മദ്യം ഏത് കാലത്തും മനുഷ്യന്റെ സ്വസ്ഥത തകർക്കുന്ന ഘടകം തന്നെയാണ്. മദ്യം എല്ലാ കാലത്തും മനുഷ്യ ജീവിതത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. രണ്ടുമൂന്നു മാസം മുമ്പാണ് ഗൾഫിൽ മദ്യ ലഹരിയിൽ മലയാളി യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നത്. കഴിഞ്ഞ ദിവസവും കേരളത്തിൽനിന്ന് സമാനമായ വാർത്ത വന്നു. അച്ഛനാണ് മകനെ കുത്തിക്കൊന്നത്. പിന്നിൽ മദ്യലഹരിയായിരുന്നു വില്ലൻ.
ലോകത്തെവിടെയും മദ്യം ലഭിക്കുന്നു. പല തരത്തിലുള്ള മദ്യം ലഭ്യമാണ്. ഓരോ തരം മദ്യത്തിലും ഇതൈൽ ആൽക്കഹോളിന്റെ അംശം വേർതിരിഞ്ഞ് കിടക്കുന്നു. ബിയറിൽ ഏഴു ശതമാനമെങ്കിൽ, ബ്രാണ്ടി, വിസ്‌കി തുടങ്ങിയവയിൽ മുപ്പത്-നാല്പത് ശതമാനം വരെ. വാറ്റുമദ്യങ്ങളിൽ ഇതൈൽ ആൽക്കഹോളിന്റെ അംശം അമ്പതും കടക്കുന്നു. ആദ്യമൊക്കെ ബിയറോ നാടൻ കള്ളോ കുടിച്ചു തുടങ്ങുന്ന പലർക്കും അത് മതിയാവാതെ വരുന്നു.
അവർ കൂടുതൽ, പെട്ടെന്ന് 'കിക്ക്' കിട്ടുന്ന മദ്യം തേടുന്നു. ഒരിക്കലും മദ്യപിച്ചു തുടങ്ങുന്ന ഒരാൾ അതിന് കീഴ്‌പ്പെടുമെന്ന് കരുതുന്നില്ല. മറിച്ച് മദ്യത്തെ കീഴ്‌പ്പെടുത്തിക്കഴിയുമെന്നാണ് അഹങ്കരിക്കുക. മദ്യപിക്കുന്നവരിൽ 80 ശതമാനത്തോളം വരുന്ന 'സോഷ്യൽ ഡ്രിങ്കേഴ്‌സ്' ഇടക്കിടെ കുടിച്ച് കഴിയുന്നു. ഒത്തുചേരലുകളിലും ആഘോഷങ്ങളിലും വാരാന്ത്യങ്ങളിലും അവർ മദ്യപിക്കുന്നു. ഗൾഫിലെ ബാച്ച്‌ലർ ക്വാർട്ടേഴ്‌സുകളിലും ലേബർ ക്യാമ്പുകളിലും വെച്ച് കുടി നടത്തുന്നു. കൂട്ടുചേർന്ന് വീടുകളിൽവെച്ചും അവധി ദിനങ്ങളുടെ തലേന്ന് രാത്രി മദ്യം ലഭിക്കുന്ന റസ്റ്റോറന്റുകളിൽ വെച്ചും കുടിക്കുന്നവരുണ്ട്. ഗൾഫിലൊരിടത്തുവെച്ച്, കൂട്ടുകാരനൊപ്പം മരുപ്പറമ്പുകളും പാറമടക്കുകളും കാണാൻ പോയപ്പോൾ കൂടെയുണ്ടായിരുന്ന ഒരാൾ വഴിയിലുടനീളം കുടിച്ചുകൊണ്ടേയിരുന്നത് ഓർമയിലുണ്ട്.
ഗൾഫിൽവെച്ച് മദ്യപിച്ച് കീഴടങ്ങുന്നവരിൽ ഭൂരിപക്ഷം ബാച്ചലേഴ്‌സ് ആണ്. അവർക്ക് ലഭിക്കുന്ന സ്വാതന്ത്ര്യവും സൗകര്യവും തന്നെയാണ് അതിനുള്ള പ്രധാന കാരണം. ഇക്കൂട്ടരിൽ പല തരത്തിലുള്ള മദ്യപന്മാരുണ്ട്.
