ചാനൽ ചർച്ചക്കിടെ ബി.ജെപി നേതാവിന് അനിൽ അക്കരെ എംഎൽഎ ഫോൺ കൈമാറുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. കഴിഞ്ഞ ദിവസം നടന്ന മാതൃഭൂമി ന്യൂസ് ചാനൽ ചർച്ചക്കിടെയായിരുന്നു ഇത്. സംഭവം വൈറലായതിന് പിന്നാലെ ഇടതുപക്ഷ അനുഭാവികൾ സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് ഉന്നയിക്കുന്നത്. ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേട് സംബന്ധിച്ച് മാതൃഭൂമി ന്യൂസിൽ സ്മൃതി പരുത്തിക്കാട് നയിച്ച ചാനൽ ചർച്ചയിലായിരുന്നു അനിൽ അക്കരെ ബി ഗോപാലകൃഷ്ണന് ഫോൺ കൈമാറിയത്. വിമർശനം ഉയർന്നതിന് പിന്നാലെ ഇരു നേതാക്കളും പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.
സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതിയിലെ ക്രമക്കേട് സംബന്ധിച്ചായിരുന്നു ചർച്ച. കോൺഗ്രസിനെ പ്രതിനിധീകരിച്ച് അനിൽ അക്കരെയും സിപിഎം പ്രതിനിധിയായി എഎൻ ഷംസീറും ബിജെപിയെ പ്രതിനിധീകരിച്ച് ബി ഗോപാലകൃഷ്ണനുമാണ് ചർച്ചയിൽ പങ്കെടുത്തത്.
അനിൽ അക്കരെ ഫോൺ ചൂണ്ടിക്കാട്ടി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനോട് എന്തോ പറയുന്നതാണ് വീഡിയോയിൽ കാണുന്നത്. ഫോൺ നോക്കിയതിന് ശേഷം ഗോപാലകൃഷ്ണൻ തിരികെ നൽകുകയും ചെയ്തു. അതിന് ശേഷമാണ് ഗോപാലകൃഷ്ണൻ ചർച്ചയിൽ സംസാരിച്ചത്.
കോൺഗ്രസ്-ബിജെപി അന്തർധാര സജീവമാണെന്നും അനിൽ അക്കരെ ചർച്ചയിൽ ബിജെപി നേതാവിനെ സഹായിക്കുന്നു എന്നാണ് പ്രചരിക്കുന്ന വീഡിയോയിൽ പലരും ചൂണ്ടിക്കാണിക്കുന്നത്.
സംഭവത്തിൽ അനിൽ അക്കരെ പ്രതികരിച്ച് രംഗത്തെത്തി. ചർച്ചയിൽ സിപിഎം പ്രതിനിധിയായി എത്തിയ എഎൻ ഷംസീറിനെ വിമർശിച്ച് വാട്‌സാപ്പിൽ വന്ന ഒരു സന്ദേശം അഡ്വ. ഗോപാലകൃഷ്ണനെ കാണിച്ചു കൊടുക്കുകയായിരുന്നെന്ന് അനിൽ അക്കരെ പറഞ്ഞു. സംഭവം ഗൗരവമായി എടുത്തില്ലെന്നാണ് പ്രതികരണം. ലൈവിലാണ് അങ്ങനെ ചെയ്തത്. അതിൽ മറ്റൊന്നും ഒളിച്ചു വെക്കാനില്ലെന്നും അനിൽ അക്കരെ പറഞ്ഞു.
