കെ. മാധവനാരുടെ 'ഹിമാലയൻ യാത്ര'യാണ് മലയാളത്തിലിറങ്ങിയ ആദ്യത്തെ ഹിമാലയ യാത്രാ ഗ്രന്ഥം. 1920 ൽ അദ്ദേഹം കേദാർനാഥ്, ബദരീനാഥ് തുടങ്ങിയ ഹിമാലയൻ മേഖലകളിൽ കാൽനടയായി സഞ്ചരിച്ചശേഷം എഴുതിയതാണ് ഈ ഗ്രന്ഥം. അക്കാലത്ത് അവിടൊക്കെ എത്തിപ്പെടുകയെന്നത് തന്നെ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.
സ്വാതന്ത്ര്യസമര പോരാളിയും പത്രപ്രവർത്തകനുമായ കെ. മാധവനാർ രാജ്യം സ്വതന്ത്രമാകുന്നതിന്മുമ്പ് നടത്തിയ ഈ യാത്ര ഇന്ത്യയുടെ ആത്മാവ് തൊട്ടറിയാനുള്ള യാത്ര കൂടിയായിരുന്നുവെന്ന് കാണാം. ദേശസ്നേഹ പ്രചോദിതമായി അദ്ദേഹം ത്യാഗോജ്വലമായി നടത്തിയ ഹിമാലയൻയാത്ര വളരെയേറെ ആളുകളെ ആവേശം കൊള്ളിക്കുകയുണ്ടായി.
കേരളത്തിൽനിന്ന് അതിന് മുമ്പും പലരും ഹിമാലയത്തിൽ എത്തിപ്പെട്ടിരിക്കാം. മലയാളിയായ തപോവനസ്വാമികൾ കൈലാസം, യമുനോത്രി, ഗംഗോത്രി, ഗോമുഖം, കേദാരം, ബദരി തുടങ്ങിയ കുറച്ചുകൂടെ ക്ലേശകരമായ പ്രദേശങ്ങളിൽ സഞ്ചരിച്ച് അനുഭവങ്ങൾ ആർജിച്ചിരുന്നു. 1938 ൽ അദ്ദേഹത്തിന്റെ കൈലാസയാത്ര ഗ്രന്ഥവും മറ്റും പുറത്തുവന്നു. ഇതൊക്കെ വായിച്ചിട്ട് ഹിമാലയത്തിൽ ഒന്നുപോകണമെന്ന് ആഗ്രഹിക്കാത്ത ഒരു ഇന്ത്യക്കാരനും ഉണ്ടാകുമെന്ന് തോന്നുന്നില്ല.
ഹിമാലയം ഹിന്ദുമതത്തിന്റെ ആത്മീയ കേന്ദ്രമാണ്. കൈലാസവും മാനസസരോവറും ഒക്കെ വിശ്വാസികളുടെ പുണ്യസ്ഥാനങ്ങളാണ്. എങ്കിലും മതത്തിന് അതീതമായ ഒരു സംസ്കാരവും ആത്മീയതയും പ്രസരിപ്പിക്കുന്ന ഊർജമണ്ഡലമാണിത്. പലരും പല വീക്ഷണകോണിലൂടെയാണ് ഹിമാലയത്തെ നോക്കിക്കാണുന്നത്. ഹിമാലയം ഉണ്ടായിരുന്നില്ലെങ്കിൽ ഇന്ത്യ ഒരിക്കലും ഇതുപോലെയായിരിക്കില്ല അത്രമാത്രം ഇവിടെകഴിയുന്ന മനുഷ്യരുൾപ്പെടെയുള്ള ജീവജാലങ്ങളെ സ്വാധീനിക്കുന്നുണ്ട്.
