സംഗീത നാടക അക്കാദമി പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങൾ റാബിയയെ തേടിയെത്തിയിട്ടുണ്ട്. പോസ്റ്റൽ വകുപ്പിന്റെ മൈ സ്റ്റാമ്പ് പദ്ധതി പ്രകാരം കോഴിക്കോട് പോസ്റ്റ് ഓഫീസ് ബീഗം റാബിയയുടെ തപാൽ സ്റ്റാമ്പും പുറത്തിറക്കിയിരുന്നു. അനാരോഗ്യവും വ്യക്തിപരമായ പരിഭവങ്ങളും അലട്ടുന്നുണ്ടെങ്കിലും കാണാനെത്തുന്നവർക്ക് സന്തോഷം പകരാൻ പാട്ടു പാടിയും തമാശകൾ പറഞ്ഞും അവർ കൂടെ കൂട്ടുന്നു. യാത്ര പറയാൻ നേരത്തും അവർ പാടി...'ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം പേർ വരും. കരയുമ്പോൾ കൂടെ കരയാൻ നിൻനിഴൽ മാത്രം വരും...'
പ്രായം എഴുപത്തേഴു കഴിഞ്ഞെങ്കിലും ബീഗം റാബിയയ്ക്ക് ഇന്നും ചെറുപ്പമാണ്. ആ ശബ്ദത്തിനുമില്ല പ്രായത്തിന്റെ അലോസരങ്ങളൊന്നും. സൈഗാളിന്റെയും ലതാ മങ്കേഷ്കറുടെയും നൂർജഹാന്റെയും ബാബുരാജിന്റെയുമെല്ലാം ഗാനങ്ങൾ ആ കണ്ഠത്തിൽനിന്നും നിർഗളം ഒഴുകിക്കൊണ്ടേയിരിക്കുന്നു. മഴനൂൽക്കനവുകളായി അവ ആത്മാവിലേക്ക് പെയ്തിറങ്ങുന്നു...
കോഴിക്കോടിന്റെ കലാഭൂമികയിൽനിന്നും ഊർജമുൾക്കൊണ്ട് വളർന്ന ബീഗം റാബിയ ക്യാമറയ്ക്കു മുന്നിലേയ്ക്ക് കടന്നുചെല്ലുന്നത് ഈ വാർധക്യത്തിലാണ്. അതൊരു മധുര പ്രതികാരം കൂടിയാണ്. ചെറുപ്പത്തിൽ കൈക്കുമ്പിളിൽ വെച്ചുനീട്ടിയ അവസരം സ്വീകരിക്കാൻ കഴിയാതെ വന്നപ്പോൾ കാലം അവർക്കായി ഇങ്ങനെയൊരു വേഷം കരുതിവെച്ചിട്ടുണ്ടാകാം.
ആദി ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന പൊന്നാനിയുടെ സാംസ്കാരിക പൈതൃകം ഇതിവൃത്തമാക്കിയൊരുക്കുന്ന പന്ത് എന്ന ചിത്രത്തിൽ ഉമ്മൂമ്മയുടെ വേഷത്തിലാണ് ബീഗം റാബിയ എത്തുന്നത്. വിനീതും തുഷാരയുമാണ് നായികാനായകന്മാരായി വേഷമിടുന്നത്. എടപ്പാളിനടുത്ത ഒരു മനയിൽ ചിത്രീകരണം പുരോഗമിക്കുന്ന പന്തിന്റെ ലൊക്കേഷനിൽനിന്നും ശാരീരിക അവശത കാരണം വീട്ടിലെത്തിയതായിരുന്നു റാബിയ. നഗര ഹൃദയത്തിലാണ് താമസമെങ്കിലും ബേപ്പൂരിനടുത്ത നടുവട്ടത്തുള്ള മകളുടെ വസതിയിൽ വെച്ചാണ് റാബിയയെ കണ്ടത്.
