Sorry, you need to enable JavaScript to visit this website.

വാട്ടർ ഡിസ്‌പെൻസർ എന്ന സമസ്യ / ലോക്ഡൗൺ മനോഗതങ്ങൾ

കഥ ലോക്ഡൗൺ മനോഗതങ്ങൾ - 14


ഞാൻ അയാളോട് ചോദിച്ചു:
ആർ യു ഒ.കെ?
അതെയെന്ന് അയാൾ തലയാട്ടിക്കൊണ്ട് പറഞ്ഞു: കാറിൽ ഒരു സ്ത്രീ ഉണ്ട് അവന്റെ മാഡം,,
ഞാൻ നടുങ്ങിപ്പോയി.

കാറിന്റെ ഡോർ തുറക്കാൻ ശ്രമിച്ചു കാർലോക്ക് ആയിരിക്കുന്നു, ഞാൻ ഡോർ വലിച്ച് തുറക്കാൻ ശ്രമിച്ചു. അവിടെ കൂടി നിന്നവർ ആരൊക്കെയോ എന്റെ കൂടെ കൂടി കാറിന്റെ വാതിൽ വലിച്ച് തുറന്നു. അപ്പോൾ അതാ കാറിന്റെ ഉള്ളിൽ ഒരു സ്ത്രീ കരഞ്ഞ്‌കൊണ്ട് സീറ്റിന്റെ അടിയിൽ കിടപ്പുണ്ട്, നെറ്റിയിൽ നിന്നും രക്തം വരുന്നുണ്ട്.
 
ഞാൻ ഭയന്നു. കൂടെ ഉണ്ടായിരുന്ന ആരോ ആ സ്ത്രീയെ പിടിച്ച്
പുറത്തേക്ക് എടുത്തു. അവൾ കരയുകയാണ്. കൂടെ നിന്നവർ ചോദിക്കുന്നുണ്ടായിരുന്നു: എന്തങ്കിലും പറ്റിയോ അവൾ ഇല്ല എന്ന് തലാട്ടുന്നുണ്ടായിരുന്നു
 
ആരോ പറഞ്ഞു: ചെറിയ മുറിവേയുള്ളൂ. അത് കേട്ടപ്പോൾ സമാധാനം തോന്നി. നിമിഷങ്ങൾക്കകം പോലീസെത്തി, കൂടെ ആംബുലൻസും. നിസ്സാര പരിക്കേയുള്ളൂവെന്ന് ഉറപ്പുവരുത്തി. അവളെയും എന്നെയും ആംബുലൻസിൽ ഹോസ്പിറ്റലിൽ കൊണ്ടുപോയി പ്രഥമശുശൂഷ തന്ന് വിട്ടയച്ചു.
പോലീസന്വേഷണത്തിൽ ആക്സിഡന്റിന്റെ കാരണം ഞാനല്ല എന്ന് പോലീസ് ഉറപ്പുവരുത്തി. ഇൻഷുറൻസ് ഫോർമാലിറ്റീസ് ഒക്കെ തീർത്ത് കാർ വിഞ്ചിൽ കയറ്റി ഞാൻ വീട്ടിലേക്കു ടാക്‌സിയിൽ തിരിച്ചുപോന്നു
തിരിച്ച് പോരുമ്പോൾ ഞാൻ ആലോചിക്കുകയായിരുന്നു. ഡേവിഡിന് എന്ത് പറ്റിക്കാണും, അവൻ ഫ്ളൈ ഓവറിൽനിന്നും താഴേക്ക് പറക്കുന്നത് കണ്ടതാണ്.
 മേരി എവിടെപ്പോയി? ആരാണ് എന്റെ സ്റ്റിയറിംഗ് കണ്ട്രോൾ ചെയ്തത്? കൂടാതെ ആരാണ് എന്റെ കാറിന്റെ ഡോർ തുറക്കാൻ എന്നെ
സഹായിച്ചത്..? അപ്പോഴുമെന്റെ ഇടത് ചെസ്റ്റിന്റെ ഭാഗത്തു ചെറിയ വേദന ഉണ്ടായിരുന്നു.
 
ഞാൻ തിരിച്ചുവന്ന് ബെഡ്‌റൂമിൽ പോയി. ഉറക്കം വരുന്നില്ല. അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞും മറിഞ്ഞും കിടന്നു. പിന്നെ എപ്പോഴോ ഉറങ്ങിപ്പോയി. രാത്രി ഏകദേശം മൂന്ന് മണി സമയം. അതാ വാട്ടർ ഡിസ്‌പെൻസറിയിൽ നിന്നും ശബ്ദം, ശബ്ദത്തിന്റെ വേഗത കൂടിക്കൂടി വന്നു.
ഞാൻ പെട്ടെന്ന് ഞെട്ടിയുണർന്നു. പതുക്കെപ്പതുക്കെ ഞാൻ അടുക്കളയിലേക്കു പോയി. എന്തൊരത്ഭുതം ടി.വി ആരോ ഓൺ ചെയ്തിരിക്കുന്നു. മെയിൻ വാതിലിലേക്ക് നോക്കിയപ്പോൾ അതാ മെയിൻ വാതിലും തുറന്നു കിടക്കുന്നുണ്ട്. വാതിൽ മലർക്കെ തുറന്നു കിടക്കുകയാണ്.

