ലളിതമായതെല്ലാം സുന്ദരമാണ്. അക്ഷരങ്ങളും അനുഭവങ്ങളും ആശയങ്ങളും 'നർമം' നിശ്വസിക്കുന്ന ഓർമപ്പെയ്ത്ത് നിറയും വായനാനുഭവമാണ്.
സ്വതഃസിദ്ധമായ ശൈലീപാടവത്താൽ അനുഭവങ്ങളെ കാച്ചിക്കുറുക്കിയ എഴുത്ത് ശൈലിയാണ് തിളങ്ങുന്ന ഗോലികൾ എന്ന ബഷീർ സിവി യുടെ പുസ്തകത്തെ വേറിട്ടതാക്കുന്നത്. ഇമ്മിണി വല്യ ബഷീറിന്റെ പിറകിൽ തന്നെയുണ്ട് ഈ ഇമ്മിണി ഇത്തിരി ബഷീർ എന്ന് അവതാരികയിൽ പ്രൊഫസർ ബഷീർ മണിയംകുളം.
ഓർമയടരുകളെ ഈണമായും ഇണക്കമായും പറഞ്ഞുവെച്ച അനുഭവാർജിത ഊർജമാണ് തിളങ്ങുന്ന ഗോലികളെ വായന കഴിഞ്ഞാലും ഒളിമങ്ങാതെ ബാക്കിയാക്കുന്നതിന്റെ കാരണം.
കൃതാർത്ഥത നിറഞ്ഞൊരു ഹൃദയത്തിനേ സർവരേയും സർവതിനേയും ഉൾക്കൊള്ളാൻ കഴിയും വിധം വളരാൻ കഴിയുകയുള്ളൂ. ജീവിത ചക്രത്തിൽ ആട്ടുതൊട്ടിലായ മടിത്തട്ടും പിതൃതണലും കുടുംബവും ഗുരുക്കന്മാരും സൗഹൃദങ്ങളും തുടങ്ങിയ നിമിഷങ്ങളെ സ്പർശിച്ച നിശ്വാസങ്ങൾക്കു പോലും നന്ദി ഓതുന്ന, സമർപ്പണ ഭാഗത്തിൽ സിവി ബഷീർ പ്രാണനെ സമ്പന്നമായി അടയാളപ്പെടുത്തുന്നു .
എത്ര കൊടുത്താലും മതിയാകാത്തതാണ് ഉപദേശമെന്നും എത്ര കിട്ടിയാലും തികയാത്തതാണ് സ്‌നേഹമെന്നും ലാലിയും പാട്ടും എന്ന വായനയിൽ സിവി പറഞ്ഞു വെച്ചിരിക്കുന്നു.
ലാലി പൂച്ചയിൽ കണ്ടെത്തുന്ന 'പരിഗണന' കുഞ്ഞു സിവി യിലുണർത്തിയ ആത്മവിശ്വാസത്തെയും സന്തോഷത്തെയും നിഷ്‌കളങ്കത കലർന്ന നർമലാനുഭവമാണ് വായനയിൽ സമ്മാനിക്കുന്നത് .
'ഉമ്മാമ്മ'യിൽ ഉമ്മാമ്മയുടെ നയതന്ത്രപരമായ കഥാവതരണവും സംശയ നിവാരണവും പ്രതിവിധികളും ഏറെ രസമുണർത്തുന്നതാണ് .
ചെവിയിൽ വിരൽ തിരുകി കയറ്റുമ്പോഴുള്ള 'ജുദ്ധം'
വായനക്കാരെയും കുട്ടിത്തത്തിന്റെ കുസൃതിയിലേക്കു കൂട്ടുന്നു.
തിളങ്ങുന്ന ഗോലികൾ എന്ന അധ്യായം ഏതൊരു വ്യക്തിയുടെയും പ്രവൃത്തിയിലടങ്ങിയ ഉദ്ദേശ്യ ശുദ്ധിയെ തിരിച്ചറിയുകയും മാനിക്കുകയും ചെയ്യണമെന്ന സത്യത്തെ ഓർമപ്പെടുത്തുന്നു. ധാരണകളാലും മുൻധാരണകളാലും ഒരാളെയും അളക്കരുതെന്ന വലിയ സന്ദേശമാണ് ഉൾക്കാമ്പ്. വത്സല ടീച്ചറെ 'വാത്സല്യ ടീച്ചർ' ആക്കിയ സിവി പറയുന്നതിങ്ങനെ -
എല്ലാവരെയും മുട്ടിയാൽ മൂളുന്ന കളിമണ്ണ് കൊണ്ടും, വത്സല ടീച്ചറെ സ്‌നേഹം കൊണ്ടുമാണ് ദൈവം പടച്ചുവിട്ടത്. അത്രമേലാർദ്രമായൊരു ഗുരുത്വം ജീവിതാനുഗ്രഹമാണ്. ഹൃദയബന്ധത്തിന്റെയും ഗുരുത്വത്തിന്റെയും കൊടുക്കൽ വാങ്ങലിനൊപ്പം അനുഭവ സുഗന്ധം നിറഞ്ഞുനിൽക്കുന്ന വായനാ ഇതളാണ് സദാശിവൻ മാഷ്.സ്‌കൂൾ വിനോദ യാത്രയോർമകൾക്കൊപ്പം മാഷിന്റെ കഥാകഥന രീതിയിൽ അനുഭവമാകുന്ന ആർദ്രതലങ്ങളെയും ഉറുമാലിനെയും വായനക്കാർക്ക് കൂടി പ്രിയപ്പെട്ടതാക്കുന്നു.