കോഴിക്കോടിന്റെ സാംസ്കാരിക ചരിത്രം പരിശോധിക്കുമ്പോൾ ബീഗം റാബിയയുടെ പേര് തങ്കലിപികളിൽ കുറിച്ചിടേണ്ടിവരും. ആറര പതിറ്റാണ്ടു നീണ്ട കലാസപര്യ. കോഴിക്കോട് ആകാശവാണിയായിരുന്നു അവരുടെ തട്ടകം. സ്കൂൾ പഠനകാലത്ത് ബാലലോകത്തിലൂടെ തുടങ്ങിയ കലാജീവിതം.
പാട്ടും നാടകവുമെല്ലാമായി ആകാശവാണിയിലെ എ ഗ്രേഡ് ആർട്ടിസ്റ്റായി ഇന്നും തുടരുന്നു. രാമു കാര്യാട്ടിന്റെ ചെമ്മീനിൽ അഭിനയിക്കാൻ ലഭിച്ച അവസരം യാഥാസ്ഥിതിക പഠാണി മുസ്ലിം കുടുംബത്തിൽ ജനിച്ച റാബിയയ്ക്ക് നിഷിദ്ധമായിരുന്നു. ചെമ്മീനിലെ കറുത്തമ്മയായി വേഷമിട്ടിരുന്നെങ്കിൽ ഇന്ന് രാജ്യമാകെ ആദരിക്കുന്ന ഒരു അഭിനേത്രിയായി റാബിയ തിളങ്ങിനിന്നേനേ.
നഗരത്തിലെ കൂടാരപ്പുര എന്ന് പഴമക്കാർ വിളിച്ചുപോന്ന, ഇന്ന് കെ.ടി.സി സ്ഥാപനങ്ങൾ നിലകൊള്ളുന്നയിടത്തായിരുന്നു ബീഗം റാബിയയുടെ ജനനം. പോലീസുകാരനായ ഷെയ്ഖ് സിന്താമിയ സാഹിബിന്റെയും ബീജുബിയുടെയും അഞ്ചാമത്തെ സന്തതി. പത്താം ക്ലാസ് വരെ വിദ്യാഭ്യാസം നിർവ്വഹിച്ചതുകൊണ്ട് ലോകകാര്യങ്ങൾ പലതും സസൂക്ഷ്മം വീക്ഷിക്കാൻ റാബിയയ്ക്ക് കഴിഞ്ഞു.
ആറാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു റാബിയയുടെ കലാരംഗത്തേയ്ക്കുള്ള ചുവടുവെയ്പ്. കോഴിക്കോട് ആകാശവാണിയുടെ തുടക്ക കാലം. പി. ഭാസ്കരൻ മാസ്റ്ററും തിക്കോടിയനും ചേർന്ന് ബാലലോകം എന്ന കുട്ടികളുടെ പരിപാടി അവതരിപ്പിക്കാൻ കഴിവുള്ള വിദ്യാർത്ഥികളെ തേടിയിറങ്ങി. ബി.ഇ.എം സ്കൂളിലെത്തിയ അവരോട് പ്രധാനാധ്യാപികയായിരുന്ന മിസിസ് ചന്ദ്രനാണ് ക്ലാസിൽ നന്നായി പാടുമായിരുന്ന റാബിയയുടെ പേര് നിർദ്ദേശിച്ചത്.
അക്കാലത്ത് ആകാശവാണി പരിപാടികളെല്ലാം ലൈവായാണ് അവതരിപ്പിച്ചിരുന്നത്. ശനിയാഴ്ച റിഹേഴ്സൽ. ഞായറാഴ്ച ലൈവായി പരിപാടി അവതരിപ്പിക്കും. ബാലലോകം പരിപാടി സ്ഥിരമായി അവതരിപ്പിച്ചു തുടങ്ങിയതോടെ നാടൻ പാട്ടുകളും മാപ്പിളപ്പാട്ടുകളുമെല്ലാം പാടാൻ അവസരം ലഭിച്ചു. ചിദംബരനാഥ്, ഗോപിനാഥ ഭാഗവതർ, ശാന്ത പി. നായർ, മീനാക്ഷി തമ്പി, ശാന്താദേവി തുടങ്ങി ഒട്ടേറെ മഹാരഥന്മാർ അരങ്ങു വാഴുന്ന ആകാശവാണിയിൽ റാബിയയും പിച്ചെവയ്ക്കുകയായിരുന്നു. പഴയ ഹിന്ദി പാട്ടുകൾ കോർത്തിണക്കി അവതരിപ്പിച്ച ദിൽ സേ ദിൽ തക്..., മഹിളാലയം, റേഡിയോ നാടകം തുടങ്ങി ഒട്ടേറെ പരിപാടികളുടെ അവതാരക വേഷം റാബിയയിൽ വന്നുചേർന്നു. വൈകാതെ ആകാശവാണിയിലെ എ ഗ്രേഡ് ആർട്ടിസ്റ്റായി ഉയരുകയായിരുന്നു.