വ്യാഴാഴ്ച രാത്രി മദ്യപിക്കുന്നവരാണ് ഇക്കൂട്ടരിൽ കൂടുതൽ. ബാറുകളിൽ പോയോ മുറിയിലിരുന്നോ ഒറ്റക്കോ കൂട്ടംചേർന്നോ ഇവർ കുടിക്കുന്നു. പിറ്റേന്ന് അവധിയാകയാൽ വൈകിയെണീക്കുന്നവരാണിവർ. ബാച്ചലർമാരിൽ ചിലർ വെള്ളിയാഴ്ച വൈകുന്നേരങ്ങളിൽ മദ്യപിക്കുന്നവരാണ്. മദ്യപിക്കാനുള്ള പ്രധാന സൗകര്യങ്ങളിലൊന്ന് ഭാര്യയോ, മാതാപിതാക്കളോ മക്കളോ ഇവർ മദ്യപിച്ചത് നേരിട്ടറിയുന്നില്ല എന്നതാണ്. പലരുടേയും മദ്യപാനം ഭാര്യമാർ ഫോണിലൂടെ 'മണത്തറിയുന്നു'വെങ്കിലും തടസ്സമേതും പ്രകടമായില്ലാത്തതിനാൽ ഇവരിൽ പലരും നിർബാധം മദ്യപാനം തുടരുന്നു. മദ്യപിക്കാത്ത ചങ്ങാതിമാരിൽ നിന്നോ അടുത്ത ബന്ധുജനങ്ങളിൽനിന്നോ ഉള്ള പ്രതികരണങ്ങളേയോ ഉപദേശങ്ങളേയോ വിലവെക്കുന്നില്ല. മദ്യപാനത്തിന്റെ പ്രത്യാഘാതങ്ങൾ പെരുമാറ്റങ്ങളിൽ മെല്ലെ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ടാവും. ജോലിയിടങ്ങളിലെ നീക്കങ്ങളെ ബാധിച്ചു തുടങ്ങിയിട്ടുമുണ്ടാവും. എന്നാലും അവർ മദ്യപാനം തുടരുന്നു.
ഫ്‌ളാറ്റുകളിലോ വില്ലകളിലോ വെച്ച് കൂട്ടുചേർന്ന് മദ്യപിക്കുന്നവരാണ് മറ്റൊരു കൂട്ടർ താരതമ്യേന സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലുള്ളവരാണീ ഗൾഫുകാർ. ആഘോഷങ്ങളാണ് ഇവരുടെ ആദ്യകാല മദ്യപാന വേദികൾ. പരിചയമുള്ളവരാണ് സഹമദ്യപന്മാരായെത്തുക. ആദ്യമൊക്കെ കുട്ടികളോ സ്ത്രീകളോ അറിയാതെയാണീ ഗൾഫുകാരുടെ മദ്യപാനം. പിന്നീട് കുടുംബിനികളുടെ ഒത്താശയോടെയാവും. അവർ നിർദേശിക്കുക പുറത്തു പോയി മദ്യപിക്കരുതെന്നായിരിക്കും. മദ്യപിക്കുന്നതിന്റെ തോത് കുറക്കുവാൻ എപ്പോഴും അവർക്കാവുമെന്ന് തെറ്റിദ്ധരിക്കുന്നു അവർ. മദ്യപാനമേറുമ്പോൾ അവർ തങ്ങൾക്കിത് കലപില കൂട്ടിയോ കലഹിച്ചോ നിർത്തിക്കാനാവുമെന്നും വിചാരിക്കുന്നു. പലരുടേയും മദ്യപാനം വീടിന് പുറത്തേക്ക് നീങ്ങുന്നു. ഉയർന്ന ജോലിയുള്ളവരുടെ മദ്യപാനത്തിന്റെ തുടക്കം ചിലപ്പോൾ ഔദ്യോഗികമായ ഒത്തുചേരലുകളിൽ വെച്ചായിരിക്കും. അത് ജോലിയുടെ ഭാഗമാണെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചേക്കും. മദ്യപിക്കുന്നത് ജോലിക്കയറ്റത്തിനും മെച്ചപ്പെട്ട സ്ഥാനലബ്ധിക്കും സഹായിക്കുമെന്നും ഇക്കൂട്ടർ പറഞ്ഞെന്നിരിക്കും.