തന്റെ മുന്നിൽ പരാതിയായെത്തിയ പ്രണയ ലേഖനത്തിലെ കൈയക്ഷര തെറ്റിനെയും പരാതിക്കാരി കദീസുവിനെയും സരസ സുന്ദരമായി കൈകാര്യം ചെയ്ത മാഷിന്റെ സമീപനത്തെ പ്രണയിച്ചു പോകുന്ന മയ്മാലിയുടെ ഉള്ളിലെ ലഡു പൊട്ടൽ വായനയിൽ മധുരം വിളമ്പി എന്നു തന്നെ പറയാം.
'തിരൂർ ഷാ' എന്ന സംഗീത മഹാപ്രതിഭയുടെ ജീവിത പരിസരത്തെയും ഉപകരണ സംഗീതം വേഗം പഠിച്ചു പോകാനെത്തുന്ന സംഗീത ബോധമില്ലാത്ത പ്രവാസിയെയും അദ്ദേഹത്തെ ക്ഷമയോടെ കൈകാര്യം ചെയ്ത തിരൂർ ഷാ ഭായുടെ നയതന്ത്രജ്ഞത്വയയും മനോഹരമായി അവതരിപ്പിച്ച ഇതളാണ് 'തിരൂർ ഷാ'
ഒപ്പം സംഗീതത്തോടുള്ള അന്നത്തെ പ്രത്യേക സാമൂഹിക വ്യവസ്ഥകളുടെ നിലപാടും പരിശീലിച്ചെടുക്കാൻ അനുഭവിച്ച പങ്കപ്പാടും മനോഹരമാക്കിയിട്ടുണ്ട്.
സ്‌നേഹിക്കുന്ന രണ്ടു മനുഷ്യർക്കിടയിലെ ലോകത്തെക്കുറിച്ചും അതിൽ ഒരാളുടെ വേർപാടോടെ രൂപപ്പെടുന്ന ശൂന്യതയെക്കുറിച്ചും ചക്കപ്പഴം മൂത്തുമ്മയുടെ സ്‌നേഹ സുഗന്ധത്തെക്കുറിച്ചും ഹൃദയസ്പർശിയായി അവതരിപ്പിച്ചിരിക്കുന്നു
'അത്താണിക്കലെ ഔലിയ' യിൽ വെളിവാക്കപ്പെടുന്ന സംഭവങ്ങൾ രസാവഹമാണ്. കണ്ടതും കാണാൻ കഴിയാത്തതുമായ ലോകത്തിലെ സർവ അത്ഭുത പ്രതിഭാസങ്ങളെയും കുറിച്ച് അറിയുന്നവർക്ക് സ്വന്തം ചോറുപാത്രത്തിനുള്ളിൽ പൂഴ്ന്നിരിക്കുന്ന പൊരിച്ച മീനിനെ കണ്ടെത്താനാകാത്ത അവസ്ഥ.
അതിലേക്ക് കാര്യങ്ങൾ നീക്കിയ അസ്മാത്ത താരമാണ്. ഫിനാൻസ്, പഠന പരിശീലന സാമൂഹിക പ്രവർത്തനങ്ങൾക്ക് പുറമെ അധ്യാപനം ട്രെയിനിങ് ട്രേഡിങ്, ഓട്ടോമോട്ടീവ് രംഗങ്ങളിലും ഗാനരചയിതാവ് കവി, കൂടാതെ ഉപകരണ സംഗീതവും വശമുള്ള സീ വീ നിലപാടിലുറച്ച അക്ഷരങ്ങളുടെ സുഹൃത്താണ്.
ഈ ഓർമപുസ്തകത്തിന്റെ കവർ ഡിസൈൻ ഹാരിസ് ആണ് നിർവഹിച്ചിരിക്കുന്നത്.






