേഹം. ഇടക്കാലത്ത് ബിജു മേനോന്റെ കോമ്പിനേഷനിൽ വന്ന സിനിമകൾ ഹിറ്റായിരുന്നു. എല്ലാം തുറന്നു പറയുന്ന ചാക്കോച്ചനെ പോലെ എത്ര പേർ കാണും?  പിന്നിട്ട വാരത്തിലെ ചാനൽ അഭിമുഖത്തിലും പതിവ് തെറ്റിച്ചില്ല. ഒരു സിനിമ ഇറങ്ങിയാൽ ആരുടെ അഭിപ്രായത്തിന് വേണ്ടിയാണ് കാത്തിരിക്കാറുളളത് എന്നായിരുന്നു ചാക്കോച്ചനോട് അവതാരകൻ ചോദിച്ചത്. മറുപടിയാണ് ബഹുരസം.  ഒരു കാലത്ത് തന്റെ സിനിമകൾ കണ്ട് ഭാര്യ തിയേറ്ററിൽ ഇരുന്ന് കൂവിയിട്ടുണ്ടെന്ന് ചാക്കോച്ചൻ പറഞ്ഞു.  ഭാര്യയുടെ അഭിപ്രായത്തിന് വേണ്ടിയാണ് കാത്തിരിക്കാറുളളത്.  ഒരു സിനിമ കണ്ട് ഉളളത് ഉളളത് പോലെ തന്നെ അവൾ പറയുമെന്ന് നടൻ പറഞ്ഞു. എന്റെ ചില സിനിമകൾ കണ്ട് തിയേറ്ററിൽ ഇരുന്ന് കൂവിയിട്ടുളള ആളാണ് പ്രിയ. ഞാൻ കോട്ടയത്തിരുന്ന് ഒരു സിനിമ കണ്ടോണ്ടിരിക്കുന്ന സമയത്ത് പുളളിക്കാരി എറണാകുളത്ത് അതിന് മുമ്പേ ആദ്യ ഷോയ്ക്ക് കയറും. എറണാകുളത്ത് ഷോ കഴിഞ്ഞു എന്ന് എനിക്ക് റിപ്പോർട്ട് കിട്ടി. ആൾക്കാര് നല്ലത് പറയുന്നുണ്ട്. എന്നാലും എനിക്ക് വിശ്വാസം പോര. ഞാനത് കഴിഞ്ഞ് പ്രിയയെ വിളിച്ചുനോക്കി. അപ്പോൾ  സ്വിച്ച്ഡ് ഓഫായിരുന്നു. അവളെ കിട്ടാതായപ്പോ എനിക്ക് ടെൻഷൻ കൂടി. ദൈവമേ സിനിമ ഇഷ്ടപ്പെടാത്തത് കൊണ്ട് ഫോൺ ഓഫാക്കിയത് ആണോ. അതോ പറയാനുളള മടി കൊണ്ടായിരിക്കോ. രാജേഷിന്റെ ഓർമ്മയ്ക്ക് വേണ്ടി ചെയ്‌തൊരു സിനിമയല്ലെ. അതായിരിക്കും ചിലപ്പോൾ  ഫോൺ ഓഫാക്കിയതെന്ന് എനിക്ക് തോന്നി. അപ്പോഴേക്കും ഇവിടത്തെ ഫസ്റ്റ് ഹാഫ് കഴിഞ്ഞിരുന്നു. ആൾക്കാർ നല്ല അഭിപ്രായം പറയുന്നുണ്ടായിരുന്നു. അത് കഴിഞ്ഞ് സെക്കൻഡ് ഹാഫ് തുടങ്ങിയപ്പോഴാണ് പ്രിയയുടെ ഒരു മെസേജ് വരുന്നത്. കലക്കി സിനിമ എന്നൊക്കെ പറഞ്ഞു. ഞാൻ ചോദിച്ചു എന്ത് പറ്റി വിളിക്കാതിരുന്നതെന്ന്. അപ്പോൾ അവൾ പറഞ്ഞു. സിനിമയിലെ ഇമോഷണൽ രംഗമൊക്കെ കണ്ടപ്പോൾ കരഞ്ഞു പോയി, അതാണ് വിളിക്കാതിരുന്നതെന്ന്. 