ഹിമാലയം മതത്തിന് അതീതമായി മനുഷ്യരെ ആകർഷിക്കുന്ന ആത്മീയമായ സ്ഥാനമാണ്. മുസ്ലിംകളും ഹിമാലയത്തിലേക്ക് ആകർഷിക്കപ്പെടുന്നു. ക്രിസ്ത്യാനിയായി ജനിച്ച യാത്രികനായിരുന്ന രാജൻ കാക്കനാടൻ ഹിമാലയത്തിൽ അലഞ്ഞ് തിരിഞ്ഞ് നടന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഹിമാലയൻ ഗ്രന്ഥങ്ങൾ പുറത്തുവന്നു. നിരവധി ഗ്രന്ഥങ്ങളാണ് ഹിമാലയത്തെക്കുറിച്ച് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. ഹിമാലയൻയാത്രയെന്നത് വളരെയേറെ സാധാരണമായതാണ് ഇതിന് ഒരു കാരണം. പഴയകാലത്തെ ബുദ്ധിമുട്ടുകളിന്നില്ല. എങ്കിലും ഹിമാലയത്തിൽപോകാൻ ആഗ്രഹിക്കുകയും എന്നാൽ പോകാൻ കഴിയാതിരിക്കുകയും ചെയ്യുന്ന കോടിക്കണക്കിന് ആളുകൾ നമ്മുടെ നാട്ടിലുണ്ട്. അവരൊക്കെ ഹിമാലയത്തെക്കുറിച്ചുള്ള യാത്രികരുടെ അനുഭവഗ്രന്ഥങ്ങൾ വായിച്ച് ആത്മസംതൃപ്തിയടയുന്നു. ഹിമാലയത്തിൽ പോയിട്ടുള്ളവരും മറ്റുള്ളവർക്ക് കൂടുതൽ എന്തൊക്കെ കാണാനായി, അനുഭവിക്കാനായി എന്നറിയാൻവേണ്ടി ഗ്രന്ഥങ്ങൾ വാങ്ങുന്നു. ഒരു പുസ്തകം വായിക്കുമ്പോൾ ആ വ്യക്തിയുടെ ജീവിതത്തെക്കൂടിയാണല്ലോ നമ്മൾ തൊടുന്നത്.
ഈ നിരയിൽ ശ്രദ്ധേയമായൊരു ഗ്രന്ഥമാണ് ബാബുജോണിന്റെ ഹിമാലയൻയാത്ര. പ്രകൃതിസ്നേഹിയും പരിസ്ഥിതിപ്രവർത്തകനും കൂടിയാണ് ബാബുജോൺ എന്നത് അദ്ദേഹത്തിന്റെ ഹിമാലയൻയാത്രയെ വേറിട്ട അനുഭവമാക്കുന്നു.
'ഇതൊരു യാത്രാവിവരണ പുസ്തകമോ, സഞ്ചാരസാഹിത്യത്തിൽപെടുത്താവുന്നതോ അല്ല. ഹിമാലയത്തിന്റെ താഴ്ന്ന ഭാഗങ്ങളുൾപ്പെടുന്ന തീർത്ഥാടന കേന്ദ്രങ്ങളിലും ക്ഷേത്രങ്ങളിലും സഞ്ചാരസ്ഥലങ്ങളിലും എത്തിപ്പെടാൻ ഒരാളെ സഹായിക്കുന്ന ഒരു കൈപുസ്തകം മാത്രമാണെന്നാണ്'ബാബുജോൺ പറയുന്നത്. ഹിമാലയത്തെ സംബന്ധിച്ച് അറിയേണ്ടതെല്ലാം ഈ പുസ് തകത്തിൽ ഉൾപ്പെടുത്താൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. ഹിമാലയയാത്രക്ക് വായനക്കാരെ പ്രചോദിപ്പിക്കുന്ന ഗ്രന്ഥമാണിതെന്ന് പറയാം. മടിച്ചുമടിച്ചിരിക്കാതെ ഭാണ്ഡവും തൂക്കി ഇറങ്ങിപ്പുറപ്പെടുവെന്ന് ബാബുജോൺ ആഹ്വാ നം നടത്തുന്നു. അതുകൊണ്ട് തന്നെ യാത്രയിലേക്കും ഹിമവാനിലേക്കും മനുഷ്യരെ വലിച്ചടുപ്പിക്കുന്ന ഒരു ഗ്രന്ഥമാണിതെന്ന് പറയാം.
ഹരിദ്വാർ, ഋഷികേശ്, യമുനോത്രി, ഉത്തരകാശി, ഗംഗോത്രി, ഗോമുഖ്, തപോവൻ, ഗംഗോത്രിക്ഷേത്രം, ത്രിയുഗിനായാൺ, കേദാർനാഥ്, തുംഗനാഥ്, മധ്യമഹേശ്വർ, കൽപേശ്വർ, ബദരി, മനാ, ഹേമകുൺഡ് സാഹിബ്, അമർനാഥ് തുടങ്ങിയ സ്ഥലങ്ങളെക്കുറിച്ചൊക്കെ സാമാന്യം വിവരം ലഭിക്കാൻ ഈ പുസ്തകം സഹായിക്കും. അതിഭാവുകത്വത്തിലേക്കൊന്നും വഴുതിവീഴാതെ വസ്തുതാപരമായിട്ടാണ് ബാബുജോൺ ഗ്രന്ഥരചന നടത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ പുസ്തകം വിശ്വസിനീയത നേടുന്നുണ്ട്. മനോഹരമായ കളർചിത്രങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.
ഹിമാലയൻ യാത്ര
ഒരു കൈപുസ്തകം
ബാബുജോൺ.
ഡി.സി.ബുക്സ്, വില.195






