മുദ്ര / മിനിക്കഥ

കായൽക്കരയിലിരുന്ന് വിദൂരതയിലേക്ക് കണ്ണും നട്ടിരിക്കുന്ന അയാളെ വഴിപോക്കരിൽ ചിലർ അടിമുടി നോക്കുന്നുണ്ടായിരുന്നു. പിന്നീട് ചില അടക്കം പറച്ചിലുകളോടെയുള്ള പരിഹാസച്ചിരികളോടെ അവർ നടന്നകന്നു.
പൂവിനെ നോക്കി പുഞ്ചിരിച്ചപ്പോഴും പൂത്തുമ്പിയെ നോക്കി കിന്നാരം പറഞ്ഞപ്പോഴും ആകാശത്തിലെ പറവകളെ കൗതുകത്തോടെ നോക്കിയിരുന്നപ്പോഴും നഗ്‌നപാദത്താൽ ചെളിയിൽ ചവിട്ടി നടന്നപ്പോഴും കലങ്ങിക്കറുത്ത പുഴയിൽ നീന്തിക്കുളിച്ചപ്പോഴും ആളുകൾ വീണ്ടും വീണ്ടും പറയുന്നുണ്ടായിരുന്നു.

'ഇവന് വട്ടാണ്. ഇത് കിളിപോയ കേസാണ്'

താടിയും മുടിയും നീട്ടിവളർത്തി കുഴിഞ്ഞ കണ്ണുകളുമായി പകലറുതി വരെ അലഞ്ഞു തിരിയുന്ന ഇവൻ മുഴു വട്ടനല്ലാതെ മറ്റാരാണ്? പിന്നെയും പരിഹാസച്ചിരികൾ, വികൃതമായ ജന്മവിചാരണകൾ, ആട്ടിയകറ്റലിന്റെ ആക്രോശങ്ങൾ, ചൂഴ്ന്നുനോട്ടങ്ങൾ എന്നിവ അയാളെ അസ്വസ്ഥനാക്കിക്കൊണ്ടേയിരുന്നു. അപ്പോൾ ജീവിതവഴികളിൽ ഇരുട്ടും ദുഃഖവും നിറയുന്നതായി അയാളറിഞ്ഞു. തന്റെ കാതുകളിലിരമ്പിയ പരിഹാസ വാക്കുകൾ കേട്ട് അയാളിലെ സ്വത്വം ഇറങ്ങിയോടി ആറ്റിൻകരയിലെത്തി.
കണ്ണാടിക്കടവിൽ തെളിഞ്ഞ അയാളുടെ പ്രതിബിംബം അയാളോട് പറഞ്ഞു.
'നിന്റെയീ കോലംകെട്ട കോലം കണ്ടാൽതന്നെ ആരായാലും പറഞ്ഞുപോവില്ലേ നിനക്ക് വട്ടാണെന്ന്'
തന്റെ കൺകുഴികളിലെ ദീനതയും ചുണ്ടുകളിലെ വരൾച്ചയും മെലിഞ്ഞുണങ്ങിയ ദേഹത്തെ മറയ്ക്കുന്ന മുഷിഞ്ഞു നാറിയ കുപ്പായവും ശ്രദ്ധിച്ചപ്പോൾ, തന്നെക്കുറിച്ച് ആളുകൾ പറയുന്നതൊക്കെ ശരിയാണെന്ന് അയാൾക്കും തോന്നി.
ആത്മസംഘർഷങ്ങൾ അയാളുടെ കഴുത്ത് ഞെരിക്കും മുന്നേ എല്ലാം തീരുമാനിച്ചുറപ്പിച്ച് അയാൾ ശബ്ദരഹിതമായ ഏതോ ഒരിടത്തേക്ക് ഓടിമറഞ്ഞു.
പിറ്റേന്ന്, താടിയും മുടിയുമൊക്കെ വെട്ടിയൊതുക്കി പുതിയ രൂപഭാവത്തിൽ ഇറങ്ങി നടന്നപ്പോഴും പിന്നെയും ആളുകൾ അടക്കം പറയുന്നതു പോലെ അയാൾക്ക് തോന്നി.
'ഇവനാ മുഴുവട്ടനല്ലേ'
ചുറ്റുപാടുകളിൽ കൊട്ടിത്തുറന്ന ഈ വാക്കുകൾ കേട്ട് സംഘർഷത്തിനടിമപ്പെടും മുന്നേ അയാൾ തന്നത്താൻ ചോദിച്ചു.
'എനിക്ക് വട്ടാണല്ലേ?'

Latest News