പി.വി. കൃഷ്ണമൂർത്തി ആകാശവാണിയിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഡയറക്ടറായിരുന്ന കാലത്താണ് പതിനേഴുകാരിയായ റാബിയയ്ക്ക് ആകാശവാണിയിൽ റേഡിയോ ആർട്ടിസ്റ്റായി ജോലി ലഭിക്കുന്നത്. പത്തു രൂപയായിരുന്നു പ്രതിഫലം. ബാലൻ കെ.നായർ, നിലമ്പൂർ ആയിഷ, കുതിരവട്ടം പപ്പു, ശാന്താദേവി തുടങ്ങിയവരോടൊപ്പം ചേർന്ന് ഒട്ടേറെ റേഡിയോ നാടകങ്ങൾ അവതരിപ്പിച്ചു. എം.ടി. വാസുദേവൻ നായർ, എസ്.കെ. പൊറ്റെക്കാട്, കെ.ടി.മുഹമ്മദ്, വാസു പ്രദീപ്, പി.എൻ.എം. ആലിക്കോയ, ബി. മുഹമ്മദ്, കെ.തായാട്ട്... തുടങ്ങി പ്രതിഭാധനരായ ഒട്ടേറെ പേരുടെ നാടകങ്ങൾ ശബ്ദം കൊണ്ട് അനശ്വരമാക്കുകയായിരുന്നു ഈ കലാകാരി. ആറര പതിറ്റാണ്ടിലേറെക്കാലം ആകാശവാണിക്കൊപ്പം സഞ്ചരിച്ച റാബിയ ഇപ്പോഴും ആ യാത്ര തുടരുന്നു.
റാബിയയുടെ നാടൻപാട്ടു കേൾക്കാൻ ജനങ്ങൾ തടിച്ചുകൂടിയ ഒരു കാലമുണ്ടായിരുന്നു. പഴയ അൻസാരി പാർക്കിലെ റേഡിയോയിൽ വൈകുന്നേരങ്ങളിലെ നാട്ടിൻപുറം കേൾക്കാനായിരുന്നു അവരെത്തിയത്. നാട്ടിൻപുറം പരിപാടിയിലായിരുന്നു റാബിയയുടെ ഗാനങ്ങൾ ഉൾക്കൊള്ളിച്ചിരുന്നത്. ഹിന്ദി, ഉറുദു ഭാഷാപ്രാവീണ്യമാണ് ആലാപന രംഗത്ത് മുതൽക്കൂട്ടായത്. ക്രൗൺ തിയേറ്ററിലെത്തിയിരുന്ന ഇംഗ്ലീഷ്, ഹിന്ദി സിനിമകൾ കണ്ടുവരുന്ന ചേട്ടൻ അവയിലെ പാട്ട് ഉച്ചത്തിൽ പാടും. ഇതു കേട്ടാണ് റാബിയ പഠിച്ചത്. കൂടാതെ അയൽവീട്ടിലെ ഗ്രാമഫോണിൽനിന്നും കേൾക്കുന്ന പാട്ടുകളും ഹൃദിസ്ഥമാക്കി.