*** *** ***
പണ്ടു കാലത്ത് കേരളത്തിൽ ഡോക്ടർമാർ രോഗികളെ നോക്കാൻ വീടുകളിൽ എത്തുമായിരുന്നു. ഡോക്ടറെന്ന വി.ഐ.പി പടി കടന്നെത്തുമ്പോൾ പെട്ടി തൂക്കി ഒരു വിദ്വാനുണ്ടാവും. കലക്ടറുടെ ശിപായിയുടെ പവറായിരിക്കും അയാൾക്ക്. ഏതാണ്ട് അതു പോലെയാണ് ഇടക്കാലത്ത് മലയാള സിനിമയിലെ സ്ത്രീകഥാപാത്രങ്ങൾ. നായകന്റെ നിഴൽ പോലെ മിന്നി മായാം. ന്യൂ ജെൻ സിനിമയാണെങ്കിൽ അതിന് പോലും സ്‌കോപ്പില്ല. കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളെ ശാരദ, ഷീല, ശോഭന, മഞ്ജു വാരിയർ പോലുള്ളവർ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴുള്ളവരിൽ പ്രതീക്ഷയ്ക്ക് വക നൽകുന്ന താരമാണ് പാർവതി തിരുവോത്ത്. എല്ലാവരും കൂടി ഒതുക്കിയപ്പോൾ പാർവതിയെ വെള്ളിത്തിരയിൽ അപൂർവമായേ കാണുന്നുള്ളു. മലയാളസിനിമയിൽ രണ്ട് വർഷത്തിനിടെ നല്ല സ്ത്രീകഥാപാത്രങ്ങൾ ഉണ്ടായിട്ടില്ലെന്ന് മാളവിക മോഹനൻ പറയുന്നു. ദുൽഖർ സൽമാൻ നായകനായി എത്തിയ പട്ടം പോലെ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയാണ് മാളവിക മോഹനൻ. 
ഒരു ചാനൽ  അഭിമുഖത്തിലായിരുന്നു മാളവികയുടെ തുറന്നുപറച്ചിൽ. ഒരു കാലത്ത് മികച്ച സ്ത്രീകഥാപാത്രങ്ങൾ ഉണ്ടായിരുന്ന മലയാളസിനിമയിൽ ഇപ്പോൾ വിപരീത സംഭവമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും സ്ത്രീകൾക്കുവേണ്ടി മെച്ചപ്പെട്ട കഥാപാത്രങ്ങൾ മലയാളത്തിൽ ഉണ്ടാവണമെന്നും മാളവിക പറഞ്ഞു. പാർവതിയുടെ ടേക്ക് ഓഫ്, ഉയരെ എന്നീ സിനിമകൾ ഒഴിച്ചുനിർത്തിയാൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ മലയാളത്തിൽ നല്ല സ്ത്രീകഥാപാത്രങ്ങൾ ഉണ്ടായിട്ടില്ലെന്നും മലയാളസിനിമ കൂടുതൽ പുരുഷകേന്ദ്രീകൃതമായിരിക്കുന്നെന്നും താരം പറഞ്ഞു.
