(മുൻ ലക്കത്തിൽ നിന്ന് തുടർച്ച)
മാറിയ നിറങ്ങളുമായി പൊരുത്തപ്പെട്ടുപോകാൻ അവൾക്ക് മൂന്നാല് വർഷങ്ങൾ തന്നെ വേണ്ടിവന്നു. താൻ കാണുന്ന നിറങ്ങളെയെല്ലാം മറ്റുള്ളവർ വിളിക്കുന്ന പേരുകളിലേക്ക് ട്രാൻസ്ലേറ്റ് ചെയ്ത് പരിശീലിക്കുകയായിരുന്നു ആദ്യഘട്ടം.
നീലയായി കാണുന്നതിനെയൊക്കെ പച്ചയെന്നും പച്ചയായി കാണുന്നതിനെയൊക്കെ ചുവപ്പെന്നും വിളിച്ചു ശീലിച്ചു. അങ്ങനെ ഓരോ നിറങ്ങളേയും തന്റെ ബോധത്തിലുള്ളതല്ലാത്ത പേരുകൾ വിളിക്കാൻ അവൾ നിർബ്ബന്ധിതയായി. ഇതിനിടയിൽ ട്രാഫിക് സിഗ്‌നലിൽ വെച്ച് ഒരു അപകടത്തിലും പെട്ടു; ഗ്രീൻ സിഗ്‌നലെന്നു കരുതി റെഡ് ക്രോസ്സ് ചെയ്തപ്പോഴായിരുന്നു അത്.
താനൊരു സ്വപ്‌നത്തിലാണെന്നും ഈ സ്വപ്‌നം ഒരിക്കൽ അവസാനിക്കുമെന്നും വിചാരിച്ചാണ് ഇപ്പോൾ അവൾ കാലം കഴിച്ചുകൂട്ടുന്നത്. പ്രശ്‌നത്തിന്റെ പ്രാരംഭ ഘട്ടത്തിൽ തയ്യൽ സൂചികൊണ്ട് ശരീത്തെ കുത്തിനോവിച്ച് സ്വപ്‌നത്തിൽ നിന്ന് ഇറങ്ങിപ്പോരാൻ അവൾ എപ്പോഴും ശ്രമിച്ചുപോന്നു. ഓരോ പ്രാവശ്യം കുത്തുമ്പോഴും ചുവന്ന രക്തം ചുരന്നു വരാൻ അവൾ അതിയായി ആഗ്രഹിക്കും. താൻ മറ്റൊരു ലോകത്തല്ലെന്ന് തന്നെത്തന്നെ ബോധ്യപ്പെടുത്താനുള്ളൊരു ശ്രമം.
വിരൽത്തുമ്പിലും തുടയിലും കവിളിലും കാതുകളിലുമെല്ലാം സൂചി കുത്തിയിറക്കി പരീക്ഷിച്ചുനോക്കുക അവളുടെ പതിവായിരുന്നു. തെളിവിനെന്നവണ്ണം അരവിന്ദൻ തന്റെ രണ്ടു കൈവെള്ളകളും ഉയർത്തി ഞങ്ങളെ കാണിച്ചു.
അതു നിറയെ ചെറിയ ചെറിയ കുത്തുകൾ. ഉണങ്ങി കറുത്തുപോയവയും ഇനിയും ഉണങ്ങാത്തവയും. വിരലുകളിൽ ബ്ലേഡ് കൊണ്ട് വരഞ്ഞതിന്റെ പാടുകൾ! ഡാനി അവളുടെ കരം കവർന്ന് മുറിവുകളിലേക്കും പിന്നീട് കൈരേഖകളിലേക്കും നോക്കി. എവിടെയാണ് അരവിന്ദന്റെ കാഴ്ചകൾ മാറ്റിമറിച്ച് നീണ്ടുപോകുന്ന ആ കൈരേഖ? ഇഴപിരിയുന്ന നേർത്തൊരു രേഖയിൽ ചൂണ്ടുവിരലോടിച്ചു കൊണ്ട് ഡാനി പറഞ്ഞു: 'ക േശ െേെൃമിഴല!'
അരവിന്ദനു വന്നുപെട്ട അവസ്ഥയെ തരണം ചെയ്യാൻ പലരും പല ഉപായങ്ങളും തത്വശാസ്ത്രങ്ങളും പറഞ്ഞുവെങ്കിലും അതൊന്നും അവളിൽ വലിയ ഫലം ചെയ്തില്ല. അവളുടെ പഴയ ലോകം ശരിയായിരുന്നില്ലെന്നും ഇപ്പോഴാവാം നിറങ്ങളെ അവൾ കൃത്യമായി കാണുന്നതെന്നും ചിലർ പറഞ്ഞു. പഴയതൊക്കെ ഒരു സ്വപ്‌നമായിക്കണ്ട് ഇതാണ് യാഥാർഥ്യമെന്ന് വിശ്വസിക്കാൻ മറ്റു ചിലർ അവളെ ഉപദേശിച്ചു.