കോൺഗ്രസുകാരും ബിജെപിക്കാരും നേരിൽ കണ്ടാൽ മിണ്ടാത്ത പ്രശ്‌നമൊന്നുമില്ല. താൻ ഫോൺ വാങ്ങുകയല്ല, കൊടുക്കുകയാണ് ചെയ്തത്. താൻ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയില്ലാത്തതിനാലാണ് സിപിഎം ഇത്തരത്തിൽ നുണപ്രചാരണവുമായി രംഗത്തെത്തിയതെന്ന് അനിൽ അക്കരെ വ്യക്തമാക്കി. എഎൻ ഷംസീർ എംഎൽഎയുടെ ഭാര്യക്ക് കണ്ണൂർ സർവകലാശാലയിൽ നിയമനം നൽകിയതുമായി ബന്ധപ്പെട്ട് ചോദിക്കൂവെന്ന് ആരോ അയച്ച സന്ദേശമായിരുന്നു അതെന്നാണ് ഗോപാലകൃ്ഷണൻ പറയുന്നത്. മന്ത്രി എസി മൊയ്തീനെ വിമർശിച്ച ഒരു കമന്റും അതിൽ ഉണ്ടായിരുന്നു. അനിൽ അക്കരെ അത് കാണിച്ചുതന്നു.
*** *** ***
നടനെന്ന നിലയിലും നിർമാതാവെന്ന നിലയിലും ശ്രദ്ധേയനാണ് മണിയൻ പിള്ള രാജു.
1985 ൽ ഹലോ മൈ ഡിയർ റോംഗ് നമ്പർ എന്ന ചിത്രത്തിലൂടെയാണ് മണിയൻ പിള്ള രാജു നിർമാണത്തിലേക്ക് ചുവട് വെക്കുന്നത്. പിന്നീട് വെള്ളാനകളുടെ നാട്, ഏയ് ഓട്ടോ, അനന്തഭദ്രം എന്നിങ്ങനെ നിരവധി ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്. ഇപ്പോഴിതാ താൻ നിർമിച്ചതിൽ പരാജയപ്പെട്ടുപോയ സിനിമയെ കുറിച്ച് പറഞ്ഞിരിക്കുകയാണ് അദ്ദേഹം.
'എനിക്ക് സിനിമ നിർമിച്ച് ഒരുപാട് സമ്പാദിക്കണമെന്ന ആർത്തി ഒരിക്കലും തോന്നിയിട്ടില്ല. സൂപ്പർ താരങ്ങളുടെ സിനിമകൾ നിർമിച്ച് എനിക്ക് ഭയങ്കര സാമ്പത്തിക ലാഭം മുൻകാലങ്ങളിൽ ഒന്നും ഉണ്ടായിട്ടില്ല. എന്നാൽ നഷ്ടപ്പെട്ടപ്പോൾ ഒരുപാട് പോയിട്ടുമുണ്ട്.
'അനശ്വരം' എന്ന സിനിമ ചെയ്തപ്പോൾ എന്റെ അടുത്ത് ചിലർ തകരരുത് എന്ന് പറഞ്ഞു. രാജു രണ്ടു സിനിമ നിർമിച്ചിട്ടും സൂപ്പർ ഹിറ്റ് ഒന്നും കിട്ടിയിട്ടില്ലല്ലോ, അതുകൊണ്ട് ഈ സിനിമ രാജു തന്നെ വിതരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഏറ്റെടുക്കാൻ ചിലർ പറഞ്ഞു. അങ്ങനെ അത് ഞാൻ ഏറ്റെടുത്തു. ആ കാലത്ത് എനിക്ക് പന്ത്രണ്ട് ലക്ഷം രൂപ കടം വന്നപ്പോൾ എന്റെ ഭാര്യയുടെ താലിമാല ഒഴിച്ച് ബാക്കി മുഴുവൻ സ്വർണവും വിറ്റാണ് കടം തീർത്തത്'. ടിഎ റസാഖിന്റെ തിരക്കഥയിൽ ജോമോൻ സംവിധാനം ചെയ്ത ചിത്രമാണ് അനശ്വരം.