*** *** ***
കോവിഡ് അല്ല അതിലും വലിയ മഹാമാരി വന്നാലും ചിലരൊന്നും നന്നാവില്ല. അസമിൽ ടെലിവിഷൻ പരമ്പര കണ്ട് മതവികാരം വ്രണപ്പെട്ടു കൊണ്ടിരിക്കുകയാണ്. മത വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ടെലിവിഷൻ പരമ്പരയ്ക്ക് 2 മാസം വിലക്ക്ബീഗം ജാൻ  എന്ന അസമീസ് ടെലിവിഷൻ സീരിയലിനാണ് അസം പോലീസ് രണ്ട് മാസത്തെ വിലക്കേർപ്പെടുത്തിയത്. സീരിയൽ ഒരു മതവിഭാഗത്തിന്റെ  താൽപര്യങ്ങളെ മുറിവേൽപ്പിച്ചതായാണ് ആരോപണം.  അതിനാൽ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് (റെഗുലേഷൻ) ആക്ട്, 1995ന്റെ  അടിസ്ഥാനത്തിൽ സീരിയലിന് രണ്ടു മാസത്തെ വിലക്കേർപ്പെടുത്തുകയാണെന്ന്   ഗുവാഹതി പോലീസ് കമ്മിഷണർ എം. പി. ഗുപ്ത  ഉത്തരവിട്ടു. 
പരമ്പരയിലെ നായികാനായകൻമാർ ഇരു മതവിഭാഗങ്ങളിൽ പെട്ടവരാണ്. വികാരങ്ങൾ വ്രണപ്പെട്ടതായി ആരോപിച്ച് ഒരു മതവിഭാഗത്തിലെ പ്രമുഖർ രംഗത്തെത്തിയതോടെയാണ് പരമ്പരയ്ക്ക് വിലക്കേർപ്പെടുത്തിയത്. സമൂഹത്തിലെ ചില വിഭാഗങ്ങളുടെ മതവികാരം വ്രണപ്പെടുന്നതിനാലും പരമ്പരയിലെ ചില രംഗങ്ങളും പ്രയോഗങ്ങളും ഒരു പ്രത്യേക മതവിഭാഗത്തെ അപകീർത്തിപ്പെടുത്തുന്ന വിധത്തിലുള്ളതാണെന്നാണ് കണ്ടെത്തൽ. ഹിന്ദു ജാഗരൺ മഞ്ച്, അസം ബ്രാഹ്മിൻ  യൂത്ത് കൗൺസിൽ, യുണൈറ്റഡ് ട്രസ്റ്റ് ഓഫ് അസം, ഗണജിത് അദികരിയെന്ന വ്യക്തി എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി കൈക്കൊണ്ടത്.  വിലക്കിനെതിരെ കോടതിയെ സമീപിക്കുമെന്ന് സീരിയൽ നിർമാതാക്കൾ വ്യക്തമാക്കി.  മൂന്നു മാസങ്ങൾക്ക് മുൻപ് റംഗോണി ചാനലിൽ ആരംഭിച്ച സീരിയലിന്റെ ചിത്രീകരണം താൽക്കാലികമായി നിറുത്തിവെച്ചിരിക്കുകയാണ്. തനിക്കെതിരെ ഓൺലൈൻ വഴി പീഡന, വധ ഭീഷണികൾ ഉയർന്നിരുന്നുവെന്ന് സീരിയലിലെ നായിക പ്രീതി  കൊങ്കണ  പറഞ്ഞു. സീരിയൽ ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കുകയാണെന്ന ആരോപണവും അവർ നിഷേധിച്ചു.  പരമ്പരയിൽ നായികയായ ഹിന്ദു യുവതിയായാണ് പ്രീതി അഭിനയിക്കുന്നത്. പ്രശ്‌നങ്ങളിൽ പെടുന്ന നായികയെ നായകനായ മുസ്്‌ലിം യുവാവ് സഹായിക്കുന്നതാണ് പരമ്പരയുടെ കഥയെന്ന് ബീഗം ജാനിനെതിരെയുള്ള ലൗ ജിഹാദ് ആരോപണത്തെ തള്ളിക്കളഞ്ഞ് പ്രീതി വ്യക്തമാക്കി.
ചാനൽ ഉടമയും എഎം ടെലിവിഷന്റെ  ചെയർമാനും എംഡിയുമായ സഞ്ജീവ് നരെയ്ൻ പരമ്പരയ്‌ക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പ്രതികരിച്ചു.ലൗവ് ജിഹാദിനെ പരമ്പര പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് അസം പോലീസിന്റെ കണ്ടെത്തൽ. മനുഷ്യർക്ക് നേരാംവണ്ണം പുറത്തിറങ്ങാൻ വയ്യ, അപ്പോഴാണ് ഓരോരോ പൊല്ലാപ്പ്. 