ചിലത് യാഥാർഥ്യമായി അംഗീകരിക്കുകയും ചിലത് സങ്കൽപ്പിച്ചെടുക്കുകയും ചെയ്‌തെങ്കിലേ ജീവിതം തുന്നിപ്പിടിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകാൻ പറ്റൂ എന്ന നിലയിലാണ് താനെന്ന് അവൾക്കു മനസ്സിലാകായ്കയില്ല. അവളെ സംബന്ധിച്ച് അത് വളരെ ബുദ്ധിമുട്ടായിരുന്നുവെന്നു മാത്രം!.
പക്ഷേ, പച്ചയെ നോക്കി 'ഇത് ചുവപ്പാണ്' എന്ന് പറഞ്ഞു പഠിക്കുന്നതിനിടയിലാവും അവൾ തന്റെ പഴയ ലോകത്തെ കിനാവു കാണുന്നത്. അവിടെ നീലാകാശവും ഹരിതങ്ങളായ സസ്യലതാദികളും പലനിറത്തിലുള്ള പൂക്കളും നീല ജലാശയങ്ങളുമെല്ലാം പുനർജ്ജനിക്കും. കണ്ണുതുറക്കുമ്പോൾ അവൾ ആലോചിക്കും:
'ഏതാണ് യഥാർഥത്തിൽ സ്വപ്‌നം?'
ഇരിക്കുമ്പോഴും കിടക്കുമ്പോഴുമെല്ലാം പലതരം ചിന്തകൾ അവളെ ശല്യപ്പെടുത്താൻ തുടങ്ങി. പകൽ നേരങ്ങളിൽ അവൾ പുറത്തിറങ്ങാതെയായി. മറ്റൊരു നിറത്തിലുള്ള ലോകത്തെ അവൾക്ക് കാണേണ്ടായിരുന്നു. ഓരോന്നു പിറുപിറുത്തുകൊണ്ട് അവൾ വീട്ടിനുള്ളിലെ ഇരുട്ടുമുറിയിൽ ചുരുണ്ടുകൂടി. എത്രയോ കാലം അവൾ അങ്ങനെതന്നെ കഴിഞ്ഞു. അവളെ ഒന്നു പുറത്തിറക്കാനായി ഒംബഡുഗുവും എനൊഹോറും കാണാത്ത മന്ത്രവാദികളോ വൈദ്യന്മാരോ നൈജീരിയയിലില്ല.
അങ്ങനെയിരിക്കെ ഒരു ദിവസം രാത്രിയിൽ തന്റെ ഇരുട്ടുമുറിവിട്ട് അരവിന്ദൻ മുറ്റത്തേക്ക് ഇറങ്ങിവന്നു. അത്താഴം കഴിഞ്ഞ് പുറത്തിരുന്ന് കാറ്റുകൊള്ളുകയായിരുന്ന ഒംബഡുഗുവിനോട് അവൾ ചോദിച്ചു:
'അഛാ, എന്നെയൊന്ന് പുറത്തുകൊണ്ടുപോകുമോ?'
അയാൾ അത്ഭുതത്തോടെ അവളെ നോക്കി.
ആ രാത്രിയിൽ അവർ രണ്ടുപേരും കൂടി നാട്ടിടവഴികളിലൂടെ നടന്നു. നിറങ്ങളെല്ലാം ഇരുട്ടിന്റെ കുപ്പായം ധരിച്ച ആ രാത്രിയിൽ അവൾ നാടുമുഴുക്കെ നടന്നുകണ്ടു. രാത്രിയുടെ കണ്ണുകൾ പകലിന്റെ നിറങ്ങളെയല്ല കാണുന്നതെന്ന് അവൾ കണ്ടറിഞ്ഞു. പോർട്ടിനു സമീപത്തെ കൽപ്പടവിൽ ഇരുണ്ട കടലിനേയും ഇരുണ്ട ആകാശത്തേയും നോക്കിയിരുന്നു. കരിമ്പാറകളെ തകർത്ത് വെളുത്തു നുരയുന്ന തിരകളെ കൺകുളിർക്കെ കണ്ടു.
'പിന്നീട് ദിവസവും ഞാൻ രാത്രിയിൽ ഇറങ്ങിനടക്കും. അഛൻ അപ്പോഴേക്കും നല്ല ഉറക്കമായിരിക്കും. ഞാൻ കതകുതുറക്കുന്ന ശബ്ദം കേട്ട് ഉണർന്നാൽത്തന്നെ അഛൻ തടസ്സമൊന്നും പറയില്ല.'
അങ്ങനെ, അവളുടെ പകൽ രാത്രിയും രാത്രി പകലുമായി.
'ഭയം തോന്നാറില്ലേ?' ഞാൻ ചോദിച്ചു.
