കോവിഡിനെതിരായ പോരാട്ടത്തിൽ സജീവമായി നിലയുറപ്പിച്ച പ്രവാസി ആരോഗ്യ പ്രവർത്തകരിൽ പ്രമുഖനായ ഡോ. മുഹമ്മദ് അസ്‌ലം (അൽഅബീർ മെഡിക്കൽ ഗ്രൂപ്പ്) തന്റെ ചികിൽസാനുഭവം പങ്കുവെക്കുന്നു
ലോകത്തെ വിറപ്പിച്ചുകൊണ്ടിരിക്കുന്ന കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ ആരോഗ്യ പ്രവർത്തകരുടെ നേതൃപരവും ത്യാഗോജ്വലവുമായ പങ്കാളിത്തം സമാനതകളില്ലാത്തതാണ്. സ്വന്തം ജീവൻ അവഗണിച്ചുകൊണ്ടാണ് അവർ പകർച്ചവ്യാധിക്കെതിരായ സമര മുഖത്ത് സധൈര്യം അടിയുറച്ചു നിൽക്കുന്നത്.
രോഗവാഹകർക്കിടയിലെ നിത്യസമ്പർക്കം പലപ്പോഴും ഡോക്ടർമാരേയും നഴ്‌സുമാരേയും മറ്റു പാരാമെഡിക്കൽ സ്റ്റാഫിനേയുമെല്ലാം രോഗികളാക്കുന്നു. പലരേയും മരണത്തിലേക്ക് നയിക്കുന്നു.
- ജീവിതം അത്രമേൽ റിസ്‌കിയാണെന്നറിഞ്ഞിട്ടും രോഗപ്രതിരോധ മുഖത്ത് നിന്ന് ഓടിയൊളിക്കാൻ, സാമൂഹിക ബോധമുള്ള, പ്രൊഫഷനോടുള്ള മൂല്യവത്തായ പ്രതിബദ്ധത കാത്തു സൂക്ഷിക്കുന്ന എനിക്കാവില്ല -ജിദ്ദയിലെ പ്രമുഖ പൾമിനോളജിസ്റ്റും ദിവസവും മണിക്കൂറുകളോളം കോവിഡ് രോഗികൾക്കിടയിൽ പരിചരണവുമായി മുഴുകുകയും ചെയ്യുന്ന ഡോ. മുഹമ്മദ് അസ്‌ലം തുറന്നു പറയുന്നു. അൽഅബീർ മെഡിക്കൽ ഗ്രൂപ്പിലെ പ്രമുഖ ഡോക്ടറായ ഇദ്ദേഹം ഹസൻ ഗസാവി ഹോസ്പിറ്റലിലാണിപ്പോൾ.
ആയിരത്തിലധികം കോവിഡ് രോഗികളെ ഇതിനകം ചികിൽസിച്ചു. അഞ്ചു പേർക്ക് മരണം സംഭവിച്ചു. മറ്റുള്ളവർ പൂർണമായോ ഭാഗികമായോ സുഖപ്പെട്ടു. ഏതാനും ആഴ്ച മുമ്പ് 36 കാരനായ സൽമാൻ എന്ന പാക്കിസ്ഥാനിയെ രക്ഷപ്പെടുത്താൻ ഞങ്ങൾ പരമാവധി ശ്രമിച്ചു. പക്ഷേ സാധിച്ചില്ല. ഐ.സി.യുവിലെ അദ്ദേഹത്തിന്റെ ദൈന്യമായ കിടപ്പ് വല്ലാത്ത നൊമ്പരമുണ്ടാക്കി. എല്ലാ ശ്രമവും പരാജയപ്പെട്ടു. ആ ചെറുപ്പക്കാരനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിക്കാതെ പോയത് ഇപ്പോഴും വേദനയായി വേട്ടയാടുന്നു.