ഗൾഫിലായാലും പല തലങ്ങളിലായി ഈവിധം കുടിച്ചു തുടങ്ങുന്നവരും എപ്പോഴും ഇടയ്ക്ക് കുടിച്ച് കഴിയുന്നവരാവില്ല. ചിലർ ക്രമാനുസൃതമായി കുടിയുടെ തോത് കൂട്ടുന്നു. ഇടവേള കുറയുന്നു. മദ്യത്തിന് കീഴ്‌പ്പെടുന്നു. അവരുടെ ജീവിതം അമിത മദ്യാസക്തിക്ക് മുന്നിൽ താറുമാറാക്കപ്പെടുന്നു. ശരീരത്തെ ബാധിക്കുന്നു. രോഗങ്ങൾ പ്രത്യക്ഷത്തിൽ യുവത്വത്തിൽ വന്നേക്കില്ല. എന്നാൽ വന്നെത്തുന്ന രോഗങ്ങളെ മദ്യപാനം വഷളാക്കുന്നു. മാനസിക തലങ്ങളെ പലവിധേന ബാധിച്ചിരിക്കും. അതിവൈകാരികത, കടുത്ത ദേഷ്യം, അനിയന്ത്രിതമായ കോപം, കുറ്റബോധം, വെറുപ്പ് തുടങ്ങിയവ മറ്റുള്ളവരുമായുള്ള ബന്ധങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. ബന്ധങ്ങളെ ബാധിക്കുന്നു. സംഘർഷങ്ങളുണ്ടാവുന്നു. ഭാര്യയും മക്കളും നാട്ടിലാകയാൽ മദ്യപാനത്താലുണ്ടാകുന്ന സംഘർഷങ്ങൾ ഇക്കൂട്ടർക്ക് കുറവായിരിക്കും. മദ്യപാനത്തെക്കുറിച്ച് മനസ്സിലാക്കുന്ന ഭാര്യമാരുടെ കടുംവാക്കുകളെ അതിജീവിക്കാനുള്ള തന്ത്രങ്ങൾ അവർ തന്നെ മെനഞ്ഞെടുക്കും.
മദ്യപിക്കുന്ന പല ഗൾഫുകാരും എയർപോർട്ടിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽനിന്ന് മദ്യം വാങ്ങിയായിരിക്കും നാട്ടിൽ വിമാനമിറങ്ങുക. കൂട്ടുകാർക്കോ പഴയ ബോസുമാർക്കോ ഉപഹാരമായി നൽകാനാണതെന്ന് പറയും. ഗൾഫുകാരെത്തിയാൽ മദ്യപിക്കുന്ന കൂട്ടുകാരുമെത്തും. ഗൾഫിൽനിന്ന് വരുന്നവർ നാട്ടിൽ കൂട്ടുചേർന്ന് കുടിക്കുന്നത് ചങ്ങാതിമാരുടെയിടയിലെ മേൽക്കോയ്മ കാണിക്കാനാണ്. പത്രാസ് പ്രകടിപ്പിക്കാനാണ്. എന്നാൽ ഇടക്കിടെയുള്ള മദ്യപാനം വീട്ടിൽ അസ്വസ്ഥതകളുണ്ടാക്കുന്നതും ഭാര്യാഭർതൃ ബന്ധത്തെ ബാധിക്കുന്നതും വൈകാതെ അവർ തിരിച്ചറിയാതിരിക്കില്ല. മദ്യപിക്കാതിരിക്കാനാവാത്തവർ നാട്ടിലെത്തിയാൽ സർവ സ്വാതന്ത്ര്യങ്ങളും ആഘോഷിച്ച് മദ്യപിച്ചുകൊണ്ടേയിരിക്കുന്നു. അവർ അമിത മദ്യാസക്തി എന്ന രോഗത്തിനടിപ്പെട്ടവരാണെങ്കിലും ഏതുസമയത്തും കുടിനിർത്താനാവുമെന്ന് വീമ്പിളക്കി കുടിച്ച് നശിക്കുന്നു. മറ്റുള്ളവരെ നശിപ്പിക്കുകയും ചെയ്യുന്നു.
