അതാണ് അസുഖം എന്ന് പറഞ്ഞപ്പോ ഒന്നൊഴിയാതെ എല്ലാവരുടെയും വിരലുകൾ അവനു നേരെ തന്നെ നീണ്ടു.
പ്രതീക്ഷിച്ചതാണ് രണ്ടു വർഷത്തെ പ്രവാസം.
ദുബായ് എന്ന സ്വപ്‌ന നഗരിയിലെ, എപ്പോഴോ എണ്ണം തെറ്റിയ ദേശാന്തര സുന്ദരിമാരിലൂടെ ഒഴുകി.
സുഖമില്ലായ്മയറിഞ്ഞപ്പോൾ ഭാര്യ തലതല്ലിക്കരഞ്ഞത്രേ. കരഞ്ഞത് വിഷമത്തിലല്ല, രോഷത്തിലാണെന്നവന് നന്നായറിയാം.
'ചുമ്മാതല്ല മനുഷ്യാ പെറ്റമ്മ മരിച്ചിട്ടു ലീവ് കിട്ടിയില്ല എന്ന് പറഞ്ഞു വരാതിരുന്നത്'
കോവിഡ് കാലത്തെ റിപ്പോർട്ടിംഗ് വ്യത്യസ്തമാണത്രേ.
പോലീസിനെപ്പോലെ ഡോക്ടർ തലങ്ങും വിലങ്ങും ചോദിച്ചു.
സാധാരണ പ്രവാസിക്കു ഒരു ദിർഹത്തിന്റെ വെള്ളത്തിന്റെ കഥയും ഒന്നര ദിർഹത്തിന്റെ കുബ്ബൂസിന്റെ കഥയും അല്ലാതെ ഒന്നും പറയാനില്ല.
പിന്നെ അമ്മ മരിച്ചിട്ട്...
അക്കൗണ്ട്‌സ് കൈകാര്യം ചെയ്യുന്ന വിഭാഗം ആയതു കൊണ്ട് തന്നെ വീടെത്തിയാലും കുട്ടിക്കിഴിക്കലുകളാവും. പകലത്തേതിനേക്കാൾ ശ്രമകരമാണ് നാട്ടിലെ ആവശ്യങ്ങളുടെയും അവളുടെയും കണക്കെത്തിക്കുക. വെള്ളിയാഴ്ച സമയങ്ങൾ അലക്കാനുള്ള തുണിക്കൂമ്പാരങ്ങളോട് മല്ലിട്ട് ദിനം കടത്തും. അതാണ് അവന്റ അവധി ആഘോഷം.
പക്ഷേ ഈ അസുഖം കണ്ടുപിടിച്ചാൽ റിപ്പോർട്ട് ചെയ്യണം.
അതാണ് നിയമം... റൂട്ട്മാപ് വിവരിച്ചെങ്കിലും ഉറവിടം കണ്ടു പിടിക്കേണ്ട ജോലി ഡോക്ടർ തുടർന്നു. അവളുടെ ഉത്തരങ്ങളിലെ പൊരുത്തക്കേടുകൾ ഡോക്ടർ ആസ്വദിച്ചു. ചോദ്യ രീതികൾ മാറ്റി.
തലങ്ങും വിലങ്ങും കീറി മുറിച്ചേപ്പാൾ അവൾ സമ്മതിച്ചു
രണ്ട് വർഷം.. 366+365 ദിവസങ്ങൾ.
പുരുഷ സ്പർശമില്ലാത്ത ദിവസങ്ങൾ. സമാശ്വാസമെന്ന പേരിൽ കണ്ണീർ തുടച്ചു കൊടുത്തത് മകളെ പഠിപ്പിക്കാൻ വന്ന ഡാൻസ് മാസ്റ്റർ.
മുഖത്തും കഴുത്തിലും മാറിടത്തിലും വീണ കണ്ണുനീർ അയാൾ വ്യഗ്രതയോടെ തുടച്ചു. അങ്ങനെ... അങ്ങനെ...
മകൾ ഇല്ലാത്ത സമയത്തു മനസ്സിനും ശരീരത്തിനും അയവ് വരുത്താൻ റിലാക്‌സേഷൻ ടെക്‌നിക്ക്.
ഡോക്ടർ വിളിപ്പിച്ചു മാസ്റ്ററെ, ഡാൻസ് മാസ്റ്റർ,
അയാൾ കൈ മലർത്തി. അവൾ ആര് എന്നറിയില്ല എന്നായിരുന്നോ അതിനർഥം എത്രയോ പേർ... അതായിരുന്നു ആ മുദ്രയുടെ അർഥമത്രേ.
മുൻപ് മുംബൈയിലും ജോലി ചെയ്തിട്ടുണ്ട്. എവിടെ വെച്ചെന്നറിയില്ല...
ഭയാനകം, ബീഭത്സം... മുദ്രകൾ പഠിച്ചിട്ടില്ലെങ്കിലും ഡോക്ടർ വായിച്ചെടുത്തു.
അവസാനം ഡോക്ടർ തന്റെ വിട്ടുപോയ കളങ്ങൾ പൂരിപ്പിച്ചു. പല കുത്തുകൾക്കും പരിചിത മുഖരൂപങ്ങൾ. എയിഡ്‌സ് കൺട്രോൾ സെല്ലിലേക്കുള്ള റിപ്പോർട്ട്.
ഉറവിടം... ആർക്കറിയാം.
അല്ലെങ്കിൽത്തനെ ഇനി അറിഞ്ഞിട്ടെന്ത്?