*** *** ***
അമ്മയുടെ ഇഡലി, മുത്തച്ഛനോടൊത്തുള്ള ചെന്നൈ തെരുവോരങ്ങളിലെ നടത്തം. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യയെക്കുറിച്ച നല്ലോർമകൾ പങ്കുവെച്ച് അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരിസ്. 'സൗത്ത് ഏഷ്യൻസ് ഫോർ ബൈഡൻ' എന്ന തെരഞ്ഞെടുപ്പ് കാമ്പയിനിൽ സംസാരിക്കുകയായിരുന്നു ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയായ കമല ഹാരിസ്. ഇന്ത്യക്കാർക്ക് കമല ഹാരിസ് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു. തന്നിലും സഹോദരി മായയിലും ഇഡലിയോട് ഇഷ്ടം വളർത്താൻ അമ്മ ശ്രമിച്ചിരുന്നുവെന്ന് ഓർത്തെടുത്തു.
മുത്തച്ഛനോടൊപ്പമുള്ള ചെന്നൈയിലെ നടത്തത്തിന്റെ നനവൂറുന്ന ഓർമകളും അവർ പങ്കുവെച്ചു. 19 ാം വയസ്സിൽ കാലിഫോർണിയയിൽ വിമാനം ഇറങ്ങിയ അമ്മ ശ്യാമള ഗോപാലന്റെ കൈയിൽ കൂടുതലൊന്നും ഉണ്ടായിരുന്നില്ല. വീട്ടിൽ മാതാപിതാക്കളിൽ നിന്ന് പഠിച്ച പാഠങ്ങളാണ് അവർക്കൊപ്പം ഉണ്ടായിരുന്നത്. കാൻസർ ഗവേഷകയും ആക്ടിവിസ്റ്റുമായിരുന്നു. അമ്മ തന്നെയും സഹോദരിയെയും വേരുകൾ തിരിച്ചറിയാനായി ഇന്ത്യയിലേക്ക് കൊണ്ടുപോയിരുന്നുവെന്നും കമല പറഞ്ഞു. അന്ന് മദ്രാസ് ആയിരുന്നു അവിടം. അപ്പൂപ്പൻ നടക്കാൻ കൂടെ കൊണ്ടുപോകുമ്പോൾ ഇന്ത്യയിലെ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥകൾ പറഞ്ഞുതന്നിരുന്നു. മുത്തച്ഛൻ പി വി ഗോപാലനിൽ നിന്ന് പഠിച്ച പാഠങ്ങളാണ് തന്നെ ഇന്നത്തെ നിലയിലെത്തിച്ചതെന്നും കമല കൂട്ടിച്ചേർത്തു. അമേരിക്കയെ ഇരുട്ടിൽ നിന്ന് മോചിപ്പിക്കാൻ ജോ ബൈഡനെത്തുമ്പോൾ ശക്തമായ പിന്തുണയുമായി കമല ഹാരിസുമുണ്ടെന്നത് പ്രതീക്ഷക്ക് വക നൽകുന്നു.
*** *** ***
സ്വർണക്കടത്ത് വിവാദത്തിന് പിന്നാലെ മാധ്യമങ്ങൾക്ക് നേരെ രൂക്ഷമായ വിമർശനമാണ് സിപിഎം നേതാക്കളും അണികളും നടത്തുന്നത്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ ഓഫീസിനും പങ്കുണ്ടെന്ന പുകമറ സൃഷ്ടിക്കാൻ ബോധപൂർവമുളള ശ്രമം നടത്തുന്നു എന്നാണ് സിപിഎം അണികളടക്കം ആരോപിക്കുന്നത്. ന്യൂസ് അവർ ചർച്ചയിൽ പക്ഷപാതിത്വം ആരോപിച്ച് സിപിഎം ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരിച്ചിരിക്കുകയാണ്. ചാനലിനെതിരെ വ്യാപകമായ സോഷ്യൽ മീഡിയ കാമ്പയിനും നടന്നു. എന്നാൽ ന്യൂസ് ചാനൽ റേറ്റിംഗിൽ ഒരിളക്കവും തട്ടാതെയാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ നിൽപ്.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും മുൻ ഐടി സെക്രട്ടറിയുമായ എം ശിവശങ്കറിന് സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷുമായും സരിത്തുമായുളള ബന്ധം പുറത്തു വന്നതിനെ തുടർന്നാണ് മാധ്യമങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ കൂടിയത്. ഏഷ്യാനെറ്റ് അടക്കമുളള മലയാളത്തിലെ ചാനലുകൾ നിരന്തരമായി സ്വർണക്കടത്ത് വിഷയത്തിലാണ് പ്രൈം ടൈം ചർച്ചകൾ സംഘടിപ്പിക്കുന്നത്.
