സ്ത്രീകളെ അബലകളെന്നു മാത്രം വിളിക്കരുത്. കാരണം പുരുഷനോടൊപ്പം ഏതുരംഗത്തും പ്രവർത്തിക്കാൻ അവൾ പര്യാപ്തയായിരിക്കുന്നു. ഹിമാലയത്തിൽ മാത്രമല്ല, ബഹിരാകാശത്തു പോലും അവർ തങ്ങളുടെ സാന്നിധ്യമറിയിച്ചുകഴിഞ്ഞു.
സ്ത്രീയെന്ന പദത്തെ പരിമിതിയായല്ല, ബഹുമതിയായാണ് തൃശൂരിലെ ഡെലിഷ ഡേവിസ് എന്ന പെൺകുട്ടി കാണുന്നത്. കാറും ബസും ലോറിയുമെല്ലാം ഓടിക്കുന്ന വനിതകളെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ കത്തിപ്പടരാൻ സാധ്യതയുള്ള ദ്രാവകങ്ങൾ നിറച്ച ടാങ്കർ ലോറികൾ ഓടിക്കുന്ന എത്ര സ്ത്രീകളുണ്ട്. ഇത്തരം വാഹനങ്ങൾ ഓടിക്കാനുള്ള ഹസാർഡ്‌സ് ലൈസൻസുള്ള കേരളത്തിലെ ഏക വനിതയാണ് ഈ പെൺകുട്ടി.
തൃശൂർ ജില്ലയിലെ വടക്കെ കാരമുക്ക് പള്ളിക്കുന്നത്ത് ഡേവിസിന്റെ മകൾക്ക് വാഹനങ്ങൾ ഓടിക്കാനുള്ള കമ്പം നന്നേ ചെറുപ്പത്തിൽ തുടങ്ങിയതാണ്. നാലു പതിറ്റാണ്ടിലേറെയായി ടാങ്കർ ലോറി ഓടിച്ചാണ് ഡേവിസ് ഭാര്യയും മൂന്നു പെൺമക്കളുമടങ്ങുന്ന കുടുംബത്തെ പോറ്റിവളർത്തിയത്. മക്കളിൽ രണ്ടാമത്തെയാളായ ഡെലിഷക്ക് ചെറുപ്പത്തിലേ വാഹനങ്ങളോടിക്കാനായിരുന്നു താൽപര്യം. ഇതറിഞ്ഞ ഡേവിസ് യാത്രകളിൽ പലപ്പോഴും മകളെയും ഒപ്പം കൂട്ടി. ക്രമേണ സ്റ്റിയറിംഗിന്റെ മനഃശാസ്ത്രം അവൾ സ്വായത്തമാക്കിയെടുക്കുകയായിരുന്നു.

നാഷണൽ ഹൈവേകളിൽ ടാങ്കറുമായി കുതിക്കുന്ന ഈ പെൺകുട്ടിയെ കണ്ടാൽ പലരും അത്ഭുതപ്പെട്ടു നിൽക്കും. ആ ഞെട്ടൽ മാറുന്നത് അത് ഡെലിഷയാണെന്ന് തിരിച്ചറിയുമ്പോഴാണ്. എറണാകുളം ജില്ലയിലെ ഇരുമ്പനത്തുനിന്നും പെട്രോളുമായി മലപ്പുറം ജില്ലയിലെ തിരൂരിലെ പെട്രോൾ പമ്പിലേക്കായിരിക്കും പലപ്പോഴും അവളുടെ യാത്ര. മറ്റു ചിലപ്പോൾ കോഴിക്കോട് എലത്തൂരിലെ പെട്രോൾ ഡിപ്പോയിലേക്കും യാത്ര പോകാറുണ്ട്. പലരും അന്തംവിട്ടു നോക്കുന്നത് ഡെലിഷക്ക് പുതുമയുള്ള കാര്യമല്ല. ഇഷ്ടമുള്ള തൊഴിൽ ചെയ്യാമെന്നതും അതോടൊപ്പം സാമ്പത്തികമെച്ചവുമാണ് ഈ തൊഴിലിലൂടെ ഡെലിഷ ലക്ഷ്യമാക്കുന്നത്.