ഗൾഫ് നാടുകളിലേക്ക് തൊഴിൽ കുടിയേറ്റം നടത്തുന്നവർ ജീവിതത്തിലെ പ്രാരാബ്ധങ്ങൾക്ക് പരിഹാരം കാണാനാണ് ശ്രമിക്കുന്നത്. എന്നാൽ മദ്യപാനം അത് പലവിധ പ്രശ്‌നങ്ങളിലേക്ക് കൊണ്ടുചെന്നെത്തിക്കുന്നു. എളുപ്പം പരിഹാരം കണ്ടെത്താനാവാത്ത അവസ്ഥയിൽ എത്തിക്കുന്നു.
ഗൾഫുകാരന്റേയും മുന്നിലുള്ള ഏറ്റവും സുരക്ഷിതമായ മാർഗം ഒരിക്കലും കുടിക്കാതിരിക്കുക എന്നതാണ്. ഒരിക്കലും കുടിക്കാതിരിക്കുന്നവർ മദ്യത്തിനൊരിക്കലും കീഴ്‌പ്പെടുന്നില്ല എന്നത് തന്നെയാണ് ഗൾഫുകാരും ഓർക്കേണ്ടത്. മദ്യത്തിന് വിധേയരായാൽ സർവരും നശിക്കുമെന്നതും അതെളുപ്പം തിരിച്ചുപിടിക്കാനാവില്ലെന്നതുമാണ് സത്യം. ആരാണതിന് കീഴടങ്ങുകയെന്നത് അമിത മദ്യാസക്തരായിത്തീരുന്ന നൂറിൽ ഇരുപതു പേർ ആരാണെന്നത് ഒരാൾക്കും പ്രവചിക്കാനാവാത്തവിധം നിഗുഢമാണുതാനും. മദ്യപിക്കുന്ന ഗൾഫുകാർ ആലോചിക്കേണ്ടതിത്ര മാത്രം: എന്തിന് ഞാൻ ഇരുപതു ശതമാനത്തിലൊരാളായി മാറി എന്റെയും കുടുംബാംഗങ്ങളുടെയും ജീവിതം നശിപ്പിക്കണം?
ഗൾഫുകാർ ആഘോഷ വേളകളിലോ ഒത്തുചേരലുകളിലോ മദ്യപിക്കുന്നത് പൂർണമായും നിർത്തുക. മദ്യപിച്ച് തുടങ്ങാത്തവർ ഇത്തരം സന്ദർഭങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുക. മദ്യപിക്കാൻ പ്രേരണയുണ്ടാവുമ്പോൾ ഇപ്പോൾ വേണ്ട, വീട്ടുകാരറിഞ്ഞാലപകടമാവും, മൂഡില്ല തുടങ്ങിയ പ്രതികരണങ്ങൾ നടത്താതെ 'ഞാൻ മദ്യപിക്കില്ല' എന്നറിയിക്കുക. നിർബന്ധങ്ങൾക്ക് വഴങ്ങാതിരിക്കുക.
ഒരു സൽക്കാരത്തിലും മദ്യം വിളമ്പാതിരിക്കുക. മദ്യം വിളമ്പുന്ന സൽക്കാരങ്ങളിൽനിന്ന് വിട്ടുനിൽക്കുക.
മദ്യപിക്കുന്ന ഗൾഫുകാർ മദ്യപാനത്തെക്കുറിച്ചും അത് രോഗമായി മാറുന്നതിനെക്കുറിച്ചും വായിച്ചറിയുക. ഇക്കാലം വരെയും മദ്യാസക്തി പൂർണമായി ഇല്ലാതാക്കാനുള്ള ഒരു ചികിത്സയും കണ്ടെത്തിയിട്ടില്ല എന്ന വസ്തുത മനസ്സിലാക്കുക. ഞാൻ എന്റെ ജീവിതം താറുമാറാക്കാൻ വഴിവെക്കുകയില്ല എന്ന തീരുമാനത്തിന് ആദ്യ മദ്യപാനം ഒഴിവാക്കാനാവും. ആദ്യ മദ്യപാനത്തിൽനിന്ന് വിട്ടുനിൽക്കുക എന്നതു തന്നെയാണ് മദ്യപിക്കാതിരിക്കാനും അതിന് കീഴ്‌പ്പെടാതിരിക്കാനുമുള്ള മാർഗം.