ഏഷ്യാനെറ്റിന്റെ ന്യൂസ് അവർ ചർച്ചയിൽ സിപിഎം പ്രതിനിധികൾക്ക് അവരുടെ ഭാഗം പറയാൻ അവസരം നൽകുന്നില്ല എന്നാരോപിച്ചാണ് പാർട്ടി ബഹിഷ്‌കരണം പ്രഖ്യാപിച്ചത്. ഇതേത്തുടർന്ന് ഇടതു അണികൾ ഏഷ്യാനെറ്റ് ന്യൂസ് കാണരുതെന്ന് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചാരണം നടത്തി. ഏഷ്യാനെറ്റ് ന്യൂസിന്റെ ഫേസ്ബുക്ക് പേജും വലിയ തോതിൽ അൺഫോളോ ചെയ്യപ്പെട്ടു.
ഇടത് പ്രചാരണം ഏഷ്യാനെറ്റ് ന്യൂസിനെ ബാധിച്ചിട്ടില്ലെന്നാണ് ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. ഓഗസ്റ്റ് 1 മുതൽ 7 വരെയുളള ബാർക്ക് റേറ്റിംഗിൽ ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 72,103 പോയന്റുകളാണ് ഏഷ്യാനെറ്റ് ന്യൂസിനുളളത്. രണ്ടാമത് 24 ന്യൂസ് ചാനൽ ആണ്. കുറഞ്ഞ കാലത്തിനുളളിൽ ബാർക് റേറ്റിംഗിൽ രണ്ടാമത് എത്തിയ 24 ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസിന് വലിയ വെല്ലുവിളിയായാണ് കണക്കാക്കപ്പെടുന്നത്. 55,603 പോയന്റാണ് ബാർക്കിൽ 24 നുളളത്. തുടർച്ചയായി രണ്ടാം സ്ഥാനം അടുത്തിടെ 24 ന്യൂസ് നിലനിർത്തിപ്പോരുന്നുണ്ട്. മനോരമ ന്യൂസ് മൂന്നാം സ്ഥാനത്താണുളളത്. 45,794 പോയന്റാണ് മനോരമ ന്യൂസിനുളളത്. 24 ന്റെ വരവോട് കൂടിയാണ് മനോരമ മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടത്. നാലാം സ്ഥാനത്തുണ്ടായിരുന്ന മാതൃഭൂമി ന്യൂസ് ഇക്കുറി അഞ്ചാമതായി. നാലാം സ്ഥാനത്ത് ജനം ടിവിയാണ് എത്തിയിരിക്കുന്നത്. ജനത്തിന് 28,282 പോയന്റും മാതൃഭൂമിക്ക് 28,028 പോയന്റുമാണുളളത്. അതേസമയം, ഫേസ് ബുക്ക്, യുട്യൂബ് എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ മനോരമ ന്യൂസ് ഒന്നാം സ്ഥാനത്തുണ്ട്.
*** *** ***
ഇന്ത്യാവിഷൻ ചാനലിന്റെ പേരും ലോഗോയും ഉപയോഗിച്ചവർക്കെതിരെ നടപടിക്കൊരുങ്ങി ഉടമസ്ഥർ.
മലയാളത്തിലെ ആദ്യ വാർത്താ ചാനലായിരുന്നു ഇന്ത്യാവിഷൻ. 2015 ൽ ഇന്ത്യാ വിഷൻ താൽക്കാലികമായി പ്രവർത്തനം അവസാനിപ്പിക്കുകയായിരുന്നു. ഇന്ത്യാ വിഷൻ ചാനലിന്റെ പേരും സാമ്യമുള്ള ലോഗോയും ചിലർ യൂട്യൂബിലും സാമൂഹ്യ മാധ്യമങ്ങളിലും ഉപയോഗിച്ചത് ഇതിനകം ചർച്ചയായിരുന്നു. ഇതിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് ചാനൽ ഉടമസ്ഥർ.