*** *** ***
ഏറ്റവും പുതിയ ബാർക് റേറ്റിങ്ങിലും ഏഷ്യാനെറ്റിനേയും ഏഷ്യാനെറ്റ് ന്യൂസിനേയും വെല്ലാൻ ആരുമില്ലാത്ത സ്ഥിതിയാണ്. വിനോദ ചാനലുകളിൽ ഏഷ്യാനെറ്റും വാർത്താ ചാനലുകളിൽ ഏഷ്യാനെറ്റ് ന്യൂസും അപ്രമാദിത്തം നിലനിർത്തിയിരിക്കുന്നു.ഏഷ്യാനെറ്റും ഏഷ്യാനെറ്റ് ന്യൂസും നിലവിൽ ഒരേ ഉടമകളുടേതല്ല. ഏഷ്യാനെറ്റ് സ്റ്റാർ ഇന്ത്യയുടെ (ഇപ്പോൾ വാൾട്ട് ഡിസ്‌നി ഇന്ത്യ) ഭാഗമാണ്. ഏഷ്യാനെറ്റ് ന്യൂസ് ബിജെപി രാജ്യസഭ എംപിയും കേരളത്തിലെ എൻഡിഎ വൈസ് ചെയർമാനും ആയ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിൽ ആണ്. 
വിനോദ ചാനലുകളിൽ ഏഷ്യാനെറ്റ് ബഹുദൂരം മുന്നിലാണ് 263,614 പോയന്റുകളാണ് ഏഷ്യാനെറ്റിനുള്ളത്. രണ്ടാം സ്ഥാനത്ത് ഫഌവേഴ്‌സ് ടിവിയും മൂന്നാം സ്ഥാനത്ത് സൂര്യ ടിവിയും ആണ്.
ബാർക് റേറ്റിങ്ങിലെ പോയന്റ് പരിശോധിച്ചാൽ, ഏഷ്യാനെറ്റിന്റെ പാതി പോലും ഇല്ല രണ്ടാം സ്ഥാനത്തുള്ള ഫഌവേഴ്‌സ് ടിവിയ്ക്ക്. 101,832 പോയന്റ് ആണ് ഫഌവേഴ്‌സിനുള്ളത്. നാലാം സ്ഥാനത്ത് മഴവിൽ മനോരമയും അഞ്ചാം സ്ഥാനത്ത് സീ കേരളവും ആണുള്ളത്. ആദ്യ അഞ്ചിൽ കൈരളി ടിവി ഇടം നേടിയില്ല. വാർത്താ ചാനലുകളുടെ കാര്യത്തിൽ ഏഷ്യാനെറ്റ് ന്യൂസ് ഇത്തവണയും ഒന്നാം സ്ഥാനത്ത് തന്നെയാണ്. 52,134 പോയന്റുകളാണ് അവർക്കുള്ളത്. രണ്ടാം സ്ഥാനത്ത് ട്വന്റിഫോർ ആണുള്ളത്. മൂന്നാം സ്ഥാനത്ത് മനോരമ ന്യൂസും.