സാമൂഹിക അകലം പാലിക്കുക, പ്രതിരോധത്തോടൊപ്പം രോഗലക്ഷണങ്ങൾ കണ്ടാൽ ചികിൽസാമാർഗങ്ങൾ കർശനമായി സ്വീകരിക്കുക, ശുചിത്വം പാലിക്കുക, ബോധവൽക്കരണം നടത്തുക ഇവയൊക്കെയാണ് കോവിഡിനോട് പോരാടാനുള്ള മാർഗങ്ങളെന്ന് എല്ലാവർക്കുമറിയാം. പക്ഷേ രോഗത്തെ ഗൗരവമായെടുത്ത് ജാഗ്രതാപൂർവം പ്രവർത്തിക്കുക മാത്രമേ കരണീയമായിട്ടുള്ളൂവെന്നും ഡോ. മുഹമ്മദ് അസ്‌ലം പറയുന്നു. ക്വാറന്റൈൻ വാസത്തിന്റെ പ്രാധാന്യവും നാം തിരിച്ചറിയുകയും സമൂഹത്തിൽ അതിന്റെ കരുതൽ സന്ദേശം സദാ എത്തിക്കുകയും വേണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

- ജോലി സമയമായാലും അല്ലെങ്കിലും ഐ.സി.യുവിലോ വെന്റിലേറ്ററിലോ കിടക്കുന്ന രോഗികളുടെ അവസ്ഥയായിരിക്കും എപ്പോഴും മനസ്സിൽ തെളിയുക. ഇരുപത്തിനാലു മണിക്കൂറും അതീവ ജാഗ്രതോടെ, ഊണും ഉറക്കവുമില്ലാതെ, കഴിയുന്നതിനിടെ, രോഗികളുടെ ബന്ധുക്കളിൽ നിന്ന് ലഭിക്കുന്ന ആശ്വാസത്തിന്റേയും പ്രാർഥനയുടേയും ശബ്ദങ്ങൾ എപ്പോഴും മനസ്സിന് ധൈര്യമേകുന്നു. കോവിഡ് ബാധിച്ച് സൗദിയിൽ മരണപ്പെട്ടവരിൽ ഡോക്ടർമാരും നഴ്‌സുമാരുമൊക്കെയുണ്ടെന്നറിയുമ്പോൾ, ആശുപത്രിയുടെ അന്തരീക്ഷത്തിൽ നിന്ന് മാറിനിൽക്കാനോ, ഒളിച്ചോടാനോ തോന്നാറില്ലെന്നും ഡോ. മുഹമ്മദ് അസ്‌ലം അഭിപ്രായപ്പെടുന്നു. പലപ്പോഴും എന്റെ മൊബൈലിലേക്ക്, രോഗികളോ അവരുടെ ആശ്രിതരോ അയക്കുന്ന ദീർഘമായ പ്രാർഥനാ വചനങ്ങൾ ആത്മബലവും കരുത്തും പകരുന്നു. പത്ത് വർഷത്തെ ചികിൽസാ ജീവിതത്തിൽ ഇത്രയും സംഘർഷം നിറഞ്ഞ ഒരു കാലഘട്ടം കടന്നു പോയിട്ടില്ല. കോവിഡ് ബാധിച്ച ഉമ്മയേയും കൊച്ചുകുട്ടികളേയും വെവ്വേറെ മുറികളിൽ കിടത്തി ചികിൽസിച്ചതും വേർപെട്ടു കഴിയേണ്ടി വന്ന അവരുടെ വിഷമങ്ങളും ആഴ്ചകൾക്ക്്് ശേഷം രോഗം ഭേദമായി പരസ്പരം ആ കുടുംബം സന്തോഷത്തോടെ ഒരുമിക്കുന്നതുമൊക്കെ ഈ കഷ്ടദിനങ്ങളിലെ ആനന്ദ നിമിഷങ്ങളാണെന്നും ഡോ. മുഹമ്മദ് അസ്‌ലം പറഞ്ഞു.
ഭാര്യ ഡോ. ഫർഹീൻ താഹയുടെ ഉറച്ച പിന്തുണയും ഡോ. മുഹമ്മദ് അസ്‌ലമിന് കരുത്തേകുന്നു. കോവിഡിന്റെ പിടിയിലകപ്പെട്ട്്് രോഗമുക്തി നേടിയ ഡോ. ഫർഹീൻ അസാധാരണമായ ഇച്ഛാശക്തിയോടെയാണ് നിലയുറപ്പിച്ചത്. മഹാമാരിക്കെതിരായ പോരാട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്ക് മാതൃകയായി അവർ. 'കോവിഡ്19: എന്റെ അനുഭവം- ഇതൊരു വധശിക്ഷയല്ല' എന്ന പേരിൽ ഡോ. ഫർഹീൻ താഹയെഴുതിയ ഇംഗ്ലീഷ് ലേഖനം മെഡിക്കൽ ജേണലിൽ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്.
കൊല്ലം ബീച്ച് റോഡ് സ്വദേശിയായ ഡോ. മുഹമ്മദ് അസ്‌ലം കഴിഞ്ഞ നാലു വർഷമായി ജിദ്ദ അൽ അബീർ മെഡിക്കൽ ഗ്രൂപ്പിലാണ്. നേരത്തെ എറണാകുളം സൺറൈസ് ഹോസ്പിറ്റലിലായിരുന്നു. പൾമിനോളജിയിൽ പി.ജിയെടുത്ത ശേഷം ഈ രംഗത്ത് ചികിൽസക്കൊപ്പം ഗവേഷണപ്രവർത്തനത്തിലും മുഴുകുന്നതിനിടെയാണ് കോവിഡ് വ്യാപനം വന്നതും പ്രതിരോധ - ചികിൽസാ സമരമുഖത്ത്് കൂടുതൽ ശ്രദ്ധയൂന്നേണ്ടതായും വന്നത്്.
പോരാട്ടം തുടരുന്നു. പിൻമാറ്റമില്ല. ഇന്നല്ലെങ്കിൽ നാളെ എല്ലാം കലങ്ങിത്തെളിയുമെന്ന് നാം ആത്മാർഥമായി വിശ്വസിക്കുക. ശുഭപ്രതീക്ഷ കൈവിടാതെ, പ്രതിരോധത്തിനും ചികിൽസക്കുമായി ജാഗ്രതാപൂർവം മുന്നേറുക -ഒരു ഡോക്ടർ എന്ന നിലയിലുള്ള നിയോഗത്തിൽ നിറഞ്ഞ സംതൃപ്തിയോടെ ഡോ. മുഹമ്മദ് അസ്‌ലം തന്റെ ദൗത്യത്തിന് അടിവരയിടുന്നു.