ഞാൻ പേടിച്ചു, ചുറ്റും നോക്കി. എന്തു ചെയ്യണമെന്നറിയാതെ മരവിച്ചു നിന്നുപോയി. ഇപ്പോൾ വെള്ളക്കുമിളകളുടെ ശബ്ദം കേൾക്കുന്നില്ല. വാട്ടർ ഡിസ്‌പെൻസറിലേക്ക് നോക്കിയപ്പോൾ എല്ലാം നോർമലായി നിൽക്കുന്നത് കണ്ടു. എന്ത് ചെയ്യണമെന്നറിയാതെ നിന്ന നിമിഷങ്ങൾ, എവിടെ നിന്നോ ശക്തി വീണ്ടെടുത്തത് പോലെ എനിക്ക് തോന്നി. ഞാൻ എല്ലാ ധൈര്യവും സംഭരിച്ച് ഡോറിന് അടുത്തെത്തി. പുറത്തേക്ക് നോക്കി. ആരെയും കാണുന്നില്ല. ഇരുട്ടു മാത്രം. ഞാൻ പതുക്കെ വാതിലടച്ചു. ഡോറിൽ തന്നെ താക്കോൽ കിടപ്പുണ്ട്. താക്കോൽ എടുത്ത് വാതിൽ പൂട്ടി. എന്റെ തൊണ്ട വരളാൻ തുടങ്ങി. ഞാൻ അടുക്കളയിൽ വന്ന് വാട്ടർ ഡിസ്‌പെൻസറിയിൽ നിന്ന് ഒരു ഗ്ലാസ് വെള്ളം എടുത്ത് ആർത്തിയോടെ കുടിച്ചു.

അപ്പോഴും ടി.വിയിൽ നിന്നും ശബ്ദം കേൾക്കാമായിരുന്നു. ടി.വി ഓഫ് ചെയ്യാൻ വേണ്ടി ടി.വിയുടെ അടുത്തേക്ക് നടന്നു. ഞാൻ ടി.വിയുടെ അടുത്തെത്തി. ടി.വി ഓഫ് ചെയ്യാൻ വേണ്ടി റിമോട്ട് കൺട്രോൾ തിരഞ്ഞു. ആരാണ് വാതിൽ തുറന്നത്, ടി.വി ഓൺ ആയത് എങ്ങനെയാണ്, അതേസമയം തന്നെ വെള്ളക്കുമിളകളുടെ ശബ്ദം കേട്ടത് എങ്ങനെ, എനിക്ക് ആകെ വേവലാതിയായി. ഞാൻ എന്തു ചെയ്യണമെന്നറിയാതെ റിമോട്ട് കൺട്രോൾ കൈയിലെടുത്തു. ടി.വിയുടെ നേരെ ഞാൻ റിമോട്ട് കൺട്രോൾ പിടിച്ച് ചുവന്ന ബട്ടൺ അമർത്തി ടി.വി ഓഫാക്കാൻ കൈ ടി.വിയുടെ മുന്നിലേക്ക് നീട്ടി. അപ്പോഴാണ് ടി.വിയിൽ ഒരു ഫഌഷ് ന്യൂസ് എന്റെ ശ്രദ്ധയിൽപെട്ടത്. ടി.വിയിൽ ഡേവിഡിന്റെ ഫോട്ടോ കാണാമായിരുന്നു: 
ഡേവിഡ് ഒരു കാർ ആക്‌സിഡന്റിൽ കൊല്ലപ്പെട്ടിരിക്കുന്നു.
അതെ, ഇത് ഡേവിഡ് തന്നെ. അയാൾ കൊല്ലപ്പെട്ടിരിക്കുന്നു എന്ന് ഉറപ്പുവരുത്തി.