''കുട്ടിക്കാലം തൊട്ടേ പപ്പയോടൊപ്പം ടാങ്കറുകളിൽ യാത്ര പോകാറുണ്ടായിരുന്നു. പപ്പക്ക് സ്ഥിരമായി ഹെൽപറുണ്ടായിരുന്നില്ല. കൂട്ടിന് ആരെയെങ്കിലും വിളിച്ചു പോകാറാണ് പതിവ്. എന്റെ താൽപര്യമറിഞ്ഞാണ് കൂട്ടിന് കൊണ്ടുപോയിത്തുടങ്ങിയത്. പപ്പയുടെ ഡ്രൈവിംഗ് കാണാൻ തന്നെ രസമാണ്. പിന്നീട് ആ വിദ്യ സ്വന്തമാക്കണമെന്നു തോന്നി. സ്‌കൂട്ടറിലായിരുന്നു തുടക്കം. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് വീട്ടിലുണ്ടായിരുന്ന അംബാസഡർ കാർ ഓടിച്ചുതുടങ്ങിയത്. അച്ഛനാണ് സ്റ്റിയറിംഗ് ബാലൻസ് ചെയ്തു തന്നത്. എസ്.എസ്.എൽ.സിക്ക് പഠിക്കുമ്പോഴേക്കും നന്നായി കാറോടിക്കാമെന്നായി. എന്നാൽ ലൈസൻസ് ലഭിക്കാൻ പതിനെട്ടു വയസ്സാകണമല്ലോ. അതിനാൽ കാത്തിരുന്നു. പ്ലസ് ടു പഠനത്തിനു ശേഷമാണ് ലൈസൻസ് സമ്പാദിച്ചത്. അതോടെ വീടിനു പുറത്തേക്ക് വാഹനം ഓടിച്ചു തുടങ്ങി'' -ഡെലിഷ പറയുന്നു.

ഇരുചക്ര വാഹനത്തിന്റെയും നാലുചക്ര വാഹനത്തിന്റെയും ലൈസൻസാണ് ആദ്യമെടുത്തത്. കാറിനേക്കാൾ ഓടിക്കാൻ എളുപ്പം വലിയ വണ്ടിയാണെന്ന തിരിച്ചറിവാണ് ഹെവി ലൈസൻസ് എടുക്കാനുള്ള പ്രേരണ. ഇരുപതു വയസ്സായപ്പോഴേക്കും ലോറിയും ബസും ചരക്കു വാഹനങ്ങളുമെല്ലാം ഓടിക്കാനുള്ള ഹെവി ലൈസൻസ് സ്വന്തമാക്കി. മൂന്നു മാസത്തിനു ശേഷം ഹസാർഡ്‌സ് ലൈസൻസും സ്വന്തമാക്കി. അതോടെ കേരളത്തിലെ ആദ്യത്തെ ഹസാർഡ്‌സ് ലൈസൻസ് സ്വന്തമാക്കിയ പെൺകുട്ടിയായി ഡെലിഷ മാറുകയായിരുന്നു.
ഹസാർഡ്‌സ് ലൈസൻസ് സ്വന്തമാക്കാൻ പ്രത്യേക പരിശീലനം നേടേണ്ടതുണ്ട്. അതിനായി എറണാകുളത്ത് മൂന്നു ദിവസത്തെ ക്ലാസിൽ പങ്കെടുക്കണം. എഴുത്തുപരീക്ഷയും പാസാകണം. കത്തിപ്പടരാൻ സാധ്യതയുള്ളതിനാൽ യാത്ര എങ്ങനെ വേണമെന്നും അപകടങ്ങളിൽ എന്തെല്ലാം മുൻകരുതൽ സ്വീകരിക്കണമെന്നുമെല്ലാം ക്ലാസുകളിൽ കൃത്യമായി പരിശീലിപ്പിക്കും. മൂന്നു വർഷം കൂടുമ്പോൾ ലൈസൻസ് പുതുക്കണം. അപ്പോഴും ക്ലാസുകളുണ്ടാകും. ഇരുവശത്തേക്കുമായി മുന്നൂറോളം കിലോമീറ്റർ ദൈർഘ്യമുള്ള എറണാകുളം, മലപ്പുറം റൂട്ടിൽ ഇതിനകം അൻപതിലേറെ തവണ പെട്രോൾ ടാങ്കറുമായി യാത്ര പോയിട്ടുണ്ട് ഈ പെൺകുട്ടി.

വാഹനങ്ങൾ ഓടിക്കുന്നതിലാണ് ഏറെ പ്രിയമെങ്കിലും പഠനത്തിൽ ഒട്ടും പിറകിലല്ല ഡെലിഷ. കണ്ടശ്ശാംകടവ് കോൺവെന്റ് ഹൈസ്‌കൂളിൽനിന്നും മികച്ച മാർക്ക് നേടി എസ്.എസ്.എൽ.സി പാസായ ഡെലിഷ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക ഹയർ സെക്കണ്ടറി സ്‌കൂളിൽനിന്നാണ് പ്ലസ് ടു പൂർത്തിയാക്കിയത്. തൃശൂർ സെന്റ് തോമസ് കോളേജിൽനിന്നും ബി.കോം ഫിനാൻസും പാസായി. തൃശൂർ പി.ജി സെന്ററിൽ നിന്നുമാണ് എം.കോം പൂർത്തിയാക്കിയത്. പരീക്ഷ ഇനിയും കഴിഞ്ഞിട്ടില്ല.