ഇന്ത്യാവിഷൻ ചാനലിന്റെ ഉടമസ്ഥരായ ഇന്ത്യാവിഷൻ സാറ്റലൈറ്റ് കമ്യൂണിക്കേഷൻസ് ലിമിറ്റഡാണ് നടപടിക്കൊരുങ്ങുന്നത്. ഇന്ത്യാ വിഷൻ ചാനലിന്റെ പേര് ട്രേഡ് മാർക്ക് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളതാണെന്നും അതിന്റെ അവകാശം ആർക്കും കൈമാറിയിട്ടില്ലെന്നും റസിഡന്റ് ഡയറക്ടർ ജമാലൂദ്ദീൻ ഫാറൂഖി പറഞ്ഞു. ഇന്ത്യാവിഷൻ എന്ന പേര് ദുരുപയോഗം ചെയ്ത് മാധ്യമ സ്ഥാപനം തുടങ്ങുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 2003 ജൂലൈ 14 നാണ് ഇന്ത്യാവിഷൻ ചാനൽ ആരംഭിച്ചത്. പിന്നീട് യെഎസ് ഇന്ത്യാവിഷൻ എന്ന പേരിൽ യൂട്യൂബ് ചാനലും ആരംഭിച്ചിരുന്നു. ടെലികാസ്റ്റിംഗ് ആന്റ് കമ്മ്യൂണിക്കേഷൻ എന്നതിനൊപ്പം സോഷ്യൽ മീഡിയ, വെബ്‌പോർട്ടൽ എന്നീ പ്ലാറ്റ് ഫോമുകളിലേക്കും ഇന്ത്യാവിഷൻ എന്ന് പേര് മറ്റൊരു കമ്പനിക്ക് ഉപയോഗിക്കാൻ പാടില്ല.
*** *** ***
നമ്മുടെ ടിവി സീരിയലുകാർ ഇതേത് ലോകത്താണ്? കൈരളി ടിവിയിൽ വെള്ളിയാഴ്ച വൈകുന്നേരം കണ്ട ഒരു പരമ്പരയുടെ കഷ്ണ (മുഴുവൻ കാണാനുള്ള ക്ഷമയൊന്നുമില്ല.) ത്തിൽ നായിക സജിതാ ബേട്ടിയുടെ കൈയിൽ ഒരു കുഞ്ഞുണ്ട്. കൈക്കുഞ്ഞിനെ മറ്റേ യുവതിയെ ഏൽപിക്കാനാണ് പരിപാടി.
അതിനിടക്കാണ് വിശുദ്ധ മൊഴി- വ്യക്തമായ കാരണമില്ലാതെ ആരും കുഞ്ഞിനെ ഉപേക്ഷിക്കില്ല. അവിഹിതം തന്നെ സബ്ജക്റ്റ്. അതിന് തന്നെ എന്തൊക്കെ വഴി വേറെ കിടക്കുന്നു.
ഇതേ പോലുള്ള രംഗങ്ങൾ മറ്റു ചാനലുകളിലെ കണ്ണീർ പരമ്പരകളിലും ആവർത്തിക്കുന്നത് കണ്ടു. കുഞ്ഞിനെ ഉപേക്ഷിക്കലാണ് ഇതായിരിക്കും ഇപ്പോഴത്തെ ട്രെൻഡ്. മറ്റൊരു ടിവി പരമ്പരയിലെ കേരളത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രി ട്രോളന്മാർക്ക് വലിയ പെരുന്നാളായി. സെക്രട്ടറിയേറ്റിന് മുമ്പിലെ വനിതാ മുഖ്യമന്ത്രിയുടെ വീഴ്ച ഒരൊന്നൊന്നര വീഴ്ച തന്നെ.