വാർത്താ ചാനലുകളുടെ കാര്യത്തിൽ ട്വന്റിഫോർ ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസിന് കടുത്ത വെല്ലുവിളി ഉയർത്തിക്കൊണ്ടിരിക്കുകയാണ്. ഇത്തവണ 39,214 പോയന്റുകളാണ് ട്വന്റിഫോറിനുള്ളത്. ഏഷ്യാനെറ്റുമായുള്ള അന്തരം കുറഞ്ഞുവരുന്നു എന്നാണ് റിപ്പോർട്ടുകൾ. ആദ്യ അഞ്ച് വാർത്താ ചാനലുകളുടെ പട്ടികയിൽ കൈരളി പീപ്പിൾ ഇടം നേടിയിട്ടില്ല. അതേസമയം ജനം ടിവി അഞ്ചാം സ്ഥാനം നിലനിർത്തുകയും ചെയ്തു. മാതൃഭൂമി ന്യൂസ് നാലാം സ്ഥാനത്താണുള്ളത്. ചർച്ചകളിൽ പ്രതിനിധികൾക്ക് വേണ്ടത്ര സമയം അനുവദിക്കാത്തതിന്റെ പേരിൽ സിപിഎം ഏഷ്യാനെറ്റ് ചർച്ചകൾ ബഹിഷ്‌കരിച്ചിരിക്കുകയാണ്. അതിന്റെ പ്രതിഫലനം ന്യൂസ് അവർ റേറ്റിങ്ങിന്റെ കാര്യത്തിൽ പ്രകടമാണ് എന്നാണ് റിപ്പോർട്ടുകൾ. എന്നിരുന്നാലും മൊത്തത്തിലുള്ള റേറ്റിങ്ങിനെ ഇത് കാര്യമായി ബാധിച്ചിട്ടില്ല. വിനോദ ചാനലിലെ പരിപാടികളുടെ റേറ്റിങ് നോക്കിയാൽ എല്ലായിടത്തും ഏഷ്യാനെറ്റിന്റെ അപ്രമാദിത്തമാണ്. ആദ്യ അഞ്ച് സ്ഥാനവും ഏഷ്യാനെറ്റിലെ സീരിയലുകൾ ആണ് സ്വന്തമാക്കിയത്. കുടുംബവിളക്കാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് വാനമ്പാടിയും മൂന്നാം സ്ഥാനത്ത് മൗനരാഗവും.
*** *** ***
ജനം ടിവിയിൽ മന്ത്രി ജി. സുധാകരന്റെ മകന് ഓഹരി ഉണ്ടെന്നു ചീഫ് എഡിറ്റർ ജി.കെ. സുരേഷ് ബാബു വെളിപ്പെടുത്തി. ഇത് പുതിയ വിവാദത്തിന് വഴിതെളിച്ചിരിക്കുകയാണ്. ചാനൽ ചർച്ചയിലാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. മന്ത്രിസഭയിലെ ശക്തനായ മന്ത്രി ജി. സുധാകരന്റെ മകനും ചില സിപിഎമ്മുകാർക്കും അടക്കം ഓഹരിയുള്ള ചാനലാണ് ജനം ടിവിയെന്നാണ് ചീഫ് എഡിറ്റർ പറഞ്ഞത്. ഓട്ടോ റിക്ഷ ഓടിക്കുന്നവർ മുതൽ രാഷ്ട്രീയക്കാർ വരെ 5200 ഓഹരി ഉടമകൾ ചാനലിനുണ്ടെന്നും ചാനൽ അവകാശപ്പെട്ടു. ജനം ഏതെങ്കിലും പാർട്ടിയുടെ ചാനലോ അവരുടെ നിയന്ത്രണത്തിലോ അല്ലെന്നും സുരേഷ് ബാബു കൂട്ടിച്ചേർത്തു.
ചാനലിൽ ആരൊക്കെ ഓഹരി എടുത്തിട്ടുണ്ടെന്ന് രജിസ്ട്രാർ ഓഫ് കമ്പനി വെബ്‌സൈറ്റിൽ വ്യക്തമാണെന്നും അനിൽ നമ്പ്യാർ ജനം ടിവിയുടെ ജീവനക്കാരൻ മാത്രമാണ് ഉടമയല്ലെന്നും ചാനൽ എം.ഡി പി.വിശ്വരൂപൻ പറഞ്ഞു. മന്ത്രിയുടെ മകന് ജനം ടിവിയിൽ ഓഹരിയുണ്ടെന്ന ജി.കെ.സുരേഷ് ബാബുവിന്റെ വെളിപ്പെടുത്തലുണ്ടായതോടെ ബിജെപി-സിപിഎം ബന്ധം പുറത്തായെന്ന് ആരോപിച്ച് യുഡിഎഫ് രംഗത്തെത്തിയിട്ടുണ്ട്.