ആകാശവാണിയിലെ ജോലി അധികനാൾ തുടരാനായില്ല. ബിസിനസുകാരനും നാടകകൃത്തുമെല്ലാമായ ഷെയ്ഖ് മുഹമ്മദിനെ വിവാഹം ചെയ്തതോടെ ജോലി രാജിവെയ്ക്കേണ്ടിവന്നു. യാഥാസ്ഥിതികരായ ഭർതൃവീട്ടുകാർക്ക് മരുമകളെ ജോലിക്കു വിടാൻ താൽപര്യമില്ലായിരുന്നു. സ്ഥിരം ജോലി ഒഴിവാക്കിയെങ്കിലും ഗാനാലാപനവും നാടകാവതരണവും തുടർന്നു.
1956 ൽ രാജ്യത്തെ പ്രഗത്ഭരായ കലാകാരന്മാരെ അണിനിരത്തിയൊരുക്കിയ കലാസന്ധ്യ റാബിയയ്ക്ക് ഇന്നും മറക്കാനാവില്ല. മോഡൽ ഹൈസ്കൂളിൽ വെച്ചായിരുന്നു പരിപാടി. മൃണാളിനി സാരാഭായിയും മറ്റും അണിനിരന്ന ആ പരിപാടിയിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് എന്ന നോവലിന്റെ നാടകാവിഷ്കാരവുമുണ്ടായിരുന്നു. കെ.ടി. മുഹമ്മദ് സംവിധാനം ചെയ്ത നാടകത്തിൽ കുഞ്ഞിപ്പാത്തുമ്മയായി റാബിയ വേഷമിട്ടു.
സമുദായം എതിർപ്പുകൾ പറഞ്ഞെങ്കിലും കെ.ടി സമ്മതിച്ചില്ല. ഒടുവിൽ നോട്ടീസിൽ പേരു ചേർക്കാതെ രമണി എന്ന പേരിലായിരുന്നു നാടകത്തിൽ വേഷമിട്ടത്. ഉമ്മയുടെ വേഷത്തിലെത്തിയത് നിലമ്പൂർ ആയിഷയായിരുന്നു. നിസാർ അഹമ്മദായി കെ.പി. ഉമ്മറും. അദ്ദേഹത്തോടൊപ്പം ചേർന്നഭിനയിക്കേണ്ട രംഗങ്ങളിൽ അകലം പാലിച്ചായിരുന്നു നിന്നത്. കാരണം കെ.പി. ഉമ്മറിനെ പേടിയായിരുന്നു. കൈ പിടിക്കേണ്ട ഘട്ടത്തിൽ തൂവാല കൊടുത്ത് അതിൽ പിടിച്ചാണ് അഭിനയിച്ചത്.
നാടകം അവതരിപ്പിച്ചുകഴിഞ്ഞപ്പോൾ ഗ്രീൻ റൂമിൽ രണ്ടു പേർ വന്നു. രാമു കാര്യാട്ടും നടൻ സത്യനും. തകഴിയുടെ ചെമ്മീൻ എന്ന നോവൽ സിനിമയാക്കുന്നുവെന്നും അതിൽ കറുത്തമ്മയാകാനുമായിരുന്നു ക്ഷണം. രാഘവൻ മാസ്റ്ററും തിക്കോടിയനും വൈക്കം മുഹമ്മദ് ബഷീറുമെല്ലാം നിർബന്ധിച്ചെങ്കിലും വീട്ടുകാരെ പേടിച്ച് ഒഴിഞ്ഞുമാറുകയായിരുന്നു.
പുതിയ നിയോഗത്തിനു പിന്നിലും ഒരു കഥയുണ്ട്. കഴിഞ്ഞ വർഷം വീടിനു മുന്നിലെ പിട്ടാപ്പിള്ളിൽ ഏജൻസീസ് എന്ന ഗൃഹോപകരണ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് മഞ്ജു വാര്യർ വന്നതറിഞ്ഞ് റാബിയയും അവിടെയെത്തി. അന്ന് മഞ്ജു വാര്യരുടെ കവിളിൽ നൽകിയ മുത്തമാണ് ഇന്ന് സിനിമയുടെ വെള്ളിവെളിച്ചത്തിലേയ്ക്ക് റാബിയയെ നയിച്ചത്.