ഞാൻ ഞെട്ടിത്തരിച്ചിരുന്നു. എന്തു ചെയ്യണമെന്നറിയാതെ വിയർത്തു. ഇത് സത്യമാണോ എന്നറിയാൻ ഞാൻ ഫോൺ എടുത്തു. എന്റെ കൈകൾ വിറക്കുന്നുണ്ടായിരുന്നു. ഞാൻ ഉടനെ തന്നെ മൊറോക്കോക്കാരനെ വിളിച്ചു. അയാൾ അങ്ങേത്തലക്കൽ ഫോൺ എടുത്തു. അയാളോട് ഞാൻ ചോദിച്ചു, ടി.വിയിൽ ഫഌഷ് ന്യൂസ് വരുന്നുണ്ട്. നിങ്ങളെനിക്ക് ആൽബത്തിൽ പരിചയപ്പെടുത്തിത്തന്ന നിങ്ങളുടെ ഡേവിഡ് ഒരു കാറപകടത്തിൽ കൊല്ലപ്പെട്ടിരിക്കുന്നു. ഇത് സത്യമാണോ, അയാൾ അതെ എന്ന് ഉത്തരം പറഞ്ഞു കൊണ്ട് തുടർന്നു. ഡേവിഡ് ഇതേ സ്ഥലത്തു തന്നെയാണ് ഇതിന് മുൻപും കാർ ആക്‌സിഡന്റ് ഉണ്ടാക്കിയത്. അന്നത്തെ ആക്‌സിസന്റിൽ ആണ് മേരിയും ആൽവിനും മരിച്ചത് എന്നയാൾ വിതുമ്പിക്കൊണ്ട് പറഞ്ഞു. അന്ന് ഡേവിഡ് അത്ഭുതകരമായി രക്ഷപ്പെട്ടതായിരുന്നു. അന്ന് ഫ്‌ളൈ ഓവറിൽ നിന്നും താഴേയ്ക്ക് കാർ വീണാണ് അപകടം ഉണ്ടായത് എന്ന് അയാൾ തുടർന്നുകൊണ്ടിരുന്നു. അന്ന് ആക്‌സിഡന്റ് ഉണ്ടായ അതേ സ്ഥലത്ത് വെച്ച് തന്നെയാണ് അതേ ഫ്‌ളൈ ഓവറിൽ നിന്നു തന്നെയാണ് കാർ താഴോട്ട് വീണു ഡേവിഡ് കൊല്ലപ്പെട്ടിരിക്കുന്നത്, എന്ന് പറഞ്ഞ് അയാൾ ഫോൺ വെച്ചു. ഞാൻ ടി.വി ഓഫ് ചെയ്തു ബെഡ്‌റൂമിലേക്ക് പോന്നു.

ഞാൻ അന്ന് രാത്രി അസ്വസ്ഥനായിരുന്നുവെങ്കിലും വീണ്ടും വന്ന് സുഖമായി കിടന്നുറങ്ങി. പിറ്റേന്നു രാവിലെ എണീറ്റ് നിത്യവും ചെയ്യാറുള്ള ജോലിയിൽ മുഴുകി. അൽപസമയം ടി.വിക്കു മുന്നിലും സമയം ചെലവഴിച്ച് രാത്രി നേരത്തെ ഉറങ്ങാൻ കിടന്നു. രാത്രി ഏകദേശം രണ്ടു മണി നേരം വാട്ടർ ഡിസ്‌പെൻസറിൽ നിന്നും വെള്ളക്കുമിളകൾ പൊങ്ങുന്ന ശബ്ദം കേട്ട് ഞാൻ ഞെട്ടിയുണർന്നു. പതുക്കെ വാട്ടർ ഡിസ്‌പെൻസറിന്റെ അടുത്തെത്തി ആ ഇരുണ്ട വെളിച്ചത്തിൽ ഞാൻ ആ മുഖം തിരിച്ചറിഞ്ഞു. ചിരിക്കുന്ന മേരിയുടെ മുഖം. ഞാൻ തിടുക്കത്തിൽ ലൈറ്റിട്ടു. പക്ഷേ എനിക്ക് വീണ്ടും മേരിയെ കാണാൻ കഴിഞ്ഞില്ല.
വാട്ടർ ഡിസ്‌പെൻസറിൽ നിന്നും കുറച്ചു വെള്ളമെടുത്തു കുടിച്ചു റൂമിൽ തിരിച്ചെത്തി. അപ്പോഴും വാട്ടർ ഡിസ്‌പെൻസറിൽ നിന്നും വെള്ളക്കുമിളകൾ വീണ്ടും മേൽപോട്ടു പൊങ്ങുന്ന ശബ്ദം കേൾക്കാമായിരുന്നു... 
(അവസാനിച്ചു)

കടപ്പാട്: ചില യൂണിസെഫ് ടിപ്‌സ്

വായിച്ചവരോടും അല്ലാത്തവരോടും അകമഴിഞ്ഞ നന്ദിയും സ്‌നേഹവും. 
കോവിഡ് മഹാമാരി എത്രയും വേഗം നീങ്ങിപ്പോകട്ടെ എന്ന ആത്മാർഥമായ ആശംസകളോടെ. 

Latest News