*** *** ***
മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ന്യൂസ് 18 ചാനൽ പുറത്ത് വിട്ട വിവരമാണ് പ്രതിപക്ഷ വാദത്തിന്റെ മുനയൊടിച്ചിരിക്കുന്നത്. വിവാദ സ്വർണ്ണക്കടത്ത് സംഭവത്തിൽ മുഖ്യമന്ത്രിക്ക് യാതൊരു പങ്കുമില്ലെന്നാണ് ന്യൂസ് 18 റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എൻ.ഐ.എ ഉന്നതരെ ഉദ്ധരിച്ചാണ് ഈ എക്‌സ്‌ക്ലൂസീവ് വാർത്ത.
മുഖ്യമന്ത്രിയെ പ്രതിയാക്കാനോ സ്ഥാപനമെന്ന നിലയിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ തെളിയിക്കാനോ ഉള്ള തെളിവുകൾ കിട്ടിയിട്ടില്ലെന്നാണ് എൻ.ഐ.എ പറയുന്നതെന്നാണ് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നത്. പ്രതിപക്ഷം ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത വാർത്തയാണിത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം നടന്നതെന്നാണ് അവർ നിരന്തരം വാദിച്ചിരുന്നത്. ന്യൂസ് 18 സി.പി.എം ചാനൽ അല്ലാത്തതിനാൽ ഈ ചാനലിനെയും തള്ളിപ്പറയാൻ പ്രതിപക്ഷത്തിന് കഴിയുകയില്ല. പ്രധാനമന്ത്രി മുതൽ സോണിയ ഗാന്ധി വരെ നീളുന്നതാണ് ചാനൽ ഉടമ മുകേഷ് അംബാനിയുടെ സൗഹൃദം. പിണറായി ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റുകൾ കുത്തക മുതലാളിമാരായി മുദ്ര കുത്തുന്നതും അംബാനിമാരെയാണ്. 
 അംബാനിയുടെ ചാനൽ റിപ്പോർട്ട് ചെയ്‌തെങ്കിൽ അത് ലഭിച്ച വിവരം യാഥാർത്ഥ്യമായത് കൊണ്ടു തന്നെയാണ്. അതുകൊണ്ടാണ് പ്രതിപക്ഷത്തിന്റെ പ്രതികരണം പോലും ഇപ്പോൾ ദുർബലമായിരിക്കുന്നത്. തുടക്കം മുതൽ മുഖ്യമന്ത്രി സ്വീകരിച്ച നിലപാടിനെ സാധൂകരിക്കുന്ന റിപ്പോർട്ടാണിത്. കേന്ദ്ര ഏജൻസികളിൽ നല്ല ബന്ധമുള്ള റിപ്പോർട്ടർ തന്നെയാണ് ഈ വാർത്തയും പുറത്ത് വിട്ടിരിക്കുന്നത്. സ്റ്റുഡിയോയിലിരുന്ന് അവതാരക അന്വേഷിച്ചപ്പോൾ ലേഖിക ഇതേക്കുറിച്ച് ഇംഗ്ലീഷിലാണ് വിവരിച്ചത്. 
*** *** ***
ഏത് നാട്ടിൽ പ്രശ്‌നമുണ്ടായാലും ചില പ്രമുഖരുടെ മക്കളുൾപ്പെുന്നു. കിഴക്കൻ യൂറോപ്പിലെ സോഷ്യലിസ്റ്റ് രാജ്യങ്ങൾക്ക് കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം എന്ത് സംഭവിച്ചുവെന്ന് കമ്യൂണിസ്റ്റ് കുടുംബാംഗങ്ങൾ മനസിലാക്കുന്നത് നല്ലതാണ്. ഒരു കണക്കിന് മോഡിജി ഭാഗ്യവാനാണ്. അദ്ദേഹത്തിന് ഈ ഒരു ഭാഗം ചിന്തിക്കേണ്ട കാര്യമില്ലല്ലോ.  

Latest News