ഒരു നിമിഷനേരം സ്വയം മറന്ന് പഴയ കാലത്തേക്ക് മനസ്സ് പോയപ്പോൾ റാബിയ കരഞ്ഞുപോയി. ഇതു കണ്ട് മഞ്ജുവും സ്തബ്ധയായി. അന്ന് ചെമ്മീനിലെ കറുത്തമ്മയായിരുന്നെങ്കിൽ തനിക്കും ഇങ്ങനെയൊക്കെ നിൽക്കാൻ കഴിയുമായിരുന്നു എന്ന തോന്നലാണ് അവരുടെ മനസ്സിടറാൻ കാരണമായത്.
അടുത്ത ദിവസം മഞ്ജു വാര്യർ ഫേസ് ബുക്കിൽ ഇങ്ങനെ കുറിച്ചിട്ടു: ''ആ സ്നേഹം നിറഞ്ഞ മുഖം എന്റെ മുന്നിൽനിന്ന് മറഞ്ഞപ്പോൾ എനിക്കെന്തൊക്കെയോ ചോദിക്കാനും ആ അമ്മയ്ക്ക് എന്തൊക്കെയോ പറയാനും ബാക്കിയുണ്ടെന്നു തോന്നി... എവിടെയാണെങ്കിലും ആ സ്നേഹവും പ്രാർത്ഥനയും എന്നെ താങ്ങിനിർത്തട്ടെ... എവിടെയാണെങ്കിലും ഈശ്വരൻ ആ അമ്മയ്ക്ക് ആരോഗ്യവും മനസ്സമാധാനവും നൽകട്ടെ...'' മഞ്ജുവിന്റെ ഈ പോസ്റ്റ് ഏറെ ചലനങ്ങളുണ്ടാക്കി. മറഞ്ഞുനിൽക്കുന്ന ആ അമ്മയുടെ മുഖം ആരും കണ്ടിരുന്നില്ല. എന്നിട്ടും ചാനലുകൾ റാബിയയുടെ വീട്ടിലെത്തി. അവരുമായി സംസാരിച്ചു. പഴയ കഥകൾ പങ്ക് വെച്ചു.
സംവിധായകൻ ആദി തന്റെ സിനിമയിലേയ്ക്ക് ഒരു ഉമ്മൂമ്മയെ തേടി നടക്കുകയായിരുന്നു. ചാനലിലെ ചിത്രം കണ്ട് കോഴിക്കോട്ടെത്തി. പന്ത് എന്ന ചിത്രത്തിൽ നിലമ്പൂർ ആയിഷയും തന്നോടൊപ്പം അഭിനയിക്കുന്നുണ്ട് എന്നതും ഒരു നിയോഗമായിരിക്കാം. സംവിധായകൻ പറയുന്നതു പോലെയെല്ലാം ചെയ്യാൻ ശ്രമിക്കുന്നു. എല്ലാവരുടെയും സഹകരണംകൊണ്ട് സിനിമാഭിനയം അത്രം കടുപ്പമില്ലാതെ മുന്നേറുകയാണ് -റാബിയ പറയുന്നു.
സംഗീത നാടക അക്കാദമി പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങൾ റാബിയയെ തേടിയെത്തിയിട്ടുണ്ട്. പോസ്റ്റൽ വകുപ്പിന്റെ മൈ സ്റ്റാമ്പ് പദ്ധതി പ്രകാരം കോഴിക്കോട് പോസ്റ്റ് ഓഫീസ് ബീഗം റാബിയയുടെ തപാൽ സ്റ്റാമ്പും പുറത്തിറക്കിയിരുന്നു.
അനാരോഗ്യവും വ്യക്തിപരമായ പരിഭവങ്ങളും അലട്ടുന്നുണ്ടെങ്കിലും കാണാനെത്തുന്നവർക്ക് സന്തോഷം പകരാൻ പാട്ടു പാടിയും തമാശകൾ പറഞ്ഞും അവർ കൂടെ കൂട്ടുന്നു. യാത്ര പറയാൻ നേരത്തും അവർ പാടി...
'ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം പേർ വരും. കരയുമ്പോൾ കൂടെ കരയാൻ നിൻനിഴൽ മാത്രം വരും...'