ആദ്യകാല മദ്യപാനത്തിന് ന്യായം കണ്ടെത്തുന്നുവെങ്കിൽ മദ്യപാനത്തിന്റെ ഇടവേളകളും തോതും മാറിക്കൊണ്ടിരിക്കുന്നുവെങ്കിൽ, അമിത മദ്യാസക്തിയുടെ പടവുകൾ കയറിത്തുടങ്ങി എന്നറിയുക. ഒരാൾക്കും അയാൾ മാത്രം വിചാരിച്ചാൽ എക്കാലവും എപ്പോഴെങ്കിലും കുടിക്കുന്നയാളായിരിക്കാനാവും എന്ന അപകട വിചാരം ഉപേക്ഷിക്കുക.
മദ്യപിക്കുന്ന ദിനങ്ങൾ മുൻകൂട്ടി മനസ്സിൽ പ്ലാൻ ചെയ്യാൻ തുടങ്ങിയെങ്കിൽ മദ്യപിക്കാതിരിക്കുമ്പോൾ പിൻമാറ്റ അസ്വാസ്ഥ്യങ്ങൾ ഉണ്ടാകുന്നുവെങ്കിൽ അമിത മദ്യാസക്തിയിലേക്ക് നൂലിഴ വ്യത്യാസമേയുള്ളൂ. അത്തരമാളുകളുടെ കുടുംബ ജീവിതത്തേയും മദ്യാസക്തി ബാധിച്ചുകഴിഞ്ഞിരിക്കും. ഇക്കൂട്ടർ ഉടനെ ചികിത്സകരെ സമീപിക്കുന്നതാണ് വിവേകം. ചികിത്സക്ക് കുടുംബത്തിന്റെ സഹായവും ആവശ്യമാണ്.
മദ്യത്തിന് കീഴ്‌പ്പെട്ടവർക്ക് വൈദ്യശാസ്ത്ര-മനഃശാസ്ത്ര സംയുക്ത ചികിത്സയാണ് അനിവാര്യം. അലോപ്പതി, കൗൺസലിംഗ് എന്നിവ ആവശ്യമായി വരുന്നു. അത്തരം സംയുക്ത ചികിത്സാകേന്ദ്രങ്ങൾ സർക്കാർ സഹായത്തോടെ കേരളത്തിൽ പല ഭാഗങ്ങളിലും പ്രവർത്തിക്കുന്നുണ്ട്.
ഗൾഫ് നാടുകളിലെ മദ്യപാനം കൂടുതൽ അപകടങ്ങൾ ഉണ്ടാക്കുന്നുണ്ട്. ജോലി നഷ്ടപ്പെടൽ, സഹപ്രവർത്തകരോടുള്ള സംഘർഷം, ജയിൽവാസം തുടങ്ങിയവക്ക് നാട്ടിലുള്ളതിനേക്കാൾ സാധ്യതയുണ്ട്. ജീവിതം പച്ചപിടിക്കാൻ അറബിക്കടൽ കടക്കുന്നവർ അത് മരുപ്പറമ്പാക്കി മാറ്റാനുള്ള ശ്രമമാണ് മദ്യപാനത്തിലൂടെ നടത്തുന്നത്.
ഗൾഫുകാർ ഒരിക്കലും മറ്റുള്ളവർക്ക് മദ്യം ഉപഹാരമായി നൽകരുത്. അത് വൈകാതെ ഗൾഫുകാരനെ തന്നെ വിഴുങ്ങാനെത്തും.
മദ്യപിച്ച് തുടങ്ങിയവർ നാട്ടിലോ ഗൾഫിലോ ഉള്ള കൗൺസലർമാരുടെ സഹായത്തോടെ അത് പൂർണമായും ഉപേക്ഷിക്കുക.
മദ്യത്തിൽനിന്ന് മുക്തി നേടാനാശിക്കുന്നവരുടെ കൂട്ടായ്മയായ ആൽക്കഹോളിക്‌സ് അനോനിമസ്സിനെ കൂടുതൽ മനസ്സിലാക്കുക. മദ്യമുപേക്ഷിക്കാൻ എഎയുടെ പ്രവർത്തനങ്ങളൽ വ്യാപൃതരാക്കുക. മദ്യപാനമുപേക്ഷിച്ച രണ്ടോ അതിലധികമോ ഉള്ളവർക്ക് ഗൾഫ് നാട്ടിൽ തന്നെ എഎ ഗ്രൂപ്പുകൾ ആരംഭിക്കാം.