ഡെലിഷയുടെ അടുത്ത ലക്ഷ്യം മൾട്ടി ആക്‌സിൽ വണ്ടികൾ ഓടിക്കണമെന്നതാണ്. വോൾവോ പോലുള്ള വലിയ വാഹനങ്ങൾ ഓടിക്കണമെങ്കിൽ ബാംഗ്ലൂരിൽനിന്നും പരിശീലനം നേടണം. അതിനുള്ള ശ്രമം തുടങ്ങിയതായിരുന്നു. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ എല്ലാം താറുമാറായിരിക്കുകയാണ്. സർക്കാർ സർവീസിൽ ഡ്രൈവറായെങ്കിലും ജോലി നേടുക എന്നതാണ് ഈ പെൺകുട്ടിയുടെ സ്വപ്‌നം. പി.എസ്.സിയുടെ ഡ്രൈവർ കം അസിസ്റ്റന്റ് പരീക്ഷ എഴുതിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ പരീക്ഷ കഴിഞ്ഞതാണെങ്കിലും ഇതുവരെ ഫലം വന്നിട്ടില്ല. വിമാനവും മെട്രോ ട്രെയിനുമെല്ലാം പെൺകുട്ടികൾ ഓടിക്കുന്നുണ്ടെങ്കിലും ഡ്രൈവർ ജോലിക്ക് സ്ത്രീകളെ പരിഗണിക്കാത്തതിൽ ഡെലിഷക്ക് അമർഷമുണ്ട്. കെ.എസ്.ആർ.ടി.സിയിൽ അവസരം ലഭിക്കുമെങ്കിലും ഡെലിഷക്ക് താൽപര്യമില്ല. കാരണം അറിയാത്ത റൂട്ടുകളിൽ സമയനിഷ്ഠയില്ലാതെ വാഹനമോടിക്കുന്നത് വലിയ ഉത്തരവാദിത്തമാണെന്ന് ഈ പെൺകുട്ടി തിരിച്ചറിയുന്നു. എം.കോമും ടാലിയുമുള്ളതിനാൽ അക്കൗണ്ടന്റായെങ്കിലും ജോലിക്കു പോകണമെന്നാണ് ഡെലിഷയുടെ തീരുമാനം.

ടാങ്കർ ലോറികൾ മാത്രമല്ല, ഇക്കഴിഞ്ഞ ദിവസം തൃശൂരിനടുത്ത എറവ് രജമുട്ട് കോൾപടവിലെ നിലം ട്രാക്ടർ ഉപയോഗിച്ച് ഉഴാനും ഡെലിഷ മുൻപന്തിയിലുണ്ടായിരുന്നു. ഇതറിഞ്ഞ കൃഷി വകുപ്പു മന്ത്രി സുനിൽ കുമാർ ഡെലിഷയുടെ വീട്ടിലെത്തി അഭിനന്ദനമറിയിച്ചിരുന്നു. സ്‌മേം പദ്ധതി പ്രകാരം എൺപതു ശതമാനം സബ്‌സിഡിയോടെ ട്രാക്ടർ നൽകാമെന്ന് വാഗ്ദാനം നൽകിയെങ്കിലും ഡെലിഷ സ്‌നേഹപൂർവം നിരസിക്കുകയായിരുന്നു. ഇപ്പോഴത്തെ അവസ്ഥയിൽ തിരിച്ചടവ് സാധ്യമാകുമോ എന്ന ചിന്തയാണ് ഇതിനു കാരണം.
ഹസാർഡ്‌സ് ലൈസൻസ് സ്വന്തമാക്കിയപ്പോൾ അന്നത്തെ എം.പിയായിരുന്ന സി.എൻ. ജയദേവനും ഇപ്പോഴത്തെ എം.പിയായ ടി.എൻ. പ്രതാപനുമെല്ലാം ഡെലിഷയെ വീട്ടിലെത്തി അനുമോദിക്കുകയുണ്ടായി. എല്ലാവിധ പ്രോത്സാഹനവും വാഗ്ദാനം നൽകിയിരുന്നു. കൂടാതെ പ്ലസ് ടുവിന് പഠിച്ച മുണ്ടശ്ശേരി സ്മാരക ഹയർ സെക്കണ്ടറി സ്‌കൂളും ഡെലിഷയുടെ കഴിവിനെ ആദരിച്ചിരുന്നു.
പപ്പ ഡേവിസ് ഇപ്പോഴും ടാങ്കർ ലോറി ഓടിക്കുന്നുണ്ട്. അമ്മ ട്രീസ വീട്ടമ്മയാണ്. മൂത്ത സഹോദരി ശ്രുതി തൃശൂരിലെ ഒളരി മദർ ആശുപത്രിയിൽ നഴ്‌സായിരുന്നു. ജോലി രാജിവെച്ച് ദുബായിലെ ഒരാശുപത്രിയിൽ ജോലിക്കു പോകാനൊരുങ്ങവേയാണ് കോവിഡ് പ്രതിസന്ധിയിലാക്കിയത്. അനുജത്തി സൗമ്യയാകട്ടെ, തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ രണ്ടാം വർഷ മെഡിക്കൽ ലാബ് ടെക്‌നിഷ്യൻ വിദ്യാർത്ഥിയാണ്.






