അബുദാബി- മറ്റേണിറ്റി ലീവിനൊപ്പം പറ്റേണിറ്റി ലീവും അനുവദിച്ച് യു.എ.ഇ. കുഞ്ഞ് ജനിച്ചാല്‍ പിതാവിനും ശമ്പളത്തോടെ അഞ്ചു ദിവസത്തെ അവധി അനുവദിച്ച് യു.എ.ഇ. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കാണ് ശമ്പളത്തോട് കൂടിയുള്ള അവധി പ്രഖ്യാപിച്ചത്. അറബ് ലോകത്ത് ആദ്യമാണ് ഇത്തരം തീരുമാനം.
തൊഴില്‍ ബന്ധങ്ങളിലെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച ഫെഡറല്‍ നിയമങ്ങളിലെ പുതിയ ഭേദഗതി യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്നഹ്യാന് അംഗീകരിച്ചു. പുതിയ നിയമം അനുസരിച്ച്, സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പിതാവിന് കുഞ്ഞ് ജനിച്ച ദിവസം മുതല്‍ ആറ് മാസം വരെ ശമ്പളത്തോട് കൂടിയുള്ള അഞ്ച് ദിവസത്തെ അവധിയാണ് ലഭിക്കുക.
ഞായറാഴ്ചയാണ് ഇതുസംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. ലിംഗ സന്തുലിതത്വം ഉറപ്പാക്കുക, ലിംഗഭേദമന്യേ തുല്യ അവസരങ്ങള്‍ സൃഷ്ടിക്കുക, കുടുംബ മൂല്യവും സ്ഥിരതയും ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് തീരുമാനം.
സൗദിയില്‍ പിതാവിന് മൂന്നു ദിവസത്തെ ശമ്പളാവധി അനുവദിക്കുന്നുണ്ട്. എന്നാല്‍ ഇത് സര്‍ക്കാര്‍ ജീവനക്കാര്‍ക്കു മാത്രമാണുള്ളത്. ഇറാനില്‍ പിതാക്കന്മാക്ക് രണ്ടാഴ്ചത്തെ അവധിയുണ്ട്.