അവൾ ചിരിച്ചു: 'എന്നെക്കണ്ടാണ് പലരും ഭയക്കാറ്. രാത്രിയിൽ ഒരു സ്ത്രീ ഒറ്റയ്ക്ക് ഇറങ്ങി നടക്കുന്നതു കണ്ടാൽ ആരാണ് ഭയപ്പെടാത്തത്? പ്രത്യേകിച്ചും ഭൂതബാധയേറ്റതെന്ന് നാടുമുഴുക്കെ അറിയപ്പെടുന്ന ഒരുവൾ?'
സ്‌റ്റേജിൽ പിന്നെയും റാപ്പ് മ്യൂസിക്ക് അരങ്ങേറി. കാണികളിലെ കുറച്ച് ചെറുപ്പക്കാർ അതേറ്റു പാടി ബഹളം വെച്ചു. ഞാൻ വെയിറ്ററെ വിളിച്ച് മൂന്നു ബിയറുകൾ കൂടി ഓർഡർ ചെയ്തു.
നിറഞ്ഞ ഗ്ലാസ്സുകൾക്കുള്ളിലെ സ്വർണ്ണനിറത്തിലേക്ക് ഞങ്ങൾ മൂവരും അല്പനേരം നോക്കിയിരുന്നു. ശേഷം ഗ്ലാസ്സുയർത്തി: 'ചിയേഴ്‌സ്..'
ഞാൻ വേദാന്തം പറഞ്ഞു: 'ഇക്കാണുന്നതെല്ലാം മായയാണ് അരവിന്ദൻ. വിഷമിക്കാതിരിക്കൂ..'
അവൾ ചോദിച്ചു: 'മായയോ? അതെന്താ?'
ഡാനി ഇടപെട്ട് അത് വിവരിച്ചുകൊടുത്തു: 'അതായത്, ഇങ്ങനെയൊരു ലോകമേയില്ല. ഇങ്ങനെയൊരു സംഭവമേയില്ല. അനാദിയായ ശൂന്യത മാത്രമേ ഇവിടെയുള്ളൂ. ഇക്കാണുന്നതെല്ലാം വെറും തോന്നലുകളാണ്.. സർവ്വം മായ..'
അവളെ ചികിത്സിച്ചിരുന്ന ഡോക്ടറും അതുതന്നെ പറഞ്ഞിരുന്നതായി അപ്പോൾ അവൾ ഓർത്തു. മായ!.
കണ്ണിനെ ചികിത്സിക്കാം എന്നല്ലാതെ കാഴ്ചയെ ചികിത്സിക്കാനുള്ള ഉപായമൊന്നും ഡോക്ടറുടെ കയ്യിൽ ഇല്ലായിരുന്നു.
പിന്നെ ഈ പറയുന്ന ഫിലോസഫിയൊക്കെയാണ് കാഴ്ചയെ വരുതിയിലാക്കാനുള്ള ഏകവഴി. ഡോക്ടർ തന്റെ നിസ്സഹായാവസ്ഥ ആദ്യമേ തന്നെ അവളോടു പറഞ്ഞു: 'കുഞ്ഞേ, മറ്റുള്ളവരുടെ കണ്ണിലൂടെ നോക്കിക്കാണാനുള്ള വിദ്യയൊന്നും എന്റെ കയ്യിലില്ല!.'
അഥവാ അയാൾക്ക് അങ്ങനെയൊരു കഴിവുണ്ടായിരുന്നെങ്കിൽ അവളുടെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമായിരുന്നോ? സംശയമാണ്!
മദ്യം അധികമായതുകൊണ്ടാവണം, ഡാനി തുടരെത്തുടരെ പറഞ്ഞുകൊണ്ടിരുന്നു: 'ഇതെല്ലാം മായയാണ് അരവിന്ദൻ.. ഡോണ്ട് വറീ.. ഇങ്ങനൊരു ലോകമില്ല.. ഇതെല്ലാം വെറുതേ.. നീ കാണുന്നതല്ല ഞാൻ കാണുന്നത്.. നീയും ഞാനും ഇല്ലേയില്ല.. എല്ലാം മായ.. സർവ്വം മായ.. '
അരവിന്ദൻ ഞങ്ങൾക്ക് കൈതന്ന് പോകാൻ എഴുന്നേറ്റു. ഞങ്ങൾ അവൾക്ക് ആശംസകൾ നേർന്നു. സ്‌റ്റേജിൽ അടുത്ത പാട്ടിന്റെ താളം മുഴങ്ങി. ഡ്രമ്മിൽ പെരുക്കിക്കൊണ്ടിരുന്ന ആ താളം 'അരവിന്ദൻ.. അരവിന്ദൻ.. അരവിന്ദൻ' എന്നിങ്ങനെയാണെന്ന് എനിക്കു തോന്നി.
(അവസാനിച്ചു)






